IAS ഗുരു; കല്യാണത്തിന് ക്ഷണിക്കാതെ ചെന്ന ചെറുപ്പക്കാരന്‍ ഐഎഎസ്സുകാരനായ കഥ

കരകൗശലവസ്തുക്കൾ വിൽക്കുന്ന കടയിൽനിന്ന് വർണക്കടലാസിൽ പൊതിഞ്ഞുവാങ്ങിയ കുഞ്ഞുരഥം മാറോടടക്കിപ്പിടിച്ച് ആ ചെറുപ്പക്കാരൻ നടന്നു. നഗരത്തിലെ പ്രസിദ്ധമായ ഹോട്ടലിന്റെ ഗേറ്റ് കടക്കുമ്പോൾ അല്പം നാണംതോന്നി, ക്ഷണമില്ലാത്തിടത്തേക്ക് വലിഞ്ഞുകേറി ചെല്ലുകയാണ്. അതും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള വിവാഹത്തിന്റെ സത്‌കാരത്തിന്.
ഹോട്ടലിന്റെ ലോബിയിൽ അലങ്കരിച്ച വേദിക്കുമുന്നിൽ വെള്ളമുണ്ടും ഷർട്ടും ധരിച്ച വരൻ നിൽക്കുന്നു. ധൈര്യം സംഭരിച്ച് യുവാവ് വരനരികിലേക്ക് നടന്നു. കൈകൊടുത്തു സമ്മാനം കൈമാറി.
‘‘എന്നെ പരിചയണ്ടാവില്ല, ക്ഷണിച്ചിട്ടല്ല, ഒരു കാര്യത്തിന് വന്നതാ’’
‘‘എന്താ അത്?’’
‘‘എനിക്ക് ഐഎഎസ് പാസാവണം. അതിന് സഹായിക്കണം’’
‘‘ആദ്യം ഞാനൊന്ന് കല്യാണം കഴിച്ചോട്ടെ ചങ്ങാതി’’
‘‘അല്ല സാർ, ഞാൻ സീരിയസാണ്’’
‘‘ഞാൻ സീരിയസായിട്ട് കല്യാണം കഴിക്കുന്നതാ’’
‘‘ഇങ്ങനെ സംസാരിക്കാൻ പാകത്തിൽ സാറിനേ ഇപ്പഴേ കിട്ടൂ. എന്നെ സഹായിക്കണം. ഒരു സമയം പറഞ്ഞാൽ പിന്നെ വന്നുകാണാം’’
ശല്യം സഹിക്കാനാവാതെയാവണം വരൻ പറഞ്ഞു:
‘‘നാളെ രാവിലെ എട്ടുമണിക്ക് വാ’’
വരന്റെ വീടൊക്കെ നേരത്തേ നോക്കിവെച്ചിരുന്ന യുവാവ് രാവിലെ കൃത്യസമയത്ത് ഹാജർ. കോളിങ്ബെല്ലടിച്ചു. രാവിലെ ഉറക്കച്ചടവോടെ ഒരു കൈലിമാത്രം ചുറ്റി വരൻ പുറത്തേക്ക് വന്നു.
‘‘ആരാടോ ?’’
‘‘സാർ ഞാനാ, ഇന്നലെ വന്നയാൾ’’
‘‘എന്താടോ ഇത്. നിനക്ക് ബോധല്ലേ? ഇന്നലെ എന്റെ കല്യാണം കഴിഞ്ഞിട്ടല്ലേയുള്ളൂ. കുറച്ച് സമയം കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ?’’
‘‘സാറിന്നലെ പറഞ്ഞത് എട്ടു മണിക്ക് വരാനല്ലേ, സമയത്തിന് എത്തീലേങ്കിൽ ഞാൻ സീരിയസല്ലാന്ന് സാറ് കരുതൂലേ?’’
