ചോര്‍ന്നൊലിക്കുന്ന വീട്ടിലെ പട്ടിണി മാറ്റാന്‍ ബാറ്റേന്തിയ ആ ചങ്കൂറ്റത്തിനിരിക്കട്ടെ ഒരു കുതിരപ്പവന്‍

കൊടുങ്കാറ്റില്‍ ആടിയുലയാന്‍ തുടങ്ങിയ ഒരു പായ്ക്കപ്പലിന്റെ കപ്പിത്താന്‍. മൈതാനത്തിനകത്തും പുറത്തും റോവ്മാന്‍ പവല്‍ അങ്ങനെയാണ്. അമരം തകര്‍ന്ന കപ്പലിനെ ജീവന്‍ കൊടുത്ത് തീരത്തടുപ്പിക്കുന്ന കപ്പിത്താനെ പോലെ അയാള്‍ പോരാടിക്കൊണ്ടേയിരിക്കും. ചോര്‍ന്നൊലിക്കുന്ന വീട്ടിലെ ആറാം ക്ലാസുകാരന്‍ പയ്യന്‍ ആര്‍ത്തലച്ച ഗാലറികള്‍ക്കു നടുവിലെ ആവേശമായി മാറുന്നതും അങ്ങനെയൊരു പോരാട്ടത്തിലൂടെയാണ്.
ജമൈക്കയിലെ ബനറസ് ജില്ലയിലെ ഓള്‍ഡ് ഹാര്‍ബറിലാണ് റോവ്മാന്‍ പവലിന്റെ ജനനം. പട്ടിണിയും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിത സാഹചര്യത്തിലൂടെയായിരുന്നു വളര്‍ന്നത്. ദാരിദ്രത്തില്‍ ഉഴറിയ ബാല്യം. പ്രതിസന്ധികള്‍ക്കിടയിലും റൊവ്മാനേയും സഹോദരിയേയും വളര്‍ത്തുന്നത് അമ്മ ജോന്‍ പ്ലമ്മര്‍ ആണ്. വസ്ത്രങ്ങള്‍ അലക്കികൊടുത്ത് കിട്ടുന്ന പണം കൊണ്ടാണ് പ്ലമ്മര്‍ കുടുംബത്തിന്റെ പട്ടിണി മാറ്റിയത്. റോവ്മാന്റെ ബാല്യകാലത്തെ ഓര്‍മചിത്രങ്ങളിലൊന്നാമത്തേതും വിശപ്പകറ്റാനും പഠിപ്പിക്കാനുമായി അന്യന്റെ വസ്ത്രങ്ങളലക്കുന്ന അമ്മയുടേത് തന്നെയാണ്.
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്കായി JOIN Whatsapp group
പവലിന്റെ ജനനത്തിനു മുന്നേ അച്ഛനും അമ്മയും അകന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ പറഞ്ഞതാണ് കാരണം. പ്ലമ്മര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് അയാള്‍ കുടുംബത്തെ ഉപേക്ഷിച്ചു പോകുന്നത്. പവലിനെ വളര്‍ത്തേണ്ട ഉത്തരവാദിത്വം മുഴുവന്‍ പ്ലമ്മറിലേയ്ക്ക് വന്നു. അപ്പോഴും തളരാതെ പവലിനേയും സഹോദരിയേയും ആ അമ്മ ചേര്‍ത്തുപിടിച്ചു. ഓരോ മാസം കഴിയുമ്പോഴും ഇങ്ങനെ ഇനിയും മുന്നോട്ടുപോകുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
ഒരിക്കല്‍ ക്ലാസിലെ എല്ലാവരോടുമായി അച്ഛനെക്കുറിച്ചെഴുതാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. പക്ഷേ അച്ഛനാരാണെന്നറിയാത്ത ആ ആറാം ക്ലാസുകാരന്‍ പയ്യന്‍ ഉത്തരമെഴുതാനാവാതെ പതറി. 'എനിക്കെന്റെ അച്ഛനെയറിയില്ല, അതുകൊണ്ട് എനിക്കിതിന്റെ ഉത്തരമെഴുതാനാവില്ല' ഇടറിയ ശബ്ദത്തോടെ ഇങ്ങനെ പറഞ്ഞു മുഴുപ്പിക്കുമ്പോള്‍ റോവ്മാന്‍ കണ്ണീരണിഞ്ഞു തുടങ്ങിയിരുന്നു.
