14 വർഷത്തെ IT കരിയർ, പിന്നാലെ IIM-ലേക്കെന്ന് ദീപ്തി ജനാർദ്ദൻ, സൂപ്പർ പ്രൗഡെന്ന് നീരജ് മാധവ്

ഉപരിപഠനത്തിനായി ആഗ്രഹിച്ച കോഴ്സ് എത്തിപ്പെടാനാകാത്തവർ നിരവധിയാണ്. ജീവിതം മുന്നേറുമ്പോൾ ആഗ്രഹങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് മുതിരുന്നവരും വിരളമാണ്. എന്നാൽ വർഷങ്ങൾക്കഴിഞ്ഞ് സ്വപ്നങ്ങൾ നേടുന്നതിന്റെ മധുരം നുകരാനായാലോ!
ഐടി പ്രൊഫഷണലും നടൻ നീരജ് മാധവിന്റെ പങ്കാളിയുമായ ദീപ്തി ജനാർദ്ദനൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പ് ഇത്തരമൊരു സ്വപ്നസാക്ഷാത്കാരത്തെക്കുറിച്ചാണ്. 14 വർഷം നീണ്ട കരിയറിന് ശേഷം, കോളേജ് കാലത്ത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന തന്റെ ഐഐഎം സ്വപ്നത്തിലേക്ക് തിരിച്ചെത്തിയ കഥയാണ് ദീപ്തി പങ്കുവെച്ചത്.
കോളേജ് പഠനകാലത്ത് ഏറെ ആഗ്രഹിച്ചിട്ടും ക്യാറ്റ് (CAT) പരീക്ഷ ക്ലിയർ ചെയ്യാൻ സാധിക്കാത്തതിനെത്തുടർന്നാണ് ദീപ്തിക്ക് ഐഐഎം എന്ന സ്വപ്നം മാറ്റിവെക്കേണ്ടി വന്നത്. തുടർന്ന് ജോലിയും ഉത്തരവാദിത്തങ്ങളുമായി വർഷങ്ങൾ കടന്നുപോയി. കൊച്ചി മോഡൽ എഞ്ചിനീയറിങ് കോളേജിൽ നിന്ന് ബിരുദം നേടിയ ദീപ്തി, ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) എട്ട് വർഷം ജോലി ചെയ്തു. നിലവിൽ ഇന്റലിഫ്ലോ എന്ന ഫിൻടെക് കമ്പനിയിൽ ക്വാളിറ്റി അഷ്വറൻസ് ലീഡായും പ്രവർത്തിച്ചു വരികയായിരുന്നു.
എന്നാൽ 14 വർഷത്തെ ഐടി അനുഭവസമ്പത്തിന് ശേഷവും ഉള്ളിലെവിടെയോ ആ പഴയ ആഗ്രഹം ബാക്കിയുണ്ടായിരുന്നു എന്ന് ദീപ്തി പറയുന്നു.
"തിരിച്ചുവരവ് എളുപ്പമായിരുന്നില്ല. പരിചിതമായ സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കുക, സ്വന്തം സംശയങ്ങളെ നേരിടുക, വീണ്ടും ആദ്യം മുതൽ തുടങ്ങുക... ഇതൊക്കെ വെല്ലുവിളിയായിരുന്നു"- ദീപ്തി കുറിക്കുന്നു. എന്നാൽ ഐഐഎമ്മിലെ ക്ലാസ് മുറികളിൽ വീണ്ടും എത്തുമ്പോൾ അത് പുതിയൊരു ഇടമല്ല, മറിച്ച് പണ്ട് താൻ ഉപേക്ഷിച്ചുപോയ തന്റെ തന്നെ പഴയ പതിപ്പിലേക്കുള്ള മടക്കമാണെന്ന് കുറിക്കുന്നുണ്ട്.
ഒരു പ്രഷറുമില്ലാതെ ക്ലാസ് മുറികളിലിരിക്കാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും സാധിച്ച സന്തോഷം വാക്കുകൾക്ക് അതീതമാണെന്നും ദീപ്തി പറയുന്നു. ചില യാത്രകൾ പൂർത്തിയാകാൻ സമയമെടുക്കുമെന്നും ഓരോ വഴിത്തിരിവുകളും അതിന് അർഹമാണെന്നും പറഞ്ഞാണ് ദീപ്തി കുറിപ്പ് അവസാനിപ്പിക്കുന്നത്.
സ്വപ്നങ്ങൾക്ക് പ്രായമോ സാഹചര്യങ്ങളോ തടസ്സമല്ലെന്ന് തെളിയിക്കുന്ന ദീപ്തിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ നിരവധി പേർക്ക് പ്രചോദനമാവുകയാണ്.
സൂപ്പർ പ്രൌഡെന്ന് നീരജ് മാധവ് കമന്റ് ചെയ്തിട്ടുണ്ട്. ദീപ്തിയുടെ പുതിയ തുടക്കത്തിനെ അഭിനന്ദിച്ച് മഞ്ജു വാര്യർ, ഗ്രിഗറി തുടങ്ങിയ താരങ്ങളും എത്തി.
Content Highlights: Deepti Janardhanan returns to IIM after a 14-year career break., Transition from IT roles at TCS and Intelliflow to management studies.