ചെറുപ്പക്കാരന്റെ കൈപിടിച്ച് അയാൾ കിടപ്പുമുറിയുടെ മുന്നിലൂടെ നടന്നു. മറ്റൊരു മുറിക്കകത്തേക്ക് കൊണ്ടുപോയി. അതിനകത്തെ കട്ടിലിനടിയിൽനിന്ന് ഒരു പെട്ടി വലിച്ചെടുത്തു. അതിൽനിന്ന് രണ്ട് പുസ്തകങ്ങൾ എടുത്തുകൊടുത്തിട്ട്്് പറഞ്ഞു:
‘‘ഇത് വായിച്ച് പഠിച്ചിട്ട് വാ. ഇതാണ് തുടക്കം’’.
ഒരു വി.കെ.എൻ. കഥയിലെ സംഭവങ്ങൾപോലെ തോന്നാമിത്. പക്ഷേ, മൂന്നുപതിറ്റാണ്ടുമുൻപ് കോഴിക്കോട്ട് നടന്ന സംഭവമാണ്.
ഇതിലെ മൂന്നു കഥാപാത്രങ്ങൾ- വരൻ, വധു, പിന്നെ അവരുടെ കല്യാണത്തിന് ക്ഷണിക്കാതെ ചെന്ന ചെറുപ്പക്കാരൻ, മൂന്നുപേരും കാലാന്തരത്തിൽ രണ്ട് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരായി മാറി. കേരളത്തിന്റെ ചീഫ് സെക്രട്ടറി പദവിയിൽനിന്ന് വിരമിച്ച കോഴിക്കോട്ടുകാരൻ വി. വേണുവും തിരുവനന്തപുരത്തുകാരി ശാരദാ മുരളീധരനുമാണ് അന്നത്തെ വരനും വധുവും. അവരെ തേടിവന്ന ചെറുപ്പക്കാരൻ കണ്ണൂരുകാരനായ ഷക്കീൽ പി. അഹമ്മദ് നിലവിൽ മേഘാലയയിലെ ചീഫ് സെക്രട്ടറിയും! വർഷങ്ങൾക്കിപ്പുറം വേണുവും ഷക്കീലും അന്നത്തെ വിവാഹ വേദിയിൽ, കോഴിക്കോട്ടെ അളകാപുരി ഹോട്ടലിൽ ഒരുമിച്ചിരുന്നു -പഴയ കഥകൾ ഓർത്തുകൊണ്ട്…
അന്ന് വേണു കട്ടിലിന്റെ അടിയിലെ പെട്ടിക്കകത്തുനിന്ന് വലിച്ചെടുത്തുകൊടുത്ത പുസ്തകങ്ങൾ ക്രോണിക്കിളിന്റെ ഒരു ഗൈഡും ടാറ്റാ മക്ഗ്രോവിന്റെ ഇൻട്രഡക്ഷൻ ടു സൈക്കോളജിയെന്ന് പ്രസിദ്ധമായ പുസ്തകവുമായിരുന്നു. അത് കൈയിൽക്കിട്ടിയപ്പോൾ ഷക്കീൽ ചോദിച്ചു, ‘‘സാർ, അപ്പോൾ രണ്ടുമാസം കഴിഞ്ഞ് വന്നൂടേ?’’
‘‘രണ്ട് മാസംകൊണ്ടൊന്നും ഇത് വായിച്ചുതീരില്ല’’- വേണു പറഞ്ഞു.
പക്ഷേ, രണ്ടുമാസം തികയുന്നതിന് മുൻപേ ഷക്കീലത് പഠിച്ചുതീർത്തു. പാലായിൽ സബ് കളക്ടറായിരുന്ന വേണുവിനെ വീണ്ടും പോയിക്കണ്ടു. പുതിയ ശിഷ്യൻ വളരെ ഗൗരവത്തോടെയാണ് പരിശ്രമിക്കുന്നതെന്നു മനസ്സിലായതോടെ ഗുരു ഒരു ആക്‌ഷൻപ്ലാൻ ഉണ്ടാക്കിക്കൊടുത്തു.
‘‘സത്യത്തിൽ വേണുവേട്ടൻ എന്നെ പരിശീലിപ്പിക്കുന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു. പിന്നെയെനിക്ക് ഉഴപ്പാൻ കഴിയില്ലായിരുന്നു. അദ്ദേഹമില്ലായിരുന്നില്ലെങ്കിൽ ഞാൻ ഐഎഎസ് എന്ന കടമ്പ കടക്കില്ലായിരുന്നു’’ -ഓർമ്മകൾ ഷക്കീലിനെ വാചാലനാക്കുന്നു.