റോവ്മാനും സഹോദരിയും അമ്മയും താമസിച്ചത് തകരംകൊണ്ട് മറച്ച ഒരു വീട്ടിലാണ്. രണ്ടേ രണ്ട് മുറികള്‍ മാത്രം. ഒന്ന് അടുക്കള. മറ്റേത് കിടക്കാന്‍. മഴ പെയ്യുമ്പോള്‍ വീട് മുഴുവന്‍ ചോര്‍ന്നൊലിക്കും. രാത്രികളില്‍ നനവില്ലാത്ത മൂലയിലേക്ക് കിടക്ക മാറ്റിയിട്ട് അവന്‍ അമ്മയോട് കിടക്കാന്‍ പറയും. ഇറ്റു വീഴുന്ന മഴയെ നോക്കി അവനുറങ്ങാതെ നേരം വെളുപ്പിക്കും.
ഒരിക്കല്‍ റോവ്മാന്‍ പവല്‍ സ്‌കൂളില്‍നിന്ന് തിരികെയെത്തിയത് കയ്യിലൊരു ക്രിക്കറ്റ് ബാറ്റുമായിട്ടായിരുന്നു. കുറച്ച്മാത്രം ഭക്ഷണമേ അന്നാകെ ആ വീട്ടിലുണ്ടായിരുന്നുള്ളൂ. അതെങ്ങനെ മക്കള്‍ക്ക് കൊടുക്കുമെന്നറിയാതെ വിതുമ്പുന്ന അമ്മയെ നോക്കി കുഞ്ഞുപവല്‍ പറഞ്ഞു.'സാരമില്ലമ്മേ, ക്രിക്കറ്റിലൂടെ ഞാന്‍ നിങ്ങളെ പട്ടിണിയില്‍നിന്ന് മോചിപ്പിക്കും' - ഒഴിഞ്ഞ വയറുമായി വീട്ടിലെക്കെത്തിയ ആ സ്‌കൂള്‍ കുട്ടിയുടെ വാക്കുകള്‍ക്ക് തീ പാറുന്ന പന്തുകളേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു. റോവ്മാന്‍ ക്രിക്കറ്റ് ബാറ്റേന്തിയത് കുടുംബത്തെ സംരക്ഷിക്കാനാണ്. ആ ഉത്തരവാദിത്തം നിറവേറ്റാന്‍ ആട് മേക്കാനും റോവ്മാന്‍ പോയിട്ടുണ്ട്.
ഓള്‍ഡ് ഹാര്‍ബര്‍ ഹൈ സ്‌കൂളിലാണ് റോവ്മാന്‍ പവല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങുന്നത്. ബ്രയാന്‍ ലാറ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ് എന്നിങ്ങനെ ലോകക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ കളികള്‍ പവലിനെ ഏറെ സ്വാധീനിച്ചു. പക്ഷേ ക്രിക്കറ്റ് കളിക്കാരനാകുകയെന്ന മോഹത്തെ ആളിക്കത്തിച്ചത് ജാക്വസ് കാലിസ് എന്ന ഓള്‍ റൗണ്ടറായിരുന്നു. അങ്ങനെ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ മൈതാനങ്ങളെ കീഴടക്കുകയെന്ന ആഗ്രഹവുമായി റോവ്മാന്‍ യാത്ര തുടങ്ങി
2015-ല്‍ ലിസ്റ്റ്-എ മത്സരങ്ങള്‍ കളിച്ചാണ് പ്രൊഫഷണല്‍ കരിയറിന്റെ തുടക്കം. കമ്പൈന്‍ഡ് ക്യാംപസ് എന്ന ടീമിനുവേണ്ടിയായിരുന്നു അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത പവല്‍ മാന്‍ ഓഫ് ദി മാച്ചായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജമൈക്കയ്ക്ക് വേണ്ടി കളിച്ച താരം പിന്നീട് കരീബിയന്‍ പ്രീമിയര്‍ ലീഗിലും കളിച്ചു. ടൂര്‍ണമെന്റുകളിലെ തിളങ്ങുന്ന പ്രകടനങ്ങള്‍ റോവ്മാന്റെ കരിയറിനെ മികവുറ്റതാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം കിട്ടാനും അധികം കാത്തിരിക്കേണ്ടി വന്നില്ല. 2016-ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ഏകദിനത്തിലെ അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, സിംബാവെ ടീമുകളടങ്ങുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ രണ്ടാം മത്സരമായിരുന്നു അത്. 2017-ല്‍ പാക്കിസ്ഥാനെതിരേ ട്വന്റി 20 യിലും അരങ്ങേറ്റം കുറിച്ചു. 2017-ല്‍ താരത്തെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സ്വന്തമാക്കി. ശേഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗിലും നിരവധി മത്സരങ്ങള്‍ കളിച്ചു. 2022-ലെ ഐപിഎല്‍ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് റോവ്മാനെ സ്വന്തമാക്കുന്നത്.
