മാനസികമായി തളര്‍ന്നു, ബ്രേക്ക്അപ്പ് ലീവ് വേണമെന്ന് ജീവനക്കാരന്‍; വൈറലായി ഇ-മെയില്‍

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

വ്യക്തിപരമായ കാരണത്താല്‍ അവധി ആവശ്യപ്പെട്ടുകൊണ്ട് സിഇഒ-ക്ക് ഒരു ജീവനക്കാരന്‍ അയച്ച ഇ-മെയില്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് ലഭിച്ചതില്‍ വെച്ച് 'ഏറ്റവും സത്യസന്ധമായ അവധി അപേക്ഷ' എന്ന് കുറിച്ചുകൊണ്ട് ഗുരുഗ്രാം ആസ്ഥാനമായ നോട്ട് ഡേറ്റിങ് എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും സിഇഒയുമായ ജസ്‌വീര്‍ സിങ് ആണ് വ്യത്യസ്തമായൊരു ലീവ് അപേക്ഷ എക്‌സിലൂടെ പങ്കുവെച്ചത്.

പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്നതിനാല്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും ജോലിയില്‍നിന്ന് കുറച്ച് ദിവസം മാറിനില്‍ക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ജസ്‌വീര്‍ സിങിന് സ്ഥാപനത്തിലെ ജീവനക്കാരന്‍ ഇ-മെയില്‍ അയച്ചത്.

ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ജസ്‌വീര്‍ സിങ് പോസ്റ്റ് ഷെയര്‍ ചെയ്തത്. 'ജെന്‍സി ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നില്ല' എന്ന് പോസ്റ്റിനൊപ്പം അദ്ദേഹം കുറിച്ചു.

''എന്റെ പ്രണയബന്ധം തകര്‍ന്നിരിക്കുകയാണ്. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. എനിക്കൊരു ചെറിയ ഇടവേള ആവശ്യമാണ്. ഞാന്‍ ഇന്ന് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്, അതിനാല്‍ 28-ാം തീയതി മുതല്‍ 8-ാം തീയതി വരെ എനിക്ക് അവധി വേണം', മെയിലില്‍ പറയുന്നു.

യുവ ജീവനക്കാര്‍ അവരുടെ വികാരങ്ങളെയും മാനസികാരോഗ്യത്തെയും കുറിച്ച് കൂടുതല്‍ തുറന്നുപറയുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജസ്‌വീര്‍ സിങ് വ്യക്തമാക്കി.

ഒട്ടേറെപ്പേര്‍ പോസ്റ്റിന് പ്രതികരണങ്ങളുമായെത്തി. നിരവധി ഉപയോക്താക്കള്‍ ജീവനക്കാരന്റെ സത്യസന്ധതയെ അഭിനന്ദിച്ചു. അതേസമയം, മാനസികാരോഗ്യവും വൈകാരികമായ സുസ്ഥിതിയും തുറന്നു ചര്‍ച്ചചെയ്യപ്പെടുന്ന തൊഴിലിടങ്ങളിലെ സംസ്‌കാരത്തില്‍ സ്വാഗതാര്‍ഹമായ ഒരു മാറ്റത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

സിങ് അപേക്ഷ അംഗീകരിച്ചോ എന്ന് നിരവധി ഉപയോക്താക്കള്‍ ചോദിച്ചു. 'അവധി തത്ക്ഷണം അനുവദിച്ചു,' എന്ന മറുപടിയാണ് സിഇഒ നല്‍കിയത്. അദ്ദേഹത്തിന്റെ ഈ പിന്തുണനിറഞ്ഞ നിലപാടിനെ പ്രശംസിച്ചും ചിലരെത്തി.

'വിവാഹത്തിനുപോലും ഇത്രയധികം അവധിയെടുക്കാത്ത ആളുകളുണ്ട്,' എന്ന് മറ്റൊരാള്‍ തമാശയായി പറഞ്ഞപ്പോള്‍ 'എന്നാല്‍ വിവാഹത്തേക്കാള്‍ കൂടുതല്‍ അവധി പ്രണയബന്ധം തകരുമ്പോഴാണ് ആവശ്യമെന്ന് ഞാന്‍ കരുതുന്നു'വെന്നാണ് ജസ്‌വീര്‍ സിങ് നല്‍കിയ മറുപടി.

Content Highlights: An employee`s honest email requesting leave due to a breakup goes viral. The CEO`s immediate approval and supportive response highlight a shift in workplace culture regarding mental health.