ഇദം പാരമിതം: ദാര്‍ശനികമായ അന്തര്‍ധാര - കെ.വി.മോഹന്‍ കുമാര്‍

നോവല്‍ കവര്‍
നോവല്‍ കവര്‍

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വി.ജി തമ്പിയുടെ 'ഇദം പാരമിതം' എന്ന നോവല്‍ കെ.വി.മോഹന്‍ കുമാറിന്റെ വായനയില്‍. 

ബുദ്ധന്‍ ഭിക്ഷുക്കളോടൊപ്പം ശ്രാവസ്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ കൂട്ടത്തിലേക്കും മുതിര്‍ന്ന ഭിക്ഷു സുഭൂതി ചോദിച്ചു: ബോധിസത്വ പാതയില്‍ ചരിക്കുന്നൊരാള്‍ ഉള്‍ക്കൊള്ളേണ്ട നിലപാടെന്ത്? ഏതുവിധേന മുന്നോട്ടു പോകണം? മനസ്സിനെ ഏതുവിധേന കടിഞ്ഞാണിടണം?' ബുദ്ധന്‍ പറഞ്ഞു: 'ഉള്‍ക്കാഴ്ചയുടെ പരിപൂര്‍ണതയിലൂടെ.' അതാണു പ്രജ്ഞാപരാമിതാവ്. അകംകാഴ്ചയുടെ പൂര്‍ണതയും പരം പൊരുളും. രണ്ടും മിഥ്യയും ശൂന്യതയുമാണ്. എല്ലാ ജീവരാശികളേയും അന്തിമ നിര്‍വ്വാണത്തിലേക്കു നയിക്കുന്നതുമതാണ്. ബോധിസത്വന്‍ താനെന്നോ അപരമെന്നോ ആത്മാവെന്നോ ഉള്ള കരുതലിലോ വേര്‍തിരിവിലോ ഒന്നിനേയും കാണുന്നില്ല. മറിച്ച് നേരായ അറിവിന്റെ കാചത്തിലൂടെ, അന്തര്‍ലീനവും മാറ്റമില്ലാത്തതുമായ ശൂന്യതയായി കാണുന്നു. ശാക്യമുനിയുടെ വചനങ്ങള്‍ക്കു പുറന്തോടുകള്‍ അനവധിയാണ്. ഉള്‍ക്കാമ്പിലേക്കെത്താന്‍ അവയോരോന്നും മറികടക്കണം. ദുര്‍ഗ്രാഹ്യമെന്നു തോന്നാവുന്ന അറിവിന്റെ പരം പൊരുളിലേക്കാണു 'വജ്രസൂത്രം'നയിക്കുന്നത്. അതുകൊണ്ടുതന്നെ 'പ്രജ്ഞാപരാമിത' പ്രതിപാദ്യവിഷയമാകുന്ന രചനകളും പുറമേയ്ക്കു ദുര്‍ഗ്രാഹ്യമെന്നു തോന്നാം. അനന്യമായ ഇടങ്ങളിലൂടെ ലെവിനോടൊപ്പമുള്ള സഞ്ചാരം വായനക്കാരനെന്ന നിലയില്‍ എനിക്കും ദുഷ്‌കരമാകാനിടയായത് അതാവാം. അനായാസേന വായിച്ചു തീര്‍ക്കാവുന്ന രചനയല്ല, 'ഇദം പാരമിതം.' ഒരേ സമയം ആഴങ്ങളിലേക്കും അത്യുന്നതങ്ങളിലേക്കും നീളുന്ന സഞ്ചാരപാതയിലേക്കുള്ള വായനയുടെ പടവുകളാണു 'ഇദം പാരമിതത്തിലെ ഓരോ ഏടും. ബുദ്ധനിലൂടെയും യേശുവിലൂടെയും റൂമിയിലൂടെയും നീളുന്ന, ഉള്ളില്‍ മുറിവുകള്‍ പേറുന്ന ലെവിന്‍ എന്ന ഏകാകിയുടെ സഞ്ചാരപഥം. 

അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരച്ചടങ്ങില്‍ വച്ചാണ് പുരസ്‌കാരത്തിനര്‍ഹമായ 'ഇദം പാരമിതം' എന്റെ കൈകളിലെത്തുന്നത്. അതിനകം നാലു പുരസ്‌കാരങ്ങള്‍ 'ഇദം പാരമിത'ത്തെ തേടി വന്നതായറിഞ്ഞു. പ്രകാശിതമായി മാസങ്ങള്‍ക്കുള്ളില്‍ ഒരു കൃതി പുരസ്‌കാരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുക അപൂര്‍വ്വമാണ്. ആ അപൂര്‍വ്വതയിലേക്ക് ഈ കൃതിയെ നയിച്ചരഹസ്യമറിയാനാണു നോവല്‍ വായിച്ചത്. കവിയെഴുതിയ നോവല്‍ കാവ്യാത്മകമാകുക സ്വാഭാവികം. 'ഇദം പാരമിതം' ആദ്യന്തം കാവ്യാത്മകമാണ്. ദാര്‍ശനികനായ കവിയുടെ തൂലികയിലൂടെയാവുമ്പോള്‍, ഷൗക്കത്ത് വിശേഷിപ്പിച്ചതുപോലെ 'വിശ്വബോധത്തെ അടയാളപ്പെടുത്തുന്ന സമാനതകളില്ലാത്ത കൃതി'യായി അത് പരിവര്‍ത്തനപ്പെടും. ലെവിന്റെ നിതാന്തമായ യാത്രകള്‍ മലകളും കടലുകളും കടന്നുള്ള അതിരുകളവസാനിക്കാത്ത ദേശാന്തരങ്ങളിലൂടെ മാത്രമല്ല, ധ്യാനാത്മകമായ രതിയിലൂടെ അവന്‍ ഒഴുകിയെത്തുന്ന അനേകം പെണ്ണുടലുകളിലൂടെയുമാണ്. ഉടല്‍ രൂപമാര്‍ന്ന ആ പ്രണയങ്ങള്‍ അവനിലേക്കൊഴുകിയെത്തുകയായിരുന്നു എന്നതാവും ശരി. ലെവിന്റെ പ്രണയിനികളിലൊരാളായ പൂജ പറയുന്നു: 'നിനക്കറിയാമോ, ഞാന്‍ ഇവിടേയ്ക്കു വരാന്‍ കാരണമായത് അന്നത്തെ ആ ഗന്ധമാണ്. ലെവിന്‍, എന്റെ നാസികയില്‍ ആ ഗന്ധം ഗാഢമായ ഒരു ഇന്‍ വൊക്കേഷന്‍ ആണ്. കിലോമീറ്ററുകള്‍ക്കപ്പുറത്തേക്കു തേന്‍ഗന്ധം തേടിപ്പോകുന്ന തേനീച്ചയെപ്പോലെയാണു നിന്നെ തിരഞ്ഞു ദിവസങ്ങളോളം യാത്ര ചെയ്തതും ഒടുവില്‍ ഈ കാട്ടിനകത്തു കണ്ടെത്തിയതും. 'ഇദം പാരമിത'ത്തിലെ മുഖമറകളില്ലാത്ത രതി ആഖ്യാനങ്ങള്‍ പോലും കാവ്യാത്മകമാണ്. 'റോസെറ്റ കാര്‍പ്പെറ്റില്‍ മലര്‍ന്നുകിടന്ന് ലെവിനെ അവളുടെ മാറില്‍ കിടത്തി. അവള്‍ അവന്റെ മേല്‍ വസ്ത്രം അഴിച്ചുമാറ്റി...റോസെറ്റ ലെവിനെ പൂര്‍ണ നഗ്‌നനാക്കിയത്, സ്മൃതിയുടെ അടരുകളില്‍ എവിടെയോ പൂഴ്ന്നുകിടന്ന ഒരു ആചാരമായി ലെവിന്‍ അനുഭവിച്ചു. അവനിലെ ജ്വാലകള്‍ക്ക് ഇപ്പോഴും കുളുര്‍മ്മയാണ്. ഇളം ചൂട്...ലെവിന്‍ അവളുടെ നാഭിയിലേക്കിറങ്ങിച്ചെന്നു. അപാരതയുടെ ആ നീലച്ചുഴിയെ രുചിച്ചുനോക്കി. ഇരുട്ടിന്റെ മാന്ത്രികവലയങ്ങളായി അവന്‍ താഴേക്കു താഴേക്കു പോയ്‌ക്കൊണ്ടിരുന്നു...'

സാഹിത്യവുമായി  ബന്ധപ്പെട്ട വാര്‍ത്തകളും  ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

ആംഗലേയത്തിന്റെ അതിപ്രസരമില്ലായിരുന്നുവെങ്കില്‍ ഈ രചനയിലൂടെയുള്ള വായനാ സഞ്ചാരം ഏറെ സുഗമമായേനേ. വിധേയത്വ ഭാവേനയുള്ള ഈ ആംഗലേയ പദബാഹുല്യം ഒഴിവാക്കാമായിരുന്നു. പ്രതിപാദ്യത്തിന്റെ ഗാംഭീര്യം കൂട്ടാനായി ബോധപൂര്‍വ്വം ഉള്‍ച്ചേര്‍ത്തതാകാമെങ്കിലും മലയാണ്മയുടെ ലാളിത്യവും സൗന്ദര്യവും അതില്ലാതാക്കുന്നതായാണ് എനിക്കുണ്ടായ വായനാനുഭവം. കൃതിയുടെ ജൈവികതയെ ഊഷ്മളമാക്കുകയല്ല, മറിച്ച് അതിന്മേല്‍ നിഴല്‍ വിരിക്കുകയാണ് ഏടുകള്‍ തോറും ആവര്‍ത്തിച്ചുവരുന്ന അന്യപദ സഞ്ചയം.

