‘തൊട്ടാല്‍ തീപ്പൊരി ചിതറുന്നതും ചോര പൊടിയുന്നതുമായ സന്ദര്‍ഭങ്ങള്‍; രേഖയുടെ കഥാപാത്രങ്ങള്‍ നമുക്ക് പരിചിതരോ?’

#ഷൈനി മാര്‍ട്ടിന്‍ ജോണ്‍
കെ. രേഖ, പുസ്തകത്തിന്റെ കവര്‍ പേജ്
കെ. രേഖ, പുസ്തകത്തിന്റെ കവര്‍ പേജ്

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കെ. രേഖയുടെ കഥാസമാഹാരമായ 'മനുഷ്യാലയ ചന്ദ്രിക'യെക്കുറിച്ചുള്ള ലേഖനം വായിക്കാം.

'നിങ്ങള്‍ കുടിക്കുന്ന കിണര്‍ നിങ്ങളുടെ ദാഹം ശമിപ്പിക്കുകയില്ല'…
ജന്മാന്തരങ്ങളായി നിലയില്ലാത്ത കിണറുകളില്‍ നിന്നും വെള്ളം തേവി നിരന്തരം കുടിച്ചിട്ടും ദാഹം ശമിക്കാത്ത മനുഷ്യരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ കഥകളാണ് കെ. രേഖയുടേത്. 'മനുഷ്യാലയ ചന്ദ്രിക' എന്ന സമാഹാരവും വ്യത്യസ്തമല്ല. 'മനുഷ്യാലയ ചന്ദ്രിക' എന്നത് കടംകൊണ്ട തലക്കെട്ടാണ്.

തരുമംഗലത്ത് നീലകണ്ഠന്‍ ഗൃഹനിര്‍മിതിയെക്കുറിച്ച് കൊല്ലവര്‍ഷം എട്ടാം നൂറ്റാണ്ടിലെഴുതിയ വിഖ്യാത തച്ചുശാസ്ത്ര ഗ്രന്ഥത്തിന്റെ തലക്കെട്ടാണത്. മനോഹരമായ ഈ പേരിന്റെ തെരഞ്ഞെടുപ്പില്‍ തന്നെ കെ. രേഖ ഒളിച്ചുവയ്ക്കുന്നുണ്ട്, വൈരുധ്യങ്ങളുടെ കോണുകളും ചരിവുകളും തീര്‍ക്കുന്ന പണിക്കുറവുകള്‍ എങ്ങനെയെല്ലാം അഴല്‍പ്പെരുക്കങ്ങളുടെ കള്ളികളിലേക്ക് ആണിയടിച്ചു താങ്ങിനിര്‍ത്തും പെണ്‍ ജീവിതങ്ങളെയെന്ന സത്യം!

മനുഷ്യാലയ ചന്ദ്രിക ഉള്‍പ്പെടെ ഏഴു കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഏഴു തരം ജീവിതങ്ങളാണവ. പരപ്പിനെക്കാള്‍ ആഴംകൊണ്ട് വിസ്മയിപ്പിക്കുന്നരാണ് കഥാപാത്രങ്ങള്‍. മുളംകാടിനു നടുവിലുള്ളൊരു മുള്‍പ്പടര്‍പ്പിലൂടെ നൂണ്ടുകയറി വരുന്ന പരിചിതരെപ്പോലെ കണ്ടുനില്‍ക്കുന്നവര്‍ക്ക് ഒരേസമയം സന്ദേഹവും സഹതാപവും സ്‌നേഹവും തോന്നിപ്പോകുന്ന വരാണവര്‍.

