വായനക്കാരെ വെറുതെ വിടാത്ത ജോൺ ഓഫ് ജോൺ

#ഗാഥാ മാധവ്
ഡഗ്ലസ് സ്റ്റുവർട് , ജോൺ ഓഫ് ജോൺ (ബുക്ക് കവർ)
ഡഗ്ലസ് സ്റ്റുവർട് , ജോൺ ഓഫ് ജോൺ (ബുക്ക് കവർ)

"Shuggie Bain" എന്ന പുസ്തകത്തിലൂടെ 2020-ലെ ബുക്കർ പ്രൈസ് നേടിയ ഐറിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്‌റ്റുവർട് ന്റെ ഏറ്റവും പുതിയ നോവലാണ് ജോൺ ഓഫ് ജോൺ. John-Calum MacLeod എന്ന കാൽ, കോളേജ് പഠനത്തിന് ശേഷം തന്റെ നാട്ടിലേക്കും വീട്ടിലേക്കും മതവും സ്വത്വബോധവും അകറ്റിയ അച്ഛനിലേക്കും മടങ്ങി വരുന്നിടത്തു നിന്നുമാണ് നോവൽ തുടങ്ങുന്നത്. എന്നെന്നേക്കുമായി താൻ ഉപേക്ഷിച്ചു പോകാൻ ആഗ്രഹിച്ചതിലേക്കു തന്നെ തിരിച്ചു വരേണ്ടി വരുന്നതിന്റെ ഈർഷ്യയും നിരാശ്ശയും പേറിയാണ് കാൽ, ഹാരിസ് എന്ന തന്റെ ദ്വീപിലേക്ക് തിരിക്കുന്നത്. എന്നാൽ തന്നെ അവിടെനിന്ന് അകറ്റിയിരുന്ന സംഘർഷങ്ങളും പകയും രഹസ്യങ്ങളും ഇന്നും അതേ ശക്തിയോടെ നിലനിൽക്കുന്നുവെന്ന് അയാൾ തിരിച്ചറിയുന്നു.

ആത്യന്തികമായി ഒരേ സത്യം, ഒരേ രഹസ്യം, പരസ്പരം മറച്ചുവെക്കുന്ന രണ്ടു മനുഷ്യരുടെ കഥയാണ് ജോൺ ഓഫ് ജോൺ. കടുത്ത മത വിശ്വാസിയും ദ്വീപിലെ പ്രെസ്‌ബിറ്റീരിയൻ പള്ളിയുടെ പ്രീച്ചറും ആയ തന്റെ അച്ഛനിൽ (ജോൺ) നിന്നും തന്റെ ലൈംഗികത മറച്ചുവെക്കുകയാണ് കാൽ. അതേസമയം ജോൺ, പ്രെസ്ബിറ്റീരിയൻ വിശ്വാസത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിഷിദ്ധമെന്നു മതവും, ഗ്രന്ഥവും സമൂഹവും അനുശാസിക്കുന്ന തന്റെ ആഗ്രഹങ്ങളെ തളച്ചിടാൻ ശ്രമിക്കുകയാണ്. ഒരേ സമയം ക്രൂരവും സഹതാപാർഹവും എന്ന് തോന്നുന്ന ഈ വിരോധാഭാസത്തിൽനിന്നാണ് നോവലിന്റെ വൈകാരികമായ സംഘർഷത്തിന്റെ വലിയൊരു ഭാഗം സ്റ്റുവർട്ട് കെട്ടിപ്പടുക്കുന്നത്. ഒറ്റവായനയിൽ കാൽ-ഉം അച്ഛനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണിതെന്നു നമുക്ക് തോന്നുമെങ്കിലും ജോണും ഇൻസും തമ്മിലുള്ള പ്രണയത്തിന്റെ കൂടി കഥയാണ് ജോൺ ഓഫ് ജോൺ. നോവലിന്റെ തുടക്കത്തിൽത്തന്നെ ഇന്നസും ജോണും പ്രണയികളാണെന്ന് കഥാകാരൻ നമ്മളോട് പറയുന്നുണ്ട്. കൗമാരകാലം മുതൽ അവർ സൂക്ഷിക്കുന്ന ഈ രഹസ്യബന്ധത്തിന്റെ വേദനകളാണ് നോവലിന്റെ കേന്ദ്രബിന്ദു. ചെറുതും വലുതുമായ പല പ്രതിസന്ധികളിലൂടെ നോവൽ ഈ ബന്ധത്തെ പരീക്ഷിക്കുന്നു. കാൽ നു ഇന്നീസ് നോട് തോന്നുന്ന ആകർഷണം അതിലൊന്നാണ്. ജോൺ ന്റെ മത വിശ്വാസം അയാളെ പൂർണമായി തന്നിലേക്ക് അടുപ്പിക്കില്ല എന്ന ഇന്നീസ് ന്റെ തിരിച്ചറിവാണ് മറ്റൊന്ന്. സ്വന്തം അധാർമികതയെക്കുറിച്ചുള്ള ചിന്തയിൽ നിരന്തരം പീഡിപ്പിക്കപ്പെടുന്ന ജോൺ ന്റെ മാനസിക സംഘര്ഷങ്ങളാണ് ഇനിയടുത്തത്. “അവൻ ദൈവത്തെ സ്നേഹിച്ചു. അവൻ ഇന്നസിനെ സ്നേഹിച്ചു. അവൻ ദൈവത്തെ സ്നേഹിച്ചു; എന്നാൽ അവൻ ഇന്നസിനെ സ്നേഹിക്കുന്ന രീതിയെ ദൈവം വെറുത്തു.” (He loved God. He loved Innes. He loved God and God hated how he loved Innes.”) എന്ന ജോണിന്റെ വാക്കുകൾ മാത്രം മതി അയാളനുഭവിക്കുന്ന ആന്തരിക പീഡകളെ കുറിച്ച് നമുക്ക് മനസ്സിലാക്കുവാൻ.

