'മനസ്സ് നടത്തുന്ന വഴിയില്‍ മനസ്സിനെ സന്തോഷിപ്പിച്ചാണ് ജീവിതം; സമൂഹത്തിന് അയാള്‍ കഥയില്ലാത്തവന്‍!'

സുസ്‌മേഷ് ചന്ത്രോത്തിന്റെ 'വഴിച്ചെണ്ട' എന്ന പുസ്തകത്തെ കുറിച്ചുള്ള കുറിപ്പ് വായിക്കാം...
ജീവിതം ഒരു യാത്രയാണ്. പലവിധ കാഴ്ചകള്‍ കണ്ടുകൊണ്ടുള്ള നീണ്ടയാത്ര. പലരേയും കണ്ടും മിണ്ടിയും സ്‌നേഹിച്ചും ദ്വേഷിച്ചുംകൊണ്ടുള്ള യാത്ര. കാണുന്നവരും അടുക്കുന്നവരും അറിയാതെ ഏല്‍പ്പിച്ചു പോകുന്ന ആശയങ്ങളും മോഹങ്ങളും സ്വഭാവവിശേഷങ്ങളും പേറിക്കൊണ്ട് വീണ്ടും തുടരുന്ന ജീവിതയാത്ര. ഇടയില്‍ കാണുന്ന വിശ്രമസങ്കേതങ്ങളില്‍ ഒന്നിരിക്കാന്‍ പോലും കഴിയാതെയുള്ള ഓരോട്ടപ്പാച്ചില്‍. അതില്‍ പലര്‍ക്കും അര്‍ഹിക്കുന്ന സ്ഥാനവും സ്‌നേഹവും കൊടുക്കാന്‍ സാധിച്ചില്ലെന്നു വരും, ചിലയിടത്ത് വാരിക്കോരി കൊടുത്തെന്നും വരും.
അവസാനം തിരിഞ്ഞുനിന്നൊന്നു നോക്കുമ്പോള്‍ കിട്ടാത്തതും നേടാന്‍ കഴിയാഞ്ഞതും ഇടത്താവളങ്ങളിലെ കൊടുക്കല്‍ വാങ്ങലുകളില്‍ വന്ന പിഴയോ എന്ന് തിരിച്ചറിയാതെ അസ്വസ്ഥമാകുന്ന മനുഷ്യമനസ്സിന്റെ സങ്കീര്‍ണത. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുസ്‌മേഷ് ചന്ത്രോത്തിന്റെ 'വഴിച്ചെണ്ട' എന്ന ബൃഹദ് നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഈ വിധമുള്ള ചിന്തകളാണ് അധ്യാപിക കൂടിയായ വായനക്കാരി എന്ന നിലയില്‍ എന്റെയുള്ളിലൂടെ കടന്നുപോയത്.
'വഴിച്ചെണ്ട'യില്‍ പ്രതിപാദിക്കുന്ന വിഷയങ്ങള്‍ ഒട്ടനവധിയാണ്. ഒപ്പം വിഷയങ്ങളുടെ വിശകലനങ്ങളും. എഴുപതുകളുടെ അവസാനം മുതലുള്ള ഏതാണ്ട് നാല്പത് നാല്പത്തഞ്ച് വര്‍ഷത്തെ വ്യക്തിഗത ജീവിതത്തിന്റെയും സാമൂഹ്യ ജീവിതത്തിന്റെയും ഒരടര് എന്ന് ഈ നോവലിനെപ്പറ്റി പറയാം. നോവലിന്റെ വലുപ്പത്തെ സാധൂകരിക്കുന്ന പ്രധാന വസ്തുത ഇതാണ്. വിശകലനങ്ങളിലെ സൂക്ഷ്മതയാണ് ഈ നോവലിന്റെ സൗന്ദര്യവും ഉള്‍ക്കനവും. വ്യത്യസ്തരായ മനുഷ്യരെയും അവരുടെ സ്വഭാവരീതികളെയും അവര്‍ ചെന്നുപെടുന്ന ഇടങ്ങളെയും അതീവ സൂക്ഷ്മമായി നോവലില്‍ പ്രതിപാദിക്കുന്നു. അതുകൊണ്ടുതന്നെ വായനക്കാരനില്‍ വിശാലമായ ദൃശ്യാനുഭവമാണ് നോവല്‍ ആദ്യന്തം ഉളവാക്കുന്നത്.
