'യുദ്ധവും സമാധാനവും' പകര്‍ത്തിയെഴുതിയത് ഏഴ് തവണ, എഴുത്തുകാരന്‍ ഒരു അടിക്കുറിപ്പിന്റെ സ്ഥാനം പോലും നല്‍കിയില്ലല്ലോ..

ചന്ദ്രമതി രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഒഴുകാതെ ഒരു പുഴ’ എന്ന പുസ്തകത്തെക്കുറിച്ച് വായിക്കാം...
ഞാനാരാണെന്നാണ് അദ്ദേഹത്തിന്റെ വിചാരം? കുഞ്ഞിനെ നോക്കാന്‍ സൃഷ്ടിക്കപ്പെട്ടവളോ? അതോ അദ്ദേഹത്തിന്റെ സംതൃപ്തിക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവളോ? വീട്ടിലെ തടിസാമാനം ആണോ ഞാന്‍? പണ്ട് ഞാന്‍ എഴുതുമായിരുന്നു. ചിത്രം വരയ്ക്കുമായിരുന്നു. ഞാന്‍ ഒരു സ്ത്രീയാണ്. സ്ത്രീ...
വിശ്വവിഖ്യാത എഴുത്തുകാരന്‍ കൗണ്ട് ലിയോ ടോള്‍സ്റ്റോയിയുടെ പത്‌നി സോണിയയുടെ വാക്കുകളാണ്. ചന്ദ്രമതി ടീച്ചറുടെ ഒഴുകാതെ ഒരു പുഴ അവരുടെ കഥയാണ്.
ഇത് വായിച്ചപ്പോള്‍ ടോള്‍സ്റ്റോയിയെന്ന മഹാനായ എഴുത്തുകാരനെ ഗുരുവായി കരുതിയ മഹാത്മാവിന്റെ പത്‌നി ബായെ ഓര്‍ത്തു. അടുത്തിടെയാണ് അജിത് വെണ്ണിയൂര്‍ എഴുതിയ ബാ- ബാപ്പു അറിഞ്ഞതും അറിയേണ്ടതും എന്ന പുസ്തകം വായിച്ചത്. ശ്രീകാന്ത് കോട്ടക്കലിന്റെ ഗാന്ധി നടന്ന വഴികളിലൂടെ എന്ന പുസ്തകത്തില്‍ വായിച്ചതോര്‍ക്കുന്നു.
ഒരിക്കല്‍ ട്രെയിന്‍ യാത്രയില്‍ നിര്‍ത്തിയിട്ട ബോഗിക്കരികില്‍ ലഹരിയില്‍ ബോധം മറഞ്ഞിട്ടും അമ്മയ്ക്ക് ഓറഞ്ച് നീട്ടിക്കൊണ്ട് മകന്‍ ഹരിലാല്‍ പറഞ്ഞു.. 'കഴിക്കൂ അമ്മാ..'
'എനിക്കില്ലേ' എന്ന് ബാപ്പു ചോദിച്ചു.
'ഇല്ല.. നിങ്ങള്‍ക്കില്ല.. നിങ്ങളുടേതെല്ലാം ഈ ബായുടെ സംഭാവനയാണ്' ഗാന്ധി തലകുനിച്ചു.
സോണിയ അഥവാ സോഫിയയുടെ ജീവിതമാണ് ചന്ദ്രമതി ടീച്ചര്‍ പകര്‍ത്തി എഴുതിയിരിക്കുന്നത്. ഒഴുകാത്ത ആ പുഴയെ അത്രമേല്‍ സ്‌നേഹിച്ചു പോകും. ആ മനസ്സിനെ വല്ലാതെ നമിച്ചു പോവും, നിറച്ചു പോവും ഏതു വായനക്കാരനും.
തുടരെത്തുടരെ പതിനാറു പ്രസവങ്ങള്‍. അതില്‍ ചില മക്കളുടെ മരണം. ടോള്‍സ്റ്റോയിയുടെ ദര്‍ശനങ്ങളുടെ ഭ്രാന്തന്‍ വേലിയേറ്റങ്ങള്‍. ക്രിസ്തുവിനെ ഉള്‍ക്കൊണ്ടും പള്ളിയെ തഴഞ്ഞും എഴുതി നിറച്ച പേപ്പറുകള്‍. വിറയാര്‍ന്ന കൈകള്‍ കൊണ്ട് ഏഴ് തവണ താന്‍ പകര്‍ത്തിയെഴുതിയ 'യുദ്ധവും സമാധാനവും' ശാന്തിയോടെ സോണിയയെ നോക്കി.
പിന്നെ ലിയോ മനം മാറിയശേഷം എഴുതിയ ഐവാന്‍ ഇലീച്ചിന്റെ മരണം, മകള്‍ സാഷാ ഉള്‍പ്പെടെ വിഖ്യാതനായ എഴുത്തുകാരന്റെ അനേകമനേകം ആരാധകരും അദേഹത്തിന് പോലും പിടി കൊടുക്കാത്ത ചൂഷകരും. അവര്‍ക്കിടയില്‍ തന്റെ പ്രണയം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടോ.. സോണിയ പതറി.