സംഭാഷണങ്ങളും ആത്മഗതങ്ങള്‍ പോലും ഒതുക്കിപ്പറഞ്ഞു പോകുന്നവര്‍. മിക്കവരും ജീവിതംകൊണ്ടു സഹികെട്ടവരുമാണ്. പക്ഷേ ആരെയും പഴിപറയാന്‍ തുറക്കാത്ത വിധം സ്വന്തം ഹൃദയത്തെ പാകപ്പെടുത്തിയവര്‍. പലപ്പോഴും നിസ്സംഗരായി സ്വന്തം ആത്മാവിനെയും ജീവിതത്തെയും പുകമറയുള്ള ചെറുവെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തി, കണ്ടു ബോധ്യപ്പെട്ട് കണ്ണുനിറയാതെ നില്‍ക്കുന്നവരാണ് രേഖയുടെ കഥാപാത്രങ്ങള്‍.

'മനുഷ്യാലയ ചന്ദ്രിക'യിലെ അഞ്ജന ശ്രീധരന്‍ ദീപുവെന്ന കാമുകനെ ഭ്രാന്തമായ പ്രണയത്തിനു ശേഷം ഭര്‍ത്താവാക്കിയ സ്ത്രീയാണ്. അമ്മ വികാരജീവിയല്ല വികാരപരകോടിയാണെന്നും അതാണ് അച്ഛന് മടുത്തതെന്നും മകള്‍ കളിയാക്കുന്നിടത്തോളം പ്രണയരോഗി. പക്ഷേ വിവാഹശേഷം ദാമ്പത്യത്തില്‍ പാരസ്പര്യമെന്നത് അനുഭവിക്കാനേ കഴിയാഞ്ഞിട്ടും അവള്‍ അയാള്‍ക്കുവേണ്ടി മറ്റൊരുപാടു പേരുടെ വികാരങ്ങളെ തള്ളിപ്പറഞ്ഞിരുന്നു. എന്നിട്ടിപ്പോള്‍ ജാനറ്റ് എന്ന പുതിയ ബന്ധത്തില്‍ തൃപ്തനായ ഭര്‍ത്താവിനെ പരസ്പര ധാരണയോടെ പിരിയാനും നഷ്ടപരിഹാരം കൈപ്പറ്റാനും രജിസ്റ്റര്‍ ഓഫീസില്‍ കാത്തിരിപ്പാണ്.

ഭര്‍ത്താവ് പുതിയ പങ്കാളിയോടും കുഞ്ഞിനൊടുമൊപ്പം ഇടപഴകുന്നതു കാണെ അസൂയ കൊണ്ടുരുകുന്നുണ്ടവള്‍. എന്നിട്ടും ഒടുക്കം അയാളുടെ പുതിയ ജീവിതത്തിന്റെ നിസ്സഹായമായ യാഥാര്‍ഥ്യം കണ്ട്, ഒരിഞ്ചു വിട്ടുകൊടുക്കരുതെന്ന് ശഠിക്കുന്ന മകന്റെ ശാസനയും മരിച്ചു ജീവിക്കുന്ന മകളുടെ മുഖവും മറന്ന് വച്ചുനീട്ടിയ ചെക്കുകള്‍ കൈപ്പറ്റാതെ മടങ്ങുകയാണവള്‍.

അതിപരിചയത്തിന്റെ മാറാല ബന്ധങ്ങളെ മൂടുമ്പോള്‍ അതുവരെ കാണാത്ത പുതിയ ചില്ലകളിലേക്ക് സാഹസികമായി ചേക്കേറാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. പക്ഷേ പച്ചയായിരിക്കുമ്പോഴേ അടര്‍ന്നുകരിയാതെ നോക്കാനുള്ള വാസന സഹജമാണ്, സ്ത്രീക്ക്. ജീവിതംകൊണ്ട് ആരും ആരെയും ഓടിത്തോല്പിക്കുന്നില്ല.