പ്രധാന കഥാപാത്രമായും ആഖ്യാതാവായും മാറുന്ന അനൂപിന്റെ ജീവിതം പലസ്ഥലങ്ങളിലായി പറിച്ചു നട്ടിട്ടുള്ള ഒന്നാണ്. തമിഴ്‌നാട് അതിര്‍ത്തിയിലെ ബോഡിമെട്ടില്‍ നിന്നും മലപ്പുറത്തെ ഇളയൂരിലേക്ക് പോകാനുള്ള കുടുംബത്തിന്റെ തീരുമാനത്തില്‍ അനൂപ് സന്തോഷിക്കുന്നിടത്താണ് നോവല്‍ വികസിച്ചു തുടങ്ങുന്നത്. അതോടൊപ്പം അനൂപിനോടൊപ്പം വായനക്കാരും മുന്നോട്ടു സഞ്ചരിച്ച് തുടങ്ങും. അനൂപ് നേരിടുന്ന വിവിധ ജീവിതസാഹചര്യങ്ങള്‍ വായനക്കാരെ പലപ്പോഴും ആനന്ദിപ്പിക്കുകയും പലതും ഓര്‍ത്തെടുക്കാന്‍ പ്രേരിപ്പിക്കുകയും ഒരു വേള പിന്തിരിഞ്ഞു നടന്നാലോ എന്ന് ചിന്തിപ്പിക്കുകയും ചെയ്യും.
ബോഡിമെട്ടിലെയും ഇളയൂരിലെയും സാധാരണ ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ ജനജീവിതം ആരെയും കൊതിപ്പിക്കുന്നതാണ്. നോവലില്‍ പല ദേശങ്ങള്‍ കയറി വരുന്നുണ്ടെങ്കിലും പൂര്‍ണമായ വിശദാംശങ്ങളോടെ വിവരിക്കുന്നത് ഈ രണ്ട് ദേശത്തെയാണ്. ഒരിടത്ത് ഹിന്ദു-ക്രിസ്ത്യന്‍ സാമൂഹ്യജീവിതവും മറ്റൊരിടത്ത് ഹിന്ദു-മുസ്ലീം സാമൂഹ്യജീവിതവും അതിലെ ദാരിദ്ര്യവും പരസ്പരസഹകരണവും അവരുടെ വ്യഥകളുമൊക്കെ ഭംഗിയായും കൃത്യമായും പറയുന്നു. അവിടുത്തെ വ്യത്യസ്തരായ മനുഷ്യര്‍ സൃഷ്ടിച്ചെടുത്ത ഒരുമയുടെയും സ്‌നേഹത്തിന്റെയും ജീവിതരീതികള്‍ നോവല്‍ വായിച്ചു പോകുമ്പോള്‍ നമ്മുടെയുള്ളില്‍ വല്ലാത്തൊരു കുളിര്‍മയാണ് പരത്തുന്നത്. എവിടെയോ നഷ്ട്ടപ്പെട്ടുപോയതോ പോയിക്കൊണ്ടിരിക്കുന്നതോ ആയ ഒന്നിനെ വായനക്കാരന്‍ അതീവ സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്താന്‍ ഉത്സുകനാകും.
