ആറക്ക ശമ്പളം, മികച്ച ജോലി; എല്ലാം ഉപേക്ഷിച്ച് സംഗീതത്തിന്റെ പിറകെ ടെക്കി യുവാവ്, പോസ്റ്റ്

സംഗീതത്തോടുള്ള അഭിനിവേശം പിന്തുടരാനായി മികച്ച കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച ടെക്കിയുടെ കഥയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ആമസോണിലെ മുന്‍ ഉല്‍പ്പന്ന മാനേജരും ഐഐഎം അഹമ്മദാബാദിലെ ബിരുദധാരിയുമായ അനില്‍ ജാംഗിഡാണ് ഇത്തരത്തില്‍ ജോലി ഉപേക്ഷിച്ചത്. അദ്ദേഹത്തിന്റെ ഈ യാത്രയെക്കുറിച്ചുള്ള ഒരു പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് ശ്രാവണ്‍ ടിക്കു പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ കഥ ശ്രദ്ധ നേടിയത്.
'ഇത് എന്റെ പ്രിയ സുഹൃത്ത് അനില്‍ ജാംഗിദിന്റെ കഥയാണ്. ഏതാനും വര്‍ഷം മുന്‍പ് ആമസോണില്‍ ജോലി ചെയ്യുമ്പോഴാണ് അനിലിനെ കണ്ടുമുട്ടുന്നത്. അനിലിന് ശക്തമായ അക്കാദമിക്, പ്രൊഫഷണല്‍ പശ്ചാത്തലം ഉണ്ടായിരുന്നു അതിനേക്കാളുപരി എന്തെങ്കിലും സൃഷ്ടിക്കാനുള്ള ഒരു ഉള്‍പ്രേരണ അദ്ദേഹത്തിനുണ്ടായിരുന്നു- ടിക്കു പോസ്റ്റില്‍ കുറിച്ചു
സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ അര്‍ത്ഥവത്തായ 'അസാധാരണമായ' കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചോ ജാംഗിഡ് പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. ഒടുവില്‍, കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ തന്നെ അദ്ദേഹം ആമസോണിലെ ജോലി ഉപേക്ഷിച്ച് ഒരു സ്റ്റാര്‍ട്ടപ്പ് ആശയം തേടി യാത്ര തുടങ്ങി പിന്നീട് കുറച്ചു കാലത്തേക്ക് അനിലുമായുള്ള ബന്ധം നഷ്ടപ്പെട്ടു- ടിക്കു പറയുന്നു
ഒരു വര്‍ഷത്തിനു ശേഷം അനില്‍ എനിക്കൊരു ഫോട്ടോ അയച്ചു. ഒരു മോഡലിനെപ്പോലെയാണ് അദ്ദേഹം കാണപ്പെട്ടത്. എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു താന്‍ ആഴത്തിലുള്ള ആത്മപരിശോധനയിലൂടെ കടന്നുപോയെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് എഴുത്താണെന്ന് തിരിച്ചറിഞ്ഞെന്നും അനില്‍ പറഞ്ഞു.
എഴുത്തിനോടുള്ള ഈ സ്‌നേഹം അനിലിനെ ഒരു പാട്ട് എഴുതാന്‍ പ്രേരിപ്പിച്ചു. അനില്‍ തന്റെ ഒരു റെക്കോര്‍ഡിംഗ് ടിക്കൂന് അയച്ചു ഇപ്പോള്‍ സംഗീതം മുഴുവന്‍ സമയവും പിന്തുടരുകയാണെന്നും പറഞ്ഞു. ഇതൊരു ഹോബിയല്ലെന്നും വളരെ ഗൗരവമായി സംഗീതത്തെ മുന്നോട്ട് കൊണ്ടുപോവാനായി പരിശ്രമിക്കുകയാണെന്നും അനില്‍ ടിക്കുവിനോട് പറഞ്ഞു.
'നമ്മളെല്ലാം കലാകാരന്മാരോ സ്രഷ്ടാക്കളോ ആകാന്‍ സ്വപ്നം കാണുന്നു, അനില്‍ അത് ചെയ്യാന്‍ ധൈര്യം കാണിച്ചു- ടിക്കു പോസ്റ്റില്‍ പറയുന്നു.
ലോകത്തെ മാറ്റാന്‍ കഴിയുമെന്ന കരുതാന്‍ മാത്രം ഭ്രാന്തുള്ളവരാണ് യഥാര്‍ത്ഥത്തില്‍ അത് ചെയ്യുന്നതെന്ന് ആപ്പിളിന്റെ പ്രശസ്തമായ പരസ്യം ഉദ്ധരിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
നിരവധി ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കള്‍ ജാംഗിദിന്റെ ധൈര്യത്തെ പ്രശംസിക്കുകയും ഈ യാത്രയെ ധീരവും ആത്മാര്‍ത്ഥവുമായ ഒന്നായി വിശേഷിപ്പിക്കുകയും ചെയ്തു. 'തന്റെ അഭിനിവേശം പിന്തുടരാനുള്ള അനിലിന്റെ ധൈര്യം നമ്മുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെ സ്വീകരിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്,' ഒരാള്‍ കമന്റ് ചെയ്ത്
എന്നാല്‍ എല്ലാവര്‍ക്കും ഇത്തരത്തില്‍ സാധിക്കില്ല പ്രാരാബ്ധം കാരണം പാഷനെ മറന്നുകളഞ്ഞവരാണ് ഭൂരിഭാഗം പേരും- വേറൊരാള്‍ കമന്റ് ചെയ്തു.
Content Highlights: Amazon Manager Quits Job to Pursue Music