വിട്ടുകൊടുക്കലിനെക്കാള്‍ വലിയ പ്രതികാരമില്ലെന്ന് നിസ്സംഗരാകാന്‍ സ്ത്രീക്ക് കഴിയും. കഠാരമുള്ളുകള്‍ നിരത്തിയ വഴിയിലൂടെ നടന്നാലും സ്‌നേഹരാഹിത്യത്തിന്റെ തൊങ്ങല്‍ പിടിപ്പിച്ച ദാമ്പത്യത്തിന്റെ വര്‍ണപ്പന്തല്‍ അവള്‍ ഉപേക്ഷിക്കും, വേണമെങ്കില്‍ പരിഭവങ്ങള്‍ ഇല്ലാതെ തന്നെ.

സംസാരിക്കാന്‍ വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ഒരു 'വര്‍ത്തമാനമഹാവീരനായ' സുകുവിനൊപ്പം ഒളിച്ചോടിപ്പോയി അയാളുടെ അടിയും തൊഴിയുമേറ്റ് ജീവച്ഛവമായ മായയുടെയും അയാള്‍ മരിച്ചിട്ടും ജോലിയോ ആനുകൂല്യമോ സമാധാനമോ കൊടുക്കാത്ത ഭര്‍തൃവീട്ടുകാരുടെയും കഥയാണ് 'ആശ്രിതര്‍'. ആശ്രിത നിയമനം ശുപാര്‍ശ ചെയ്യേണ്ട പഴയ പരിചയക്കാരനായ ഓഫീസ് മേധാവിയോട് അവള്‍ക്ക് അലോഹ്യമില്ല.

പുസ്തകത്തിന്റെ കവര്‍ പേജ്

ഇതിലും വലുത് ഞാന്‍ താങ്ങുമെന്ന മട്ടില്‍ നിസ്സാരമായി ഒടുവിലാ നാടേ വിട്ടു പോകുന്നവളാണ് പൂര്‍വജീവിതത്തില്‍ താന്‍ രണ്ടു ഡോക്ടര്‍മാരുടെ മകളായിരുന്നു എന്ന് ഓര്‍ക്കുകപോലും ചെയ്യാന്‍ പറ്റാത്ത മായ. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ച സുഹൃത്ത് ഭ്രാന്തിന്റെ വക്കിലെത്തി, സ്ഥലം മാറ്റം വാങ്ങിപ്പോകേണ്ടിവന്നിട്ടും അവള്‍ പൊരുതി നില്‍ക്കുകയാണ്, മറ്റൊരു നാട്ടില്‍ ഇച്ഛാ ശക്തിയോടെ. തകര്‍ന്നു തരിപ്പണമാകുമെന്ന് ലോകം പ്രതീക്ഷിക്കുന്ന സ്ഥലങ്ങളില്‍ നിവര്‍ന്നു നില്‍ക്കുന്ന സ്ത്രീകളുണ്ട്. നിസ്സഹായത ഒരാഭരണമല്ല മറിച്ച് കാലില്‍ ചുറ്റുന്ന പെരുമ്പാമ്പാണെന്ന് അവര്‍ക്കറിയാം.

'ദ്രുതവാട്ടം' എന്ന കഥ പ്രത്യക്ഷത്തില്‍ ഒരു കാരണവും ബോധിപ്പിക്കാതെ ഒരുവന്റെ ജീവിതത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന അഖിലയുടെയും ഹൈമയെന്ന മറ്റൊരു പങ്കാളിയെ കിട്ടിയിട്ടും അഖിലയെ നഷ്ടപ്പെട്ട ഷോക്കില്‍ നിന്ന് മുക്തനാകാത്ത ശ്രീറാമിന്റേതുമാണ്. രണ്ടുപേരും പിരിഞ്ഞിട്ടും സൗഹൃദം കാക്കുന്നവര്‍. കുടുംബത്തില്‍ വന്നുകയറാനും തുറവിയോടെ സംസാരിക്കാനും സ്വാതന്ത്ര്യമുള്ളവര്‍. രതിയെ ഒരു വൈകാരിക കെട്ടുപാടുകളിലും കുരുക്കിയിട്ട് ബന്ധങ്ങളെ അതിസങ്കീര്‍ണമാക്കാന്‍ ആഗ്രഹിക്കാത്തവര്‍.

