മാതംഗലീല; ഉടലിന്റെ പകർന്നാട്ടങ്ങൾ

#ഡോ. ദിവ്യ ധര്‍മ്മദത്തന്‍
സന്തോഷ് ഏച്ചിക്കാനം, പുസ്തകത്തിന്റെ കവര്‍ പേജ്
സന്തോഷ് ഏച്ചിക്കാനം, പുസ്തകത്തിന്റെ കവര്‍ പേജ്

സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘മാതംഗലീല’ എന്ന നോവലിന്റെ ആസ്വാദനം.

പാലക്കാടിന്റെ പശ്ചാത്തലത്തിൽ പ്രണയവും പകയും രതിയും രാഷ്ട്രീയവുമെല്ലാം ചേർത്ത് കഥാകൃത്തായ സന്തോഷ് ഏച്ചിക്കാനം എഴുതിയ ആദ്യ നോവലാണ് മാതംഗലീല. വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് പ്രാദേശികമായി ഉണ്ടായിരുന്ന ഒടിവിദ്യയെ മുൻനിർത്തി എഴുതിയതാണ് ഈ നോവൽ. നവോത്ഥാന കാലത്ത് കേരളം അയിത്തം പോലുള്ള ദുരാചാരങ്ങൾ ഉൻമൂലനം ചെയ്തു കഴിഞ്ഞിരുന്നെങ്കിലും ജാതി ഒളിഞ്ഞും തെളിഞ്ഞും കേരള സമൂഹത്തിൽ ഇപ്പോഴുമുണ്ട്. ജാതിവ്യവസ്ഥയുടെ രാക്ഷസീയത ഈ നോവലിലെ പല രംഗങ്ങളിലും കാണാം. ബാല്യകാലത്ത് തേയ്ക്കാട്ട് ഇല്ലത്ത് വച്ചുണ്ടായ തിക്തമായ അനുഭവമാണ് തെച്ചോരൻ എന്ന ബാലനെ ഒടിവിദ്യ പഠിപ്പിക്കാൻ പ്രേരിപ്പിച്ചത്. ചെയ്യാത്ത കുറ്റത്തിന് ജൻമിയുടെ തല്ലുകൊണ്ട് ചത്തവനായിരുന്നു തെച്ചോരന്റെ അപ്പൻ. തെച്ചോരന് ഒടി എന്നും ജാതീയതയ്ക്ക് എതിരെയുള്ള സമരമായിരുന്നു.

കഞ്ചാവ് കൃഷിയിലൂടെ അയാൾ പണമുണ്ടാക്കുന്നുവെങ്കിലും പണംകൊണ്ട് ജാതിയെ ഇല്ലാതാക്കാനാവില്ലെന്ന് അയാൾ തിരിച്ചറിയുന്നുണ്ട്. അതിനാൽ അയാൾ ഒടിവിദ്യ പരിശീലിക്കുകയും തന്നെ അപമാനിച്ച് ഇറക്കി വിട്ട അതേ ഇല്ലത്തിൽ ഒടിവിദ്യയ്ക്കായി ക്ഷണിക്കപ്പെട്ട് ചെല്ലുകയും ചെയ്യുന്നുണ്ട്. ഹീന ജാതിക്കാരനെ അകത്ത് കയറ്റുന്നതിൽ ഇല്ലത്തുള്ളവർക്ക് പ്രയാസം ഉണ്ടെങ്കിലും മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ തെച്ചോരനെ അകത്തേക്ക് വരെ കയറ്റുന്നുണ്ട്.തെച്ചോരൻ ഗോവണിപ്പടികളിൽ ഉറക്കെ ചവിട്ടി തന്റെ അധികാരം ഉറപ്പിച്ചുകൊണ്ടാണ് ഇല്ലത്തിന്റെ മേൽ നിലയിലേക്ക് കേറുന്നത്. ബാല്യത്തിൽ തന്നെ അപമാനിച്ച് ഇറക്കിവിട്ട നമ്പൂതിരിയുടെ രണ്ട് ആൺ മക്കളെയും ഒടിവിദ്യയിലൂടെ തെച്ചോരൻ പിന്നീട് വധിക്കുന്നുണ്ട്.

