ആർമിയിൽ ഓഫീസറാകാം; ജെഇഇ മെയിൻ പേപ്പർ 1 യോഗ്യതവേണം, ഇന്റർവ്യൂവിൽ ശോഭിക്കണം

ഇന്ത്യൻ ആർമിയിൽ സ്ഥിരം കമ്മിഷനിലേക്കു നയിക്കുന്ന കോഴ്സിലേക്ക് അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ മികവുകാട്ടിയിരിക്കണം.ജെഇഇ മെയിൻ പേപ്പർ 1 യോഗ്യതവേണം. സർവീസ് സെലക്ഷൻ ബോർഡ് ഇന്റർവ്യൂവിൽ ശോഭിക്കണം. നിശ്ചിത മെഡിക്കൽ, ശാരീരിക നിലവാരവും വേണം. 2026 ജനുവരിയിൽ തുടങ്ങുന്ന 10+2 ടെക്നിക്കൽ എൻട്രി സ്കീം (ടിഇഎസ്) കോഴ്സിലേക്കാണ് പ്രവേശനം.
യോഗ്യത
പ്ലസ്ടു/തത്തുല്യ കോഴ്സ് അംഗീകൃത ബോർഡിൽനിന്നും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് മൂന്നിനുംകൂടി മൊത്തത്തിൽ 60 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം. പ്ലസ്ടു/തത്തുല്യ തലത്തിലെ രണ്ടാംവർഷ പരീക്ഷയിലെ മാർക്കാണ് ഇതിലേക്ക് പരിഗണിക്കുക.
അപേക്ഷിക്കുമ്പോൾ യഥാർഥ മാർക്ക് രണ്ടു ദശാംശസ്ഥാനങ്ങളിൽ (ക്രമപ്പെടുത്താതെ) രേഖപ്പെടുത്തണം. 2025-ലെ ജോയൻറ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) മെയിൻ പേപ്പർ 1 (ബിഇ/ബിടെക്) അഭിമുഖീകരിച്ചിരിക്കണം. 90 ഒഴിവുകളുണ്ട്. പ്രായം 2026 ജനുവരി ഒന്നിന് പതിനാറരവയസ്സിൽ താഴെയോ പത്തൊൻപതര വയസ്സിൽ കൂടുതലോ ആകരുത്. 2006 ജൂലായ് രണ്ടിനുമുൻപോ 2009 ജൂലായ് ഒന്നിനുശേഷമോ (രണ്ടുദിവസങ്ങളും ഉൾപ്പെടെ) ആയിരിക്കരുത് ജനനം.
പരിശീലനം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രീ കമ്മിഷൻഡ് ട്രെയിനിങ് അക്കാദമികളിൽ (പിസിടിഎ), നാലുവർഷത്തെ പരിശീലനമുണ്ടാകും. ആദ്യഘട്ടം സിഎംഇ പുണെ/എംസിടിഇ എംഎച്ച്ഒഡബ്ല്യൂ/എംസിഇഎംഇ സെക്കന്തരാബാദ് എന്നിവയിലൊരു കേന്ദ്രത്തിൽ നടത്തുന്ന മൂന്നുവർഷത്തെ ഇൻറഗ്രേറ്റഡ് ബേസിക് മിലിട്ടറി ട്രെയിനിങ് ആൻഡ് എൻജിനിയറിങ് ട്രെയിനിങ് ആയിരിക്കും.തുടർന്ന്, രണ്ടാംഘട്ടത്തിൽ ദെഹ്റാദൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐഎംഎ) നടത്തുന്ന ഇൻറഗ്രേറ്റഡ് ബേസിക് മിലിട്ടറി ട്രെയിനിങ് ആൻഡ് എൻജിനിയറിങ് ട്രെയിനിങ് ഉണ്ട്.മൂന്നുവർഷ പരിശീലനം കഴിയുമ്പോൾ ജന്റിൽമെൻ കേഡറ്റുകൾക്ക് പ്രതിമാസം 56,100 രൂപ നിരക്കിൽ സ്‌റ്റൈപ്പൻഡ് നൽകും.