എന്നിട്ടും വേര്‍പിരിയലിന്റെ നീറ്റം അവരുടെ ഓരോ ചിരിയിലുമുണ്ട്. കൂടെ ഓടുന്നവരുടെ കുതികാല്‍ വെട്ടിക്കൊണ്ട് ഓടുന്നത് ഹരമായിരുന്ന പെണ്ണാണ് അഖില. പക്ഷേ ശ്രീറാമിനോട് ഇപ്പോള്‍ അവള്‍ പറയുന്നുണ്ട്, വിവാഹം, കുട്ടികള്‍, കുടുംബം എന്നിങ്ങനെ കണക്കുകൂട്ടി രണ്ടുപേര്‍ ബന്ധിക്കപ്പെടുന്നതും വീണ്ടുവിചാരമില്ലാതെ ഒരു പൂത്തിരിക്ക് തീകൊടുക്കും പോലെ സ്വാഭാവികമായി രണ്ടുപേര്‍ സ്‌നേഹിച്ചു ചേരുന്നതും വ്യത്യസ്തമാണെന്ന്.

ജപ്പാനിലെ ജോലിക്കാലത്ത് അവള്‍ക്കു കിട്ടിയ പൂത്തിരിയായിരുന്നു ചിയോ മസാമി. ആ ജീവന്‍ പൊലിഞ്ഞു പോയെങ്കിലും ശ്രീറാമിലേക്ക് മടങ്ങാന്‍ അവള്‍ക്കു പറ്റുന്നില്ല, മറക്കാന്‍ പറ്റാത്ത വിധം ഇഷ്ടപ്പെടുമ്പോഴും തന്നെ വെറുക്കാന്‍ അഖിലിനെ നിര്‍ബന്ധിക്കുന്ന പെണ്ണായി മാറത്തക്കവിധം അവളില്‍ മസാമി അലിഞ്ഞു പോയിരിക്കുന്നു. പ്രണയം നിര്‍വചനങ്ങള്‍ക്ക് അതീതമായ വികാരമാണ്.

എപ്പോള്‍ പച്ചപ്പ് പടരുമെന്നോ വള്ളികള്‍ എങ്ങോട്ടു വീശുമെന്നോ എപ്പോള്‍ അതിന് ദ്രുതവാട്ടം വരുമെന്നോ പിന്നീട് എപ്പോഴെങ്കിലും തളിര്‍ക്കുമോ എന്നൊന്നും ഉറപ്പില്ലാത്ത വള്ളിച്ചെടി പോലെയാണത്. വന്മരം പോലെ കുടപിടിച്ചു നില്‍ക്കുന്ന ഒന്നല്ല ഇവിടെ. മനുഷ്യ മനസിന്റെ കയങ്ങളിലെ വ്യവഹാരങ്ങളെ ആര്‍ക്കും നിര്‍ദ്ധാരണം ചെയ്യാനാകില്ല എന്നുതന്നെ അടിവരയിടുന്നുണ്ട് ഈ കഥ.

കൈക്കൂലിയില്‍ തഴച്ചുമുഴുത്ത സുഖലോലുപതയുടെ ലോകത്തെ ഒട്ടും ശബ്ദഘോഷമില്ലാതെ ചോദ്യംചെയ്യുന്ന കഥയാണ് 'പൊന്നുരുക്കുന്നിടത്ത്'. ദിലീപ് എന്ന മകന്‍, ഭര്‍ത്താവ്, അച്ഛന്‍ സ്വയവും മറ്റുള്ളവരാലും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് ജീവിതം വച്ചുനീട്ടുന്ന സൗഭാഗ്യങ്ങളൊന്നും നിരാകരിക്കേണ്ടതില്ലെന്ന്. പക്ഷെ ഒപ്പമുള്ളവര്‍ ഓരോരുത്തരായി വിധിയുടെ ശിക്ഷകള്‍ വാങ്ങുമ്പോള്‍ അനിവാര്യമായ ദുരന്തത്തെ അയാളും കാത്തിരിക്കുന്നു, ഒടുവില്‍ അതേറ്റു വാങ്ങുന്നു.