ഒടിവിദ്യ കീഴ്ജാതിക്കാർക്ക് പ്രതിരോധം ആയിരുന്നു. പാങ്ങോട്ടെ നായൻമാരുടെ കണ്ടത്തിൽ പണിക്കിറങ്ങുന്ന പെൺകുട്ടികളൊക്കെ സ്വയരക്ഷയ്ക്കായി തെച്ചോരന്റെ ബന്ധുക്കളാണെന്ന് പറയുമായിരുന്നു. അത് കേൾക്കുമ്പോൾ അവരെ നോട്ടമിട്ടിരുന്ന യജമാനൻമാർ പലരും സ്ഥലം വിടുമായിരുന്നു. ജാതിയെ ഉൻമൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പാർവതി എന്ന നമ്പൂതിരി സ്ത്രീയുടെ ചേതനയറ്റ ശരീരത്തിൽ തെച്ചോരൻ ചിത്തിര സെൽവി എന്ന ഹീന ജാതിക്കാരിയുടെ ആത്മാവിനെ കുടിയിരുത്തിയത്. എന്നാൽ ''മനുഷ്യന് മാത്രമല്ല, ഇന്നാട്ടിൽ മരത്തിന് പോലും ജാതിയിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയിട്ടില്ല' എന്ന് നോവലിൽ പറയുന്നുണ്ട്. എന്നാൽ എത്ര തൂത്തെറിയാൻ നോക്കിയാലും ബ്രാഹ്‌മണ്യം പുതിയ കാലത്ത് പുതിയ രൂപത്തിൽ ആധിപത്യം സ്ഥാപിക്കും എന്നാണ് തെച്ചോരനുണ്ടായ ദാരുണമായ അന്ത്യം വ്യക്തമാക്കുന്നത്. വേണമെങ്കിൽ വെള്ളത്തിൽ മുങ്ങികിടന്ന് തനിക്ക് രക്ഷപ്പെടാമായിരുന്നുവെന്ന് തെച്ചോരൻപറയുന്നുണ്ട്. എന്നാൽ പുഴയിലുള്ള എല്ലാ ജീവജാലങ്ങളും ചത്ത് പോകും എന്നതിനാൽ തെച്ചോരൻ ദുരന്തം സ്വയം ഏറ്റുവാങ്ങുകയാണ്.

'വേറവര്ക്ക് വേണ്ടി ജീവിച്ച് മരിക്കണതിന്റെ പേരാണ് ഒടി'' എന്ന് അവസാനം അയാൾ മകളോട് പറയുന്നുണ്ട്. ജാതിയുടെ മുന്നിൽ ഒരിക്കൽ കൂടി തെച്ചോരൻ തോറ്റു പോകുകയാണ്. ദളിത് പീഡനങ്ങളും ആത്മഹത്യകളും നടക്കുന്ന സമകാലിക ഇന്ത്യയുടെ കറുത്ത ചിത്രം' മാതംഗലീലയിലും കാണാം. ദളിത് തൊഴിലാളികൾ ജന്മിമാരിൽ നിന്നനുഭവിക്കുന്ന ക്രൂര പീഡനങ്ങളും ഈ നോവലിലുണ്ട്.

