മരണമെന്ന് തോന്നിക്കുന്ന മരണം

#താജ് മന്‍സൂര്‍
'ഛായാമരണ'ത്തിന്റെ കവര്‍ ചിത്രം | ഫൊട്ടോ: മാതൃഭൂമി
'ഛായാമരണ'ത്തിന്റെ കവര്‍ ചിത്രം | ഫൊട്ടോ: മാതൃഭൂമി

സാധാരണയായി അപസര്‍പ്പക നോവലുകള്‍ പുതുതായി ഇറങ്ങി എന്ന് കേള്‍ക്കുമ്പോള്‍ ആകാംക്ഷാപൂര്‍വ്വം സംഘടിപ്പിച്ചുവായിക്കാറുണ്ട്. അതുപോലെയാണ് കുറ്റാന്വേഷണ പരമ്പരയില്‍പെട്ട പ്രവീണ്‍ചന്ദ്രന്‍ എഴുതിയ 'ഛായാമരണം'വായിക്കാന്‍ തിരഞ്ഞെടുത്തത്. എഡ്ഗാര്‍ അലന്‍പോ മുതല്‍ ലാജോ ജോസ് വരെയുള്ളവരുടെ സൃഷ്ടികള്‍ വായനക്കാരെ ആകാംക്ഷയുടെ മുനമ്പത്ത് നിര്‍ത്തുന്നവയും ബുദ്ധിയെയും നിരീക്ഷണപാടവത്തെയും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തില്‍ ഉള്ളവയുമാണ്. ഛായാമരണം ഇപ്പറഞ്ഞവയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ്.

"വംശഹത്യ നടത്തുന്ന സംഘത്തെ ഇഷ്ടമില്ലാതിരുന്നിട്ടും, തങ്ങളെ ഭരിക്കാനായി തിരഞ്ഞെടുത്ത ചരിത്രം നമുക്കുണ്ട്. എന്തുകൊണ്ടെന്നാല്‍ അവശേഷിക്കുന്നവര്‍ കൂടി കൊല്ലപ്പെടാതിരിക്കാന്‍ കൂടിയാണ്."- കശ്മീര്‍ മുന്‍മുഖ്യമന്ത്രി (ഫാറൂഖ് അബ്ദുല്ല) ഇന്ന് നടത്തിയ പ്രസ്താവനയാണിത്. കശ്മീരിലെ 370-ആം വകുപ്പ് പിന്‍വലിച്ചപ്പോള്‍ എന്തുകൊണ്ട് എതിര്‍ത്തില്ല എന്ന ചോദ്യത്തിന്റെ ഉത്തരം'എന്റെ നാട്ടുകാര്‍ അതിന്റെ  പേരില്‍ കൊല്ലപ്പെടാന്‍ ആഗ്രഹിക്കുന്നില്ല'എന്നാണ്.

ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അടിമയാകുന്ന എല്ലാ ആളുകളും തീവ്രവാദികളും ഒരുപാട് കോംപ്ലക്‌സുകള്‍ ഉള്ളവരാണ്, മനോരോഗികളാണ്. നിറത്തിന്റെ, രൂപത്തിന്റെ, കുടുംബത്തിന്റെ, പിറന്നജാതിയുടെ മതത്തിന്റെ, നാടിന്റെ, വംശത്തിന്റെ, ജനനത്തിന്റെ, അനാഥത്വത്തിന്റെ, വൈധവ്യത്യത്തിന്റെ കോംപ്ലക്‌സുകള്‍... വലിയ നിരാശയും യുക്തിരാഹിത്യവും, ആശുഭചിന്തയും പേറുന്നവരും. പണ്ട് ഉണ്ടായിരുന്നു എന്നവര്‍ വിശ്വസിക്കുന്ന നല്ല ജീവിതത്തിലേക്ക് ഭരണത്തിലേക്ക് മാവേലിക്കാലത്തിലേക്ക് കാല്പനികയുക്തിയോടെ എത്തിച്ചേരും എന്നാണവരുടെ പ്രതീക്ഷ. ആ പ്രതീക്ഷയത്രേ ഭ്രാന്തയുക്തിയുടെയും, കൊലപാതകങ്ങളുടെയും ക്രൂരതകളുടെ ന്യായം.

ഏറ്റുമുട്ടല്‍കൊലകള്‍, ആസൂത്രിതമായി നടക്കുന്ന കൂട്ടക്കൊലകള്‍, വംശഹത്യകള്‍, കര്‍ഷക ആത്മഹത്യകള്‍, പന്‍സാരെ, ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി കൊല്ലപ്പെട്ട പ്രതിപ്രത്യയശാസ്ത്രക്കാര്‍ ഏറെയുണ്ട്. ഇവരെയാര് കൊന്നു? എന്തിന് വേണ്ടി? ഇത്തരമൊരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം ഈ കുറ്റാന്വേഷണ നോവല്‍ വായിക്കുവാന്‍. ഇത്ര ഗംഭീരമായിരാഷ്ട്രീയ വിചാരം അന്തര്‍ധാരയായ അപസര്‍പ്പകസൃഷ്ടികള്‍ ഏറെയുണ്ടാകാനിടയില്ല.

കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ കണ്‍സള്‍ട്ടന്റായ കോളേജ് പ്രൊഫസര്‍ വയനാട്ടിലെ ഒരു റിസോര്‍ട്ടില്‍ മുറിയെടുക്കുന്നു. റിസോട്ട് ജീവനക്കാരന്റെ കൂടെ കാട്ടിലേക്ക്. അവിടെ അരുവിക്കരയില്‍ നിന്ന് ചുരിദാറിന്റെ ബട്ടന്‍ ലഭിക്കുന്നു. തുടരന്വേഷണത്തില്‍ ഒരു പെണ്കുട്ടിയുടെ ജഡം കണ്ടുകിട്ടുന്നു. സുഹൃത്തിന്റെ ഭാര്യയും തന്റെ സ്‌നേഹിതയും എഴുത്തുകാരിയുമായ സിസിലിയോട് പ്രൊഫസര്‍ പിന്നീട് സൈബര്‍ പാര്‍ക്കില്‍ സെര്‍വര്‍ മുറിയില്‍ ആദിത്യന്‍ എന്ന എന്‍ജിനീയര്‍ കൊല്ലപ്പെട്ട വിവരം പറയുന്നു. താനവിടെ ഉണ്ടായിരുന്നപ്പോള്‍ ആണ് ദുര്‍മരണമെന്നും വ്യക്തമാക്കുന്നു. ആ മുറിയില്‍ മീര, ദീപക്, ആദിത്യന്‍ എന്നിവരെ കയറിയിട്ടുള്ളൂ. എന്നാല്‍ നാലാമതൊരു സാന്നിധ്യം അവിടെയുണ്ട്?.

ക്യാന്‍സര്‍ വന്ന് മരണപ്പെടുന്ന ശിവദാസന്‍ എന്ന സുഹൃത്തിന്റെ ഭാര്യയാണ് സിസിലി. പ്ലസ്ടുവിന് പഠിക്കുന്ന മകള്‍ ഉണ്ടവര്‍ക്ക്. സിസിലിക്ക് വലിയ ആശ്വാസമാണ് പ്രൊഫസര്‍. നിര്‍വചിക്കാത്ത ബന്ധമാണ് അവര്‍ തമ്മില്‍. സിസിലിയോട് ആദിത്യന്റെ ദുരൂഹ മരണം നോവലായി എഴുതാനും മാനസികോര്‍ജം വീണ്ടെടുക്കാനും പ്രൊഫസര്‍ ആവശ്യപ്പെടുന്നു. അവര്‍ നോവല്‍ എഴുത്ത് ആരംഭിക്കുകയുംചെയ്യുന്നു. നോവലിലെ കഥാപാത്രങ്ങള്‍ തന്നെ എഴുത്തുകാരിയെ തേടിവരികയും എഴുത്തുകാരിയെ വധിക്കുകയും ചെയ്യുന്നു.

പ്രൊഫസര്‍ ആദിത്യന്‍, വയനാട്ടില്‍ കൊല്ലപ്പെട്ട നിമ്മിയുടെ മരണത്തിലെ സാമ്യവും ചുരുളും അഴിക്കാന്‍ ശ്രമിക്കുന്നു. സിസിലിയുടെ കൊലയോടെ ചുരുള്‍ അഴിക്കല്‍ പ്രൊഫസര്‍ക്ക് ബാധ്യതയാകുന്നു. ഒരേ സമയം പോലീസ് സംശയിക്കുന്ന കൊലപാതകിയും അന്വേഷകനുമാണ് അദ്ദേഹം. നോവലിസ്റ്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ നോവല്‍  ഒരു ഗണിത പ്രശ്‌നം നിര്‍ദ്ധാരണം ചെയ്യുന്നതുപോലെയാണ്. ആദ്യം ഒരു ആശയം മുന്നോട്ടു വയ്ക്കുകയും പിന്നീട് ക്രമബദ്ധമായ ഗണിത ക്രിയക്കിടയിലൂടെ ആദ്യം ഉന്നയിച്ച വാക്യം ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്ന ഒരു ഗണിത ക്രിയ നിര്‍ധാരണം ചെയ്യുന്ന രീതിയിലാണ് നോവല്‍ ആഖ്യാന ഘടന.

