അടരടരായ് ആശാൻ വെളിപ്പെടുന്ന പുസ്തകം; വാക്കിന്റെയും പൊരുളിന്റെയും മറുകര തേടുന്ന സഞ്ചാരം

കല്‍പ്പറ്റ നാരായണനെഴുതിയ 'അടരടരായ് ആശാന്‍' എന്ന പുസ്തകത്തെ കുറിച്ച്;
'ആരോമലാമഴക്, ശുദ്ധി, മൃദുത്വ, മാഭ
സാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ; ആ മൃദുമെയ്യില്‍ നവ്യ-
താരുണ്യമേന്തിയൊരു നിന്‍ നില കാണണം താന്‍'
വീണപൂവിനെ മാത്രമല്ല ആശാന്‍ കവിതകളെയും ഈ വരികള്‍ കൊണ്ടു വിശേഷിപ്പിക്കാം എന്ന് വായനക്കാരന്റെ ഉള്ളില്‍ ഉണര്‍ത്തുപാട്ടാവുന്ന ഒരു കൃതിയാണ് കല്‍പ്പറ്റ നാരായണനെഴുതിയ 'അടരടരായ് ആശാന്‍' എന്ന ആശാന്‍ പഠനം. ബാല്യം മുതല്‍ തന്നെ കവിതയുമായി കൂട്ടുകൂടിയ ആശാനെക്കുറിച്ച് ഒട്ടനവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ അടരടരായ് ആശാന്‍ എന്ന കൃതി ഇതുവരെ വായിച്ച ആശാന്‍ പഠനങ്ങളുടെയെല്ലാം 'അധികതുംഗപദത്തില്‍ രാജ്ഞിയെപ്പോലെ' ശോഭിക്കുന്ന ഒരു പുസ്തകമാണ് എന്ന് പറയാന്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല.
അടരാടരായ് ആശാന്‍ എന്ന പേര് വന്നതെങ്ങനെ എന്ന ആമുഖം തന്നെ വാക്ക് എന്ന മഹാവിത്ത് മുളയ്ക്കുകയും വളരുകയും ചെയ്യുന്നതെങ്ങനെ എന്ന ചിന്തയിലേക്ക് നമ്മെ കൊണ്ടുപോകുന്നു. സിദ്ധാന്തങ്ങളാണ് പഠനങ്ങളുടെ ഉള്‍ക്കാമ്പിനെ നിര്‍ണയിക്കുന്നത് എന്ന വ്യാജഗവേഷണബോധ്യത്തെ കടപുഴക്കിയെറിയുന്ന ഈ പുസ്തകം പൗരസ്ത്യമെന്നോ പാശ്ചാത്യമെന്നോ ഭേദമില്ലാതെ സാഹിത്യത്തെ മുഴുവന്‍ ആശാനുമായും ആശാന്റെ കൃതികളുമായും ബന്ധിപ്പിക്കുന്നു. പിക്കാസോയുടെ പെയിന്റിങും ആശാന്റെ കവിതയും തമ്മില്‍ താരതമ്യപ്പെടുത്തുകയും ആശാന്‍ കൃതികളുടെ കാവ്യാവസാനങ്ങള്‍ കാവ്യാരംഭങ്ങളെക്കാള്‍ ഉജ്ജ്വലമാണ് എന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്ന ലേഖനമാണ് പരിണാമരമണീയം. ആശാന്‍ കൃതികളുടെ ഉപസംഹാരങ്ങള്‍ ഒക്കെ കൊടുമുടികള്‍ ആണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.