പുറമെ ഭീരുവും ലജ്ജാലുവുമായ അനൂപിനെ സാവിത്രിയുടെ പ്രണയം കൈപിടിച്ചുയര്‍ത്തിയത് അന്നുവരെ ബോഡിമെട്ടിന് പുറത്ത് അവനറിയാത്ത സാമൂഹ്യചുറ്റുപാടുകളിലേക്കാണ്. വായനയിലൂടെയാണ് അനൂപ് തന്റെ ജീവിതലക്ഷ്യമായ സാവിത്രിയെ കണ്ടെത്തുന്നത്. ബോഡിമെട്ടിനു പുറത്തുള്ള ജീവിതം അനൂപിന് മുന്‍പില്‍ തുറന്നു കൊടുത്തത് സാവിത്രിയാണ്. അയാളുടെ പരിശ്രമങ്ങള്‍ മുഴുവന്‍ സാവിത്രിയുടെ പ്രണയം പ്രാപ്യമാകുന്നതിനുവേണ്ടിയായിരുന്നു.
അതുകൊണ്ടുകൂടിയാണ് ആ ബന്ധത്തിലെ വഴിത്തിരിവ് അയാളെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടതും ഇനിയൊരു ലക്ഷ്യമോ ജീവിതമോ തന്റെ മുന്നില്‍ ഇല്ലെന്ന് അയാള്‍ക്ക് ഉറപ്പിക്കേണ്ടി വന്നതും. എന്നാല്‍ ജീവിതം അതല്ലല്ലോ കാണിച്ചു തരാറുളളത്. പിന്നീടും പ്രത്യാശയുടെ കൈത്താങ്ങുകളായി അനൂപിന്റെ ജീവിതത്തില്‍ സ്ത്രീകള്‍ വന്നും പോയുമിരുന്നു. പ്രണയമായിട്ടും മാര്‍ഗദര്‍ശികളായിട്ടും. നജുമുന്നീസയും മെഹറും നുസ്രത്ത് ബീവി ടീച്ചറും സാലിമയുമൊക്കെ അക്കൂട്ടത്തില്‍ മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ പൂവിയും വാനതിയും വത്സയും ലിസ സിസ്റ്ററും വെള്ളക്കുട്ടി മുത്തിയും ഇത്താച്ചുട്ടിയുമ്മയുമൊക്കെ അനൂപിന്റെ ജീവിതത്തിനോട് ചേര്‍ന്ന് ഒപ്പം നില്‍ക്കുന്നവര്‍ തന്നെയാകുന്നു.
അമ്മയെ വേണ്ടവിധത്തില്‍ താന്‍ സ്‌നേഹിച്ചില്ല എന്ന് അനൂപ് പലപ്പോഴും തപിക്കുന്നുണ്ടെങ്കിലും സരസ്വതി എന്ന സ്ത്രീയുടെ/അമ്മയുടെ വിവിധ സ്വഭാവവിശേഷങ്ങള്‍ നോവലിലുടനീളം അനൂപിനെ അത്ഭുതപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നുണ്ട്. വിപ്ലവകരമായ ഒളിച്ചോട്ടത്തിലൂടെ ജീവിതത്തെ നേര്‍ക്കുനേര്‍ നേരിട്ട് ജയിക്കുന്ന അമ്മയോട് അനൂപിന് എല്ലായ്‌പ്പോഴും ആദരവുണ്ട്. അതേസമയം അമ്മയെ അന്യസ്ത്രീയെപ്പോലെ നോക്കിക്കാണാനും അനൂപ് ശ്രമിക്കുന്നു. പ്രായത്തിന്റെ അതിരുകളില്ലാതെ എന്നും പ്രണയിനിയായി ഭര്‍ത്താവിന്/അച്ഛന് മുന്നില്‍ പെരുമാറുന്ന അമ്മയോട് അനൂപിന് മിക്കപ്പോഴും സ്‌നേഹം തന്നെയാണ്.
