സി.എ പരീക്ഷയിലെ മാറ്റങ്ങൾ; പരിശീലിക്കാം ഇങ്ങനെ

#ഓർവെൽ ലയണൽ
Image: Freepik
Image: Freepik

ഐ.സി.എ.ഐയുടെ കീഴില്‍ നടത്തപ്പെടുന്ന പ്രൊഫഷണൽ പരീക്ഷയാണ്  സി.എ. സാമ്പത്തിക മേഖലയിൽ മികച്ചൊരു കരിയര്‍ സ്വപ്‌നം കാണുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും സി.എ. പരീക്ഷ എഴുതുന്നത്. ഐ.സി.എ.ഐ. യുടെ കണക്കുകൾ പ്രകാരം 2023 നവംബറിലെ സി.എ. ഫൈനൽ പരീക്ഷയുടെ വിജയ നിരക്ക് ഇൻ്റർമീഡിയറ്റ് പരീക്ഷയേക്കാൾ കുറവായിരുന്നു, ഗ്രൂപ്പ് രണ്ടിൻ്റെ ഏറ്റവും ഉയർന്ന വിജയ നിരക്ക് 21.6% ആണ്. സി.എ. ഫൈനൽ പരീക്ഷയുടെ രണ്ട് ഗ്രൂപ്പുകളിലും കേവലം 9% പേര്‍ മാത്രമാണ്‌ വിജയിച്ചിട്ടുള്ളത്. 2024 മെയ് മുതൽ പുതിയ പരീക്ഷാ ഫോർമാറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ഐ.സി.എ.ഐ. വിജയനിരക്ക് കൂട്ടുന്നതിനോടൊപ്പം പ്രായോഗിക തലത്തിൽ വിദ്യാർഥികളെ പ്രഗത്ഭരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം.

പ്രധാന മാറ്റങ്ങൾ

സി.എ. ഇൻ്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകളിലെ വിഷയങ്ങളുടെ എണ്ണം എട്ടിൽ നിന്ന് ആറായി ചുരുക്കി. അതോടൊപ്പം സി.എ. ഇൻ്റർമീഡിയറ്റ് പരീക്ഷയ്ക്ക് ശേഷം നാല് മൊഡ്യൂളുകൾക്കായി സെൽഫ്-പേസ്ഡ് ഓൺലൈൻ മൊഡ്യൂളും (എസ് പി ഒ എം) അവതരിപ്പിച്ചിട്ടുണ്ട്.നാല് വിഷയങ്ങളിൽ മൂന്നെണ്ണം ഫിനാൻസുമായും നാലാമത്തേത് ഭരണഘടന, ഫിലോസഫി, സൈക്കോളജി എന്നീ വിഷയങ്ങളുമായും ബന്ധപ്പെട്ടതാണ്. അതിനാൽ ഇവ പഠിക്കുന്നത് വഴി ഫിനാൻഷ്യൽ മേഖലയെക്കുറിച്ചുള്ള അറിവുകൾക്കപ്പുറം സമൂഹത്തെക്കുറിച്ച് കൂടുതൽ അറിയാനും അതിലേക്ക് ഇറങ്ങിച്ചെല്ലാനും വിദ്യാർഥികൾക്ക് സാധിക്കുന്നു. ഇതുവരെ  സിലബസിൽ പാർട്ട്‌ ക്വാളിഫിക്കേഷൻ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ നിലവിൽ, സി.എ ഫൈനൽ ഒഴികെ ഇന്റർമീഡിയറ്റ്, ആർട്ടിക്കിൾഷിപ്പ് തുടങ്ങിയ മറ്റ് സി.എ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നവർക്ക് "ബിസിനസ്‌ അക്കൗണ്ടിങ് അസോസിയേറ്റ്" എന്ന പാർട്ട്‌ ക്വാളിഫിക്കേഷനും ലഭിക്കും.