അധികാരം ഒരു ലഹരിയാണ്. അതിൽ ഉൻമത്തരായവർക്ക് നൈതികത നഷ്ടമാകും. 'അധികാരത്തിന്റെ സുഖം അനുഭവിക്കാനുള്ള അവസരം കിട്ടിയാൽ ഈ ഭൂലോകത്തുള്ള ഒട്ടുമിക്ക ആളുകളും പാങ്ങോട് മാധവൻമാരായി മാറിയേക്കാം' എന്ന് നോവലിൽ പറയുന്നുണ്ട്. ജന്മി സമ്പ്രദായം കൊടി കുത്തി വാണിരുന്ന കാലത്താണ് കഥ നടക്കുന്നത്. പാങ്ങോട് മാധവൻ നായർ എന്ന ജന്മി അധികാര കേന്ദ്രങ്ങളെ എല്ലാം സ്വാധീനിച്ച് കൊടുംക്രൂരതകളാണ് നടത്തിയിരുന്നത്. എന്നാൽ ഇതേ ജന്മിയെ വെറുക്കുകയും എതിർക്കുകയും ചെയ്ത ബാലകൃഷ്ണൻ ഒടിവിദ്യയിലൂടെ ആനയായി മാറിയപ്പോൾ പക ഉണ്ടായിരുന്ന പോലീസുകാരെ കൊന്നു. മാത്രവുമല്ല, ആർക്കും കാട്ടിൽ ഇറങ്ങാൻ പറ്റാത്ത ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. എന്ത് കണ്ടാലും ചവിട്ടി അരയ്ക്കാൻ തോന്നുന്ന മാനസികാവസ്ഥയിൽ അയാൾ എത്തി. അതിനാൽ നാട്ടുകാർ പാങ്ങോട് മാധവൻ നായർ എന്ന പേര് കൂടി തിരുമിറ്റക്കോട് ബാലകൃഷ്ണൻ എന്ന ആനയ്ക്ക് നൽകി. എന്തിനെയാണോ താൻ എതിർത്തത് അതായി തീരുന്ന ദുരന്തമാണ് ബാലകൃഷ്ണന്റെ ജീവിതത്തിൽ സംഭവിച്ചത്. പ്രണയിനിക്ക് സംഭവിച്ച ദുരന്തമാണ് ബാലകൃഷ്ണനെ തീരാദുരിതങ്ങളിലേക്ക് തള്ളി വിട്ടത്. 'മനുഷ്യനും മൃഗവും തമ്മിൽ കൂട്ടിമുട്ടുന്ന ഒരേ ഒരു അഴിമുഖം അധികാരം ആണെന്ന് ' ബാലകൃഷ്ണൻ തിരിച്ചറിയുന്നുണ്ട്.

പാങ്ങോട്ട് കുറച്ച് സഖാക്കൾ ചേർന്ന് കർഷക സംഘം രൂപീകരിക്കുന്നതും കൊയ്യാനും മെതിക്കാനും വരുന്ന സ്ത്രീകൾ ആ യോഗങ്ങളിൽ പോയി തുടങ്ങുന്നതുമെല്ലാം നോവലിന്റെ ആദ്യഭാഗത്തുണ്ട് പിന്നീട് ഈ കർഷക സംഘത്തിലെ ആളുകളുടെ എണ്ണം വർദ്ധിച്ച് അവർ പാങ്ങോട്ടെ കുപ്രസിദ്ധനായ ജൻമി കുറുക്കൻ പൊറ്റ കലാധരന് നേരെ കൂലിവർധന ആവശ്യപ്പെട്ട് രാപകൽ സമരത്തിനിറങ്ങുന്നുണ്ട്. തോക്കുമായി വന്ന ജൻമിയോട് നെഞ്ചിന് നേരെ വെടി വയ്ക്കാൻ പറഞ്ഞ് ആ സമരത്തെ വിജയിപ്പിച്ചത് താഴമ്പൂ എന്ന യുവതിയായിരുന്നു. സമരം ജയിക്കും വരെ ആ മണ്ണിൽ തന്നെ ഇരിക്കും എന്ന് പറഞ്ഞ് അയ്യങ്കാളി തിരുവിതാംകൂറിൽ നടത്തിയ ആദ്യത്തെ കർഷക സമരത്തെ കുറിച്ച് പ്രസംഗിച്ച് താഴമ്പൂ മറ്റ് കർഷക തൊഴിലാളികളെ ആവേശം കൊള്ളിക്കുന്നുണ്ട്. കുറുക്കൻ പൊറ്റയ്ക്ക് എതിരെ ഉള്ള പ്രക്ഷോഭം വിജയിച്ചതോടെ കർഷകത്തൊഴിലാളികൾ സമരം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചത് ആയി നോവലിൽ സൂചിപ്പിക്കുന്നുണ്ട്.