അച്ഛനും താനും അനുജനും അടങ്ങുന്ന കുടുംബത്തെ മുന്നോട്ട് നയിക്കുന്നത് അമ്മ തന്നെയെന്നതില്‍ അനൂപിന് സംശയവുമില്ല. അതേസമയം അമ്മയുടെ യൗവനം തന്നെ പേടിപ്പെടുത്തുന്നു, അസ്വസ്ഥപ്പെടുത്തുന്നു എന്ന് അയാള്‍ സ്വന്തം മനസ്സാക്ഷിയോട് തുറന്നു സമ്മതിക്കുന്നുമുണ്ട്. അതിനാല്‍ നീണ്ടകാലത്തിനുശേഷം മൂന്നാമതും ഗര്‍ഭിണിയായ അമ്മയെ അസ്വസ്ഥമായ മനസ്സോടെ മാത്രമേ അനൂപിന് കാണാന്‍ കഴിയുന്നുള്ളു. അതേ സമയം അനൂപിന്റെ അനുജന്‍ അനില്‍ അക്കാര്യത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നു. തനിക്ക് നഷ്ടപ്പെട്ടുപോയതും താന്‍ കെട്ടിപ്പെടുക്കേണ്ടുന്നതുമായ കുടുംബജീവിതമാണ് മൂന്നാമതൊരു കുട്ടിയിലൂടെ അമ്മക്ക് കൈവരുന്നതെന്ന വിശ്വാസം അനൂപിനെ ദീര്‍ഘകാലം സങ്കടപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അനുജന്‍ അമ്മക്ക് കൊടുക്കുന്ന പരിഗണനകള്‍ അനൂപിന് കൊടുക്കാന്‍ സാധിക്കുന്നില്ല.
മനുഷ്യമനസ്സിന്റെ ഉത്തരം കിട്ടാത്ത ചില സമസ്യകളാണ് അനൂപിലൂടെയും മറ്റ് കഥാപാത്രങ്ങളിലൂടെയും വായനക്കാരന് വായനയിലുടനീളം അനുഭവപ്പെടുന്നത്. പ്രാപ്യമാവാത്ത മോഹങ്ങള്‍ മറ്റുള്ളവര്‍ അനുഭവിക്കുന്നത് കാണുമ്പോഴുള്ള നിരാശ കലര്‍ന്ന നിസ്സംഗതയാണ് അനൂപിനെ ലക്ഷ്യബോധമില്ലാത്തവനായി ചുറ്റുമുള്ളവര്‍ മുദ്രകുത്താന്‍ കാരണമാകുന്നതെന്ന് വായനക്കാര്‍ക്ക് ക്രമേണ മനസ്സിലാകും.
ഈ നോവലിലെ ഭൂരിഭാഗം കഥാപാത്രങ്ങളും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ്. ഭൂതനാഥനും നുസ്രത്ത് ബീവി ടീച്ചറും മെഹറും നജുമുന്നീസയും മമ്മാദിയത്തയും ഒക്കെ ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ ഇങ്ങനെ ജീവിക്കുന്നവരാണ്. അതിസൂക്ഷ്മ നിരീക്ഷണങ്ങളും വിശകലനങ്ങളുമാണ് നോവലിന്റെ കാതല്‍. പ്രണയവും രതിയും മനുഷ്യനെ സ്‌നേഹവാനും നിസ്സഹായനും ചിലപ്പോഴൊക്കെ ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ പെരുമാറാന്‍ കെല്‍പ്പുള്ളവനുമാക്കുന്നു എന്ന് ഈ നോവല്‍ ആരെയും ബോധ്യപ്പെടുത്തും.