ആദ്യതവണ സോഷ്യോളജി എടുത്താണ് പരീക്ഷ എഴുതിയത്. പി. വിജയൻ ഐപിഎസ് (നിലവിൽ ഇന്റലിജൻസ് എഡിജിപി) ഉൾപ്പെടെ ഞങ്ങൾ എട്ടുപേർ ഒരുമിച്ച് പരീക്ഷയ്ക്ക് പഠിച്ചതായിരുന്നു. ഞാൻ പ്രിലിമിനറിക്ക് തിരഞ്ഞെടുത്ത വിഷയം സൈക്കോളജിയായിരുന്നു. അതിൽ 120 ചോദ്യത്തിൽ 112 ശരിയെഴുതി. പക്ഷേ, പരീക്ഷയെഴുതി തിരിച്ചുനടക്കുമ്പോഴാണ് ഓർക്കുന്നത്, ഞാൻ സീരീസ് മാർക്ക് ചെയ്യാൻ മറന്നുപോയിരിക്കുന്നു. തിരിച്ച് ഓടിച്ചെന്നുനോക്കുമ്പോൾ അവർ പരീക്ഷാപേപ്പറുകൾ പാക്കുചെയ്യുകയാണ്. അവരോട് കെഞ്ചിനോക്കി. പക്ഷേ, സീരീസ് യുപിഎസ്‌സി മാർക്ക് ചെയ്യുമെന്നും ഒരു കത്തെഴുതിവെച്ചാൽമതിയെന്നും പറഞ്ഞു. ഗത്യന്തരമില്ലാതെ അങ്ങനെ ചെയ്തു. റിസൽട്ട് വന്നപ്പോൾ ഞാൻമാത്രം തോറ്റിരിക്കുന്നു, ഒപ്പം പരിശീലിച്ച മറ്റ് ഏഴുപേരും ജയിച്ചു. ഞാനാകെ നിരാശനായി. വലിയ സാമ്പത്തികശേഷിയുള്ള കുടുംബമൊന്നുമല്ല എന്റേത്. ബാങ്ക് ലോണെടുത്താണ് പഠിച്ചത്. അത് തിരിച്ചടയ്ക്കാനാവാതെ വന്നപ്പോൾ വീടുവിറ്റ് വാടകവീട്ടിലേക്ക് മാറിയതാണ്. എങ്ങനെയും സിവിൽ സർവീസ് പാസായേപറ്റൂ.
ആ സമയത്ത് വേണുവേട്ടൻ ചോദിച്ചു:
‘‘നീ നന്നായി സാഹിത്യമൊക്കെ വായിക്കുമല്ലോ, പിന്നെയെന്തിനാണ് സോഷ്യോളജി എടുത്തത്. മലയാളം എടുത്തുകൂടേ?’’
