ഇദം പാരമിതം; മൃതി ഒരു തഴുത് തുറക്കലാണ്; ഒരു ഗര്‍ഭഗൃഹത്തിലേക്ക്, മറ്റൊരു ആരണ്യമനസ്സിലേക്ക്!

#ഉദയശങ്കര്‍
പുസ്തകത്തിന്റെ കവര്‍ പേജ്‌ | ഫോട്ടോ: മാതൃഭൂമി ബുക്‌സ്‌
പുസ്തകത്തിന്റെ കവര്‍ പേജ്‌ | ഫോട്ടോ: മാതൃഭൂമി ബുക്‌സ്‌

'What is hell? I maintain that it is 
the suffering of being unable to love'

-  Fyodor Dostoevsky 

പ്രാണനില്ലാത്ത മഹാനദി എങ്ങിനെ ആഴിയില്‍ ഇഴ ചേരും? നിഗൂഢ മണ്ണറകളിലേയ്ക്ക് അടക്കം ചെയ്ത ജലം പ്രാക്തനതയോടെ ഉയിര്‍ക്കു ന്നതെപ്പോഴാകും. എണ്ണിയാല്‍ ഒടുങ്ങാത്ത വെള്ളിമീനുകളുടെ മാരിയിലേയ്ക്ക്, അനന്തതയുടെ വിഹായസ്സിലേക്ക്, അഥര്‍വ്വധ്വനി പോലെ ''ഇദം പാരമിതം' അണപൊട്ടുന്നു. ലെവിന്റെ അക ഉടലിലെ പരിത്യാഗത്തിന്റെ തഥാഗതത്വം ഒരു നിയോഗമാണോ. പേര്‍ത്തും പേര്‍ത്തും അവന്‍ വെന്തുരുകുന്നത് എന്തിനാണ്? കാമവസൂരിയില്‍ അവന്‍ അനാസക്തിയുടെ വിത്ത് പാകി. ഭോഗം ഗൃഹസ്ഥാശ്രമ ഉപാധിയല്ല. വിതച്ചതൊന്നും മുളച്ചില്ല. ബീജമേഘധാര ശ്വാസരതിയാണോ? ഇണകളോടൊത്തുള്ള പരാഗമണയല്‍ അരാജകത്വമെന്ന വ്യവസ്ഥയുടെ ഒരമ്പ് പരിപാലിക്കപ്പെടേണ്ടതല്ല. കാമം ഇടറലുകളുമല്ല. പൂക്കളുടെ ഋതുമാത്രമാണത്. മണ്ണ് യോനിയാണ്. പ്രപഞ്ചത്തിന്റെ അവസ്ഥാന്ത രങ്ങള്‍ക്ക് ആ വിശുദ്ധ ഗര്‍ഭഗൃഹത്തിന് ഉയിരിന്റെ മിടിപ്പുണ്ട്. അനുരാഗം ലിബിഡോയുടെ ആവിഷ്‌കാരമാണെന്ന് ഫ്രോയിഡ് ശഠിക്കുന്നു. പണയം കലയാണെന്ന് എറിക്ക് ഫ്രം പറഞ്ഞ്വെയ്ക്കുമ്പോള്‍ ഇണഉടലുകള്‍ ചെറി വസന്തത്തിന്റെ കവിതയാകുന്നു. സ്ത്രീയുടെ ഉടല്‍ ഏദനും മരുഭൂമിയുമാണ്. ലെവിന്റെ സ്പര്‍ശമാത്രയില്‍ ആരണ്യകങ്ങള്‍ പ്രാക്തനമാക്കുന്ന പ്രണയിനികള്‍. പരാഗങ്ങള്‍ മാംസളമാകുന്ന കാമന ഓര്‍ക്കിഡുകള്‍. അനാസക്തിയുടെ കനലുകളെ കെടുത്തിയ പൂജ. ബീജമേഘങ്ങളെ ആവാഹിച്ച സമരിയ. പഞ്ചഭൂതങ്ങളുടെ തരംഗനാളിയായ റോസെറ്റ. മഹാരതിപുര ശ്രീച്രകമായ റൂത്ത്. മണി പൂരകപാരിജാതം വിടര്‍ത്തിയ മിത്ര. അനാഹതച്ചക്രമുഖിയായ നക്ഷത്ര. ഹൈപേഷ്യന്‍ കാമപൂമ്പൊടികളെ ആവാഹിച്ച കാമിനികള്‍ ഓപ്പറേകളില്‍ കാല് ഈന്നുന്നു. ആ സാലഭഞ്ജികകള്‍ ദിഗംബര തഥാഗതനെ ആവാഹിച്ച് ചൂഴുകയാണോ? 