വാടക കൊടുക്കാൻ ഒരു പണി, കരിയർ വളർത്താൻ മറ്റൊന്ന്; 'ജെൻ സി' പിള്ളേരുടെ കളി വേറെയാണ്!

#Career desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

പഠനം കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച് അവിടെത്തന്നെ വർഷങ്ങളോളം തുടർന്ന് വിരമിക്കുന്ന പഴയ രീതി (ലീനിയർ കരിയർ പാത്ത്) പുതിയ തലമുറയ്ക്ക് താല്പര്യമില്ലെന്ന് ചില റിപ്പോർട്ടുകൾ. പകരം, ഒരേസമയം ഒന്നിലധികം വരുമാനമാർഗ്ഗങ്ങളും വ്യത്യസ്ത മേഖലകളിലെ പ്രോജക്ടുകളും കൈകാര്യം ചെയ്യുന്ന പോർട്ട്ഫോളിയോ കരിയർ രീതിയിലേക്കാണ് ഇവർ മാറുന്നതെന്ന് ഇന്റർനാഷണൽ വർക്ക്‌പ്ലേസ് ഗ്രൂപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. യു.കെയിലുള്ള ആയിരം ജെൻസികളിലാണ് പഠനം നടത്തിയത്. 

മാറ്റത്തിന് പിന്നിൽ?

യുവതലമുറയുടെ പുതിയ കാഴ്ചപ്പാടിന് പിന്നിൽ പ്രധാനമായും മൂന്ന് കാരണങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. എ.ഐ. തൊഴിലിനെ ബാധിക്കുമെന്ന് 55 ശതമാനം യുവാക്കളും ഭയപ്പെടുന്നു. ഈ സാഹചര്യം മറികടക്കാൻ പുതിയ കഴിവുകൾ നേടാനും വ്യത്യസ്ഥമായ ജോലികൾ ചെയ്യാനും അവർ ആഗ്രഹിക്കുന്നു.

വിലക്കയറ്റവും ജീവിതച്ചെലവ് വർധിക്കുന്നതും മൂലം ഒരു ജോലിയിൽ നിന്നുള്ള വരുമാനം മാത്രം മതിയാകില്ലെന്ന് 48 ശതമാനം പേരും വിശ്വസിക്കുന്നു. അതിനാൽ സൈഡ് ഹസിലുകൾ (സ്ഥിരവരുമാനമല്ലാതെയുള്ള മറ്റു ജോലികൾ) വഴി അധിക വരുമാനം കണ്ടെത്താൻ ഇവർ ശ്രമിക്കുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ജോലി മാറിയവരിൽ 30 ശതമാനം പേരും ഉയർന്ന ശമ്പളം ലക്ഷ്യമിട്ടാണ് തീരുമാനമെടുത്തത്. ഇതിൽ ഭൂരിഭാഗം പേരും രണ്ട് മുതൽ മൂന്ന് തവണ വരെ ജോലി മാറിയവരാണ്.

'കരിയർ ലിലി പാഡുകൾ'

നേരത്തെ കരിയർ വളർച്ച പടിപടിയായി ഉയരുകയായിരുന്നെങ്കിൽ ഇന്ന് 'കരിയർ ലിലി പാഡുകൾ' എന്ന ടൂളാണ് ചെറുപ്പക്കാർ സ്വീകരിക്കുന്നത്. വെള്ളത്തിലെ ആമ്പൽ ഇലകൾക്ക് മുകളിലൂടെ തവളകൾ ചാടിപ്പോകുന്നത് പോലെ, ഓരോ ഘട്ടത്തിലും പുതിയ കഴിവുകൾ പഠിക്കാനും സാമ്പത്തിക നേട്ടമുണ്ടാക്കാനും ഇവർ ജോലി മേഖലകൾ മാറിക്കൊണ്ടിരിക്കുന്നു.

ഹൈബ്രിഡ് ജോലികൾ നൽകുന്ന സ്വാതന്ത്ര്യം

ഓഫീസിലിരുന്നുള്ള ജോലിക്ക് പകരം ഹൈബ്രിഡ്, ഫ്ലെക്സിബിൾ ജോലി രീതികൾ വന്നത് ഈ മാറ്റത്തിന് കൂടുതൽ കാരണമായിട്ടുണ്ട്. ഓഫീസിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിലൂടെ ലാഭിക്കുന്ന സമയം സ്വന്തം പ്രോജക്ടുകൾക്കോ മറ്റ് വരുമാനമാർഗ്ഗങ്ങൾക്കോ വേണ്ടി ഉപയോഗിക്കാൻ കഴിയുന്നുവെന്ന് 24 ശതമാനം യുവാക്കൾ സാക്ഷ്യപ്പെടുത്തുന്നു.

ജോലി എന്നത് വെറുമൊരു ഉപജീവന മാർഗ്ഗം എന്നതിലുപരി, സ്വന്തം താല്പര്യങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും അനുസരിച്ച് മാറ്റം വരുത്താവുന്ന ഒന്നായാണ് പുതിയ തലമുറ കാണുന്നത്.

Content Highlights: Gen Z is abandoning traditional linear career paths in favor of portfolio careers and flexible multi-income models to combat inflation, adapt to AI disruption, and maximize financial growth.