മലയാളം പരീക്ഷയെഴുതുന്നതിനുവേണ്ടി വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റ് നോക്കിയിട്ട് അതിൽ നാല്പത് ശതമാനം പുസ്തകങ്ങൾ വായിച്ചതാണെങ്കിൽ ധൈര്യമായിട്ട് അതിലേക്ക്് മാറിക്കൊള്ളാൻ അദ്ദേഹം പറഞ്ഞു. ഞാൻ നോക്കുമ്പോൾ ലിസ്റ്റിലുള്ള മിക്ക പുസ്തകങ്ങളും ഞാൻ വായിച്ചതാണ്. പിന്നെ തയ്യാറെടുപ്പ് തുടങ്ങി. രാഘവൻ പയ്യനാട് സാർ ഫോക്‌ലോർ പഠിപ്പിച്ചുതന്നു. എം.എൻ. കാരശ്ശേരി മാഷ് വിമർശനത്തിലും എം.എം. ബഷീർസാർ ചെറുകഥയിലും സഹായിച്ചു. ഒപ്പം സുകുമാർ അഴീക്കോടിനെയും എം. ലീലാവതിടീച്ചറെയും ചെന്നുകണ്ട് ഉപദേശം തേടി. പിന്നെ മഹേഷ് മംഗലാട്ടും അനിൽ വള്ളത്തോളും കുറെ പറഞ്ഞുതന്നു. അങ്ങനെ എല്ലാ സന്നാഹത്തോടെയുമാണ് അടുത്ത പരീക്ഷ എഴുതിയത്. മെയിൻസ് പാസായി എന്ന വിവരം അറിയിച്ചപ്പോൾ വേണുവേട്ടൻ പറഞ്ഞു:
‘‘ഇനിയൊന്നും നോക്കേണ്ട. നേരേയിങ്ങ് പോര്’’
അതോടെ ഞാൻ വേണുവേട്ടന്റെ തലയിലായി. അദ്ദേഹമന്ന് കേരളാടൂറിസത്തിന്റെ ഡയറക്ടറാണ്. തിരുവനന്തപുരത്താണ് താമസം. വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലെത്തുന്ന സമയത്ത് അവിടെ ചെല്ലും. പിന്നെ ചായകുടിക്കാൻപോലും നിൽക്കില്ല. സിവിൽ സർവീസ് ഇന്റർവ്യൂവിൽ എങ്ങനെയാണോ ചോദ്യങ്ങൾ വരുക, അതുപോലെ ചോദിക്കും, വിശദീകരിച്ചുതരും. സന്ധ്യക്ക് ഏഴുമണിക്ക് തുടങ്ങിയാൽ രാത്രി രണ്ടുമണിവരെയൊക്കെ ഇതു തുടരും. അർധരാത്രിയൊക്കെ അദ്ദേഹംതന്നെ ഡ്രൈവുചെയ്ത് എന്നെ താമസസ്ഥലത്ത് ഇറക്കും. ചോദ്യങ്ങൾക്ക് പ്രതീക്ഷിക്കുന്ന ഉത്തരം കിട്ടിയില്ലെങ്കിൽ ശാസിക്കും, തിരുത്തിത്തരും. ഈ പതിവ് ആഴ്ചകളോളം തുടർന്നു. അഭിമുഖത്തിന് ചോദിക്കാവുന്നതിന്റെ മൂന്നിരട്ടി ചോദ്യങ്ങളും ഉത്തരങ്ങളും എങ്ങനെയാവുമെന്ന് പരിശീലിപ്പിച്ചു. അങ്ങനെ പൂർണമായ തയ്യാറെടുപ്പോടെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഞാൻ ഇന്റർവ്യൂവിന് പോയത്. നമ്മുടെ നാട്, കുടുംബപശ്ചാത്തലം ഇതെല്ലാം പഠിച്ചിട്ട് സാധ്യതയുള്ള ചോദ്യങ്ങൾ ഏതൊക്കെയാണെന്ന് മാപ്പുപോലെ അടയാളപ്പെടുത്തിത്തന്നു.
പോകുമ്പോൾ പറഞ്ഞു, ഇന്റർവ്യൂ കഴിഞ്ഞ ഉടൻ ചോദിച്ച ചോദ്യങ്ങളും പറഞ്ഞ ഉത്തരങ്ങളും അതേപടി എഴുതി തപാലിൽ അയക്കണമെന്ന്. അങ്ങനെ ഡൽഹിക്കുപോയി. അവിടെ ഇന്റർവ്യൂവിനുള്ള പരിശീലനം നൽകുന്ന സ്ഥാപനങ്ങളുണ്ട്. നല്ല ഫീ വാങ്ങും. അത്തരം ഒരു സ്ഥാപനത്തിൽ വെറുതേ ചെന്നുനോക്കി. അവിടെ വെച്ച് അഭിഷേക്, സജാദ് എന്നീ രണ്ടു പേരെ കണ്ടുമുട്ടി. അവരോട്് ഞാൻ പറഞ്ഞു, നമുക്ക് ഒരുമിച്ചിരുന്ന് പരിശീലിക്കാം. വെറുതേ കോച്ചിങ് സെന്ററുകൾക്ക് കാശുകൊടുക്കേണ്ട. അവർ സമ്മതിച്ചു. ഒരു ഹോട്ടലിലെ മുകൾനിലയിൽ കുറഞ്ഞകാശിന് താമസസൗകര്യം കിട്ടി. ഡൽഹിയിൽ ജൂണിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥ. ഒരു ഫാൻപോലുമില്ല. അവിടെ താമസിച്ച് പഠിച്ചു.