നോവലിലുടനീളം തനിക്കു ചുറ്റും കാണുന്ന വ്യത്യസ്തമായ പ്രണയങ്ങളില്‍ അനൂപ് പലപ്പോഴും ബന്ധിതനാവുന്നുണ്ട്. സ്വന്തം അമ്മയും അച്ഛനും തമ്മിലുള്ള പ്രണയം, പാച്ചു വമ്മാവനും അമേല അമ്മായിയും തമ്മിലുള്ള പ്രണയം, അനുജനും സ്വപ്നയും തമ്മിലുള്ള പ്രണയം, വാനതിയക്കനും രങ്കണ്ണനും തമ്മിലുള്ള പ്രണയം, സെല്‍വണ്ണനും റോമയും തമ്മിലുള്ള പ്രണയം... സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വ്യത്യസ്തതകളെ അനൂപിലൂടെ വായനക്കാരിലെത്തിക്കുകയാണ് നോവലിസ്റ്റ്. ഒപ്പം പ്രണയനഷ്ടം വന്നവന്‍ സാക്ഷിയാകുന്നതിന്റെ മുള്ള് വലിയുന്ന വേദനകളും. തനിക്കേറെ ആദരണീയനായ ഉമ്മര്‍ മാഷുടെ പെണ്മക്കളും അബ്ബാസും തമ്മിലുള്ള ബന്ധങ്ങളിലെ പ്രണയവും രതിയും വേര്‍തിരിച്ചെടുക്കാന്‍ അനൂപ് വിഷമിക്കുന്നുണ്ട്. അതിന് മൂകസാക്ഷിയാവുന്ന മെഹറിന്റെ മനോനില ഉള്‍ക്കൊള്ളാനും.
സാവിത്രിയുമായി ആഴമുള്ളൊരു മാനസികബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും മറ്റു പല സ്ത്രീകളിലും താന്‍ നൈമിഷികമായെങ്കിലും ആകൃഷ്ടനാകുന്നുണ്ട് എന്ന് സത്യസന്ധതയോടെ അനൂപ് സ്വയം വിചാരണചെയ്യുന്നുണ്ട്. മനുഷ്യമനസ്സിന്റെ പല മട്ടിലുള്ള ദൗര്‍ബല്യങ്ങളെയാണ് ഇതിലൂടെ നോവലിസ്റ്റ് എടുത്തുകാണിക്കുന്നത്. ഒരു പക്ഷെ ഈ തിരിച്ചറിയലുകളാണ് ഒരു മനുഷ്യനെ അസാധാരണ മനുഷ്യനാക്കുന്നതെന്നും വായനക്കാരന് വായിച്ചെടുക്കാം. ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്ന ചതുരങ്ങളില്‍ കളം മാറാതെ ചവിട്ടിക്കളിക്കുന്നവരാണ് സമൂഹനിയമങ്ങളിലെ യോഗ്യന്മാരെന്നും അപ്പോള്‍ തിരിച്ചറിയാനാവും.
അനൂപിനെപ്പോലെ തന്നെ സമൂഹം കല്‍പിക്കുന്ന പ്രഖ്യാപിത ചട്ടക്കൂടില്‍ ഒതുങ്ങാത്ത കഥാപാത്രമാണ് നോവലിലെ ഭൂതനാഥന്‍. അവസാന കാലങ്ങളില്‍ മറ്റുള്ളവരില്‍ തന്നെത്തന്നെ കണ്ടെത്താന്‍ സ്വയം ശ്രമിക്കുന്ന ഭൂതനാഥന്റെ ഉപബോധ മനസ്സ് സ്വയം തേടലിന്റെ നോവായും അതിന്റെ പ്രത്യക്ഷസാക്ഷ്യമായും ആരിലും അവശേഷിക്കും. അതുപോലെ അനൂപിന്റെ അച്ഛന്‍ പ്രഭാകരനും ഉമ്മര്‍മാഷും ഭൂതനാഥനുമൊക്കെ വായന കഴിഞ്ഞാലും വായനക്കാരുടെ കൂടെ ഇറങ്ങിപ്പോരാന്‍ തയ്യാറായി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. അക്കൂട്ടത്തിലൊരാളാണ് പൂവി എന്ന പെണ്‍കുട്ടി.