എഴുപതുകളിൽ വളർന്നു വന്ന നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം 'മാതംഗലീല'യിൽ കാണാം. പാങ്ങോട് നക്‌സൽ ഭീഷണിയുള്ള സ്ഥലമായിരുന്നു. മണ്ണൂർ ശങ്കുണ്ണി എന്ന നക്‌സൽ ഈ നോവലിലെ ഒരു പ്രധാന കഥാപാത്രമാണ്. തമിഴ്‌നാട്ടിലെ തൊഴിലാളികൾക്കിടയിൽ ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തുകയും, പോലീസ് സ്റ്റേഷൻ ആക്രമണത്തിലെ മുഖ്യപതിയായി ജയിലിൽ കിടക്കുകയും ചെയ്തതാണ് അയാൾ. പാങ്ങോട് മാധവൻ നായരെയും ഈശ്വര പണിക്കരെയും വധിക്കാൻ പദ്ധതി തയ്യാറാക്കിയത് ശങ്കുണ്ണിയായിരുന്നു. എന്നാൽ ഏതൊരു നക്സലിനും ഉണ്ടാകുന്ന ദുരനുഭവം തന്നെയാണ് അയാൾക്കും ഉണ്ടായത്. ശങ്കുണ്ണിയ്ക്ക് ജാതിയേക്കാൾ വലുത് അറിവായിരുന്നു എന്ന് നോവലിൽ പറയുന്നുണ്ട്. ഹീനജാതിക്കാരനും എന്നാൽ ജ്ഞാനിയുമായിരുന്ന പുലവരെ ശങ്കുണ്ണി ബഹുമാനിച്ചിരുന്നു അറിവുള്ളവരെ ആർക്കും പറ്റിക്കാൻ സാധിക്കില്ല എന്ന് തെച്ചോരൻ പറഞ്ഞതായി താഴമ്പൂവും പറയുന്നുണ്ട്. ജാതിയെക്കാൾ ജ്ഞാനമാണ് മുഖ്യം എന്ന കാഴ്ചപ്പാട് നോവലിൽ കാണാം.

'ഭാഷയ്ക്ക് മാത്രമേ ആയുധങ്ങളെ തോൽപ്പിക്കാനുള്ള ശക്തിയുള്ളൂ' എന്ന് ബാലകൃഷ്ണൻ ചിന്തിക്കുന്നുണ്ട്. ശരീരം നശ്വരമാണ്, ആത്മാവാണ് പ്രധാനം എന്നൊക്കെ പറയുമെങ്കിലും ഒരു വ്യക്തിയെ നിർണയിക്കുന്നതിൽ അതിന് രണ്ടിനും തുല്യഅളവിൽ പ്രാധാന്യമുണ്ട് എന്ന് ഈ നോവൽ വായിച്ചാൽ സ്പഷ്ടമാകും. 'മനുഷ്യർ ശരീരത്തിന് മേൽ ആസക്തിയുടെ പുഴുക്കളെ പോലെ നുരയുകയാണ്. ഇനി കാഴ്ചയുടെ കാലമാണ് മോളെ' എന്ന് പാർവതി ചിത്തിര സെൽവിയോട് പറയുന്നുണ്ട്. മൃതയായ പാർവതിയുടെ ശരീരത്തിലേക്ക് ഹീന ജാതിക്കാരിയായ ചിത്തിര സെൽവിയുടെ ആത്മാവ് കയറുമ്പോൾ അവിടെ ഒരു സംഘർഷം ഉടലെടുക്കുന്നുണ്ട്. പാർവതിയുടെ സവർണ ശരീരത്ത സെൽവിയുടെ ആത്മാവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നെങ്കിലും പരാജയപ്പെടുന്നു.''തന്നെയിപ്പൊ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ശരീരമാണ്. ആത്മാവിന് മേൽ ശരീരം ആധിപത്യം നേടിയിരിക്കുന്നു'' എന്ന് സെൽവി തിരിച്ചറിയുന്നിടത്ത് അവളുടെ പരാജയം പൂർണമാകുന്നു. ഓരോ ആവശ്യങ്ങൾ പറഞ്ഞ് പാർവതിയെ അനുസരിപ്പിക്കുമ്പോഴൊക്കെ ഇത്രയും കാലം താനും തന്റെ തലമുറയും സഹിച്ചു പോന്ന വിവേചനത്തിനെതിരെയുള്ള ആത്യന്തിക വിജയമായിട്ടാണ് തെച്ചോരൻ കണ്ടത്. വെളുപ്പിൽ കറുപ്പിനെ കലക്കണം എന്നും അല്ലാതെ നാട്ടിൽ ജാതിയ്‌ക്കൊരു അവസാനം ഉണ്ടാകില്ലെന്നും അയാൾ വിശ്വസിച്ചിരുന്നു.

