കഥയും കഥാപാത്രങ്ങളും സങ്കല്‍പ്പികമല്ല: ഇടശ്ശേരിക്കാറിനൊരാമുഖം

കഥ വായിക്കുമ്പോള്‍ അത് ജീവിതമാണ് എന്ന് തോന്നിയാല്‍ കഥയുടെ രസം ചോര്‍ന്ന് പോയി അതൊരു വാര്‍ത്താക്കുറിപ്പായി അവശേഷിക്കും. അല്ല, അത് കഥ മാത്രമാണ് എന്ന് തോന്നിയാല്‍ വളരെ യാന്ത്രികമായ ഒരു വായനാനുഭവം മാത്രമായി തീരുകയും ചെയ്യും. കഥയുടെ രസച്ചരട് പൊട്ടാതെ തന്നെ ജീവിതാനുഭവത്തിന്റെ ഊഷ്മാവ് നിലനിര്‍ത്തിക്കൊണ്ടെഴുതുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. അത്തരമൊരു സമുദ്രം താണ്ടിയെത്തിയ ആറ് കഥകളുടെ സമാഹാരമാണ് കെ പി രാമനുണ്ണിയുടെ ഇടശ്ശേരിക്കാറ്. ഭാവനയും യാഥാര്‍ത്ഥ്യവും രണ്ടും സമാസമം ചേര്‍ന്ന് നളപാകം വന്ന കഥകളാണിതിലുള്ളത്.
മഹാകവി ഇടശ്ശേരിയുടെ പേരക്കുട്ടിയും ചിത്രകാരനുമായ സചീന്ദ്രന്‍ അനാഥമായി കിടന്ന മുത്തച്ഛന്റെ കാര്‍ സ്വന്തമാക്കുന്നതും തുടര്‍ന്ന് ആ കാര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഉപദേഷ്ടാവായി മാറുന്നതുമായ ഈ കഥയില്‍ പഴമയും പുതുമയും കൈകോര്‍ക്കുന്നുണ്ട്. ഇടശ്ശേരിയുടെ കാവ്യാദര്‍ശം ഇക്കാലത്തോട് സമരസപ്പെടുകയും കലഹിക്കുകയും വഴികാട്ടുകയും ചെയ്യുന്നതെങ്ങനെ എന്നുകൂടി കഥ ഓര്‍മിപ്പിക്കുന്നു. കുടുംബവും തൊഴിലിടവും ഒരു സ്ത്രീയെ പരുവപ്പെടുത്തുന്നതെങ്ങനെ എന്നതിന്റെ ദൃഷ്ടാന്തമാണ് ഇവാകുലേറ്റ് ഇവാകുലേറ്റ് ഇവാകുലേറ്റ്. സമൃദ്ധമായ തീന്‍മേശ പോലെ
ചുറ്റുമുള്ളവര്‍ നോക്കുന്ന എയര്‍ഹോസ്റ്റസുമാരുടെ ജീവിതത്തെക്കുറിച്ചും, മനുഷ്യഗുണങ്ങള്‍ ഒന്നും തന്നെ നേടാത്ത മനുഷ്യരെക്കുറിച്ചും ഈ കഥ ചര്‍ച്ച ചെയ്യുന്നു. ഭൂമിയില്‍ നിന്ന് മനുഷ്യന്‍ ഒഴിവാക്കപ്പെട്ടാല്‍ ഭൂമിയിലെ കോടാനുകോടി മറ്റുജീവജാലങ്ങളുടെ ജീവനാണ് സംരക്ഷിക്കപ്പെടുക എന്ന വലിയൊരു കാഴ്ചയുടെ കാന്‍വാസിലേക്കാണ് ഈ കഥ കണ്ണുതുറക്കുന്നത്.