പ്രായോഗികവും ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമായ ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങൾ, സമീപകാല പരിഷ്കാരങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവ് തുടങ്ങിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പ്രായോഗിക സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ഇത് വിദ്യാർഥികളെ സജ്ജരാക്കും. ചോദ്യപ്പേപ്പറിൽ 'എന്ത്', 'എങ്ങനെ' എന്ന ചോദ്യങ്ങൾക്ക് അഞ്ച് ശതമാനം മുതല്‍ പത്ത് ശതമാനം വരെ മാർക്ക് ആണെങ്കിൽ 'എങ്ങനെ പ്രയോഗിക്കാം' എന്നതിന് 90% മാർക്ക് ലഭിക്കും. സി.എ സ്ഥാപനങ്ങൾ അക്കൗണ്ടിംഗിന് മാത്രം പ്രാധാന്യം നൽകാതെ എല്ലാ മേഖലകളെക്കുറിച്ചും അവബോധം നൽകും. പുതിയ സിലബസ് തീയേറിറ്റിക്കൽ നോളജിനും കൂടുതൽ പ്രാധാന്യം നൽകുന്നു. അക്കൗണ്ടിങ് സ്റ്റാൻഡേർഡ്സ് പാലിക്കുന്ന സിലബസ്സാണ് സ്വീകരിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസ രീതിയിൽ സമീപകാലത്ത് വന്ന മാറ്റങ്ങൾ വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും. പുതിയ സിലബസ്സിൽ വിഷയങ്ങളുടെ എണ്ണം കുറഞ്ഞതിനാൽ, വിദ്യാർഥികൾക്ക് അവരുടെ പഠന സമയം ഓരോ വിഷയത്തിനും തുല്യമായി വിഭജിക്കാൻ സാധിക്കും. ഓരോ വിഷയത്തിനും നൽകുന്ന സമയം വർദ്ധിപ്പിക്കുന്നത് ആഴത്തിലുള്ള പഠനത്തിനും ധാരണയ്ക്കും വഴിയൊരുക്കും. പുതിയ സിലബസ്സ് വിഷയങ്ങളെ കൂടുതൽ പ്രായോഗികമായി സമീപിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന കാര്യങ്ങൾ യഥാർത്ഥ ലോക സാഹചര്യങ്ങളുമായി ബന്ധിപ്പിക്കാൻ സാധിക്കണം. ഇത് പഠനം കൂടുതൽ രസകരവും ഫലപ്രദവുമാക്കും.

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

സി.എ. പരീക്ഷയുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ വന്ന മാറ്റം വിദ്യാർഥികൾക്ക് അവരുടെ പഠനം ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു. മുൻപ്, ബിരുദധാരികൾക്ക് സി.എ. ഇന്റർമീഡിയറ്റ് പരീക്ഷ എഴുതാൻ ഒമ്പത് മാസത്തെ ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ, പരീക്ഷ പാസായശേഷവും ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കാം. ഈ മാറ്റം വിദ്യാർഥികൾക്ക് അവരുടെ പഠനവും പ്രൊഫഷണൽ പരിശീലനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. 

പാസിങ് സ്‌കോറിൽ മാറ്റങ്ങളൊന്നും വന്നിട്ടില്ല. സി.എ. ഫൗണ്ടേഷൻ പരീക്ഷ പാസ്സാകാൻ 40 % മാർക്ക് നേടണം. മൊത്തം നാല് വിഷയങ്ങളാണുള്ളത്. ഓരോന്നിനും 100 മാർക്കാണ്.  നാല് പരീക്ഷ ജയിക്കാൻ 200 മാർക്ക് നേടണം. സി.എ.  ഇന്റർമീഡിയറി പരീക്ഷയ്ക്ക് ആറ് വിഷയങ്ങളുണ്ട്. ഗ്രൂപ്പ് ഒന്നിലും രണ്ടിലുമായി മൂന്ന് വിഷയങ്ങളുമുണ്ടാകും. മുൻപ് ഇത് നാല് ആയിരുന്നു. ഇപ്പോൾ ഒരു ഗ്രൂപ്പ് ജയിക്കാൻ 150 മാർക്ക് നേടണം. ഗ്രൂപ്പ്‌ ഒന്നും രണ്ടും ജയിക്കാനായി 300 മാർക്കാണ് നേടേണ്ടത്. ഫൈനൽ  പരീക്ഷയ്ക്കും ഇതേ രീതിയിലാണ് മൂല്യനിർണയം.  ഒരു വിദ്യാർത്ഥിക്ക് ഒരു വിഷയത്തിൽ 60 മാർക്കിന് മുകളിൽ ലഭിക്കുകയാണെങ്കിൽ, ആ വിഷയം അടുത്ത മൂന്ന് ശ്രമങ്ങളില്‍ എഴുതേണ്ടതില്ല.

ഇപ്പോൾ ജനുവരി, മെയ്, സെപ്റ്റംബർ എന്നീ മാസങ്ങളിലാണ് സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് പരീക്ഷകൾ നടക്കുക. അതേസമയം സി.എ ഫൈനൽ പരീക്ഷയുടെ തീയതികളിൽ മാറ്റമില്ല - മെയ്, നവംബർ മാസങ്ങളിൽ തന്നെ നടക്കും.

കരിയര്‍ ഫീച്ചറുകള്‍ വായിക്കാം

(ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ്  ലക്ഷ്യയുടെ മാനേജിങ് ഡയറക്ടറാണ് ലേഖകന്‍)
 

Content Highlights: chartered accountancy exam full details