ഭയംവേണ്ട, നിര്‍മിതബുദ്ധി തൊഴില്‍ ഇല്ലാതാക്കില്ല, അവസരങ്ങള്‍ സൃഷ്ടിക്കും- നാരായണമൂര്‍ത്തി

നിര്‍മ്മിതബുദ്ധി ഇന്ത്യയുടെ ഐടി മേഖലയിലെ ഉത്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി. കമ്പനികള്‍ നിര്‍മ്മിത ബുദ്ധിയെ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി കാണാതെ സഹായിക്കുന്ന ഒരു ഉപകരണം മാത്രമായി കാണണമെന്ന് അദേഹം അഭിപ്രായപ്പെടുന്നു
'സാങ്കേതികവിദ്യ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന ഈ ഭയം ശരിയല്ല. ഇത് വ്യത്യസ്ത തരം ജോലികള്‍ സൃഷ്ടിക്കും,' പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബാങ്കിങ് രംഗത്ത് കമ്പ്യൂട്ടറുകള്‍ വന്നതുമായി താരതമ്യം ചെയ്ത് മൂര്‍ത്തി പറഞ്ഞു.
സാങ്കേതികവിദ്യയുടെ വളര്‍ച്ച തൊഴിലവസരങ്ങള്‍ നശിപ്പിക്കുകയല്ല, സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നതിന് തെളിവായി 1970-കളിലെ ബാങ്കിങ് മേഖലയിലെ പരിവര്‍ത്തനത്തെ മൂര്‍ത്തി ചൂണ്ടിക്കാട്ടി. 'ബാങ്കിങ് മേഖലയില്‍ കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍ ജോലികള്‍ നഷ്ടപ്പെടുമെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ ബാങ്കിങ് മേഖലയില്‍ തൊഴിലവസരങ്ങള്‍ 40 മുതല്‍ 50 ഇരട്ടി വരെ വര്‍ദ്ധിക്കുകയാണ് ചെയ്തത്- അദ്ദേഹം വിശദീകരിച്ചു.
ചാറ്റ്ജിപിടിയെ ഉപയോഗിക്കാറുണ്ടെന്നും വളരെ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.'പ്രഭാഷണങ്ങള്‍ തയ്യാറാക്കാന്‍ എടുത്തിരുന്ന 25-30 മണിക്കൂര്‍ സമയം വെറും അഞ്ച് മണിക്കൂറായി കുറഞ്ഞു. 'എന്റെ ഉത്പാദനക്ഷമത 5 മടങ്ങ് വരെ വര്‍ദ്ധിപ്പിച്ചു'- അദേഹം പറഞ്ഞു.
'ഭാവിയില്‍ നമ്മുടെ പ്രോഗ്രാമര്‍മാരും അനലിസ്റ്റുകളും മികച്ചതും കൂടുതല്‍ സങ്കീര്‍ണ്ണവുമായ ആവശ്യകതകള്‍ നിര്‍വചിക്കുന്നതില്‍ കൂടുതല്‍ മിടുക്കരാകും. ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ 'നിര്‍മ്മിത ബുദ്ധി നമ്മുടെ വ്യവസായത്തിന്റെ വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ'- അദേഹം പറഞ്ഞു.
Content Highlights: AI Boosts India`s IT Productivity: Infosys Co-founder