മികച്ച കരിയറാണോ ലക്ഷ്യം?; എങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാവാന്‍ തയ്യാറെടുക്കാം

#ഓർവെൽ ലയണൽ
Image: Freepik
Image: Freepik

സാമ്പത്തിക  സുരക്ഷിതത്വവും  ഉയർന്ന  ജീവിത  സാഹചര്യവും  ഉറപ്പു നല്‍കുന്ന തൊഴിൽ  മേഖലകൾ  തിരഞ്ഞെടുക്കാനാണ്  ഇന്നത്തെ  തലമുറയ്ക്ക്  താല്പര്യം. പ്ലസ് ടു പഠന  ശേഷം ഇനിയെന്ത് എന്നൊരാശങ്ക എല്ലാ വിദ്യാര്‍ത്ഥികളിലും, അവരുടെ രക്ഷിതാക്കളിലും സ്വാഭാവികമാണ്. ഏത് വിഷയം പഠിച്ചാലാണ് വേഗത്തില്‍ ജോലി ലഭിക്കുക? ഏത് മേഖലയില്‍ കരിയര്‍ തെരഞ്ഞെടുക്കണം? സുരക്ഷിതത്വവും കരിയര്‍ ഗ്രോത്തും ഉറപ്പുനല്‍കുന്ന ഏത് ജോലിയാണ് ഏറ്റവും അനുയോജ്യം? ചെറിയ  പ്രായത്തിൽ  തന്നെ  ഏറ്റവും   മികച്ച  വരുമാനവും തൊഴിൽ സാധ്യതകളും  വാഗ്ദാനം ചെയ്യുന്ന   കരിയർ ഓപ്ഷനുകളിൽ ഒന്നാണ് ചാർട്ടേർഡ് അക്കൗണ്ടൻസി അല്ലെങ്കിൽ സി. എ ധനകാര്യം, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക്  നന്നായി  ശോഭിക്കാൻ  കഴിയുന്ന  സി. എ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ന്റെ  കീഴിൽ വരുന്ന ഒരു  പ്രൊഫഷണൽ അക്കൗണ്ടൻസി കോഴ്സാണ്.  വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ചാർട്ടേർഡ് അക്കൗണ്ടന്റ് (സി.എ) യോഗ്യത നേടാനും  അതുവഴി ഇന്ത്യയിലും വിദേശത്തുമായി നിരവധി ജോലിസാധ്യതകൾ  കണ്ടെത്താനും സാധിക്കും.

പരീക്ഷയുടെ വിവിധ ഘട്ടങ്ങള്‍
പ്ലസ് ടു പരീക്ഷ പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് നേരിട്ട് എൻറോൾ ചെയ്യാൻ കഴിയുന്ന സി.എ ഫൗണ്ടേഷൻ പ്രോഗ്രാമാണ്  എൻട്രി പോയിൻ്റ്. കൂടാതെ ബിരുദധാരികൾക്ക് ഫൗണ്ടേഷൻ പരീക്ഷ എഴുതാതെ തന്നെ  നേരിട്ട് സി.എ ഇന്റർ പരീക്ഷയിലേക്ക്  കടക്കാൻ കഴിയും. ചാർട്ടേഡ് അക്കൗണ്ടൻ്റ് പരീക്ഷ  സമ്പ്രദായത്തിൽ  അടുത്തിടെ മാറ്റങ്ങൾ  ഉണ്ടായിട്ടുണ്ട്. അക്കൗണ്ടിംഗ് തത്വങ്ങൾ, വാണിജ്യ നിയമങ്ങൾ, സാമ്പത്തിക ശാസ്ത്രം, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ ഗഹനമായ   അടിത്തറയുണ്ടാക്കുന്നതാണ് ഫൗണ്ടേഷൻ കോഴ്സ്. ഫൗണ്ടേഷൻ പരീക്ഷയെത്തുടർന്ന്, അക്കൗണ്ടിംഗ്, ടാക്സേഷൻ, നിയമം, ഓഡിറ്റിംഗ് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടുന്നതിന് വിദ്യാർത്ഥികൾ സി.എ ഇൻ്റർമീഡിയറ്റിലേക്ക് (സി.എ ഇൻ്റർ) കടക്കും.  സി.എ ഇൻ്ററിന് ശേഷം ആർട്ടിക്കിൾഷിപ്പ് എന്ന നിർബന്ധിത രണ്ട് വർഷത്തെ ഇൻ്റേൺഷിപ്പ് കാലയളവ് വരുന്നു. പ്രാക്ടീസ് ചെയ്യുന്ന ചാര്‍ട്ടേണ്ട് അക്കൗണ്ടിന് കീഴിലുള്ള ഈ പ്രായോഗിക പരിശീലനം കരിയറില്‍ മുതല്‍ക്കൂട്ടാകും. സി.എ ഫൈനൽ പരീക്ഷയോടെ യാത്ര അവസാനിക്കുന്നു,  അക്കൗണ്ടിംഗ്, ഓഡിറ്റിംഗ്, ഫിനാൻഷ്യൽ മാനേജ്‌മെൻ്റ് തുടങ്ങിയ വിപുലമായ വിഷയങ്ങളെക്കുറിച്ചുള്ള ഉദ്യോഗാർത്ഥിയുടെ സമഗ്രമായ ധാരണയെ വളർത്താൻ ഈ ഒരു ഘടന സഹായിക്കുന്നു.

