കാനഡയിൽനിന്ന് തിരിച്ച് നാട്ടിലേക്ക്, കുടുംബവും കരിയറും സേഫ് ആക്കിയത് ഇങ്ങനെ| ടെക്കിയുടെ പോസ്റ്റ്

കരിയറിലെ മികച്ച അവസരങ്ങൾ വേണോ അതോ കുടുംബത്തോടൊപ്പം നിൽക്കണോ എന്ന ആശയക്കുഴപ്പം പല പ്രവാസി പ്രൊഫഷണലുകളും നേരിടാറുണ്ട്. എന്നാൽ ആറു വർഷം മുൻപ്, വാർധക്യത്തിലുള്ള മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ കാനഡയിലെ ജീവിതം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ച ബെംഗളൂരു സ്വദേശി രമേശ് എൻഎൻ പങ്കുവെച്ച അനുഭവക്കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
ഐടി കമ്പനിയായ കോർസെൻട്രിക്കിൽ എഞ്ചിനീയറിങ് ഡയറക്ടറായ രമേശ്, തന്റെ ലിങ്ക്ഡ്ഇൻ കുറിപ്പിലൂടെയാണ് തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കിയത്. കുടുംബത്തോടൊപ്പമുള്ള സമയം പിന്നീട് എപ്പോഴെങ്കിലും എന്നതിലേക്ക് നീട്ടിവെക്കാൻ പറ്റുന്ന ഒന്നല്ലെന്ന് മനസ്സിലായപ്പോഴാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു.
വിദേശ ജീവിതത്തിലെ സുഖസൗകര്യങ്ങളും സുരക്ഷിതത്വവും ഉപേക്ഷിക്കുന്നത് എളുപ്പമായിരുന്നില്ല. എങ്കിലും ഫോൺ വിളിയിലൂടെയോ വീഡിയോ കോളുകളിലൂടെയോ മാത്രം മാതാപിതാക്കളുടെ കാര്യങ്ങൾ അറിയുന്നതിന് പകരം, അവർക്കൊപ്പം നേരിട്ട് ഉണ്ടായിരിക്കുക എന്നതിനാണ് താൻ മുൻഗണന നൽകിയതെന്ന് രമേശ് പറയുന്നു.
നാട്ടിലേക്ക് തിരികെ വരുന്നത് കരിയറിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ബെംഗളൂരുവിലെ മികച്ച ഐടി അന്തരീക്ഷവും വളരുന്ന സ്റ്റാർട്ടപ്പ് സംസ്കാരവും പുതിയൊരു അവസരമായി മാറിയെന്നും അദ്ദേഹം അഭിപ്രയാപ്പെടുന്നു. മോശം റോഡുകളും അടിസ്ഥാന സൗകര്യങ്ങളിലെ പ്രശ്നങ്ങളും തുടക്കത്തിൽ വെല്ലുവിളിയായെങ്കിലും കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കുന്ന നിമിഷങ്ങൾക്ക് മുന്നിൽ അതെല്ലാം നിസ്സാരമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
"വിജയം എന്നത് നിങ്ങൾ ലോകത്തിന്റെ ഏത് കോണിലാണ് ജീവിക്കുന്നത് എന്നതിലല്ല, മറിച്ച് നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള മനുഷ്യർക്ക് ഒപ്പമാണോ നിങ്ങൾ ഉള്ളത് എന്നതിലാണ്," രമേശ് കുറിച്ചു.
Content Highlights: A Bengaluru IT director who left a comfortable career in Canada six years ago to live with his aging parents has shared an inspiring viral post on why choosing family over foreign life was his best decision.