ഐപിഎല്ലില്‍ ഡല്‍ഹിയും രാജസ്ഥാനും തമ്മിലുളള മത്സരത്തിന്റെ അവസാന ഓവര്‍. ഡല്‍ഹിക്ക് ജയിക്കാന്‍ 36 റണ്‍സാണ് വേണ്ടിയിരുന്നത്. സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന റോവ്മാന്‍ പവലിന്റെ മുഖത്ത് ഭാവവ്യത്യാസങ്ങളേതുമില്ല. നേരിട്ട ആദ്യ മൂന്ന് പന്തുകളും പവല്‍ അതിര്‍ത്തികടത്തി. ഗാലറികളില്‍ ആരവങ്ങളലയടിച്ചു. ബാക്കിയുളള പന്തുകളും സിക്‌സറടിക്കുമെന്ന് ഗാലറി ഒന്നടങ്കം വിശ്വസിച്ച നിമിഷം. ആരാധകര്‍ ആകാംഷയോടെ കാത്തിരുന്നു. അതിനിടയില്‍ മൂന്നാം പന്ത് അമ്പയര്‍ നോ-ബോള്‍ വിളിക്കാത്തതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തു. റിഷഭ് പന്തും പ്രവീണ്‍ അമ്‌റെയും മാച്ച് ഒഫിഷ്യല്‍സുമായി കലഹിച്ചു. കുറച്ച് സമയത്തിന് ശേഷം കളി വീണ്ടും തുടങ്ങി. പവലിന് പക്ഷേ ടീമിനെ ജയിപ്പിക്കാനായില്ല. എങ്കിലും തലയുയര്‍ത്തിയാണ് അയാള്‍ മടങ്ങിയത്. അവിടെ തര്‍ക്കം ഉടലെടുത്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ പവല്‍ ബാക്കിയുളള പന്തും സിക്‌സറടിച്ച് കളി ജയിപ്പിച്ചേനേയെന്ന് മത്സരം കണ്ടവരെല്ലാം ഒരുപോലെ വിശ്വസിച്ചിരുന്നു. അത് തന്നെയാണ് റോവ്മാന്‍ പവലെന്ന മനുഷ്യന്റെ വിജയവും.
അയാള്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാനുളള യാത്രയിലാണ്. കാരണം ക്രിക്കറ്റെന്നത് റോവ്മാന് വെറുമൊരു കളിയല്ല. തന്റെ സ്വപ്നങ്ങളത്രയും നിറം ചേര്‍ത്തുവെച്ച ജീവിതമാണ്. മണിക്കൂറില്‍ 157 കിലോമീറ്റര്‍ വേഗതയുളള ഉമ്രാന്‍ മാലിക്കിന്റെ പന്ത് തെല്ലും പതറാതെ ബൗണ്ടറി പായിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നതും അതുകൊണ്ടാണ്. ആര്‍ക്കും പിടികിട്ടാത്തൊരു സ്വിംഗ് ബോള്‍ പോലെ കടന്നുവരുന്ന പ്രതിസന്ധികളെയെല്ലാം അപാരമായ ഉള്‍ക്കരുത്തോടെ അയാള്‍ പ്രഹരിക്കും. അവിടെ നേര്‍ക്ക് വരുന്ന പന്തിന്റെ വേഗതയും ശാസ്ത്രവും അപ്രസക്തമാണ്. അതെ, റോവ്മാനെന്ന 28-കാരന് ക്രിക്കറ്റ് പോരാട്ടവും ജീവിതവുമാണ്.
Content Highlights: Inspiring story of Rovman Powell