'അനിച്ച' എന്നാല്‍ ക്ഷണിക പരിണാമമെന്നര്‍ത്ഥം. അത് അനാത്മകമാവുന്നു. വെളിപ്പെടുത്തപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും അനുസൂതമായ രൂപവും അസ്ഥിത്വവും ഇല്ലാതാകുന്നു. കാമവസൂരിയില്‍ നിന്ന് അനാസക്തിയുടെ തളിരുകള്‍ ഉണരും. പഞ്ചേന്ദ്രിയങ്ങള്‍ ചൂളയില്‍ ചുൂട്ടെടുക്കപ്പെടും. മഹാദിഗംബരതയുടെ ഹീനയാനത്തിലേയ്ക്ക് ലെവിന്‍ വീണുകൊണ്ടിരുന്നു. 

''ഒരു പച്ച മേപ്പിള്‍ മരം ഇളം കാറ്റില്‍ പ്രാര്‍ത്ഥനയോടെ ഉരുക്കഴിക്കുന്നുണ്ട്. നക്ഷത്രങ്ങളെ നോക്കുന്ന അവയുടെ ചക്ഷുസുകള്‍ പ്രകീര്‍ത്തനങ്ങളുടെ കണ്ണീര്‍മുത്തുകളാണ്. കാറ്റില്‍ ഒരു രഹസ്യ സ്വപ്നം പൂവായി രൂപാന്തരപ്പെടുന്നു. സായംകാലം വരെയും അത് അടങ്ങാത്ത തൃഷ്ണയോടെ പ്രശോഭിയ്ക്കും. അല്ലെങ്കില്‍ ധൂമപടലമായി വിലയിക്കും. നിഗൂഡമായിതാ ഒരു പച്ച മേപ്പിള്‍ മരം.''അലക്‌സാണ്ടര്‍ ബ്ലോക് ഈ വരികളിലൂടെ ഏകാന്തതയുടെ, ചിരന്തന മൗനത്തിന്റെ ആത്മാ വിലേയ്ക്ക് ഊഴ്്ന്നിറങ്ങുകയാണല്ലോ. ഓരോ ഇണ ചുംബനങ്ങളും ഓരോ ജനിമൃതികളുടെ സാക്ഷാത്കാരമാണ്. അതുകൊണ്ട് മാത്രമാണ് മോഹഭംഗത്താല്‍ എരിഞ്ഞവന്റെ അനന്തമായ കബൂക്കി നൃത്തം ''ഇദം പാരമിത''ത്തില്‍ അലയടിക്കുന്നത്. ഹേതു മനസ്സ് മാത്രമാകുന്നതു കൊണ്ട് മറ്റെല്ലാ മിശ്രങ്ങളും ശൂന്യമാകുന്നു. ലെവിന്റെ സഞ്ചാരപഥങ്ങള്‍ എല്ലാ അനുഭവങ്ങളും ഒന്നാണെന്ന് ബോധ്യപ്പെടുത്തു ന്നു. ദുര്‍ഗ്രഹമായ ആ അഭൗമ ഒന്നില്‍ നിന്ന് വേറിട്ട് കൊണ്ടുള്ള അസ്ഥിത്വം സാധ്യമല്ലെന്നും തീര്‍പ്പാക്കുന്നു. അപൂര്‍ണ്ണതയുടെ രാഗ രൂപം ആവേശിക്കുന്ന നടപ്പാതകള്‍ ലെവിന്റെ ജീവിതമാണ്. അവന്‍ അവനോട് തന്നെ ചോദിച്ചുവോ- ''ഈ ഉടല്‍ നോക്കൂ! വിളക്കിച്ചേര്‍ത്ത കരചരണങ്ങളുള്ള പാവ. നരകിച്ചും വ്രണഭരിതമായും ഈഹങ്ങള്‍ നിറച്ച ചഞ്ചലപ്പെട്ട് സദാ അവസ്ഥാന്തരപ്പെടുന്ന ട്രപ്പീസ് പാവ.'' ശൂന്യതയുടെ വാനപഥങ്ങളിലേക്ക്, ആദിയില്ലാത്ത