തോട്ടുങ്കരപ്പോതി; ജീവിത പ്രശ്‌നങ്ങളുടെ മാനിഫെസ്റ്റൊ

അംബികാസുതന്‍ മാങ്ങാടിന്റെ പുതിയ കഥാസമാഹാരമായ 'തോട്ടുങ്കരപ്പോതി' എന്ന പുസ്തകത്തെ കുറിച്ചുള്ള കുറിപ്പ് വായിക്കാം
അവനവന്റെ ആത്മസുഖത്തിനുള്ള പേനയുന്തലല്ല അത് അപരസുഖത്തിനായുള്ള ഒരു ജീവിത ധര്‍മമായും കര്‍മമായും കാണുന്ന ഒരെഴുത്താളായാണ് മലയാള സാഹിത്യത്തില്‍ അംബികാസുതന്‍ മാങ്ങാട് നിറഞ്ഞുനില്‍ക്കുന്നത്. എന്‍ മകജെ എന്ന നോവലിന്റെ ഇരുപത്തഞ്ചിലധികം പതിപ്പുകളുടെ റോയല്‍റ്റിയില്‍ ഒരു രൂപ പോലും തന്റെ സുഖാര്‍ത്ഥം ചെലവഴിക്കാതെ എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി ചെലവഴിച്ചുവരുന്നു.
ദശലക്ഷങ്ങള്‍ വാഗ്ദാനമുണ്ടായിട്ടും സമൂഹ മനസ്സ് പൊള്ളിച്ച് ജീവിക്കുന്ന കഥാപാത്രങ്ങളെ കലയുടെ പേരില്‍ വില്‍പ്പനച്ചരക്കാക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്തതുകൊണ്ട് എന്‍ മകജെ സിനിമയ്ക്കു വിട്ടുകൊടുക്കാത്ത ഒരാള്‍. തനിക്കു ലഭിച്ചിട്ടുള്ള അവാര്‍ഡുതുകകളില്‍ മിക്കതും കവര്‍ പൊട്ടിക്കാതെ നിരാലംബരായ കുഞ്ഞുങ്ങള്‍ക്ക് അല്ലെങ്കില്‍ ക്യാന്‍സര്‍ ബാധിതര്‍ക്കായി അതുമല്ലെങ്കില്‍ ദുരിത സങ്കടങ്ങള്‍ക്ക് അത്താണിയായ സ്‌നേഹവീടുപോലുള്ള സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന ഉദാരമതി.
അനുതാപത്തിന്റെ അധര സിന്ദൂരം തൊട്ട അക്ഷര കലയാണ് അദ്ദേഹത്തിന്റെത്. വടി കൊണ്ടല്ല ഹൃദയം കൊണ്ടാണ് സഹൃദയഹൃദയത്തെ അടിക്കേണ്ടത് എന്ന ദര്‍ശനം തന്റെ എഴുത്തില്‍ സ്ഥായിയായുണ്ട്. പാരിസ്ഥിതിക ആകുലതകള്‍ പങ്കുവെക്കുന്നുണ്ട്. അടിച്ചമര്‍ത്തപ്പെട്ടവന്റെ വേദനാ മൂര്‍ത്തികളായ തെയ്യവും തെയ്യക്കാരനും കൊണ്ടുനടക്കുന്ന പൊള്ളിക്കുന്ന ജീവിതക്കനല്‍ പടര്‍ത്തി ആ മഷിപ്പാത്രത്തില്‍ നിറയുന്നു. അധര്‍മങ്ങള്‍ അനീതികള്‍ അഴിമതിയുടെ വിളയാട്ടങ്ങള്‍ കണ്ടാല്‍ പൊട്ടിത്തെറിക്കാനും പരിഹാസശരമാരില്‍ കുളിപ്പിക്കാനും ശ്രമിക്കുന്നു. പച്ചയായ ജീവിതത്തിന്റെ അനവധിയടരുകള്‍ നിറഞ്ഞു കവിയുന്നുണ്ട്. ആഗോള ഉദാരവല്‍ക്കര മത്സരാധിഷ്ഠിത ലോകക്രമത്തിന്റെ ആസുരതകളും തുറന്നു കാട്ടാറുണ്ട്.