വി.ജി തമ്പി

ദാര്‍ശനികമായ അന്തര്‍ദ്ധാരയാണു 'ഇദം പാരമിത'ത്തിന്റെ സത്ത. ആ ഗണത്തില്‍ പെടുത്താവുന്ന അപൂര്‍വ രചനകളിലൊന്നാണിത്. വഴിയാത്രകള്‍ക്കിടയില്‍ തെളിയുന്ന നാഴികക്കല്ലുകള്‍ പോലെ ലെവിന്റെ ആത്മീയാന്വേഷണങ്ങള്‍ക്ക് ഊടും പാവുമാകുന്ന ബോധത്തിന്റെ അനേക തലങ്ങളാണു 'ഇദം പാരമിത' ത്തിന്റെ ഉള്‍ക്കരുത്ത്. പുതിയകാലത്ത് വന്‍ തോതില്‍ ആഘോഷപൂര്‍വ്വം വിറ്റഴിക്കപ്പെടുന്ന പല 'നോവലു'കളും ഒരു ദീഘദൂര തീവണ്ടിയാത്രയ്ക്കിടയില്‍ വായിച്ചു തീര്‍ക്കാവുന്നതും വായനാശേഷം ഇരിപ്പിടത്തില്‍ ഉപേക്ഷിച്ചു പോകാവുന്നതുമാണ്. അവ നടപ്പുകാലത്തെയെന്നല്ല, വായനയ്ക്കായി വേണ്ടിവരുന്ന നിമിഷങ്ങളെപ്പോലും അതിജീവിക്കുന്നില്ലെന്നതാണു സത്യം. അത്തരം രചനകള്‍ക്ക് ജനപ്രിയമേറുന്ന ഈ കാലത്ത് 'ഇദം പാരമിതം' പോലുള്ള മികച്ച രചനകള്‍ 'വിപണിമൂല്യം' നേടണമെന്നില്ല. ഒരു കൃതിയുടെ പിറവി സാക്ഷാത്കരിക്കപ്പെടുന്നത് അത് കാലത്തെ അതിജീവിക്കുമ്പോഴാണ്. ധ്യാനാത്മകമായ വായനയ്ക്കുശേഷം ഓരോ വായനക്കാരനും അതീവ കരുതലോടെ തന്റെ പുസ്തകശേഖരത്തിലെ മികച്ച കൃതികള്‍ക്കൊപ്പം പുനര്‍ വായനയ്ക്കും വരും കാല വായനകള്‍ക്കുമായി അതു സൂക്ഷിച്ചുവയ്ക്കുമ്പോഴാണ്. എഴുത്തുകാരന്‍ വിപണന തന്ത്രങ്ങളില്‍ ഏര്‍പ്പെടാതെതന്നെ വായനാസമൂഹം സ്വമേധയാ ഏറ്റെടുത്ത് സ്വാഭാവികമായ ചര്‍ച്ചകളിലേക്കും സംവാദങ്ങളിലേക്കും ആ രചന എതിരേല്‍ക്കപ്പെടുമ്പോഴാണ്. ഗൗരവപൂര്‍വ്വം എഴുത്തിനെ സമീപിക്കുന്ന ചില എഴുത്തുകാരും വിപണിയേയും ഭൗതികനേട്ടങ്ങളേയും ഉന്നം വച്ച് 'ഗിമ്മിക്കുകള്‍ ' കാട്ടിക്കൂട്ടുന്ന ഇക്കാലത്ത് എഴുത്തുകാരന്‍ അത്തരം വിപണന തന്ത്രങ്ങളില്‍ ഏര്‍പ്പെടാതെ നിഷ്‌ക്രിയനായ കാഴ്ചക്കാരനായി മാറിനില്‍ക്കുന്നത് പ്രായോഗികമല്ലെന്നു വാദിക്കുന്നവരുണ്ടാകാം. കാലത്തെ അതിജീവിക്കാന്‍ ശേഷിയുള്ള ഏതൊരു കൃതിയും ആ ദൗത്യം സ്വയം നിര്‍വഹിക്കുമെന്നാണു ഇന്നേവരെയുള്ള സാംസ്‌കാരിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. 'യുദ്ധവും സമാധാനവും,' അന്നാ കരേനീന'യും ഉള്‍പ്പെടെയുള്ള ടോള്‍സ്റ്റോയി കൃതികളെ മറികടന്ന് യഥാക്രമം ഒന്നും രണ്ടും നൊബേല്‍ പുരസ്‌കാരങ്ങള്‍ നേടിയെടുത്ത ഫ്രഞ്ചുകവി സുള്ളി പ്രോദോമും ജര്‍മ്മന്‍ ചിന്തകന്‍ തിയഡോര്‍ മോംസനും വിസ്മൃതിയില്‍ മറഞ്ഞുപോയെങ്കിലും നൊബേല്‍ പുരസ്‌കാരം ലഭിക്കാതെ പോയ ടോള്‍സ്റ്റോയി ഇന്നും വായിക്കപ്പെടുന്നു. അക്കാദമി അവാര്‍ഡുകള്‍ പോലും കടാക്ഷിക്കാതെപോയ നമ്മുടെ സുല്‍ത്താനും. 'ഇദം പാരമിതം' പോലുള്ള മികച്ച രചനകള്‍ക്ക് വായനാസമൂഹത്തില്‍ എന്നും ഇടമുണ്ടാവും.

Content Highlights: kv mohankumar reviews vg thampy novel idamparamitham