പരിഷ്കരണങ്ങൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) സി.എ പ്രോഗ്രാമിൻ്റെ പ്രായോഗിക പ്രസക്തി വർദ്ധിപ്പിക്കുന്നതിനായി പരിഷ്കരണങ്ങൾ നടത്തിയിട്ടുണ്ട്. ഒരു പ്രധാന മാറ്റം ഇൻ്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾക്കുള്ള വിഷയങ്ങളുടെ കുറവാണ്. ഓരോ വിഷയവും  കൂടുതൽ ആഴത്തിൽ പരിശോധിക്കാൻ വിദ്യാർത്ഥികൾക്ക് സമയം ലഭിക്കും. കൂടാതെ, സാമ്പത്തികം, ഇന്ത്യൻ ഭരണഘടന, തത്ത്വചിന്ത, മനഃശാസ്ത്രം എന്നിവ ഉൾക്കൊള്ളുന്ന നാല് ഓൺലൈൻ മൊഡ്യൂളുകൾ (SPOM) ഇൻ്റർമീഡിയറ്റ് പരീക്ഷയ്ക്ക് ശേഷം ഉണ്ടാകും , ഇത് സ്വയം പഠിക്കാനുള്ളതാണ്. കൂടാതെ, സി.എ ഫൈനൽ പരീക്ഷ എഴുതുന്നതിനു മുന്നേ മറ്റെല്ലാ  മാനദണ്ഡങ്ങളും  പൂർത്തിയാക്കുന്നവർക്ക് അവരുടെ നേട്ടങ്ങൾ അംഗീകരിച്ചുകൊണ്ട് ഒരു "ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്" എന്ന പാർട്ട്‌ ക്വാളിഫിക്കേഷനും ലഭിക്കും. പ്രായോഗിക പ്രയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. നിത്യജീവിതത്തിൽ നേരിടേണ്ടി വരുന്ന  പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സൈദ്ധാന്തിക അറിവ് ഉപയോഗിക്കുന്നതെങ്ങനെ എന്നതിനാണ്  പാഠ്യപദ്ധതി ഊന്നൽ നൽകുന്നത്. പരീക്ഷകളിൽ കൂടുതൽ കേസ് സ്റ്റഡീസ്   ഉൾപ്പെടുത്തുക  വഴി  വിദ്യാർത്ഥികൾ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും വിമർശനാത്മക ചിന്താശേഷി പ്രകടിപ്പിക്കാനും പ്രാപ്തരാകും. 

