പുസ്തകങ്ങളുടെ വീട്: മനുഷ്യനിലേക്കുള്ള ഏകാന്ത നോട്ടങ്ങള്‍

എന്തിനായിരിക്കും അയാള്‍ /അവള് ആത്മഹത്യ ചെയ്തത്? ഒരു പ്രശ്നവും ഉള്ളതായി തോന്നിയിട്ടില്ലല്ലോ. അവസാനം കാണുമ്പോഴും അത്രയേറെ സന്തോഷത്തില്‍ ആയിരുന്നല്ലോ അസ്വസ്ഥതയുടെ, അസ്വഭാവികതയുടെ ഒരു നിഴല്‍ പോലും കണ്ടിരുന്നല്ലോ.. ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടും സംസാരിച്ചിട്ടും ഉണ്ടാകില്ലേ നമ്മളില്‍ പലരും ആത്മഹത്യ ചെയ്തവരെക്കുറിച്ച്. കാരണങ്ങള്‍ മനസ്സിലാവാത്ത ആത്മഹത്യകള്‍ നമ്മളെ കൂടുതല്‍ അസ്വസ്ഥരാക്കാറുമില്ലേ? അപ്പോള്‍ അവരുടെ പ്രിയപ്പെട്ടവരുടെ അവസ്ഥയെന്താകും. അത്തരമൊരു അവസ്ഥയെക്കുറിച്ചുള്ള ഒരന്വേഷണമാണ് ഷാഹിന ഇ.കെയുടെ 'പുസ്തകങ്ങളുടെ വീട്' എന്ന കഥാ സമാഹാരത്തിലെ 'അലിഖിതം എന്ന കഥ. ഏകമകന്റെ ആത്മഹത്യയുടെ ആഘാതത്തില്‍ നിന്നും മോചിതനാകാന്‍ കഴിയാത്ത ബാലരാമന് ഉറക്കം കെട്ടുപോയ രാത്രികളില്‍ ഒന്നില്‍ ആത്മഹത്യയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു വെബ്സൈറ്റ് കണ്ടെത്തുന്നു. അതില്‍ കുറിപ്പുകള്‍ ശേഷിപ്പിക്കാതെയുള്ള ആത്മഹത്യകള്‍- എന്ന ഭാഗം മാത്രം അയാള്‍ പതിവായി വായിക്കുന്നു
'എന്തിന് എന്തിനെന്ന് നിരന്തരം പ്രിയപ്പെട്ടവരെ അലയാന്‍ വിട്ട് കടന്നുപോകുന്നവര്‍. ഒരുപക്ഷേ, പറയാനുള്ളത് അതിലേറെ വേദനാ ജനകമായത് കൊണ്ടായിരിക്കുമോ അവരങ്ങനെ? അല്ലെങ്കില്‍ വാക്കുകള്‍ക്ക് ഉള്‍കൊള്ളാന്‍ ആവാത്ത വിധം ഭാരിച്ചത് കൊണ്ടോ.' ഇത് തന്റെ മാത്രം വ്യഥയല്ലെന്ന് അയാള്‍ തിരിച്ചറിയുന്നു. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള സമാന മനുഷ്യരുടെ വ്യഥകളിലൂടെ അയാള്‍ കടന്നു പോകുന്നു. ആത്മഹത്യയെന്ന പ്രമേയം പലരീതിയില്‍ മലയാള സാഹിത്യത്തില്‍ വന്നിട്ടുണ്ടെങ്കിലും എന്ത് കൊണ്ട് ആത്മഹത്യ ചെയ്തുവെന്ന ഉത്തരമില്ലാത്ത ചോദ്യം ഇത്ര തീക്ഷ്ണമായി അധികം വന്നു കണ്ടിട്ടില്ല. അതിവൈകാരികമായ ഒരു വിഷയത്തെ ഒരു മനഃശാസ്ത്രജ്ഞയുടെ മനസ്സാന്നിധ്യത്തോടെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്നുണ്ട് ഷാഹിന ഈ കഥയില്‍. ഒമ്പത് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
പുസ്തകം വായിച്ചു വായിച്ച് പുസ്തകത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഒരു ചെറുപ്പക്കാരനെക്കുറിച്ചാണ് 'പുസ്തകങ്ങളുടെ വീട്' എന്ന കഥ. കയ്യില്‍ വലിയ പുസ്തക സഞ്ചിയുമായി വരുന്ന ഒരു ട്രെയിന്‍ യാത്രയിലാണ് എതിര് സീറ്റില്‍ പുസ്തകം വായിച്ചിരിക്കുന്ന ആ സ്ത്രീയെ ആഖ്യാതാവ് കണ്ടുമുട്ടുന്നത് പുസ്തകങ്ങളെക്കുറിച്ച് തുടങ്ങിയ ആ വര്‍ത്തമാനം പുസ്തകങ്ങളില്‍ കുടുങ്ങിപ്പോയ അതിന് പുറത്തൊരു ലോകമില്ലാതായിപ്പോയ മകനെക്കുറിച്ചാവുന്നു. ജോലിചെയ്ത്, സമ്പാദിച്ച് ആ പണം കൊണ്ട് പുസ്തകം വാങ്ങി വായിക്കുന്ന ആ പെണ്‍കുട്ടി ഒന്ന് വന്നു മകനോട് സംസാരിച്ചിരുന്നെങ്കില്‍ എന്തെങ്കിലും മാറ്റമുണ്ടായെങ്കിലോ എന്ന് പ്രതീക്ഷിക്കുന്നുണ്ട് ആ അമ്മ. എന്നാല്‍ അവളാകട്ടെ മറ്റ് പ്രാരാബ്ദങ്ങളോ ഉത്തരവാദിത്തങ്ങളോ ഇല്ലാതെ വായനയില്‍, പുസ്തകങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണുകയാണ്.