അനന്തതയിലേക്ക് ആര്‍ക്കാണ് ശൂന്യമാകാനാവുക. ''സമ'' സൂഫിയുടെ സ്വരശ്വാസമാണല്ലോ. അവന്‍ സമയില്‍ ആഗിരണം ചെയ്തിരിയ്ക്കുന്നു. തൃഷ്ണകളടക്കി പറവകളുടെ ഗഗനവും തെല്ലൊരു നിമിഷം പാറിപ്പോയോ. അര്‍ദ്ധ വിരാമത്തിന്റെ ആത്മകഥയില്‍ നിലയ്ക്കാത്ത നിലവിളി അനുധാവനം ചെയ്യുന്നുണ്ടോ. ലിയോവിന്റെ നീലവര്‍ണ്ണം വാന്‍ഗോഗിന്റെ നിലാവിനെ സ്മരിപ്പിക്കുന്നു. ആ പൗര്‍ണ്ണമി യതിയുടെ അടക്കം ചെയ്ത അനുരാഗമിതാ മുല്ലപ്പെയ്ത്താകുന്നു. വെണ്‍മേഘം പോലെ മൃദുലമായ മുപ്പത്തിരണ്ട് മാര്‍ബിള്‍ മുത്തുകള്‍ നിര്‍വാണത്തെ ഓര്‍മ്മിപ്പിക്കുകയാണോ. കെട്ടു പോകലിനും തഥാഗത മനസ്സ് സര്‍വ്വാത്മനാ അനു വദിച്ചു കൊടുക്കുകയാണോ. ലെവിന്‍ സമരിയയില്‍ വള്ളിപോലെ പടര്‍ന്നു. നഖക്ഷതങ്ങളില്‍ വൃത്തങ്ങളും ത്രികോണങ്ങളും കോറി. ധ്യാനവേളയില്‍ പിരമിഡിലെ ചക്ര കേന്ദ്രങ്ങള്‍ ദലങ്ങളെ വിടര്‍ത്തുന്ന ഹേതു പോലെ. സഹസ്രാരം, ആജ്ഞ, വിശുദ്ധി, അനാഹതം, മണി പൂരകം, സ്വാധിഷ്ഠാനം, മൂലധാരം, പൊട്ടിപൊട്ടി മുളച്ചു. വിരലുകളില്‍ പ്രാണിക് ഈര്‍ജത്തിന്റെ ഉറവിടമുണ്ട്. സമരിയ ലയിച്ച് പോയിരുന്നു. അവള്‍ മാതമല്ല. ഹൈപേഷ്യന്‍ കാമനകളെല്ലാം ഷാഗളിന്റെ ജാര നിലാവിന്റെ നീലയില്‍ മുങ്ങി താണിരുന്നു. ചന്ദനഗന്ധം ആദിമൂര്‍ഛയാണോ. ഹവ്വയെ തളിര്‍പ്പിച്ച പച്ച മണത്തിന്റെ രൂക്ഷതയാണോ. എതിര്‍ ഇണയുടെ വിയര്‍പ്പ് അദൃശ്യ ആവാഹനത്തിന്റെ പരിരംഭണമാണോ. നിശബ്ദമായ ധവളപ്രതം കീനോണ്‍ ആത്മായ നിങ്ങളുടെ ജിജിമുട് ആശയം ഇവിടെ അന്വര്‍ത്ഥമാക്കുന്നുണ്ടോ. മനസ്സറിയാതെ ചില തഴുതുകള്‍ തുറക്കുന്നുണ്ടോ. സ്വയം വ്യതിരിക്തമാക്കുവാനുള്ള ഒരു വഴിയാണ് അകഉടല്‍. പ്രാര്‍ത്ഥനകള്‍ക്കപ്പുറമാണ് യാഥാര്‍ത്ഥ്യം. റോസെറ്റ നിശബ്ദത കൊണ്ട് വാക്കുകളെ അര്‍ഥരഹിതമാക്കുന്നു. ഇവിടെ, അവിടെ എന്നുള്ള ഭേദമില്ല. എല്ലാം ഇവിടെ തന്നെയാണ്. ഈ ബൗദ്ധത്തെ സ്ഥിരീകരിക്കുന്നത് ഇവിടെ ഇപ്പോള്‍ മാത്രമേയുള്ളൂ. ലെവിന്റെ മനോരഥങ്ങളില്‍ പിരമിഡുകളുടെ നിഗൂഢനിഴലാട്ടങ്ങള്‍ ബിംബങ്ങളായി ഉയിര്‍ക്കുന്നു. 