പൊന്നുരുക്കുന്നിടത്ത് പൂച്ചകള്‍ക്ക് കാര്യമില്ലെങ്കിലും കഴുത്തിലണിയിക്കപ്പെട്ട സ്വര്‍ണമണികള്‍ പൂച്ചകളെ ഒറ്റുകൊടുക്കുക തന്നെ ചെയ്യുമെന്നും ഉടമയായ തട്ടാന്‍ തന്നെ അവയുടെ ശവം മറവുചെയ്യേണ്ടിവരുമെന്നും ഒരു തത്വചിന്തയുടെയും ഭാരമില്ലാതെ ഇക്കഥ പറഞ്ഞു തരുന്നു.

ഒതുക്കിലെ വല്യമ്മ എന്ന കഥ ശാന്തിമയീദേവിയെന്ന സ്വത്വം ഉള്ളിലൊളിപ്പിച്ച ഒതുക്കിലെ വല്യമ്മയെക്കുറിച്ചാണ്. മറ്റുള്ളവരുടെ ദയയില്‍ ജീവിക്കുന്ന, ഭര്‍ത്താവിനോടു വഴക്കടിക്കുന്ന, അക്ഷരാഭ്യാസമില്ലാത്തതിനാല്‍ മറ്റൊരാളെക്കൊണ്ട് മകന് കത്തെഴുതിക്കുന്ന, സമ്പാദ്യമായി ഒരു ചീനച്ചട്ടിയും ദോശക്കല്ലും മാത്രമുള്ള ഒരാള്‍. അവരെ അന്വേഷിച്ചു പഴയ തറവാട്ടില്‍ നിന്നൊരാള്‍ വരുമ്പോഴാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച, ആദ്യവിവാഹത്തിലെ മകനും ഭര്‍ത്താവും മരിച്ചുപോയ, കോടികളുടെ സ്വത്തിനുടമയായ ശാന്തിമയീദേവിയാണ് തന്റെ വല്യച്ഛന്റെയൊപ്പം പണ്ട് ഒളിച്ചോടി വന്ന വല്യമ്മയെന്ന് ദീപക്കുട്ടി തിരിച്ചറിയുന്നത്.

തന്റെ സമ്പാദ്യമായ ദോശക്കല്ലും ചീനച്ചട്ടിയും ദീപക്കുട്ടിക്കെന്ന് എഴുതിവച്ചശേഷമാണ് വല്യമ്മ തിരിച്ചുവരാത്ത ഒരു യാത്രപോയതെന്നും. അതിവെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്ന ഏത് പൂര്‍വാശ്രമത്തെയും നിസ്സാരമായി ഒളിപ്പിച്ചുവച്ച് ഇരുണ്ടു തുടങ്ങുന്ന കടവില്‍ നിന്നൊരു യാത്ര പുറപ്പെടാന്‍ സഹജമായ ശേഷിയുള്ളവരാണ് സ്ത്രീകള്‍, ശാന്തിമയീദേവിയെപ്പോലെ.