അമ്പതാണ്ടിന്റെ എഴുത്തു ജീവിതത്തില്‍ മാഷിന്റെ എഴുത്തുകൃഷിയില്‍ പതിരൊന്നും തന്നെ പാറ്റിപ്പെറുക്കിക്കളയാനില്ലെന്നു പറയാം. ഒടുവിലെഴുതിയ അല്ലോഹലന്റെ കതിര്‍ക്കനവും അപാരമാണ്. തോട്ടുങ്കരപ്പോതി എന്ന ഏറ്റവും പുതിയ കഥകളുടെ സമാഹാരവും നമുക്ക് മുന്നില്‍ ഈ ഒരു ദര്‍ശനത്തിന്റെ നിഴലാട്ടങ്ങള്‍ തന്നെയാണ് നിറവായി നിറമായി പകരുന്നത്.
രണ്ട് അധ്യാപക ജീവിത കഥകളുണ്ട് ഇതില്‍. പുസ്തക വീട്ടിലെ ഭുവനേന്ദ്രന്‍ മാഷിലും മാമ്പൂ മണത്തിലെ ജാനകി ടീച്ചറിലും എഴുത്താളിന്റെ ജീവാംശ ധാരതന്നെകാണാം. പുസ്തകങ്ങളെ വായനയെ ഉപാസിച്ചു കഴിയുന്ന ഭുവനേന്ദ്രന്‍ മാഷ് നിര്‍ധനനായ ദേവദാസിനെ സ്വന്തം ചെലവില്‍ പഠിപ്പിച്ച് അധ്യാപനാക്കി ഇത്തിരി സാഹസികമായിത്തന്നെ ഒരു കുടുംബ ജീവിതം നല്‍കി ആളാക്കുന്നു. ദേവദാസിന്റെ ജ്ഞാന തൃഷ്ണയ്ക്ക് തന്റെ വീട്ടകത്തിലെ പുസ്തകങ്ങള്‍ നല്‍കി അവന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നു. തന്നെ താനാക്കിയ മാഷിനെ ഒരു ഘട്ടത്തില്‍ പാടേ മറന്നുപോകുക എന്ന നന്ദികേട് ജീവിതം പച്ച പിടിച്ചപ്പോള്‍ കാട്ടുന്നു. എന്നിട്ടും ഒരിക്കലും അതൊന്നും മനസ്സിലല്‍പ്പം പോലും വെക്കാതെ അവനെ മകനെപ്പോലെ സ്‌നേഹിച്ചതിന്റെ ബാക്കിപത്രം മരണാനന്തരം അദ്ദേഹം പൊതിഞ്ഞുവെച്ച കടലാസിനകത്ത് കാണാം.
ആ കടലാസ് പൊതി കൈപ്പറ്റുന്ന ദേവദാസിന്റെ അന്തര്‍സംഘര്‍ഷം കഥയില്‍ പ്രകടമല്ലെങ്കിലും വായനക്കാരന്‍ കാട്ടിയ അവഗണനകളെപ്പറ്റി ചിന്തിക്കാന്‍ ഇടതരുന്നു. ഭൂവനേന്ദ്രന്‍മാഷിന്റെ പുസ്തകസ്‌നേഹത്തെ, ജ്ഞാന തൃഷ്ണയെ, അനുതാപത്തെപെരുമാറ്റത്തെ ഒക്കെ നാമറിയാതെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
കാസര്‍ഗോഡ് ജില്ലയിലെ പുലിയന്നൂരില്‍ ഒരിക്കല്‍ ഒരു ശിഷ്യനാല്‍ കൊലചെയ്യപ്പെട്ട ജാനകി ടീച്ചര്‍ വടക്കന്‍ കേരളത്തിന്റെ ദു:ഖങ്ങളിലൊന്നാണ്. ഒരു പിടി സ്വര്‍ണത്തിനായി ഒരു രാത്രി അമ്മ എന്ന് എഴുതാന്‍ പഠിപ്പിച്ച സ്വന്തം അധ്യാപികയെ കൊലചെയ്ത ദാരുണ സംഭവം. അതിന്റെ അനുഭവത്തിന്റെ ഉദാത്തമായ ഭാവാംശമാണ് മാമ്പൂ മണത്തിലെ ജാനകി ടീച്ചറിലും കാണുന്നത്.