മനോഹരമായ കഥയാണ് പുസ്തകങ്ങളുടെ വീട്.
കാല്പനികരായ രണ്ട് സ്ത്രീകളുടെ (അമ്മയുടെയും മകളുടെയും) കൗതുകങ്ങളും, അതിനെപുറകെയുള്ള അവരുടെ സഞ്ചാരവും എല്ലാ പറയുന്ന കഥയാണ് 'യക്ഷിരാത്രി '. ഈ കാലത്തും സ്ത്രീകളുടെ രാത്രി നടത്തത്തിനായി ഔദ്യോഗികമായി ചില ദിവസങ്ങള്‍ ഒക്കെ പ്രഖ്യാപിക്കപ്പെടുമ്പോള്‍ പാലാപൂത്തത് കാണാന്‍, പാലയില്‍ ഗന്ധര്വ്വന്മാര് ഉണ്ടാകുമോ എന്നറിയാന്‍ സ്കൂട്ടര്‍ എടുത്തിറങ്ങുന്ന അമ്മയും മകളും ചെറുതല്ലാത്ത ആശ്വാസമാണ് നല്‍കുന്നത്. ജീവിക്കാനായി ജോലിചെയ്യുക, ജോലിചെയ്യാനായി ജീവിക്കുക അതിനായി എന്നായിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുക ഇങ്ങനെ ജീവിതത്തിന്റെ നല്ല ഭാഗവും ജീവിച്ചു തീര്‍ക്കുന്ന മനുഷ്യരുടെ പ്രതിനിധിയാണ് 'ചിന്നബുദ്ധന്‍' എന്ന കഥയിലെ പ്രധാന കഥാപാത്രം.
''ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷം ഞാനാദ്യം ചെയ്തത്, ഒരു ക്ലോക്കിന്റെ കണിശസൂചികള്പോലെ അന്നോളം വൃത്താകൃതിയില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ജീവിതത്തെ തോന്നുംപടി പറത്തി വിടലായിരുന്നു. അതു ശരിക്കും രസകരമായ ഒരേര്‍പ്പാടായിരുന്നു; കാലങ്ങളായി ആഗ്രഹിച്ചുകൊണ്ടേയിരുന്നതും'. ആഗ്രഹത്തിനനുസരിച്ചുള്ള പില്ക്കാല ജീവിതത്തിലെ വൈകുന്നേരം നടത്തത്തിനിടയില്‍ കഥാനായകന് കണ്ടുമുട്ടുന്ന കുട്ടികൂട്ടത്തിലെ ഇത്തിരിക്കുഞ്ഞനാണ് ഈ 'ചിന്നബുദ്ധന്‍'.
മാസത്തിലെ ആദ്യദിവസം ജോലികഴിഞ്ഞ് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനായി മാര്‍ക്കറ്റിലേക്ക് നടക്കുന്ന ബര്‍ന്നബാസിന്റെ കാതിലേക്ക്
ഇംഗ്ലീഷിലുള്ള കുറെ തെറികള്‍ വന്നു വീഴുന്നു. എവിടെനിന്നാണ് അത് കേള്‍ക്കുന്നത് എന്നന്വേഷിച്ച് ചെല്ലുന്ന അയാള്‍ മൈതാനത്തിന്റെ സൈഡില്‍ പരസ്പരം തെറിവിളിക്കുന്ന രണ്ട് ചെറിയ കുട്ടികളെ കാണുന്നു. കൂസലില്ലാതെയുള്ള അവരുടെ തെറിവിളി അയാളെ കുട്ടിക്കാലത്തെ ചില ഓര്‍മ്മകളിലേക്ക് നടത്തുന്നു കൂട്ടുകാരില്‍ നിന്ന് കിട്ടിയ ഒരു തെറി സഹോദരങ്ങളോട് പറഞ്ഞതിന് കിട്ടിയ ചൂരല്‍ പ്രഹരങ്ങളെക്കുറിച്ചും മറ്റ് ചില കൗമാര കൗതുകങ്ങളെക്കുറിച്ചും അതിന്റെ പേരില്‍ പാപചിന്തയാല്‍ നീറിയതും കുമ്പസാരിച്ചതുമെല്ലാം ഓര്‍മ്മ വരുന്നു. എന്നാല്‍ അത്തര അസ്വസ്ഥതകളൊന്നും ഇല്ലാത്ത പുതുതലമുറയെ അത്ഭുതത്തോടെ നോക്കുന്ന കഥയാണ് ബര്‍ന്നബാസും പുള്ളിപ്പുലികളും.