ജാതിമതങ്ങൾക്കതീതമായ സ്‌നേഹം എന്ന സങ്കൽപം 'മാതംഗലീല'യിലുണ്ട്. ഹൈദരലിയും ആര്യ അന്തർജനവും തമ്മിലുള്ള പ്രണയം ഇതിന് ഏറ്റവും മികച്ച ദൃഷ്ടാന്തമാണ്. തന്റെ പൂർവചരിത്രം വിശദമായി പറഞ്ഞിട്ടും ഹൈദരലിയ്ക്ക് തന്നോടുള്ള പ്രണയം അൽപം പോലും കുറഞ്ഞിട്ടില്ല എന്നത് ആര്യയെ വിസ്മയിപ്പിക്കുന്നുണ്ട്. 'അവരവര് ഉണ്ടാക്കുന്നതോ എല്ലെങ്കിൽ വേറവര് തരുന്നതോ ആയ സന്തോഷോം സ്‌നേഹോം ഒക്കെയാണ് ഈ ജീവിതം'' എന്ന് ഹൈദരലി പറയുന്നുണ്ട്. ബാലകൃഷ്ണനും ചിത്തിര സെൽവിയും തമ്മിലുള്ള പ്രണയം ദിവ്യമാണ്. തന്റെ ശരീരം ഇല്ലാതായിട്ടും ബാലകൃഷ്ണന് തന്നോടുള്ള പ്രണയം കുറയുന്നില്ല എന്ന് മനസ്സിലാക്കിയ സെൽവിയുടെ ആത്മാവ് അയാളെ പിന്തുടരുന്നുണ്ട്. താഴമ്പൂവിന് ബാലകൃഷ്ണനോടുള്ള പ്രണയവും നോവലിൽ കാണാം. ഇത്തരത്തിൽ

പ്രണയവും പകയും ഇടകലർത്തിയ ആഖ്യാനം വായനക്കാരെ പലപ്പോഴും ഉദ്വേഗമുനയിൽ നിർത്തുന്നുണ്ട്. മാജിക്കൽ റിയലിസത്തിന്റെ സ്വാധീനം നോവലിലെ പല രംഗങ്ങളിലും കാണാം. പണിക്കരുടെ തലയുമായി ഹൈദരലി വന്നത് തൊട്ട് നെല്ലിമരം ഉണ്ടാകുന്നത് വരെയുള്ള വിവരണങ്ങൾ സാധാരണ യുക്തിയിൽ അസാധ്യമായ കാര്യങ്ങളാണ്:
പ്രതികാരദാഹിയായ ആര്യയുടെ മനസ്സിലുള്ള ഭ്രമാത്മക ചിന്തകളാണ് ഇവിടെ നോവലിസ്റ്റ് വിവരിച്ചിരിക്കുന്നത്. ബാലകൃഷ്ണനും പാലമരവുമായുള്ള സംയോഗം ഭ്രമാത്മകമായി ആവിഷ്‌കരിച്ചിരിക്കുന്നത് അയാൾക്ക് സെൽവിയോടുള്ള തീവ്രപ്രണയം കാണിക്കാനാണ്.

''അപ്പോൾ ശരീരമൊന്നാകെ പൊട്ടിയടർന്ന് ഒരു വൻ പ്രവാഹമായി അവൻ മരത്തോടൊപ്പം അഗാധതയിലേക്ക് കുത്തിയൊലിച്ചു'' പാങ്ങോട് മാധവന്റെ വധശ്രമത്തിൽ വെളിച്ചപ്പാടിനെ കൊണ്ടുവന്നതിലും ഭ്രമാത്മകത കലർത്തിയിട്ടുണ്ട്.