മോഷണാര്‍ത്ഥം ഗൂഢമായ പദ്ധതിയുമായി വരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍. ടീച്ചറുടെ പെരുമാറ്റത്തിലെ സ്‌നേഹധാരയുടെ ഒഴുക്കില്‍പെട്ട് അവരെ കൊല ചെയ്തായാലും പണ്ടങ്ങളുമായി രക്ഷപ്പെടണമെന്ന ചിന്തയില്‍ നിന്നും പാടെ മോചിതരായി കണ്ണീരു പൊഴിക്കുന്ന ദൃശ്യം അലിയിക്കാത്ത ചിത്തങ്ങള്‍ ഉണ്ടാവില്ല.ക്ലാസ് മുറിയിലേക്ക് പണ്ടു ടീച്ചര്‍ വരുമ്പോഴുള്ള മാമ്പൂ മണത്തിന്റെ വശ്യത അവരിലേക്ക് അറിയാതെ ഒരു രാവില്‍ ടീച്ചറുടെ വീട്ടകത്ത് പടരുകയാണ്. സങ്കട സമയത്തെ ടീച്ചറുടെ ചേര്‍ത്തു പിടിക്കല്‍ അമ്മ നഷ്ടപ്പെട്ടപ്പോള്‍ സാരിയുടെ മുന്താണി പുതപ്പിച്ച് ചേര്‍ത്തു പിടിച്ചതിലെ സുഖം കരുതലിന്റെ ദയ അനുഭവിച്ച് ഒടുവില്‍ ആ ചേര്‍ത്തു പിടിക്കല്‍ ആഗ്രഹിച്ചു പോകുന്ന ശിഷ്യന്‍. ക്രൂരതയല്ല ശാശ്വതമായ സത്യമെന്ന് ബോധ്യപ്പെടുത്താന്‍ ജാനകി ടീച്ചര്‍ക്കുകഴിയുന്നു. മാഷും ടീച്ചറും എഴുത്താളിന്റെ അനുതാപസഹിത ജീവിതത്തിന്റെ ആത്മാംശം ഉള്ളവരെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കു ബോധ്യമാകും.
ഓരോ മനുഷ്യനു മുന്നിലും അദൃശ്യമായ വാതില്‍ തുറന്നു കിടപ്പുണ്ട് അനുഗ്രഹിക്കപ്പെട്ട നിമിഷത്തില്‍ ആ വാതില്‍ തുറക്കണം പുതിയ ലോകത്തിലേക്കു പ്രവേശിക്കണമെന്ന മുഖവുരയോടെ തുടങ്ങുന്ന വിത്തുകള്‍ ജീവിതത്തിന്റെ മൃഗീയതയും ആര്‍ദ്രതയും വിളംബരം ചെയ്യുന്ന കഥയാണ്.
ഒരിക്കല്‍ വലിച്ചെറിഞ്ഞ വിത്തു കൂട് തിരിച്ചെടുത്ത് നട്ട് കൃഷി തുടങ്ങി ഒരു നാടിനെ കാര്‍ഷികസംസ്‌കൃതിയുടെ സ്വര്‍ഗലോകമാക്കി എന്നു വായിച്ചു പോകുമ്പോള്‍ വലിയമനുഷ്യന്‍ എന്നു നാം കരുതിയ ഒരാള്‍ എത്ര മാത്രം ദുഷ്ടതകള്‍ വാറ്റിയെടുത്ത സത്താണെന്ന് അറിയുന്നത് കഥാന്ത്യത്തിലാണ്. നന്മയുടെ അംശം ഒരു മിഥ്യ. യഥാര്‍ഥത്തില്‍ തഥ്യ ആകേണ്ടത്. തിന്മ തഥ്യ. ആ മനുഷ്യന്‍ അതിന്റെ മൂര്‍ത്തി. ആവിഷ്‌ക്കരണ സൗന്ദര്യ നിറവുണ്ട് ഈ കഥയ്ക്ക്.