ഇന്റർവ്യൂവിനാണ് ജീവിതത്തിൽ ആദ്യമായി ഞാൻ ടൈ കെട്ടുന്നത്. നല്ല ഇന്റർവ്യൂ ആയിരുന്നു. കിടിലൻ ചോദ്യങ്ങൾ. പക്ഷേ, ഒന്നുപോലും വേണുവേട്ടൻ പറഞ്ഞുതന്നതിന് പുറത്തുനിന്നല്ല. കഴിഞ്ഞ ഉടൻ എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും ഏഴ് പേജിൽ എഴുതി പോസ്റ്റ് ചെയ്തു. അതു വായിച്ചുനോക്കി വേണുവേട്ടൻ വിളിച്ചുപറഞ്ഞു, 180-നും 190-നും ഇടയ്ക്ക് മാർക്ക് കിട്ടുമെന്ന്. എനിക്കു കിട്ടിയത്, 189 മാർക്കും.
ഷക്കീൽ പറയുന്നത് ഒരു നേർത്ത പുഞ്ചിരിയോടെ കേട്ടുകൊണ്ടിരുന്ന വേണു പറഞ്ഞു:
‘‘സത്യത്തിൽ അത്രയ്ക്ക് വലിയ കാര്യമൊന്നും ഞാൻ ചെയ്തതായി തോന്നുന്നില്ല. ഇതൊക്കെ ഷക്കീലിന് എന്നോടുള്ള ഇഷ്ടംകൊണ്ട് പറയുന്നതാവും.’’
ഷക്കീൽ ഇടപെട്ടു: ‘‘അല്ല വേണുവേട്ടൻ ഇല്ലായിരുന്നെങ്കിൽ എനിക്ക് സിവിൽ സർവീസ് കിട്ടില്ലായിരുന്നു, ഉറപ്പ്. എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു, എന്തു ഗുരുദക്ഷിണയാണ് നൽകേണ്ടതെന്ന്. ഒരു കാര്യമേ വേണുവേട്ടൻ പറഞ്ഞുള്ളൂ, എനിക്കുവേണ്ടി എന്താണോ അദ്ദേഹം ചെയ്തത്, അതു പുതുതായി വരുന്നവർക്കുവേണ്ടി ചെയ്യണം’’.
ഷക്കീൽ അത് അക്ഷരംപ്രതി അനുസരിച്ചു. പരീക്ഷ ജയിക്കാൻ സഹായം തേടിയെത്തുന്നവരെ പരിശീലിപ്പിച്ചു. പക്ഷേ, അഭിമുഖത്തിനു മുൻപേ അവരെയുംകൂട്ടി വേണുവിനരികിൽ ചെല്ലും.
‘‘സിവിൽ സർവീസിന്റെ ഇന്റർവ്യൂ എങ്ങനെ നേരിടണമെന്ന് പറഞ്ഞുതരാൻ വേണുവേട്ടനെക്കാൾ മികച്ചൊരാളില്ല. അങ്ങനെ ഞാൻ വേണുവേട്ടനരികിൽ കൊണ്ടുപോയി പരിശീലനംകൊടുത്ത രണ്ടുപേർ ഇവിടെയുണ്ട്. അവരോട് ഞാനിങ്ങോട്ടു വരാൻ പറഞ്ഞിട്ടുമുണ്ട്’’ -ഷക്കീൽ അതുപറഞ്ഞത് അല്പം നാടകീയമായാണ്. അരമണിക്കൂറിനകം രണ്ടുപേരുമെത്തി. വളാഞ്ചേരിക്കാരൻ അബ്ദുൾഹക്കീമും കീഴ്ശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖും. രണ്ടുപേർക്കും പറയാനുണ്ടായിരുന്നത് വേണുവും ഷക്കീലും ചേർന്ന് അവരെ സിവിൽ സർവീസ് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി ഒരുക്കിയെടുത്തതിന്റെ കഥകൾതന്നെയായിരുന്നു. ഹക്കീം ഐആർഎസ് നേടി ഇപ്പോൾ മുംബൈയിൽ ഇൻകം ടാക്സ് കമ്മിഷണറായി ജോലിചെയ്യുന്നു. ഐഎഎസ് ജയിച്ച അബൂബക്കർ ഝാർഖണ്ഡ് സർക്കാരിൽ സെക്രട്ടറിയാണ്.