പ്രഭുവായ ടോള്‍സ്റ്റോയിയുടെ വലിയ ഭവനത്തിലേക്ക് വിറയാര്‍ന്ന കാലുകളോടെ എത്തിയ സോണിയ. തന്റെ കുത്തഴിഞ്ഞ ജീവിതമാകുന്ന ഭൂതകാലത്തെ മുഴുവന്‍ ഡയറിത്താളുകളിലൂടെ പ്രതിശ്രുതവധുവിന് കൈമാറിയ ദാര്‍ശനികന്‍. എന്തൊക്കെ ഭാവങ്ങളാണ് ദൈവമേ, ഈ താളുകളില്‍ ഇങ്ങനെ നിറച്ചുവെച്ചിരിക്കുന്നത്.
പിന്നീട് ഒരു അസാധാരണമായ കണ്ടുമുട്ടല്‍.. സോണിയ ടോള്‍സ്റ്റോയിയും അന്ന ദസ്‌ക്കയോവിസ്‌കിയും.. പറഞ്ഞാല്‍ തീരാത്ത സങ്കടക്കടലുകള്‍. ഒഴുകുകയായിരുന്നു ആ പുഴ. പെണ്ണിന്റെ കണ്ണീരിന്റെ പുഴ. ഗാന്ധിജിയും ടോള്‍സ്റ്റോയിക്ക് പിന്നാലെയായിരിക്കണം മുപ്പത്തേഴാം വയസ്സില്‍ ബ്രഹ്‌മചര്യം ശീലിച്ചത്. ബായുടെ സേവനങ്ങളെ ഉള്ളില്‍ അഭിനന്ദിച്ചെങ്കിലും ആ വ്യക്തിത്വത്തെ ബാപ്പുജി കണ്ടില്ലെന്നു നടിച്ചു. എന്തുകൊണ്ടാണെന്നറിയില്ല അന്നയും സോണിയയും ബായെ കൂടി കണ്ടിരുന്നെങ്കില്‍ എന്നോര്‍ത്തുപോയി.
ഈയിടെ നമ്മെ പിരിഞ്ഞ ഡോ. മാലതിയുടെ അമ്മയും എന്തുകൊണ്ടോ എന്റെ മുന്നില്‍ വന്നു നിറഞ്ഞു നിന്നു. പൈതൃകമായി കിട്ടിയതും എഴുതിയതിന്റെ റോയല്‍റ്റിയുമെല്ലാം പാര്‍ട്ടിക്ക് നല്‍കിയ പ്രതിഭാശാലിയായിരുന്നല്ലോ മാലതിയുടെ അച്ഛന്‍. ടോള്‍സ്റ്റോയ് തന്റെ പിതൃസ്വത്തും എഴുത്തിന്റെ പ്രതിഫലവും പാവങ്ങള്‍ക്കായി നല്‍കിയപ്പോള്‍ സോണിയ കയര്‍ത്തതു പോലെ ആര്യാ അന്തര്‍ജനവും കയര്‍ത്തിട്ടുണ്ടാകുമോ? അങ്ങനെയാകുമോ അവര്‍ മാനസിക വിഭ്രാന്തിക്ക് അടിപ്പെട്ടത്. ഇപ്പോഴും സ്ത്രീകളെ കാത്തിരിക്കുന്നത് ഇത്തരം സങ്കടങ്ങളുടെ കടലുകളാണല്ലോ.
വീണ്ടും ഒരു പുഴയും ഒഴുകാതെ നിറയുകയാണല്ലോ. ഈ പുഴകള്‍ ഒക്കെ ലയിച്ച് തിരമാലകളിലേക്ക് ഒളിച്ചു പോവുകയാണല്ലോ.. ദൈവമേ.. ഇത് തന്നെയാണല്ലോ ജീവിതം. ആ തിരക്കുതിപ്പുകളില്‍ നിന്ന് ഒരു മുഖം എഴുത്തുകാരിയോട് സംവദിക്കുന്നു.
ചന്ദ്രാ…
നമ്മള്‍ തമ്മില്‍ നൂറ് വര്‍ഷങ്ങളുടെ വ്യത്യാസങ്ങളുണ്ട്. ഭൂഖണ്ഡങ്ങളും എത്രയോ വ്യത്യാസം. എന്നിട്ടും നീ എന്നെ തേടി വന്നല്ലോ. എഴുത്തുകാരന്‍ ഒരു അടിക്കുറിപ്പിന്റെ സ്ഥാനം പോലും നല്‍കാത്ത എന്നെത്തേടി...
Content Highlights: Explore `Ozhukathe Oru Puzha` by Chandramathi, a book delving into the life of Sonia Tolstoy, her struggles, and unrecognized contributions.