'ചരിത്രാതീത കാലത്തെ അപ്പൂപ്പന് അഥവാ ഭാഗവാനും തങ്ങളുപ്പാപ്പയും' വാര്ത്തമാനകാലത്തിന്റെ കഥയാണ്, ആശങ്കകളാണ്. ശിവനെന്ന കുട്ടി അവന്റെ ഏകാന്ത സഞ്ചാരത്തിനിടെ ഒരു ശിലാപാളിയില്‍ കണ്ടെത്തുന്ന ഒരു കാല്പാട് പിന്നീട് ഉണ്ടാക്കുന്ന പുകിലുകളുടെയും. ഇതൊന്നും അറിയാത്ത അത് തന്റെ ഏതോ അപ്പാപ്പന്റെയാണെന്ന് കരുതുന്ന കുട്ടിയുടെയും കഥയാണ്. വര്‍ത്തമാനകാലത്തെ മറ്റൊരാശങ്കയാണ് തമാലം എന്ന കഥ. സമാധാനത്തിനും ആശ്വാസത്തിനുമായി വിശ്രമജീവിതത്തില്‍ ഒരു പച്ചിലക്കാട് ഉണ്ടാക്കിയെടുക്കുന്ന, അതില്‍ സന്തോഷം കണ്ടെത്തുന്ന ദമ്പതികളുടെ തോട്ടത്തില്‍ ഒരു ചന്ദനമരം വളരുന്നതും അത് അവരുടെ സമാധാനം നഷ്ടപ്പെടുത്തുന്നതുമാണ് കഥയുടെ ഇതിവൃത്തം. വായനക്കാരോടുള്ള ലളിതയുടെ വര്‍ത്തമാനം എന്ന രീതിയില്‍ എഴുതിയ 'ലളിതം ചില ചോദ്യങ്ങള്‍ ' ലളിതയുടെ കഥയാണ്. സ്വന്തം പേര് കേള്‍ക്കുമ്പോള്‍ അച്ഛനും അമ്മയും പണിക്കു പോയിരുന്ന മുല്ലയ്ക്കല് 'തറവാട്ടിലെ ' ലളിതയെ ഓര്‍മ്മ വരുന്ന ലളിത. കാച്ചിയപ്പനെന്ന ഭിന്നശേഷിക്കാരനെ വിവാഹം കഴിച്ച, അയാളെ സ്നേഹിച്ച എന്നാല്‍ നിരന്തരം മര്‍ദനം ഏറ്റു വാങ്ങേണ്ടി വന്നിരുന്ന ലളിത. എന്നാല്‍ ആ ലളിതയുടെ മാത്രം കഥയല്ലിത്. ലളിതയെന്ന് കേട്ടാല്‍ ഓര്‍മ്മ വരുന്ന അധികം മിണ്ടാട്ടമില്ലാത്ത, അനുസരണയുള്ള, ഒതുങ്ങിയ, പ്രകാശമുള്ള സ്ത്രീ എന്ന തന്റെ പേരിനെക്കുറിച്ചോ ഉള്ള സങ്കല്പങ്ങളെ മാറ്റിമറിക്കാന്‍ തീരുമാനിച്ച ലളിതയുടെകൂടെയാണ്.
ഇടത്തരക്കാര്‍ താമസിക്കുന്ന കോളനിയിലെ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് 'ഇതരവൃത്താന്തങ്ങള്‍ ' എന്ന കഥ. സി.സി.ടി.വി വയ്ക്കാം എന്ന നിര്‍ദേശം അതിനെച്ചൊല്ലിയുള്ള ആണ് ആശങ്കകളെച്ചൊല്ലി മാറ്റിവയ്ക്കുന്നു. മാത്രമല്ല അത്തരം മോഷണങ്ങള്‍ക്ക് പിന്നിലുള്ള ചില മാനസിക പ്രശ്നങ്ങളിലേക്ക് കൂടി വഴിതുറക്കുന്നുണ്ട് ഈ കഥ. മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേയ്ക്കുള്ള നോട്ടമാണ് ഈ കഥാ സമാഹാരത്തിലെ കഥകളെല്ലാം. അങ്ങനെ നോക്കുമ്പോള്‍ പതിവ് കാഴ്ചകളല്ലാത്ത പലതും കാണുന്നു ഷാഹിന. അതില്‍ ചിലത് കഥകളായി മാറുകയാണിതില്. അതെ കഥകള്‍ അങ്ങനെ സ്വാഭാവികമായി സംഭവിക്കുകയാണ്. അതുകൊണ്ട് തന്നെ വായനക്കാരുമായി നേരിട്ട് സംവദിക്കുകയും ചെയ്യുന്നു.
Content Highlights: shahina ek stories book review mathrubhumi books