പ്രൊഫസറും കുടുംബവും, സിസിലിയും കുടുംബവും നേരിടുന്ന വൈയക്തികവും കുടുംബപരവുമായ മാനസിക സംഘര്‍ഷങ്ങള്‍ ഈ ആഖ്യാനത്തിനിടക്കു വിശകലന വിധേയമാകുന്നുണ്ട്. കേരളത്തിലെ വിവാഹിതര്‍ക്കിടയിലെ സ്ത്രീ പുരുഷബന്ധങ്ങള്‍, മക്കളെ ആ ബന്ധങ്ങള്‍ ബാധിക്കുന്ന വിധം, കുടുംബ ശൈഥില്യങ്ങള്‍ എന്നിവയും ഈ നോവലില്‍ നിര്‍ദ്ധാരണം ചെയ്യൂന്നുണ്ട്. നോവലിസ്റ്റ് പറയുന്നുണ്ട് 'ഈ ലോകം പലതായി പകുത്തിരിക്കുന്നു. നാം ജീവിക്കുന്ന ലോകത്തിന് സമാന്തരമായി സൈബര്‍ലോകം പ്രവര്‍ത്തിക്കുന്നു. ഏതു ലോകത്തിലാണ് മേല്‍ക്കൈ എന്ന് പറയാനാവാത്ത വിധം ആ സ്‌പേസ് വിപുലമായിരുന്നു. സത്യങ്ങളും നുണകളും ഒന്നിനൊന്ന് മത്സരിച്ച് വിവരങ്ങള്‍ ആയി യഥാര്‍ത്ഥ ലോകത്തെ സ്വാധീനിച്ച കൊണ്ടിരിക്കുന്നു.'

മീര എന്ന കഥാപാത്രത്തിന്റെ മുറിയില്‍ ഒരുചിത്രം തൂക്കിയിട്ടിട്ടുണ്ട്. മീരയാണ് ആദിത്യനെ കൊന്നത് എന്ന് നോവലിസ്റ്റ് എഴുതിയിരുന്നു. പ്രൊഫസര്‍ കേസിന്റെ ഗതി അന്വേഷിക്കുന്നതിനിടയില്‍ ആണ് ചിത്രം ശ്രദ്ധിക്കുന്നത്. കൊല്ലപ്പെട്ട ആദിത്യന്റെ കൂടെ മുറി പങ്കിട്ടവളായിരുന്നു മീര. പരപീഡനരതിയില്‍ സായൂജ്യമടഞ്ഞിരുന്ന ഒരാളായിരുന്നുആദിത്യന്‍. ആരെയും വിശ്വസിക്കാത്തവനും ആരും ഇല്ലാത്തവനും. അയാള്‍ തൂക്കിയതാണ് ആ ചിത്രം. ചെകുത്താനും മരണവും കൂടിക്കാഴ്ച്ച നടത്തുന്ന ആ ചിത്രം അയാള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. ഹിറ്റ്ലറിനും, ഫാസിസ്റ്റുകള്‍ക്കും ആ ചിത്രം വിലപ്പെട്ടതാണ് എന്ന് പ്രൊഫസര്‍ ഓര്‍ക്കുന്നുണ്ട്. ഫാസിസ കാലത്ത് രാജ്യത്തെ ജനതയുടെ മനസ്സിലെ ഭീതിയുടെ ചിത്രമായി അത് മാറുന്നുണ്ട്. കൊല്ലപ്പെട്ടവന്‍ ഒരു രഹസ്യ സംഘത്തിലെ അംഗമായിരുന്നു. ആ സംഘം തന്നെയാണ് അയാളെ കൊലപ്പെടുത്തുന്നുത് എന്നാണ് ദീപക് പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ഒരേ തരമുള്ള ഷെയറുകള്‍, ലൈക്കുകള്‍ എന്നിവ ഒരു രാഷ്ട്രീയത്തെ പ്രത്യേക പ്രത്യയശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്നു. അതുവഴി രാജ്യത്തെ ജനങ്ങളെയും മനുഷ്യ മനസ്സിനെയും സ്വാധീനിക്കാന്‍ ഭരണകൂടങ്ങള്‍ പത്ര, സാമൂഹിക മാധ്യമങ്ങളെയും ഉപയുക്തമാകുന്ന വിധം ചര്‍ച്ചചെയ്യുന്നുണ്ട്. എപ്പോഴും ആക്രമിക്കാന്‍ ഇരിക്കുന്ന ഒരു ജീവിയെ പോലെയാണ് ഭരണകൂടം. ജീവികള്‍ ആക്രമണം തടയണമെങ്കില്‍ വേട്ടക്കാരന്റെ കണ്ണില്‍ നോക്കി ഇരിക്കണം. ഇരയുടെ ശ്രദ്ധയൊന്നു മാറിയാല്‍ അന്നേരം ഭരണകൂടം /കൊലപാതകി പ്രജകളുടെ/ഇരകളുടെ മേലെ ചാടിവീണു ആക്രമിക്കും. കൊല്ലപ്പെട്ട ആദിത്യന്‍ അസാധാരണ വ്യക്തിത്വത്തിനുടമായും സൈബര്‍ സ്‌പൈസില്‍ സമാന്തര ലോകത്ത് ജീവിക്കുന്നവനുമായിരുന്നു.