 ലെവിന്‍ പ്രാണിക്ക് തരംഗങ്ങളെ പിരമിഡുകളില്‍ നിന്ന് ആവാഹിക്കുകയാണ്. ഹൈപേഷ്യന്‍ പരാഗങ്ങളെ വരുതിയിലാക്കുകയാണ്. അയഥാര്‍ത്ഥമായ എല്ലാ വൈപരീത്യങ്ങളേയും പ്രാണിക്ക് തരംഗങ്ങള്‍ ഉള്‍ചേര്‍ക്കുന്നുണ്ടോ. തോന്നലുകള്‍ ജീവനുള്ള രൂപകങ്ങളാണത്രേ. അത് മുറിപ്പെടുത്തുന്നുണ്ട്. തന്റെ വിഷാദങ്ങളുടെ ശിംശപാ വൃക്ഷത്തിന്റെ ഇലകള്‍ പിടയുന്നുണ്ട്. പക്ഷേ എത്രയോ കടുംപച്ച പത്രങ്ങള്‍ ഇഹത്തില്‍ നിന്ന് കത്തുന്നുണ്ട്. പ്രലോഭനങ്ങള്‍ നിശാപൂക്കളുടെ ഗന്ധമാണ്. എഡ്വിന്‍ അര്‍നോള്‍ഡ് ആസക്തിയില്‍ നിന്നുള്ള മുക്തിയെക്കുറിച്ച് പൗരസ്ത്യദീപ്തിയില്‍ ഉല്‍ഘോഷിക്കുന്നത് മറ്റൊന്നല്ല. ജര യാഥാര്‍ത്ഥ്യമാണ്. എല്ലാം രോഗത്തിനധീനമാണ്. അപായവും മറനീക്കി വരും. വിധേയപ്പെടാന്‍ മൃതി വരുന്നുണ്ട്. മണ്ണറകളില്‍ സംവത്സരങ്ങളോളം ആണ്ടുപോയ മമ്മികളുണ്ട്. കെയ്‌റോ മുതല്‍ ഹിമാലയം വരെ നീണ്ട് കിടക്കുന്ന ഉണങ്ങിയ ശവം, മനോരഥങ്ങളില്‍ പ്രതിബിംബിക്കുന്ന ഒരു മൃത ഗാത്രം, തന്റേതാണെന്ന് നിഴലാട്ടം ബോധ്യപ്പെടുത്തുന്നു. അയാള്‍ അടരുകള്‍ മാറ്റാന്‍ തുടങ്ങുന്നു. സ്വയം ഉദ്ധീകരണത്തിനുള്ള ശ്രമമാണ്. ഉള്‍മനസ്സില്‍ അടിഞ്ഞ് കൂടിയ അനാസക്തിയുടെ പ്രേതത്തെ തുരന്ന് എടുക്കുകയാണ്. ആ ശവം തന്റെ സ്വപനങ്ങളെ സ്വാധീനിക്കുന്നുണ്ടോ. 