ഇങ്ങനെയെല്ലാമാണെങ്കിലും ജീവിതത്തെ പ്രായോഗികമായി കാണുന്ന സമൂഹത്തിനു മുന്നില്‍ അനൂപ് കഥയില്ലാത്തവനും അവന്റെ അനുജന്‍ അനില്‍ യോഗ്യനുമാകുന്നു. മനസ്സ് നടത്തുന്ന വഴിയില്‍ മനസ്സിനെ സന്തോഷിപ്പിച്ചാണ് അനൂപിന്റെ ജീവിതം. അത് അനുകരിക്കുക എളുപ്പവുമല്ല. അതിനാലാണ് ജീവിതത്തില്‍ അനൂപ് എപ്പോഴും തനിച്ചാവുന്നതും. അവസാന ഭാഗമായ 'നഗ്‌നത'യില്‍, തനിച്ച് മുസോറിയിലേക്ക് യാത്ര പോകുന്ന കാര്യം തന്റെ വിദൂര വിചാരങ്ങളില്‍ പോലുമുണ്ടായിരുന്നില്ലെന്ന് സ്വയം അറിയുന്ന അനൂപ് അതിനു തുനിഞ്ഞിറങ്ങിയത് ഇനിയും പ്രത്യാശയുടെയും മോഹത്തിന്റെയും ഭാരം ചുമക്കാന്‍ വയ്യാത്തതുകൊണ്ടാണെന്ന് നജുമുന്നീസയുടെ മുന്നില്‍വെച്ച് സമ്മതിക്കുന്നുണ്ട്.
നോവലില്‍ പറയുന്ന ഓരോ വസ്തുക്കളും അതിന്റേതായ പ്രത്യേക സ്ഥാനത്തോടെ വായനക്കാരുടെ ഉള്ളില്‍ ഇടം പിടിക്കുന്നു എന്നതും വഴിച്ചെണ്ടയുടെ പ്രത്യേകതയാണ്. പഞ്ചായത്ത് കിണറിനടുത്തുള്ള പുളിമരവും നെടുമ്പാലമലയും പൊടിച്ചിക്കുന്നും പലപ്പോഴും അനൂപ് ഇരിക്കുകയും ഉറങ്ങുകയും ചെയ്യുന്ന വീടിനുമുന്നിലെ പിള്ളത്തിണ്ണയുമൊക്കെ വായനക്കാരനും പരിചയമുള്ളതായും പ്രിയപ്പെട്ടതായും മാറും. 'ഈ തിണ്ണയിലെ ഇരുപ്പിനും ഈ കാഴ്ചക്കും ഇനി ദിവസങ്ങള്‍ മാത്രമേ ആയുസ്സുള്ളുവെന്ന് ഓര്‍മ വന്നപ്പോള്‍ ശരിക്കും നെഞ്ചുനീറുന്നതുപോലെ തോന്നി' എന്ന അനൂപിന്റെ ചിന്തയില്‍ സ്വന്തമെന്ന് കരുതി സ്‌നേഹിച്ച കാഴ്ചകളും ഇടങ്ങളും നഷ്ടപ്പെടുമ്പോള്‍ ഏതൊരാളും അനുഭവിക്കുന്ന നീറ്റലാണ് വെളിവാകുന്നത്.
അത് അസഹനീയമാകുന്ന വിധത്തില്‍ അവതരിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിട്ടുമുണ്ട്. നാലുതരം പ്രത്യാശകളോടെ ബോഡിമെട്ടു വിട്ടുപോകുന്ന ആ നാലംഗകുടുംബത്തിന്റെ കൂടെ വായനക്കാരനും യാത്ര തിരിക്കുന്നിടത്താണ് നോവലിന്റെ ഒന്നാം ഭാഗമായ 'പുതപ്പ്' അവസാനിക്കുന്നത്. പുറങ്കുപ്പായം, അടിക്കുപ്പായം എന്നീ ഭാഗങ്ങള്‍ കഴിഞ്ഞ് നാലാം ഭാഗമായ 'നഗ്‌നത'യില്‍ നോവല്‍ തീരുന്നു.