നിയമനം, ബിരുദം
നാലുവർഷ പരിശീലന കോഴ്സ് പൂർത്തിയാക്കുമ്പോൾ ലഫ്റ്റനന്റ് റാങ്കിൽ സ്ഥിരം കമ്മിഷൻ ലഭിക്കും. കൂടാതെ എൻജിനിയറിങ് ബിരുദവും കിട്ടും. ഭൂരിപക്ഷം ഓഫീസർമാരുടെയും നിയമനം, കോർ ഓഫ് എൻജിനിയേഴ്സ്, കോർ ഓഫ് സിഗ്നൽസ്, കോർ ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് എന്നിവയിലായിരിക്കും. പ്രതിവർഷ സിറ്റിസി 17 മുതൽ 18 ലക്ഷം രൂപവരെ.പരിശീലനച്ചെലവുകൾ സർക്കാർ വഹിക്കും (ആഴ്ചയിൽ ഏകദേശം 13,940 രൂപ - 2021ലെനിലയിൽ). വ്യക്തിപരമായ കാരണങ്ങളാൽ പരിശീലനത്തിൽനിന്നു പിൻവാങ്ങുന്നവരിൽനിന്ന് പരിശീലനച്ചെലവ് ഈടാക്കും.
അപേക്ഷ
joinindianarmy.nic.in വഴി ജൂൺ 12-ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷിക്കാം. വിജ്ഞാപനം ഇതേ സൈറ്റിൽ ലഭിക്കും.അപേക്ഷയിൽ 2025-ലെ ജോയൻറ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) മെയിൻ പേപ്പർ 1 (ബിഇ/ബിടെക്) അപേക്ഷാ നമ്പർ നിർബന്ധമായും നൽകണം.
തിരഞ്ഞെടുപ്പ്
ജെഇഇ മെയിൻ 2025 പേപ്പർ 1 കോമൺ റാങ്ക് പട്ടിക പരിഗണിച്ച് കട്ട് ഓഫ് നിശ്ചയിച്ച് പ്രതിരോധ മന്ത്രാലയം (ആർമി) ഇൻറഗ്രേറ്റഡ് ഹെഡ് ക്വാർട്ടേഴ്സ് അപേക്ഷകരെ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് ഷോർട് ലിസ്റ്റ് ചെയ്യും. ജൂലായിൽ ഇതുസംബന്ധിച്ച അറിയിപ്പ് പ്രതീക്ഷിക്കാം. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഞ്ചുദിവസത്തെ രണ്ടുഘട്ട സർവീസ് സെലക്ഷൻ ബോർഡ് (എസ്എസ്ബി) ഇന്റർവ്യൂ, പ്രയാഗ് രാജ്, ഭോപാൽ, ബെംഗളൂരു, ജലന്ധർ എന്നീ കേന്ദ്രങ്ങളിലൊന്നിൽെെവച്ച് ഓഗസ്റ്റ്/സെപ്റ്റംബർ മാസങ്ങളിൽ നടത്തും. എസ്എസ്ബി തീയതി തിരഞ്ഞെടുക്കാനുള്ള സൗകര്യം ജൂലായിൽ രണ്ടാഴ്ച ലഭ്യമാക്കും.
സൈക്കോളജിസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസർ, ഇൻറർവ്യൂയിങ് ഓഫീസർ എന്നിവർ ചേർന്നാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുക. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാച്ചെലവ് നൽകും. ഇൻറർവ്യൂവിൽ ആദ്യഘട്ടത്തിൽ യോഗ്യതനേടുന്നവർ മാത്രമേ രണ്ടാംഘട്ടത്തിലേക്കു കടക്കൂ. രണ്ടാംഘട്ടം എസ്എസ്ബിയിൽ യോഗ്യതനേടുന്നവർക്ക്, മെഡിക്കൽ പരിശോധന ഉണ്ടാകും. എസ്എസ്ബി, മെഡിക്കൽ പരിശോധന എന്നിവ വിജയകരമായി പൂർത്തിയാക്കുന്നവർക്ക്, മെറിറ്റ്, ഒഴിവുകൾ എന്നിവ പരിഗണിച്ച് ജോയനിങ് ലെറ്റർ നൽകും.
ടിഇഎസ് എൻട്രിക്കും എൻഡിഎ എൻട്രിക്കും അപേക്ഷിച്ചവർക്ക് ബാധകമായ മെഡിക്കൽ പരിശോധനാവ്യവസ്ഥകൾ, നിയമനം ലഭിക്കുന്നവർക്കുള്ള സേവനവ്യവസ്ഥകൾ എന്നിവയുടെ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.
Content Highlights: Indian Army TES 2026 Entry: Apply Now