റോസ്െറ്റയ്ക്ക് ആരണ്യകങ്ങളുടെ ഗന്ധമാണ്. കാട്ടുനിശയുടെ മണമാണ്. നക്ഷത്രങ്ങള്‍ ഞെട്ടറ്റു വരണ്ട കാറ്റില്‍ അവളുടെ വിയര്‍പ്പ് ലെവിനെ പൊതിയുന്നു. റോസെറ്റയുടെ ഉടല്‍ നീര് അവന്റെ പുരുഷനില്‍ ജ്വലിപ്പിക്കുന്നു. കല്ലറയില്‍ നിന്ന് മമ്മി എഴുന്നേല്‍ക്കുന്നു. ഭൂമിയുടെ മുതുക് പൊട്ടുന്നു. ദിഗംബരന്‍ അഘോരി രതിചുഴലിയായി പരകായ്രപവേശം ചെയ്യുന്നു. രതി പ്രതിജ്ഞയും തദനുസാരിയായ കര്‍മ്മവുമാണ്. ലെവിന്റെ ചെറുസ്പര്‍ശം പോലും റോസെറ്റയുടെ ഞരമ്പുകളില്‍ മിന്നലാവുന്നു. അവളുടെ നേര്‍ത്തൊരു സ്‌മേരം മതി അവനില്‍ ആളിപ്പടരാന്‍. ആ മാന്ത്രിക വൃത്തത്തില്‍ അഘോരി തിമര്‍ത്തു. തലച്ചോറിലെ ഫിനൈന്‍ എതിലാമൈന്‍ രാസവസ്തു പ്രണയത്തിന്റെ എക്‌സോറാ പൂക്കളെ വിടര്‍ത്തുന്നു. എപ്പോഴോ എവിടെയോ ഏതോ മാത്രകളില്‍ ധൂമപടലങ്ങള്‍ മായ്ച്ച് തുടങ്ങുന്നു. ലെവിനിലെ ശാക്യ മുനി ശൂന്യതയിലാവുകയും ഉയിര്‍ക്കുകയും ചെയ്യുന്ന വിത്താണ്. വിത്ത് സുഷുപ്തിയിലാകും. പിന്നെ എപ്പോഴോ രണ്ട് ഇതളുകള്‍ പൊട്ടും. ജീവിതത്തിന്റെ എല്ലാ രൂപങ്ങളും ഒരൊറ്റ ജീവിതത്തിന്റെ ഉടലാകുന്നു. തഥാത്വം മൊഴിമാറ്റുമ്പോള്‍ ഭൂതതഥാത്വം എന്നായി അവ സ്ഥാന്തരപ്പെടുന്നു. അതിഭൗതികവും പ്രാപഞ്ചികവുമായി അത് പരിണമിക്കുന്നു. ''ഇദംപാരമിതം' സര്‍വാസ്തിവാദത്തില്‍ ഈന്നുന്നുണ്ട്. ആ ദൃഷ്ടിയില്‍ സ്മൃതികളെല്ലാം വാസ്തവികമാണ്. അവ ശൂന്യങ്ങളല്ല. അവന്റെ ഉറച്ച ഗാത്രത്തില്‍ ഹൈപേഷ്യകളുടെ തളിര്‍മേനികളിലെ നനവുകളത്രയും ജ്വാലകളായി പടരുന്നു. ഒന്നും മിഥ്യകളല്ല. ഉണ്മകള്‍ തന്നെ. അഭിധമ്മപീടകത്തെയാണ് ഈ വൈഭാഷികന്‍ പ്രമാണമായി സ്വീകരിച്ചിട്ടുള്ളത് എന്ന് സംശയിച്ച് പോകുന്നു. റോസെറ്റ മാത്രമല്ല ലെവിന്‍ പരിചയപ്പെട്ട ഏത് പ്രണയവും ഏത് പൂക്കളും ഏത് പ്രകൃതിയും പൂര്‍ണ്ണ വിരാമമില്ലാത്ത സമസ്യകളായി നിലകൊള്ളുന്നു. ഉലാവ്. എച്ച്. ഗേഹ്ന്റെ ''ഇലക്കുടിലുകളും മഞ്ഞുവീടുകളും'' എന്ന കാവ്യത്തില്‍ ഒരു സ്വപ്നത്തെക്കുറിച്ച് ആത്മഗതം കൊള്ളുന്നുണ്ട്. 