ഇന്നും ഏറെക്കുറെ ശാശ്വതമായിത്തുടരുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്റെ അഴിമതിയും കൈക്കൂലിയും അതിന്റെ ഗുണഭോക്താക്കളും നിറഞ്ഞു നില്‍ക്കുന്ന കഥയാണ് കാസ്രോഡ്. തെക്കന്‍ ഭാഗത്തെ അഴിമതിക്കാര്‍ക്ക് കൈക്കൂലിക്കാര്‍ക്ക് ശിക്ഷയുടെ ഭാഗമായുള്ള സ്ഥലം മാറ്റത്തിനുള്ള ദേശമാണ് കാസര്‍ഗോഡ്. അങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടവരുടെ വാട്‌സാപ്പ് കൂട്ടായ്മയും കൂടിച്ചേരലും അനുഭവങ്ങളുടെ പങ്കുവെപ്പും കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞ അവതരണം ആര്‍ദ്രത മാത്രമല്ല വിമര്‍ശനത്തിന്റെ ചാട്ടവാറും ഹാസ്യവും എഴുത്താള്‍ക്ക് വഴങ്ങുമെന്നു ബോധ്യപ്പെടുത്തുന്നു.
സാഹിത്യലോകത്തെ സ്വജനപക്ഷപാതം, കുതികാല്‍ വെപ്പ് അര്‍ഹതകളുടെ ദീപ നാളങ്ങളെ ഊതിക്കെടുത്തല്‍, ഉപജാപക സംഘ വിളയാട്ടം, സെലിബ്രിറ്റി വല്‍ക്കരണക്കൊയ്ത്ത് തുടങ്ങിയ ദുഷ്പ്രവണതകളുടെ നേര്‍സാക്ഷ്യമാണ് റാഫേല്‍. റാഫേല്‍ എന്നും മൈക്കല്‍ ആഞ്ജലോ എന്നും വിളിപപ്പേരായ രണ്ടു ചിത്രകാരന്മാരെ മുന്‍നിര്‍ത്തിയാണ് മഹാ പരാധങ്ങളുടെ ഒരു മഹാഭാരതം എഴുത്താള്‍ നമുക്കു മുന്നില്‍ തുറന്നു കാട്ടുന്നത്. ആഞ്ജലോ ദൈവദൂതനെന്നര്‍ത്ഥം. അയാളെ ചതിച്ചാണ് റാഫേല്‍ പദവികള്‍ നേടുന്നത്. അയാളുടെ നാവാല്‍ താന്‍ ആഞ്ജലോ ആയി നാമകരണം ചെയ്യപ്പെടണമെന്ന മോഹമാണ് റാഫേലിന്. സാര്‍ത്ഥകമായ അര്‍ഹതകള്‍ പലപ്പോഴും തഴയപ്പെടുന്ന എഴുത്താള്‍ ജീവിത ഇരകള്‍ക്കായുള്ള സമര്‍പ്പണമായി ഇതിനെ കാണുന്നു.
നിറഭേദങ്ങള്‍ മുന്നോട്ടു വെക്കുന്നത് മാനവ സ്നേഹത്തിന്റെയും അനുതാപത്തിന്റെയും ഹരിചന്ദനപാവന സുഗന്ധം വഴിയുന്ന ഒരു യഥാതഥ അനുഭവത്തിന്റെ ഫിക്ഷന്റെ ലീലാരഹിതമായ ആവിഷ്‌ക്കരണമാണ്. എന്റോസള്‍ഫാന്‍ വിഷമഴ ബാധയാല്‍ ഒന്നനങ്ങിയാല്‍ എല്ലുനുറുങ്ങി സദാ വേദനയുടെ താഴ്‌വരയില്‍ കഴിയുന്ന ശില്‍പ എന്ന ചീമേനിയിലെ കുട്ടിക്ക് സാന്ത്വനവും അതിജീവന പാതയും ഒരുരുക്കിയതിന്റെയും അനുഭവം. കഥയല്ലിതു ജീവിതം തന്നെ എന്നു പറയാം. ഒന്നനങ്ങാന്‍ പോലും കഴിയാതെ കിടന്നിടത്തു നിന്നും അക്ഷരകലയുടെ ചൈതന്യം പകര്‍ന്ന് അവളെ ഒരു എഴുത്തുകാരി വരെയാക്കി മാറ്റിയ അതിജീവന സഹായികള്‍ യഥാര്‍ത്ഥ ദൈവങ്ങളായി മുന്നില്‍ നില്‍ക്കുന്നു. അതില്‍ എഴുത്താളിന്റെ പങ്കും ചെറുതല്ല.