ഫുട്‌ബോൾ കളിയും മൺ മറഞ്ഞ പ്രശസ്ത ബ്രസീലിയൻ ഫുട്‌ബോളറായ ഗാരിഞ്ചയും ഈ നോവലിൽ വരുന്നുണ്ട്. ഹൈദരാലി യുദ്ധത്തിൽ കാൽ നഷ്ടമാകുന്നതിന് മുമ്പ് ഫുട്‌ബോൾ  കളിക്കുമായിരുന്നു. കാലിന് വൈകല്യം ഉണ്ടായിട്ടും പരിമിതികളെ അതിജീവിച്ച് മുന്നേറിയ ഗാരിഞ്ചയെ പോലെയായിരുന്നു കണ്ണദാസനും. ജാതിപരമായ അധഃകൃതത്വം ആയിരുന്നു അവന്റെ പരിമിതി. ഗ്രൗണ്ടിൽ കണ്ണദാസൻ കളിക്കുന്നത് ആദ്യമായി കണ്ടപ്പോൾ തന്നെ ഹൈദരാലി അവനെ ഏറ്റെടുത്തു. അന്നത്തെ കളിയിൽ മേൽജാതിക്കാരായ എതിർടീം പരാജയം സമ്മതിക്കാൻ മടിച്ച് അവൻ ഇത് വരെ അടിച്ചതും ഇനി അടിക്കാൻ പോണതുമായ ഒരു ഗോളും ഗോളായി കണക്കാക്കില്ല എന്ന് പ്രഖ്യാപിച്ചെങ്കിലും കണ്ണദാസൻ അതിനെതിരെ പ്രതികരിക്കാതെ കളിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഫുട്‌ബോൾ കളി പ്രതിരോധമായി മാറുന്നു. കണ്ണദാസനിൽ ഉറങ്ങി കിടക്കുന്ന കീഴാള ബോധമാണ് അവനെ നിശബ്ദനാക്കിയത്. 'ജന്മംകൊണ്ട് താണ ജാതിക്കാരൻ ആണെങ്കിലും കർമംകൊണ്ട് അവൻ രാജാവാണെന്ന് ''ഹൈദരലി മുംതാസിനോട് പറയുന്നുണ്ട്. ഹീനജാതിക്കാരനായ വെള്ളാങ്കിരിയുടെ മകനായ കണ്ണദാസനിൽ ഒരു നല്ല കളിക്കാരൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഹൈദരലി അവനെ ഏറ്റെടുത്ത് പരിശീലനം കൊടുത്ത് മികച്ച കളിക്കാരനായി മാറ്റുന്നുണ്ട്. ഗാരിഞ്ചയെ പോലെ കളിച്ചിരുന്നതിനാൽ കണ്ണദാസനെ ആളുകൾ ഗാരിഞ്ച എന്ന് വിളിച്ചു. ഹൈദരലി ഗാരിഞ്ചയുടെ പേരിൽ അവിടെ ഒരു ഫുട്‌ബോൾ അക്കാദമി ഉണ്ടാക്കി.

'മാതംഗലീല' യിലെ സ്ത്രീ കഥാപാത്രങ്ങൾ എല്ലാം വൈവിധ്യം നിറഞ്ഞവരാണ്. ശരീരം ഇല്ലാതായിട്ടും ബാലകൃഷ്ണനെ സ്‌നേഹിക്കുന്ന ചിത്തിര സെൽവി, കർഷകസമരങ്ങളിൽ പങ്കെടുത്ത് നേതൃസ്ഥാനത്തേക്ക് ഉയർന്ന താഴമ്പൂ, ഇടശ്ശേരിയുടെ കവിത ചൊല്ലി ഉണ്ണിയെ രക്ഷിക്കുകയും തന്റെ ജീവിതം തകർത്തവരോട് പക തീർക്കുകയും ചെയ്ത ആര്യ അന്തർജനം, തന്റെ ആഗ്രഹങ്ങൾക്ക് തടസ്സമായ മകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സുഭദ്ര അന്തർജനം, ബ്രാഹ്‌മണ്യത്തിന്റെ അധികാരം പുനഃസ്ഥാപിക്കുന്ന പാർവതി അന്തർജനം, നക്‌സലൈറ്റിനെ ഒറ്റ് കൊടുക്കുന്ന ലക്ഷ്മി അമ്മ, പോത്തായി മാറിയിട്ടും ഭർത്താവിനെ സ്നേഹിക്കുകയും ഒടുവിൽ മകന് വേണ്ടി അയാളെ തള്ളിപ്പറയുകയും ചെയ്ത പച്ചോല തുടങ്ങി നിരവധി സ്ത്രീകഥാപാത്രങ്ങൾ ഈ നോവലിലുണ്ട്. രാഗദ്വേഷങ്ങളുടെ വ്യത്യസ്ത അനുഭൂതികളുണ്ടാക്കാൻ ഈ കഥാപാത്രങ്ങൾക്ക് സാധിക്കുന്നുണ്ട്.