റൂത്ത് ഒരു സ്വപ്ന ഭൂമിയാണ്. മാത്ര സുഗന്ധവാഹിയായ നിശാപുഷ്പവും. തഥാഗതന്റെ മരുഭൂമിയില്‍ നിന്ന്, നീത്‌ഷേയുടെ ചൂളയില്‍ നിന്ന്, ഉത്തമഗീതത്തിലെ പ്രണയ വസൂരിയില്‍ നിന്ന്, (പാചീന രതി യുടെ ബെല്ലിയാട്ടങ്ങളില്‍ നിന്ന്, സിക്രുവിലെ ''യാ അല്ലാ യാ അല്ലാ'' എന്ന റോബുകളുടെ ചുഴലിയില്‍ നിന്ന്, മുല്ലാനസിറുദ്ദിന്റെ കബറിലെ നിശബ്ദതയുടെ സാമയില്‍ നിന്ന്, ലെവിന്‍ തുടിയ്ക്കുകയാണ്. ലെവിന്‍ ശാഖോപശാഖയായി പൊട്ടി പൊട്ടി തളിര്‍ക്കുകയാണ്. 'who do you want' എന്ന താര്‍ക്കികത അക ഉടലിലെ തഥാഗതനാണ്. അവനു നേരെ വിരിഞ്ഞ മരുവിലെ ലില്ലി ബോധിസത്വനാണ്. അവനിലെ അവന്‍. ദൈവത്തിന്റെ ദൈവം. 'ZORDDHA' ശുനൃതയുടെ തന്നെ ഓംങ്കാരമാണ്. 

തൃഷ്ണയുടെ ബലി ഇന്ദ്രിയ ദാഹങ്ങളെ ദഹിപ്പിക്കലാണ്. ബദരീനാഥിലെ പരാഗ ഗന്ധം സ്മൃതികളെ ശീതീകരിച്ച് മരവിപ്പിക്കുകയാണ്. ഓര്‍മ്മകളുടെ മമ്മീകരണത്തിന്റെ പ്രതീകാത്മക രൂപാന്തരണം. പൂവുകളുടെ അജഞാത നീല ഞരമ്പിലേക്ക് പ്രഹേളികയായി ജീവകോശങ്ങള്‍ അലിഞ്ഞ് പോകുന്നു. ഗുദാരിബാബ സ്ഥിതപ്രജ്ഞനായി മലര്‍ഗന്ധം വിടര്‍ത്തിക്കൊണ്ടിരിക്കുന്നു. ലെവിന്‍ ഏത് ഗന്ധത്തിലാണ് ആണ്ടുപോയത്. ഏത് സ്പര്‍ശനങ്ങളിലാണ് ആ ഉടലിനുവേണ്ടി മറ്റൊരു ഉടല്‍ തിരയുന്നത്. ഉണ്മയുടെ തിരശിലകളെ അവന്‍ തെറുത്തു. പിന്നെയും പിന്നെയും ലെവിന്‍ ഹൈപേഷ്യന്‍ ഇതളുകളില്‍ ജ്വാലകളായി അടയിരുന്നു. രതി ഒരു വജ്രയാനമായി പരിണമി ക്കുന്നു. മഴവില്ല് വല്ലാത്ത തരിപ്പോടെ ചോര്‍ന്ന് ഒലിച്ച് തുടങ്ങുന്നു. ആസ്തികാസ്ഥിത്വവാദിയായ ഗബ്രിയല്‍ മാര്‍ഡലിന്റെ നിര്‍ദ്ധാരണം ''ഇദംപാരമിതം'' അനുവര്‍ത്തിക്കുന്നുണ്ട്. പരമസത്യം വ്യക്തിനിഷ്ഠമാണെന്ന മാര്‍ഡലിന്റെ ചിന്ത നോവലിനെ പ്രതിനിധീകരിക്കുന്നു. വ്യക്തിയെ പ്രഞ്ചങ്ങളിലെ മറ്റുവസ്തുക്കളില്‍ നിന്നു വേര്‍തിരിക്കുന്നത് അയാളിലെ ഗൂഢാത്മകതകളാണെന്നാണ് മാര്‍ഡലിന്റെ അഭി പ്രായം. ദൈവം പ്രത്യക്ഷപ്പെടുന്നത് വിത്തുകളില്‍ നിന്നാണ്. മായന്‍മാരുടേയും അസ്തക്കുകളുടേയും വിശ്വാസം ഓരോ മൃതദേഹവും ഓരോ വിത്താണെന്നാണ്. മൃതിയുടെ ഉടല്‍ നാം ചുമന്ന് നടക്കുന്നു. ആ പ്രാണന്‍ ഉണരുമ്പോള്‍ നാം നിതാന്ത സുഷുപ്തിയിലാഴുന്നു. വിത്ത് മരത്തിലേക്ക് ആവേശിക്കുന്നതുപോലെ. ബോര്‍ഹസിന്റെ നിഗൂഢതകളെ സ്മരിയ്ക്കും വിധം ലെവിന്‍ കാണുന്ന സ്വപ്നം മറ്റാരോ കാണുന്ന നിദ്രാടന മാണെന്ന തോന്നല്‍ ഒരു മനോരഥമാണ്. മൂന്ന് കാലുകളുള്ള പെണ്‍കുട്ടി കൂടെ കൂടെ ലെവിന്റെ നിദ്രാടനത്തിലേക്ക് കടന്നുവരുന്നു. ഒരു ഓപ്പറേക്ക് കോപ്പ് കൂട്ടുന്നു. പുരോഹിതന്റെ ഓപ്പീസ് ഉരുക്കഴിയുന്നതിലേക്ക് സ്വപ്നം വീണ് പോകുന്നു. വിലാപ വസ്ര്തമണിഞ്ഞവരുടെ നിഴലുകള്‍ മെഴുകുതിരി നാളങ്ങളുമായി നീണ്ട് നീണ്ട് വരുന്നു. ഒരട്ടി മണ്ണിനടിയിലെ ചുണ്ടുകള്‍ മര്‍മ്മരം കൊള്ളുന്നുണ്ട്. ഓരോ ശവത്തിന്റേയും തേങ്ങലുകള്‍ക്ക് അഗാധമായ ഭാരമുണ്ട്. ജൂലിയ നക്ഷ്രതങ്ങളെ ഓരോന്നായി അവന്‍ പറിച്ച് നല്‍കി. അനുരാഗ കിനാവുകള്‍ ഭൂമിയുടെ മനസ്സില്‍ നിന്നാണ് പരാഗപ്പെടുന്നത്. 

ഭൂതം വര്‍ത്തമാനത്തിന്റെ കനലുകള്‍ മാത്രം. ഭാവി മേഘവലയിതമായ നഭസ്സിലേക്ക് മുക്തമായ ധൂമം. അല്ലാതെ മറ്റൊന്നുമല്ല. ഷാഗളിന്റെ അതി പ്രശസ്തമായ ഒരു പെയിന്റിങ്ങുണ്ട്. 
''ഫാളിങ്ങ് ഏയ്ഞ്ചല്‍'' 
ആകാശത്തു നിന്ന് ചുവന്ന വെള്ളിമീന്‍ പോലെ പൊട്ടിവീണ മാലാഖ. ആകാശമാകെ, ഇഹമാകെ ചുവന്ന് തുടുക്കുന്ന ദേവതയുടെ ഉടല്‍. ഈ വിശ്വചിത്ര വചനത്തെ അനുസ്മരിപ്പിക്കുംവിധം സമരിയുടെ ഒരു ഉന്മാദ കനവുണ്ട്. മേഘപാളികളില്‍ നിന്ന് തെന്നി വീഴുന്ന പച്ച പ്രാവ്, ഗഗനമാകെ പച്ചയില്‍ തൂവിപ്പോകുന്നു. റൂത്തിന്റെ ഉപഹാരം പ്രതീകാത്മകമാണ്. ബൈബിളിലെ പ്രാചീന കൊയ്ത്തുകാരി റൂത്ത് ലെവിക്ക് പറിച്ചെടുക്കാനാവാത്ത സ്മൃതിയാണ്. നിര്‍വചിക്കാനാവാത്ത ആശയാണ്. ഒരേ മുറിവില്‍ തപിച്ചവര്‍. സമരിയോടൊത്ത് ധരംശാലയിലേക്ക് ലെവിന്‍ പുറപ്പെടുമ്പോള്‍ റൂത്ത് എന്ന നിഴലും അവനോടൊപ്പം ഉണ്ടായിരുന്നു. മാഘമാസത്തിലെ പൗര്‍ണ്ണമി. ബുദ്ധനോടൊപ്പം നിദ്രകൊള്ളുന്ന രാവ്. ദലൈലാമ നിശബ്ദതയെ മൊഴിമാറ്റുന്ന വിശുദ്ധ വിടര്‍ച്ചയുടെ നിലാവ്. സമരിയയുടെ ഭ്രൂണമുറിയില്‍ നിന്നുള്ള ഇലഞ്ഞിപ്പൂവിന്റെ മര്‍മ്മരം ലെവിന്‍ ശ്രവിച്ചു. ഓരോ ബന്ധങ്ങളുടെ വീണ്ടെടുപ്പ് മിഥ്യകളെ പൂരിപ്പിക്കലാണോ. ഹെന്റി ഡേവിഡ് തോറോ വാള്‍ഡന്റെ വാക്കുകള്‍ അമ്പര്‍ത്ഥമാക്കുന്നത് ഈ നിമിഷങ്ങളിലാണ്. ''ഒരു നിശ്ചലമായ മഞ്ഞുകാല രാത്രിക്കു ശേഷം ഏതോ ഒരു ചോദ്യം എന്നോട് ചോദിക്കപ്പെട്ടിട്ടുണ്ടായി. അതിനുത്തരം പറയുവാന്‍ ഞാന്‍ ഉറക്കത്തില്‍ വ്യക്തമായി പരിശ്രമിച്ചിരുന്നുവെന്നുള്ള ബോധ ത്തോടെയാണ് ഞാന്‍ ഉണര്‍ന്നത്. എന്ത് - എങ്ങനെ - എപ്പോള്‍? 
ഇതാണ് ചോദ്യം.'' 

മൃതി ഒരു തഴുത് തുറക്കലാണ്. ഒരു ര്‍ഭഗൃഹത്തിലേക്ക്. മറ്റൊരു ആരണ്യമനസ്സിലേക്ക്. അവസ്ഥാന്തരങ്ങളുടെ ഇടത്തിലേക്ക്. ആപ്പിളിനകത്തെ കുരുവിലേക്ക്. ചെറിയുടെ ഒരു തുള്ളി ചുവന്ന കണികയിലേക്ക്. ഒരു മേഘ അടരലിലേക്ക്. മരണം എനിക്ക് എന്ത് നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് റൂമി പറയുന്നതിന്റെ പൊരുള്‍ മറ്റൊന്നല്ല. പൊഴിക്കല്‍ ഒരു പ്രപഞ്ചരഹസ്യമാണ്. ഉടലിനുള്ളിലെ ശാശ്വതമായ ഉടല്‍. ഞാന്‍ എന്ന ''സ്വത്വം'' മായുമ്പോഴാണ് ഏകം എന്ന സതൃം ഉട ലെടുക്കുകയുള്ളൂ. കൃത്യവും സഹജവുമാണ് ഈ അന്തര്‍ബന്ധം. ഹേതുവും ഫലവും ആപേക്ഷികമായ വിഭ്രമമല്ലല്ലോ. 

ലെവിന്‍ അനന്തതയുടെ വിഹായസ്സിലേക്ക് സ്വയം ശുന്യമാക്കപ്പെടുന്നു. ആന്തരിക ആത്മീയതയുടെ റെഡ് പാന്‍കേക്ക് ഉടലിലേക്ക് സ്വയം തളിര്‍ക്കുകയാണ്. മരുപ്രേത സസ്യം ഒരു ശവപ്പെട്ടിയാണ്. അവിടെയാണ് ലെവിന്‍ അണുബാധകള്‍ അടക്കം ചെയ്തത്.  

''ഇദംപാരമിതം' പൂര്‍ണ്ണവിരാമമില്ലാത്ത തഥാഗതപഥമാണ്. 

Content Highlights: viji thampy novel idam paramitham udayasankar reviews