നല്ലതിനെ ഒരിക്കലും ചേര്‍ത്തു പിടിക്കാത്ത ഒരഭിനന്ദന വാക്കെങ്കിലും ജീവിതകാലം മുഴുവന്‍ ഒരുമിച്ചു കഴിഞ്ഞിട്ടും സാധിക്കാതിരിക്കുക. അതു ബോധ്യപ്പെടുത്താന്‍ മരിച്ചുപോയ ഒരമ്മ ഒരു രാത്രി വീട്ടിലെത്തുക. രാമനാഥന്റെയും നളിനാക്ഷിയുടെയും ജീവിതം പറയുന്ന കഥ. കല്‍പനയും യാഥാര്‍ത്ഥ്യവും ഏതെതെന്ന അതിരു നിര്‍ണയം സാധ്യമാകാത്ത വിധം ഇഴചേര്‍ത്തമനോഹരമായ കഥ. ജീവിച്ചിരുന്നപ്പോള്‍ അമ്മയും അത്രകണ്ട് പരിഗണന പകര്‍ന്നിട്ടില്ല. എന്നാല്‍ മരിച്ച അമ്മ വീട്ടിലെത്തിയപ്പോള്‍ പരിഗണനയുടെ ഒരു പൂവലല്ല വസന്തം തന്നെ തീര്‍ക്കുന്നു. അത് നളിനാക്ഷിക്ക് രാമനാഥനോട് നേര്‍ക്കുനേര്‍ നിന്ന് അയാളുടെ അവഗണനകളെ ചൂണ്ടിക്കാണിക്കാന്‍ ധൈര്യം പകരുന്നു. ചേര്‍ത്തു പിടിക്കലിന്റെ അംഗീകാരത്തിന്റെ ആവശ്യകത കൂടുംബ ജീവിതത്തില്‍ എത്ര മാത്രം പ്രസക്തമെന്ന ബോധ്യം ഈ കഥ പങ്കുവെക്കുന്നു.
പ്രവാസികളുടെ ജീവിതത്തിന്റെ പങ്കപ്പാടുകള്‍ പങ്കുവെക്കുന്നു സൂചിയും നൂലും. ബന്ധുക്കളുടെ ജീവിതം മനോഹരമായി തുന്നിക്കൊടുത്ത സഹായ സൂചി സ്വകാര്യത്തില്‍ ശ്രദ്ധിക്കാതെ തുന്നിയതിന്റെ അനന്തരഫലത്തിന്റെ ദയനീയത ജയന്റെ ജീവിതം പറയുന്നു.
അമ്മക്കപ്പല്‍ കേരളത്തില്‍ സംഭവിച്ച ഒരു ദുരിതത്തിന്റെ നൂലിഴയില്‍ കോര്‍ത്തെടുത്ത കഥയാണ് അമ്മക്കപ്പല്‍. ആമയിഴഞ്ചാന്‍ തോട്ടിലെ അതി ദുര്‍ഗന്ധച്ചളിയില്‍ ജീവിതമവസാനിച്ചപ്പോള്‍ ഇത്തിരിയകലെ വിഴിഞ്ഞം അദാനി ത്തുറമുഖത്ത് മദര്‍ഷിപ്പെത്തിയ ആഹ്ലാദം പങ്കുവെച്ച ജനതയല്ലെനമ്മള്‍.