പാരിസ്ഥിതികമായ അവബോധം വായനക്കാരിൽ സൃഷ്ടിക്കാൻ 'മാതംഗലീല'യിലൂടെ നോവലിസ്റ്റിന് സാധിക്കുന്നുണ്ട്. താഴമ്പൂ എന്ന യുവതി മയിൽ മുട്ട അടയിരുന്ന് വിരിയിക്കുന്നതും കടമ്പൻ എന്ന മയിലിനെ മകനായി വളർത്തുന്നതും പാർട്ടി പറഞ്ഞിട്ട് പോലും അവനെ ഉപേക്ഷിക്കാൻ വിസമ്മതിക്കുന്നതുമെല്ലാം നോവലിൽ കാണാം. 'പറക്കലാണ് പക്ഷിയുടെ സ്വാതന്ത്ര്യം. ഒരു പക്ഷീനെ കൊണ്ട് പറക്കണ്ട എന്ന് പറയാൻ ഈ ലോകത്ത് ഒര്ത്തനും അവകാസമില്ല'' എന്ന് താഴമ്പൂ ഉറക്കെ പറയുന്നുണ്ട്. തന്റെ മയിലിനെ ഇല്ലാതാക്കാൻ പലരും പദ്ധതിയിടുന്നതറിഞ്ഞ് ' ഒരു പക്ഷീനെ പോലും നേരാം വണ്ണം ജീവിക്കാൻ വിടാത്ത എന്തൊരു നാടാണിത്'' എന്ന് അവൾ ആശങ്കപ്പെടുന്നുണ്ട്. മുരുകന്റെ വാഹനമായ മയിലിനെ വിശ്വാസവുമായി ബന്ധപ്പെടുത്തി വർഗ്ഗീയവത്കരിക്കാൻ പലരും ശ്രമിക്കുന്നുണ്ട്.

ജന്മികളോട് കൈക്കൂലി വാങ്ങുന്ന എസ്.ഐ.യുടെ തൊപ്പിയിൽ തൂറിയിടുകയും പ്രതിഷേധ ജാഥകളുടെ മുൻനിരയിൽ പീലിയും വിരിച്ച് നടന്ന് അതിനെയൊക്കെ വലിയ വാർത്തയാക്കി മാറ്റിയവനുമായിരുന്നു കടമ്പൻ എന്ന മയിൽ. സർപ്പ യജ്ഞക്കാരിയായ ചിത്തിര സെൽവിക്ക് കാവലായി നിന്നത് സർപ്പങ്ങളായിരുന്നു. നാട്ടിൽ വന്ന് വിളകൾ തിന്ന് ശല്യമുണ്ടാക്കുന്ന കാട്ടാനകളോട് സംസാരിക്കാൻ ആനകളുടെ ഭാഷ അറിയുന്ന ബാലകൃഷ്ണനെ നിയോഗിക്കുന്ന രംഗം നോവലിലുണ്ട്. ഇതിന് ആനകൾ ബാലകൃഷ്ണന് കൊടുക്കുന്ന മറുപടി മനുഷ്യന്റെ സ്വാർത്ഥതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ജീവിതത്തെ കുറിച്ചുള്ള ദാർശനികമായ കാഴ്ചപ്പാടുകളും നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ബാലകൃഷ്ണനും തെച്ചോരനും തമ്മിലുള്ള സംഭാഷണത്തിൽ പലപ്പോഴും ദാർശനികത കടന്നുവരുന്നുണ്ട്.'' നാനിപ്പൊ പറഞ്ഞ പോലെ കണ്ടതും കാണാത്തതും ചേർന്ന ഈ അണ്ഡകടാഹത്തിന്റെ ഒരു തുള്ളിയാണ് ഈ പൂമി. അതില് തന്നെയുള്ള ഒരു തുള്ളിയാണ് ഈ പൂമിയിലെ ജീവജാലങ്ങള്.... മരണത്തിനും അപ്രത്തുള്ളതും മനുഷ്യന് പ്ട്ത്തം കിട്ടാത്തതുമായ മഹാ പ്രപഞ്ചോണ്ട് ' പാലക്കാടൻ ഭാഷയിൽ ഒടിവിദ്യക്കാരനായ തെച്ചോരൻ പ്രപഞ്ചത്തെ കുറിച്ച്, അനശ്വരമായ ആത്മാവിനെ കുറിച്ച് എല്ലാം സംസാരിക്കുമ്പോൾ വേദാന്തിയായ ഒരു മഹാഗുരുവിന്റെ വാക്കുകളാണ് മുഴങ്ങുന്നതെന്ന് തോന്നും. പാങ്ങോട്ടപ്പനും ആര്യ അന്തർജ്ജനവും തമ്മിൽ കാണുന്ന ഭ്രമാത്മകമായ അന്തരീക്ഷത്തിൽ 'മരണവും ജീവിതം പോലെ തന്നെ, ആരും വരുന്നില്ല, പോകുന്നുമില്ല.... ഇക്കാണമതെല്ലാം വെറും മായയാണെന്നറിഞ്ഞാലും 'എന്ന് പാങ്ങോട്ടപ്പൻ ആര്യയോട് പറയുന്നുണ്ട്. തന്റെ സഹോദരനെ ശത്രുക്കൾ ഇല്ലാതാക്കുമോ എന്ന ആര്യയുടെ ഭയം ഇല്ലാതാക്കാനാണ് പാങ്ങോട്ടപ്പൻ പ്രത്യക്ഷപ്പെടുന്ന ഭ്രമാത്മക രംഗം നോവലിസ്റ്റ് ചിത്രീകരിച്ചത്.

