എന്ത് ഡൈനാമിക്‌സ് ഇരുന്നിട്ടാണ് പക്ഷികളൊക്കെ പറന്ന് നടക്കുന്നത്..! എയ്റോസ്പേസ് എൻജിനീയറിങ് സാധ്യത

കുഞ്ഞുന്നാളുകളിലും സ്കൂൾ ക്ലാസിലെ ബഞ്ചുകളിലുമൊക്കെ ഇരിക്കുമ്പോൾ ആഗ്രഹിച്ചിരുന്നതെല്ലാമൊന്ന് ഓർത്തു നോക്കിയാൽ ചിരിയൂറുന്ന സ്മരണകൾ ഏറെയാണ്. അതിൽ തന്നെ വിവിധ വാഹനങ്ങളും അതിന്മേൽ ഉള്ള കമ്പവും നിത്യഹരിത ആവേശ-രോമാഞ്ച സഞ്ചാരങ്ങൾ ആയിരുന്നു. ബസും ടിപ്പറും കപ്പലും ട്രെയിനും തുടങ്ങി വിമാനം ഓടിക്കുന്നതുവരെ സ്വപ്നം കണ്ടും അതിനെപ്പറ്റി സംസാരിച്ചും നടന്ന ആ കാലം. പിന്നീട് നെടുമ്പാശ്ശേരി എയർപോർട്ട് വരികയും വീടിൻ്റെയും പഠിച്ച സ്കൂളിൻ്റെയും മുകളിലൂടെ തന്നെ ധാരാളം വിമാനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറക്കാൻ തുടങ്ങിയപ്പോൾ വല്ലകാലത്തും മാത്രം വീണുകിട്ടിയിരുന്ന തീപ്പെട്ടിക്കൊള്ളി വലുപ്പമുണ്ടായിരുന്ന ആകാശക്കാഴ്ചകൾക്ക് വലുപ്പം ഏറെ കൂടി. ആദ്യമായി ജംബോ ജെറ്റ് വരുന്ന ദിവസം ക്ലാസ്സ് മുറിയിൽനിന്ന് ഒച്ച കേട്ട് ഞങ്ങളെല്ലാവരും ഇറങ്ങിയോടിയിട്ടുണ്ട്, കാണാൻ വേണ്ടി. അന്നൊക്കെ എയർപോർട്ടിന് അടുത്തുള്ള കാലടി പാലത്തിൽനിന്നു തൊട്ടടുത്തുള്ള വീടുകളിലെ പുരപ്പുറത്ത് കയറിയും യമണ്ടൻ വിമാനങ്ങളെ കൊതിയോടെ കണ്ടുനിന്നിട്ടുണ്ട്....
ഇതെങ്ങിനെ പറക്കുന്നുവെന്ന അത്ഭുതം മനസ്സിൽ ഉണ്ടാവാത്ത ആരും തന്നെ ഉണ്ടാവില്ല. അദ്ഭുതം കൂറാൻ ശാസ്ത്രതത്വങ്ങളുടെ ആവശ്യം ഇല്ലല്ലോ. അതുകൊണ്ട് എയ്‌റോഡൈനാമിക്‌സിനെക്കുറിച്ച് ഒക്കെ അറിയുന്നതിന് മുന്നേ ആകാശത്ത് പറന്ന് നടന്നത് മനസ്സാണ്. എന്ത് ഡൈനാമിക്‌സ് ഇരുന്നിട്ടാണ് ഈ പക്ഷികളൊക്കെ ഇങ്ങനെ പാറിപ്പറന്ന് നടക്കുന്നത്. കിറുകൃത്യമായ ടേക് ഓഫും ലാൻഡിങ്ങും. മഴയോ കാറ്റോ ഇരുട്ടോ ഒന്നും ഒരു പ്രശ്നവുമില്ല. ഓരോന്നിനും ഓരോ വൈവിധ്യമാണ്.
Content Highlights: Aerospace engineering opportunities