അവസരങ്ങള്‍
വളരുന്ന ഒരു  സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. അതുകൊണ്ടുതന്നെ  ബിസിനസ്സുകളുടെ  വളർച്ചയ്ക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും  ഓഡിറ്റ് ചെയ്യാനും ചാർട്ടേഡ് അക്കൗണ്ടന്റുകളെയാണ് നിയമിക്കുക. വ്യക്തികൾക്കും ബിസിനസ്സുകൾക്കും സാമ്പത്തിക ഉപദേശം നൽകുന്ന ഫിനാൻഷ്യൽ കൺസൾട്ടിംഗ്, കോസ്റ്റ് കൺസൾട്ടിംഗ്, ടാക്സ് കൺസൾട്ടിംഗ്  തുടങ്ങിയ ജോലികൾ തിരഞ്ഞെടുത്താൽ  കോർപ്പറേറ്റ് ഫിനാൻസ് ലോകത്തിനു തന്നെ  മുതൽക്കൂട്ടാകാൻ  ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് സാധിക്കും. കൂടാതെ   ഒരു കമ്പനിയുടെ സാമ്പത്തിക സ്രോതസ്സുകളും നിക്ഷേപങ്ങളും നിയന്ത്രിച്ച്  അപകടസാധ്യതകൾ തിരിച്ചറിഞ്ഞ്  അത്  പരിഹരിക്കാനും  കമ്പനികളെ സഹായിക്കാനും സി.എ പ്രൊഫഷണലുകൾക്ക്   കഴിയും. അത്തരത്തിലുള്ള  മറ്റൊരു  ജോലി  സാധ്യതയാണ്  ഫോറൻസിക് അക്കൌണ്ടിംഗ്; സാമ്പത്തിക തട്ടിപ്പുകളും പെരുമാറ്റദൂഷ്യങ്ങളും അന്വേഷിക്കുന്ന വളർന്നുവരുന്ന ഒരു  മേഖലയാണിത്. ചുരുക്കത്തിൽ, കഠിനാധ്വാനത്തോടും അർപ്പണബോധത്തോടും കൂടി പ്രയത്നിച്ച്, സി.എ യോഗ്യത  നേടിയാൽ  അക്കൗണ്ടിംഗ്, ഫിനാൻസ്, ടാക്‌സേഷൻ, ഓഡിറ്റിംഗ് തുടങ്ങിയ വിപുലമായ  കരിയർ  സാധ്യതകൾ   നൽകുന്ന ഒരു വല്യ ക്യാൻവാസ് ആണ് തുറന്നു കിട്ടുന്നത്.

സി.എ കോഴ്സ് പൂർത്തിയാക്കിയ ശേഷം സ്വന്തമായി അക്കൌണ്ടിംഗ് സ്ഥാപനങ്ങൾ ആരംഭിക്കാനും ഓഡിറ്റിംഗ്, ടാക്സേഷൻ, ഫിനാൻഷ്യൽ കൺസൾട്ടൻസി തുടങ്ങി നിരവധി സേവനങ്ങൾ നൽകാനും കഴിയും. അതുപോലെ  കോർപ്പറേറ്റ് മേഖലയിൽ സിഎഫ്ഒ, കൺട്രോളർ, ഇന്റേണൽ ഓഡിറ്റർ തുടങ്ങിയ  പദവികൾ വഹിക്കാനും,  നിക്ഷേപ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പ്രവർത്തിച്ച്  ലയനങ്ങൾ, ഏറ്റെടുക്കലുകൾ, കോർപ്പറേറ്റ് ഫിനാൻസ്, അണ്ടർറൈറ്റിംഗ് ഡീലുകൾ എന്നിവയിൽ ഉപദേശം നൽകാനും സാധിക്കും.   സർവകലാശാലകളിലും കോളേജുകളിലും അധ്യാപന, ഗവേഷണ ജോലിസാധ്യതകളുമുണ്ട്.   സർക്കാർ വകുപ്പുകളിലും മന്ത്രാലയങ്ങളിലും പ്രവർത്തിക്കാനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും നയപരമായ ഉപദേശം നൽകാനും അവസരങ്ങളുണ്ട് .

ഫിനാൻസ്, അക്കൌണ്ടിംഗ്, ബിസിനസ് എന്നിവയിൽ ശക്തമായ അഭിരുചിയുള്ള വ്യക്തികൾക്ക് ഏറെ തിളങ്ങാനാകുന്ന ഒരു കരിയർ സാധ്യതയാണ് സി.എ വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ, മികച്ച ശമ്പളം, ആഗോള അംഗീകാരം എന്നിവ ലഭിക്കുന്ന എന്നാൽ അത്രയും വെല്ലുവിളി നിറഞ്ഞതുമായ  സി.എ  കോഴ്‌സ്  അർപ്പണബോധത്തോടും കഠിനാധ്വാനത്തോടും കൂടി മാത്രമേ  ജയിക്കാൻ  സാധിക്കുകയുള്ളു. ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകുന്നതിലൂടെ  രാജ്യ, രാജ്യാന്തര  സാമ്പത്തിക രംഗത്ത് കാര്യമായ സ്വാധീനം ചെലുത്താനുള്ള    അവസരമാണ്  ലഭിക്കുന്നത്.
 
(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യയുടെ മാനേജിങ് ഡയറക്ടറാണ് ലേഖകന്‍)

Content Highlights: How to Become A Chartered Accountant