സമ്പന്നതയുടെ ഉത്തുംഗഗോപുരത്തിലെ അലസതകളെ താരാട്ടുപാടിയുറക്കുന്ന ജീവിതങ്ങള്‍ ഒരു നേരത്തെ ആഹാരത്തിനായി ലോകത്തിലെ സകല ദുര്‍ഗന്ധങ്ങളും മാലിന്യങ്ങളും വാറ്റിയ സത്തയൊഴുകുന്ന ഓടകളില്‍ നീന്തി ശൂചീ കരണം നടത്തുന്നവര്‍ ഇങ്ങനെ ഇരുധ്രുവ ലോക ജീവിതത്തിന്റെ അപാരതയിലേക്ക് ഒരെത്തിനോട്ടമാണിക്കഥ. ഏതു ദുരിതങ്ങളെയും നേര്‍ക്കാഴ്ചകളുടെ ആനന്ദവും വിനോദവുമാക്കുന്ന ഒരു ദൃശ്യമാധ്യമലോകം നമുക്കിന്നുണ്ട്. ഒരപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തേക്കാള്‍ അത് കാഴ്ചകളുടെ മാസ്മരികതയാക്കി മാറ്റുന്ന മനോഭാവം. രക്ഷ വേണ്ടിടത്ത് തര്‍ക്ക വിതര്‍ക്കങ്ങളും കലഹങ്ങളും നിര്‍മിക്കുന്ന പൊതുബോധം.
അവിടെ ദിയ എന്ന പെണ്‍കുട്ടി കാട്ടുന്ന ഉദാത്തമാതൃക. രണ്ടു വയസ്സായ ദീപുക്കുട്ടന്‍ കിണറില്‍ വീണപ്പോള്‍ പൊതുബോധ കോലാഹലങ്ങള്‍ക്കും മാധ്യമ പ്രചരണ ദാഹങ്ങള്‍ക്കു വേദിയായി. മയക്കുമരുന്നടിച്ച് ബോധം പോയ അച്ഛന്‍. കുഞ്ഞ് വീണ ദുഃഖം താങ്ങാതെ ബോധരഹിതയായ അമ്മ.. അവിടെ സധൈര്യം കിണറിലിറങ്ങി അനുജനെ ചേര്‍ത്തു പിടിച്ച ദിയ. അവളുടെ സാഹസിക ധര്‍മം... മനസ്സില്‍ കോറിയിടുന്ന കഥ ഒരു പത്രവാര്‍ത്തയുടെ ചുവടുപിടിച്ചുകൂടി ചെയ്ത താണ്.
തെയ്യം ജീവിതം ഇഴചേര്‍ത്ത അനേകം കഥകള്‍ അംബികാസുതന്‍ മാഷ് എഴുതിയത്ര മറ്റാരും എഴുതിയിട്ടുണ്ടാവില്ല. തെയ്യത്തിന്റെ വിശ്വാസത്തെ ആരാധനകളെ ഊട്ടിയുറപ്പിക്കാനല്ല മറിച്ച് ഓരോ തെയ്യവും സങ്കടപര്‍വങ്ങളുടെ മനുഷ്യ രൂപങ്ങളാകുന്നതും അതുകെട്ടിയാടുന്ന കോലക്കാരന്റെ ജീവിതദുരിതങ്ങളും ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. തൊഴുകയ്യുമായി ആശ്വാസാര്‍ത്ഥം നില്‍ക്കൂന്ന ഭക്തന്‍ കോലക്കാരന്റെ അന്തരത്തിലെ ജീവിതാഗ്‌നി ഓര്‍ക്കാറില്ല. അത് ഓര്‍പ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്.
