വീഡിയോ ഗെയിമിൽ സാമർഥ്യമുള്ളവരെ എയർ ട്രാഫിക് കൺട്രോളർമാരാക്കാൻ US; നിയമനം ഉടൻ

#കരിയര്‍ ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

വീഡിയോ ഗെയിമിന് മുന്നിൽ സമയം ചെലവഴിച്ച് ഭാവി തുലച്ച് കളയുന്നു എന്ന ശകാരം കേൾക്കേണ്ടിവന്നിട്ടുണ്ടോ? വിഷമിക്കേണ്ട. വലിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം. വീഡിയോ ഗെയിമുകളിൽ പ്രാവീണ്യമുള്ളവരെ എയർ ട്രാഫിക് കൺട്രോളർമാരായി നിയോഗിക്കുന്നകാര്യം ഗൗരവമായി പരിഗണിക്കുകയാണ് യുഎസ് സർക്കാർ.

വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന സുപ്രധാന ഉത്തരവാദിത്വമാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്.എ.എ) ഗെയിമർമാരെ ഏൽപ്പിക്കാനൊരുങ്ങുന്നത്. സമ്മർദ്ദ ഘട്ടങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കാനുള്ള കഴിവടക്കം പരിഗണിച്ചാണ് ഈ നീക്കം.

എയർ ട്രാഫിക് കൺട്രോൾ മേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള അടിയന്തര നടപടികൾക്കൊരുങ്ങുകയാണ് യു.എസ് എന്ന് ബിബിസി റിപ്പോർട്ടു ചെയ്യുന്നു. ഇതിന്റെ ഭാഗമായി എഫ്എഎ പുതിയ പരസ്യ കാമ്പെയിൽ തുടങ്ങിയിട്ടുണ്ട്. അടുത്തയാഴ്ച നിയമന വിൻഡോ തുറക്കുമ്പോൾ എയർ ട്രാഫിക് കൺട്രോൾ ജോലികൾക്ക് അപേക്ഷിക്കാൻ ഗെയിമർമാരോട് ആവശ്യപ്പെടുന്നതാണ് കാമ്പയിൻ. ജോലിക്കായി നിങ്ങൾ പരിശീലനം നേടിക്കഴിഞ്ഞു എന്നും പരസ്യത്തിൽ പറയുന്നു.

മൂന്ന് വർഷത്തെ ജോലിക്ക് ശേഷം 155,000 ഡോളർ (ഏകദേശം 1.44 കോടി രൂപ) ആണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് പരിഹരിക്കാൻ നിലവിലെ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി സീൻ പി. ഡഫി പറയുന്നു. എയർ ട്രാഫിക് കൺട്രോളർ ജോലി ഒഴിവുകൾ നികത്താൻ ഗെയിമർമാരെ ഉപയോഗപ്പെടുത്താനുള്ള നീക്കത്തിന് ജോ ബൈഡന്റെ കാലത്തുതന്നെ തുടക്കം കുറിച്ചിരുന്നു എന്നാണ് വിവരം.

വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എയർ ട്രാഫിക് കൺട്രോൾ നിർണായകമാണ്. അപകടങ്ങളും മറ്റ് പ്രശ്‌നങ്ങളും ഒഴിവാക്കാൻ കൺട്രോളർമാർ വിമാനങ്ങൾ നിരീക്ഷിക്കുകയും പൈലറ്റുമാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. സമ്മർദ്ദ ഘട്ടങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കാനുള്ള കഴിവും സാങ്കേതിക വൈദഗ്ധ്യവും ഈ ജോലിക്ക് ആവശ്യമാണ്. 3,000 കൺട്രോളർമാരുടെ കുറവാണ് നിലവിൽ യു.എസ് നേരിടുന്നത്. 2028 ഓടെ നിലവിലുള്ള നിരവധി ജീവനക്കാർ വിരമിക്കുകയും ഒഴിവുകൾ വർധിക്കുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. ഗെയിമർമാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തെ ഈ രംഗത്തെ യൂണിയനുകളും പിന്തുണക്കുകയാണ്.

Content Highlights: FAA targeting gamers for air traffic control roles in 2026 recruitment drive., Positions offer competitive salaries reaching $155,000 after three years., Strategic shift to address long-term staffing shortages and high-pressure work requirements., Union support confirmed for innovative recruitment, maintaining safety-critical standards.