കൃത്യമായ രാഷ്ട്രീയമാനങ്ങളുള്ള കഥയാണ് ബാപ്പുജിയും നേതാജിയും. സ്വാതന്ത്ര്യത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷവും പുതുക്കപ്പെട്ടിട്ടില്ലാത്ത ഇന്ത്യയുടെ ഇടയിലേക്ക് ഗാന്ധിജിയെയും നേതാജിയെയും ആവാഹിക്കാനുള്ള ശ്രമവും അതിനിടയിലും ലാഭം കൊയ്യുന്നവരെ കണ്ടെത്തുകയും ചെയ്യുന്ന, സമകാലികതയുടെ ആവശ്യമായ ഒരു കഥയാണിത്. ആശാന്റെ ദുരവസ്ഥയിലെ ചാത്തനും സാവിത്രിയ്ക്കും തുടര്‍ച്ചയായി രാമനുണ്ണി പുനീതിനേയും സബിതയെയും സൃഷ്ടിച്ചിരിക്കുന്നു. സാവിത്രിക്കാവാത്തത് സബിതയ്ക്ക് സാധിക്കുന്നു. ജനമൃതികള്‍ക്കുള്ളിലെ നിസ്സാരമായ
ഒരു കാലഘട്ടത്തില്‍ മാത്രം ഒതുങ്ങുന്ന, അമൂല്യമായ ജീവിതത്തെ ജാതി, ലിംഗാധികാരങ്ങള്‍ കൊണ്ട് അപഹസിക്കുന്ന ലോകത്തെ ഈ കഥ തുറന്നു കാട്ടുന്നു.
മാധവിക്കുട്ടി എന്ന കഥയിലെ മാതുവിന്റെയും പാട്ടിയുടെയുടെയും ജീവിതം പലപ്പോഴും കണ്ടിട്ടുള്ളതാണെങ്കിലും അവരുടെ പ്രതികാരരീതി വ്യത്യസ്തമായിരുന്നു. ശരി തെറ്റുകളുടെ വിചാരണയില്‍ പെടാതെ മനസ്സിന്റ സന്തോഷത്തിന് പ്രാധാന്യം കൊടുക്കുവാനുള്ള മാധവിക്കുട്ടിയുടെ ശ്രമം വിജയകരമായിത്തീരട്ടെ. യന്ത്രം കീഴ്‌പ്പെടുത്തുന്ന മനുഷ്യത്വത്തെയും സാഹിത്യത്തെയും ആസ്ഥാന, അല്ല അസ്ഥാനകവി ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യനിഷേധങ്ങളാണ് ഈ കഥകളുടെ ദേഹവും ദേഹിയുമായിത്തീരുന്നത്. ആത്മാവില്ലാത്ത, സ്വത്വമില്ലാത്ത ഉടലായി മാറുന്ന സ്ത്രീകളും, അരികുവത്ക്കരിക്കപ്പെടുന്ന ദരിദ്രരും, അനിവാര്യമായ ഒരു ജൈവപരിണാമം കൊണ്ടല്ലാതെ മനുഷ്യന്‍ മനുഷ്യനാവില്ല എന്ന തിരിച്ചറിവും ചേര്‍ന്നാണ് ഈ സമാഹാരത്തിലെ കഥകള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. പാരമ്പര്യവും സംസ്‌കാരവും പലതവണ വിമര്‍ശിക്കപ്പെടുന്നു. ചരിത്രവും രാഷ്ട്രീയവും ലിംഗാധികാരവും വാക്കുകള്‍ക്ക് മുന്നില്‍ അടിയറവ് പറയുന്നു. സാഹിത്യത്തെ അതിജീവിച്ചുള്ള സാഹിത്യകൃതി എന്ന മട്ടില്‍ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും സൗന്ദര്യത്തില്‍ നിന്നും ശക്തിയില്‍ നിന്നും ഊര്‍ജം കൊണ്ട കഥകളാണ് ഇടശ്ശേരിക്കാറിലുള്ളത്.
Content Highlights: kp ramanunni stories book review mathrubhumi books