മേഘാലയയിൽ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്ന സമയത്ത് വേണുവും ശാരദാമുരളീധരനുമുണ്ടാവണമെന്ന് ഷക്കീലിന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അവർ ആ സമയത്ത് വിദേശത്ത് ആയിരുന്നതുകൊണ്ട് അവിടെയെത്താൻ കഴിഞ്ഞില്ല. ശിഷ്യൻ ചീഫ് സെക്രട്ടറിയുടെ കസേരയിൽ ഇരിക്കുന്നതു കാണണമെന്ന മോഹത്തിൽ ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുകയാണിപ്പോൾ അവർ.
‘‘വളരെ സത്യസന്ധനും കഠിനാധ്വാനിയുമാണ് ഷക്കീൽ. ഇങ്ങനെയൊരാൾ എന്റെ ശിഷ്യനാണെന്നു പറയാൻ അഭിമാനമേയുള്ളൂ’’ -വേണു പറയുന്നു.
ഗുരുവും ശിഷ്യനും തമ്മിൽ രസകരമായ ചില സമാനതകളുണ്ട്. കണ്ണൂർ ചൊവ്വസ്വദേശിയായ ഷക്കീൽ കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽനിന്ന് ബിഎച്ച്എംഎസ് പാസായതിനുശേഷമാണ് സിവിൽ സർവീസ് നേടിയത്. കോഴിക്കോട് ബിലാത്തികുളം സ്വദേശിയായ വേണു കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് പാസായതിനുശേഷം സിവിൽ സർവീസ് ജയിച്ചു. പഠിക്കുന്നകാലത്ത് രണ്ടുപേരും ഇന്റർ കൊളീജിയറ്റ് നാടകമത്സരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു.
‘‘വേണുവേട്ടനും സഹപാഠിയായിരുന്ന മുനീർക്കയും(മുൻമന്ത്രി എം.കെ. മുനീർ) നാടകങ്ങളിൽ അഭിനയിച്ചു തകർക്കുന്നത് ഞാൻ കണ്ടുനിന്നിട്ടുണ്ട്. അവരോട് മത്സരിച്ച് ജയിക്കാൻ ഞങ്ങളുടെ ഹോമിയോടീമിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല. അന്നേ വേണുവേട്ടനെ നോട്ടമിട്ടുവെച്ചതാണ് ഞാൻ’’ -ഷക്കീൽ പറഞ്ഞുനിർത്തി.
ഒരുവർഷംമുൻപ് കേരളത്തിന്റെ ചീഫ് സെക്രട്ടറിപദവിയിൽനിന്ന് വിരമിച്ച വി. വേണു ഇപ്പോൾ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഡയറക്ടറും ക്യൂറേറ്ററുമായി പ്രവർത്തിക്കുന്നു. ഒപ്പം കൊച്ചി ബിനാലെയുടെ അമരക്കാരനുമാണ് കൂടാതെ ജനിച്ചുവളർന്ന കോഴിക്കോട് നഗരത്തെക്കുറിച്ചുള്ള ഗൃഹാതുരമായ സ്മരണകൾ കോർത്തിണക്കുന്ന ഒരു പുസ്തകത്തിന്റെ പണിപ്പുരയിലുമാണ്.
Content Highlights: Read the incredible journey of V. Venu and Shakeel P. Ahmed.