ആരാണ് കൊലകള്‍ നടത്തിയത്? പ്രഫസറാണോ, അദ്ദേഹത്തിന്റെ ഭാര്യ, മീര, വെങ്കി, ദീപക് അല്ലെങ്കില്‍ മറ്റേതെങ്കിലും അദൃശ്യ ശക്തി? പരസ്പരം സംശയിക്കാവുന്ന തരത്തില്‍ ആണ് മൂന്നുകൊലപാതകങ്ങളും നടന്നിട്ടുള്ളത്. കൊല നടക്കുന്ന സ്ഥലത്തെല്ലാം പ്രഫസറുണ്ട് എന്നതാണ്  സമാനത!. പ്രത്യക്ഷത്തില്‍ ലളിത ഇതിവൃത്തമെന്ന തോന്നല്‍ സൃഷ്ടിക്കുന്നഈ നോവലിന്റെ പേരില്‍ തന്നെ പുതുമയുണ്ട്. മരണമെന്ന് തോന്നിക്കുന്ന മരണമാണ്, യഥാര്‍ത്ഥ മരണമല്ല ഛായാമരണം! വെര്‍ച്വല്‍ മരണമാണ്. മരണങ്ങളുടെ പിറകിലെ സത്യംതേടല്‍ അയുക്തികമാണ്. സത്യാനന്തരകാലത്തെ മരണവും ഭരണവും എല്ലാ സംവിധാനങ്ങളും യാഥാര്‍ത്യത്തെ വെല്ലുന്ന അയഥാര്‍ത്ഥങ്ങള്‍ ആയിരിക്കുമല്ലോ. ഇതൊരു ചതിക്കുഴിയാണ്. ചരിത്രത്തെയും ശാസ്ത്ര യുക്തികളെയും, സാംസ്‌കാരിക പുരോഗതിയെയും ഇപ്പോള്‍ കാണുന്നതെല്ലാം സ്വാഭാവികമാണ് എന്നു സിദ്ധവല്‍ക്കരിക്കാനുള്ള ഭീകരവാദികളുടെ കുല്‍സിത ശ്രമം.

പുസ്തകം വാങ്ങാം

ഇസ്രായേല്യരുടെ വിശ്വാസപ്രകാരം കിട്ടാനുള്ള വാഗ്ദത്തഭൂമി, ഉര്‍ദുഗാന്റെ സാങ്കല്‍പ്പിക സാമ്രാജ്യം, ഐ.എസിന്റെ സാമ്രാജ്യം, ഇതിഹാസ സങ്കല്പത്തിലെ ആര്യാവര്‍ത്തം എന്നിവ പുലരണമെങ്കില്‍ മനുഷ്യവംശ വൈവിധ്യങ്ങള്‍ ഇല്ലാതാകുന്ന സങ്കല്പയുഗത്തില്‍ മാത്രമായിരിക്കും. ആ ലോകം അയുക്തികമാണ്. മറിച്ച് ഉള്ള ശ്രമങ്ങള്‍ വംശനാശമായിരിക്കും ഉണ്ടാക്കുക. എന്നൊരു ഭീഷണി എല്ലാ അറിവിടങ്ങളിലും സന്ദേശമായി തൂങ്ങി നില്‍പ്പുണ്ട്. വംശനാശമാണ് ഫാസിസ്റ്റുകള്‍ ഭരണകൂട സ്ഥാപനത്തിലൂടെ നടത്തുന്നത്. അതിന് സത്യാനന്തരകാലത്തെ സൈബര്‍ സ്‌പെയ്‌സ്‌ ഉള്‍പ്പെടെയുള്ള സകല സാധ്യതതകളും ഉപയോഗിക്കും. അവര്‍ക്കെതിരെ പ്രൊഫസര്‍ കാണിക്കുന്ന നിതാന്ത ജാഗ്രതക്കേ കഴിയൂ. ഇരയായേക്കുമെങ്കിലും, പരിസ്ഥിതിവാദികളും (രഘുരാമന്‍) സമാനചിന്തയുള്ള മനുഷ്യസ്‌നേഹികളും കൂട്ടുണ്ടായിരിക്കും എന്നും ഛായാമരണം പറഞ്ഞുവെക്കുന്നു. നെഞ്ചുകീറി നേരിനെ കാണാന്‍ കരുതലുള്ളവരേ ഛായാമരണം വായിച്ചേ മതിയാകൂ.

പ്രവീണ്‍ ചന്ദ്രന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Praveen Chandran Malayalam Novel Book Review Mathrubhumi Books

Content Highlights: