‘എ.ഐ. ബാധിക്കുന്ന ജോലികളിൽ നിയമനം കുറയുന്നു; എഐ അറിയുന്നവർക്ക് അവസരം കൂടുന്നു’

നിർമ്മിത ബുദ്ധി തൊഴിൽ മേഖലയെ എങ്ങനെ ബാധിക്കുന്നുവെന്ന ചർച്ചകൾ സജീവമാണ്. 2022-ൽ ഓപ്പൺ എ.ഐ. ചാറ്റ് ജി.പി.ടി. അവതരിപ്പിച്ച ശേഷം മേഖലയിലുണ്ടായ മാറ്റങ്ങളെ വ്യക്തമാക്കുന്നതാണ് ഐ.എം.എഫ്. (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) റിപ്പോർട്ട്. 19 ഏഷ്യൻ രാജ്യങ്ങളിലെ നാല് കോടിയിലധികം ജോബ് പോസ്റ്റിങ്ങുകൾ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എ.ഐ സ്വാധീനിക്കാൻ സാധ്യതയുള്ള തൊഴിൽ മേഖലകളിൽ നിയമനങ്ങളിൽ 10 ശതമാനംവരെ ഇടിവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ അർഥം ജോലികൾ പൂർണ്ണമായി ഇല്ലാതാകുന്നു എന്നല്ല, മറിച്ച് തൊഴിൽദാതാക്കളുടെ ആവശ്യങ്ങളിൽ വലിയ മാറ്റം വരുന്നു എന്നാണ്.
മാറുന്ന കരിയർ രീതികൾ: എന്താണ് സംഭവിക്കുന്നത്?
പരമ്പരാഗത തസ്തികകളിൽ കുറവ്: കോഡിങ്, ഡാറ്റ അനലിസ്റ്റ് തുടങ്ങിയ എ.ഐ വഴി പെട്ടെന്ന് ചെയ്യാവുന്ന ജോലികളിലാണ് പുതിയ നിയമനങ്ങൾ മന്ദഗതിയിലായത്.
എ.ഐ അറിവുള്ളവർക്ക് വൻ ഡിമാൻഡ്: നിലവിൽ 6% കമ്പനികൾ മാത്രമാണ് ഔദ്യോഗികമായി എ.ഐ നൈപുണ്യം ആവശ്യപ്പെടുന്നത്. എന്നാൽ ഈ കമ്പനികളിൽ ഒഴിവുകളും വളർച്ചയും വളരെ വേഗത്തിലാണ്.
പുതിയ സ്കില്ലുകൾ ഉയർന്നുവരുന്നു: പ്രോംപ്റ്റ് എഞ്ചിനീയറിങ് (Prompt എൻജിനിയറിങ്), ആർ.എ.ജി (RAG), എ.ഐ ഏജന്റുകളെ വികസിപ്പിക്കൽ, എ.ഐ ടൂളുകൾ കമ്പനി പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കൽ എന്നിവ അറിയാവുന്നവർക്ക് മികച്ച കരിയർ സാധ്യതകളാണുള്ളത്.
ഉദ്യോഗാർത്ഥികൾ ഇനി എന്ത് ചെയ്യണം?
അപ്-സ്കില്ലിങ് (Up-skilling) നിർബന്ധമാക്കുക: നിങ്ങളുടെ ജോലി ഏതുമാകട്ടെ, അതിൽ എ.ഐ ടൂളുകൾ എങ്ങനെ ഉപയോഗിക്കാം എന്ന് പഠിക്കുന്നത് കരിയർ സുരക്ഷിതമാക്കും.
എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: സാങ്കേതിക മേഖലയിലുള്ളവർ പ്രോഗ്രാമിങ്ങിനൊപ്പം എ.ഐ അപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാനും നിർമ്മിക്കാനുമുള്ള വൈദഗ്ധ്യം വളർത്തിയെടുക്കുക.
പ്രശ്നപരിഹാര ശേഷി (Problem Solving) വളർത്തുക: എ.ഐ നൽകുന്ന വിവരങ്ങളെ ശരിയായി അപഗ്രഥിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവ് മനുഷ്യർക്ക് മാത്രമേയുള്ളൂ.
Content Highlights: IMF report analyzes 40 million job postings across 19 Asian countries