അക്കൂട്ടത്തില്‍ മികച്ച ഒരു രൂപ ശില്‍പമാതൃകയാണ് തോട്ടുങ്കര പ്പോതി. പോതിക്ക് പോതിയാകേണ്ടി വന്നത് അക്ഷര കലശാപമായതു കാരണമാണല്ലോ. ഒരു കീഴാള സ്ത്രീക്ക് സന്താനനഷ്ടത്തിന്റെ ദുഃഖഭാരശമനാര്‍ത്ഥം സഹായിയായത് രാമായണ വായന. അതാകട്ടെ മേലാളകല്‍പ്പന പ്രകാരം നിഷിദ്ധം. ഒടുവില്‍ വായിച്ച രാമായണം നെഞ്ചോട് ചേര്‍ത്തുവെച്ച് അഗ്‌നിയില്‍ വെന്താണ് ഉര്‍വാടി പോതിയാകുന്നത്. ദിനകരന്‍ ഊര്‍മ്മിള ദമ്പതികള്‍ക്കും മക്കളില്ല. ഊര്‍മ്മിള ചില രാവുകളില്‍ പോതി വേഷമാടുന്നതു ദിവാകരന്‍ കണ്ടു സംഭ്രമിക്കുന്നു.
പല രാവുകള്‍ വൈവിധ്യങ്ങളോടെ അതു തുടരുന്നു. ഒരു മനശ്ശാസ്ത്രജ്ഞനെ കാണാനുള്ള തീരുമാനത്തിന് ഊര്‍മിളയും സന്നദ്ധയായി. അവിടെത്തിയപ്പോഴാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത്. ഡോക്ടര്‍ കാണിച്ച ഒരു വീഡിയൊ ചിത്രത്തില്‍ നിന്ന് വസ്തുതകളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നു.
ഊര്‍മിള ജീവിത സഖിയായി വന്ന കാലത്ത് എഴുതിയ സൂക്ഷിച്ച കവിതാ പുസ്തകങ്ങള്‍ ഒക്കെയും കത്തിച്ച അക്ഷരവി രോധിയായിരുന്ന ദിനകരന്‍. ഒടുവില്‍ അടുപ്പിലെരിയുന്നത് നേരില്‍ക്കണ്ട ഊര്‍മിള വിഷാദ രോഗത്തിനടിമപ്പെടുന്നുണ്ട്. അവളതില്‍ നിന്നും മുക്തയാണ്. പക്ഷേ ദിവാകരന്‍ എന്ന ഭര്‍ത്താവ് യഥാര്‍ഥത്തില്‍ ആരെന്ന് കഥ വായിച്ചു തന്നെ അറിയുക.
തീപിടിച്ച ഉടലോടെ പരക്കം പായുന്ന ഒരോ പെണ്ണകത്തും ഒരു പോതിയുണ്ട്. അതു തിരിച്ചറിയാന്‍ അംഗീകരിക്കാന്‍ ഒരു മനസ്സ് അതനിവാര്യമാണ്. അതില്ലാതാകുമ്പോള്‍ പോതി വലിയൊരസ്വസ്ഥതയുടെ വേവുന്ന നാളമായി പുരുഷനെയും പൊള്ളിക്കും. മാജിക്കല്‍ റിയലിസത്തിന്റെ നേരംശങ്ങളും തോട്ടുങ്കരപ്പോതിയുടെ ആടയാഭരണമികവിനു മാറ്റേകുന്നു.
സുധീഷ് കോട്ടേമ്പ്രത്തിന്റെ അവതാരികയും മുരളീ മീങ്ങോത്തിന്റെ അംബികാസുതന്‍ മാങ്ങാടുമായുള്ള അഭിമുഖവും അദ്ദേഹത്തിന്റെ കഥയകവും എഴുത്തിന്റെ ദര്‍ശനവും വെളിവാക്കുന്നു. സ്വന്തം ആത്മസുഖത്തിനല്ലാതെ അപരസുഖത്തിനായും തന്റെ എഴുത്ത് വരണം എന്ന ബോധം സദാ കൂടെയുള്ള വടക്കിന്റെ എഴുത്താളായ അംബികാസുതന്റെ അന്‍പുമാത്രം നിറഞ്ഞ ഈ സമാഹാരവും വായനക്കാര്‍ നെഞ്ചോട് ചേര്‍ത്തുവെക്കും. ഓരോ വായനയിലും പോതിയുടെ നെഞ്ചകച്ചൂടും ആര്‍ദ്രതയും സൗമ്യതയും, എല്ലാം അനുഭവിച്ചറിയാം.
Content Highlights: Ambikasuthan Mangad new book Thottunkarappothi review