പുതിയ കാലഘട്ടത്തിൽ പുതുരൂപത്തിലും ഭാവത്തിലും ബ്രാഹ്‌മണ്യം ശക്തി പ്രാപിക്കും എന്ന ഭയാനകസത്യമാണ് നോവലിസ്റ്റ് ' മാതംഗലീല'യിലൂടെ വായനക്കാരോട് പറയുന്നത്. അയ്യങ്കാളിയുടെ വില്ല് വണ്ടി സമരവും സഹോദരനയ്യപ്പന്റെ പന്തിഭോജനവും നടന്ന കേരളത്തിൽ ജാതി പൂർവാധികം ശക്തിയോടെ തിരിച്ചു വരാൻ പോകുന്നതിന്റെ സൂചനയാണ് നോവലിസ്റ്റ് നൽകുന്നത്. ജാതിയ്ക്ക് എതിരെ ഉള്ള പ്രതിരോധമായിരുന്നു തെച്ചോരന്റെ ജീവിതം. തെച്ചോരന്റെ മന്ത്രങ്ങൾ അടങ്ങിയ ഓലക്കെട്ടുകൾ എരിച്ച് കളഞ്ഞ് ''ഈ ലോകം എന്നും ഞങ്ങളുടെതാണ് തെച്ചോരാ ' എന്നാണ് ബ്രാഹ്‌മണ്യത്തിന്റെ പ്രതിനിധി ആർത്ത് വിളിക്കുന്നത്.' ജാതിക്കെതിരെ വന്നതും വരാനിരിക്കുന്നതുമായ എല്ലാ യുദ്ധങ്ങളുടെയും പ്രാഥമികരേഖാരൂപങ്ങളും രഹസ്യങ്ങളും ആ ഓലകളിലുണ്ട്'' അത് ഒന്ന് പോലും അവശേഷിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് നശിപ്പിക്കുന്നത്. നവോത്ഥാനത്തിലൂടെ കേരളം ഇല്ലാതാക്കി എന്ന് കരുതിയ പലതും പുതുകാലത്തിൽ തിരിച്ചുവരും എന്ന ശക്തമായ മുന്നറിയിപ്പ് നൽകിയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ മാതംഗലീല എന്ന നോവൽ അവസാനിക്കുന്നത്.

Content Highlights: Analysis of caste-based oppression and resistance in Palakkad., Exploration of the 'Odividya' (traditional black magic) as a tool for subaltern defiance., Examination of magical realism and philosophical depth in the narrative., Insight into how Brahminical hegemony persists in contemporary society., Review of the complex female characters and their roles in social movements.