സഹൃദയരായ വായനക്കാരില്‍ അനൂപ് സ്വയം അടയാളപ്പെടുത്തുന്നത് പച്ചയായ മനുഷ്യനെയാണ്. പ്രത്യാശകളുടെയും മോഹങ്ങളുടെയും ഭാണ്ഡം ഇറക്കിവെച്ച് അനൂപിന്റെ മുന്നോട്ടുള്ള യാത്രയാണോ നോവലിന്റെ അവസാനം? അതോ പൂര്‍ണമായി പിടിതരാത്ത മനുഷ്യമനസ്സിന്റെ ചാഞ്ചല്യങ്ങളില്‍ ഇനിയും അനൂപ് അഭിരമിക്കുമോ? ഉറപ്പിച്ചു പറയാനാവുന്നില്ല. വ്യത്യസ്തമായ സാഹചര്യങ്ങളും ഇടപെടുന്ന മനുഷ്യരും മാറ്റിയും തിരിച്ചും ചിന്തിക്കാന്‍ മനുഷ്യനെ പ്രാപ്തരാക്കുമല്ലോ.
ഫാന്റസിയുടെ മനോഹരമായ ലോകവും അനൂപിന് ദൃശ്യമാകുന്നുണ്ട്. അയാള്‍ക്ക് മാത്രം. അനൂപിന് പ്രിയപ്പെട്ടവരെല്ലാം, പ്രിയതരമായ അവസ്ഥയില്‍ മരണശേഷവും അനൂപിനോട് സംവദിക്കുന്നുണ്ട്. അനൂപിന് വഴികാട്ടിയായി എല്ലാ ദുര്‍ഘടാവസ്ഥകളിലും അവര്‍ കൂട്ടുവരുന്നുണ്ട്. അവസാനം വഴിവിളക്കുകളായി മാറുന്നതും ആത്മാവുകളായ പക്കീരി മൂപ്പനും അനുയായികളുമാണ്. യാഥാര്‍ഥ്യത്തിന്റെയും ഫാന്റസിയുടെയും അതിരുകള്‍ തിരിയാത്ത അവസ്ഥ നോവലിസ്റ്റ് ഇതിലൂടെ സൃഷ്ടിക്കുന്നു. 1112 പേജുകളില്‍ വായനക്കാരനെ സ്‌നേഹിപ്പിച്ചും മോഹിപ്പിച്ചും ഇനി എങ്ങോട്ട് എന്നൊരു ചോദ്യം അവശേഷിപ്പിച്ചുകൊണ്ട് 'അടുത്ത വാഹനം ലക്ഷ്യമാക്കി' നീങ്ങുന്നു എന്ന് നോവലിന് എഴുത്തുകാരന്‍ അവസാനം കുറിക്കുന്നു.
കൂടുതല്‍ പുനര്‍വായനകളില്‍ 'വഴിച്ചെണ്ട' ഇനിയും കൊട്ടി തെളിയുക തന്നെ ചെയ്യും. ബൃഹദ് നോവല്‍ ആണെങ്കിലും വായിച്ചുപോകാന്‍ ഒട്ടും പ്രയാസം വരില്ല. പേജുകളുടെ ബാഹുല്യം വായനയെ ബാധിക്കുന്നുമില്ല. വായനയ്ക്കിടയില്‍ മനോഹരമായൊരു ഒഴുക്കില്‍പ്പെട്ടു നമ്മളറിയാതെ മുന്നോട്ട് പൊയ്‌ക്കൊണ്ടേയിരിക്കും. ഒഴുക്ക് നിന്ന് തീരത്തടിഞ്ഞാലും തെന്നി തെറിച്ച് പിന്നോട്ട് ഒന്നുകൂടി ഒഴുകി നില്‍ക്കാന്‍ തോന്നുന്ന ആഖ്യാനരീതിയാണ് വഴിച്ചെണ്ടയുടേത്. ഇതിനകം മലയാള നോവല്‍ ഭൂമികയില്‍ 'വഴിച്ചെണ്ട' സ്വന്തമായൊരിടം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. സുസ്‌മേഷ് ചന്ത്രോത്ത് എന്ന എഴുത്തുകാരനും.
Content Highlights: Susmesh Chandroth's novel review