'നെഞ്ച്' എന്ന കഥ അപരിചിതനായ ഒരു സഹയാത്രികന്റെ നെഞ്ചില്‍ എറണാകുളം മുതല്‍ കോട്ടയം വരെ തലചായ്ച്ചുറങ്ങി യാത്ര ചെയ്യുന്ന ഇന്ദുവെന്ന സര്‍ക്കാരുദ്യോഗസ്ഥയെക്കുറിച്ചാണ്. ഒരിക്കലും പരസ്പരം പരിചയപ്പെടാഞ്ഞിട്ടും ആ നെഞ്ച് അവളെ ജീവിതത്തിന്റെ ഭംഗികളിലേക്ക് വലിച്ചടുപ്പിക്കുന്നു, സന്നിഗ്ദ്ധതകള്‍ക്ക് ഉത്തരം നല്‍കുന്നു. പെട്ടെന്നൊരു ദിനം ട്രെയിനില്‍ നിന്നും ജീവിതത്തില്‍ നിന്നും അപ്രതീക്ഷിതമായി അപ്രത്യക്ഷനായിപ്പോയ അയാള്‍ ഓരോ സ്ത്രീയും ആഗ്രഹിക്കുന്ന, എന്നാല്‍ പലപ്പോഴും പൊടുന്നനെ നഷ്ടപ്പെട്ടു പോകുന്ന സമാധാനത്തിന്റെ നെഞ്ചാണ്.

ബഹളങ്ങള്‍ ഒഴിവാക്കിയവരാണ് രേഖയുടെ മനുഷ്യര്‍. വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ കൊണ്ടു പ്രക്ഷുബ്ധമാണ് കഥകള്‍. പക്ഷേ അതെല്ലാം വിദഗ്ധമായി വായനക്കാരന്റെ നെഞ്ചിലേക്ക് തിരമാലകളെ ഉരുട്ടിക്കയറ്റാന്‍ ഉപയോഗിച്ചിരിക്കുന്നു. തൊട്ടാല്‍ തീപ്പൊരി ചിതറുന്നതും ചോര പൊടിയുന്നതുമായ സന്ദര്‍ഭങ്ങളെയും നിര്‍മമമായി വായനക്കാരന്റെ മനസിലേക്ക് എറിഞ്ഞിടുന്ന കഥാപാത്രങ്ങള്‍. 

എത്ര പൊരുത്തക്കേടുകളുണ്ടെങ്കിലും അതൊന്നും പുറത്തേക്കു കാണിക്കാതെ ഭംഗിയുള്ള കര്‍ട്ടനുകളിട്ട് വെടിപ്പാക്കിയ വീടുകള്‍ക്കുള്ളിലാണവര്‍. തച്ചുശാസ്ത്രമനുസരിച്ച് കൃത്യമാക്കിയ അളവുകളില്‍ നിന്ന് ഒന്നും തൂവിപ്പോകരുതെന്ന് അടക്കിപ്പിടിക്കുന്തോറും അകം വേവുന്നവര്‍. ഈ ഹൃദയഭാഷ്യമാണ് രേഖയുടെ കഥകളുടെ കാതല്‍.

അത്രമേല്‍ ചേര്‍ത്തുപിടിക്കപ്പെട്ടതില്‍ നിന്നൊക്കെ കുടഞ്ഞെറിയപ്പെടുന്നവരുടെ നിലവിളി കേള്‍ക്കാന്‍ ആരുമുണ്ടാകില്ല എന്ന തിരിച്ചറിവാണ് ഈ കഥകളിലെ സ്ത്രീകളുടെ നിലപാടുതറ. അകം ചോര്‍ന്നൊലിച്ചാല്‍ അത് പാത്രങ്ങളില്‍ ശേഖരിക്കാനും ആരുമറിയാതെ പുറത്തേക്കു കളഞ്ഞു തറ വെടിപ്പാക്കാനും പരിശീലിച്ചു പോയവര്‍.

നമ്മിലും നമുക്കിടയിലും ഇതേ സ്ത്രീകളുണ്ട്. അത്തരത്തില്‍ ആത്മാവിലൂടെ കയറിയിറങ്ങിപ്പോകുന്ന അനുഭവം നല്‍കുന്ന കഥകളാണ് രേഖ ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

Content Highlights: Explore K. Rekha`s acclaimed short story collection `Manushyalaya Chandrika`. Dive into compelling narratives of women facing life`s complexities.