അനുതാപം എന്ന ലേഖനത്തില്‍ സ്ത്രീയോടുള്ള നിരുപാധികമായ കരുണയാണ് ആശാന്‍ കാവ്യങ്ങളുടെ മുഖമുദ്രയെന്ന് അനുതാപത്തെ മുന്‍നിര്‍ത്തി കല്‍പ്പറ്റ നിരീക്ഷിക്കുന്നുണ്ട്. പിന്നിട്ട ചുവടുകളെല്ലാം ഒരു ചുവട്ടില്‍ സാക്ഷാല്‍ക്കാരം നേടുമ്പോള്‍ ആ ചുവടിന്റെ പേരാണ് കവിത എന്ന മട്ടില്‍ കവിതക്ക് കവിത തുളുമ്പുന്ന കല്‍പ്പറ്റ നിര്‍വചനമുള്ളത് വീണപൂവിനെക്കുറിച്ചുള്ള കാഴ്ചപ്പാട് പ്രതിഫലിക്കുന്ന പ്രതിനിധാനം എന്ന ലേഖനത്തിലാണ്.
നളിനിയുടെ അകം പൊരുള്‍ തേടുന്ന ലേഖനത്തില്‍ ലെവിസ്‌ട്രോസിനെയാണ് കല്‍പ്പറ്റ കൂട്ടുപിടിക്കുന്നത്. നളിനിയും ലീലയും സീതയും സാവിത്രിയും മാതംഗിയും വാസവദത്തെയും തമ്മിലുള്ള സാജാത്യങ്ങളെക്കുറിച്ചാണ് അഭിജനസങ്കടദേശചര്യ എന്ന ലേഖനം ചര്‍ച്ചചെയ്യുന്നത്. ആശാന്റെ സീതയുടെ ഉന്നതിയാണ് ചിന്താമൃതത്തിലെ വിഷയം.
രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തിനിപ്പുറവും ജാതിബോധത്തിന്റെ കടുംകെട്ടില്‍ നിന്നും മാറാത്ത മനുഷ്യന്റെ വിമോചനം ദൂരെയാണ് എന്നുറക്കെ പറയുന്നതാണ് ജാത്യതീതസോദരത്വം എന്ന ലേഖനം. കരുണയില്‍ ശൂന്യതാവാദമല്ല, അനിത്യതാവാദമാണ് ആശാന്‍ അവലംബിച്ചിരിക്കുന്ന ബുദ്ധദര്‍ശനം എന്ന് തെളിയിക്കുന്ന ലേഖനമാണ് എന്താണ് കരുണ? ആശാന്‍ കൃതികളിലെ മൃത്യുബോധമാണ് മൃത്യുഞ്ജയം എന്ന ലേഖനത്തിന്റെ കാതല്‍. റില്‍കയെ കൂട്ടുപിടിച്ച് ആശാന്റെ പ്രണയത്തെ കാണുകയാണ് ഹൃദയികളിങ്ങനെതന്നെ ധന്യരാം എന്ന ലേഖനം.
'അനന്തനിയമം വിശ്വം'എന്ന ലേഖനം ആശാന്‍ കൃതികളിലെ ലോകോക്തികളും വിശേഷണങ്ങളും പുതിയൊരു കാഴ്ചപ്പാടില്‍ നമുക്കു മുന്നിലവതരിപ്പിക്കുന്നു. ഗുരുത്വത്തെ ഗുരുത്വമാക്കിയുയര്‍ത്തുന്ന വേലയാണാശാന്റെ കാവ്യവേലയെന്നാണ് 'ബോധവുമാര്‍ന്നുമോദവും' എന്ന ലേഖനത്തില്‍ കല്‍പ്പറ്റ നിസ്സംശയം രേഖപ്പെടുത്തുന്നു. കവിത തോല്‍ക്കുന്ന മട്ടിലുള്ള തലക്കെട്ടുകളിലൂടെ പതിനാറ് ലേഖനങ്ങള്‍ വാക്കുകളുടെ പൂങ്കാവനം സൃഷ്ടിക്കുന്നു. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി പോലെ, 150 വര്‍ഷം പിന്നിട്ട ആശാന്‍ജീവിതത്തില്‍ ഒരിക്കല്‍ മാത്രം പൂവിട്ട വിശിഷ്ടപുഷ്പമാണ് അടരടരായ് ആശാന്‍. കല്‍പ്പറ്റയുടെ വാക്കുകള്‍ക്ക് വൈഡൂര്യത്തിന്റെ കാന്തിയുണ്ട്.
Content Highlights: Kalpetta Narayanan's 'Adardaraayi Asan' book review