കാൽ-ഉം ജോണും ഇന്നീസും കാൽ-ന്റെ അമ്മയായ ഗ്രേസും അമ്മൂമ്മയായ എല്ലയും കളിക്കൂട്ടുകാരനായ ഡോളുമൊക്കെ ഓരോ ദ്വീപുകളാണെന്നു നമുക്ക് തോന്നിപ്പോകും. ഹാരിസ് ദ്വീപിന്റെ കാലാവസ്ഥയോളം തന്നെ പ്രക്ഷുബ്ധമായ മനസികാവസ്ഥയുള്ളവർ. പുറം ലോകത്തിന്റെ സന്തോഷങ്ങളിൽ നിന്നും ഒറ്റപ്പെട്ടു പോയവർ. തന്നിലേക്കടുക്കുന്ന ജീവന്റെ തോണികൾ കരയിൽ തകരുന്നതും കടലിൽ ഉലയുന്നതും കണ്ടു നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവർ. അവരിലേക്കൊരു തോണിയിറക്കാൻ മതത്തിന്റെ, ജീവിതത്തിന്റെ, സമൂഹത്തിന്റെ കെട്ടുപാടുകളാൽ കഴിയാതെ പോകുന്നവർ.

ഇത്തരമൊരു വൈകാരിക അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് സ്കോട്ടിഷ് ദ്വീപുകളുടെ കാലാവസ്ഥയും ഭൂപ്രകൃതിയും എഴുത്തുകാരൻ വളരെ സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്. ഹാരിസ് ദ്വീപ് ഒരുപക്ഷെ നോവലിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രമാണെന്നു വായനക്കാർക്ക് തോന്നിപ്പോകും. കാറ്റും കോളും നിറഞ്ഞ പരുക്കൻ അന്തരീക്ഷമാണ് ദ്വീപിന്. പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായതും എന്നാൽ പ്രകൃതി ക്ഷോഭത്താൽ നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യുന്ന ഒരു സ്ഥലം. അവിടേക്ക് എത്തിപ്പെടുക എന്നത് പോലും ശ്രമകരമാണ്. നോവലിലുടനീളം പടർന്നുകിടക്കുന്ന ഏകാന്തത വ്യക്തിപരമായ ഒന്നുമാത്രമല്ല; അതിന് ഭൂമിശാസ്ത്രപരമായ ഒരു മാനവും കൂടിയുണ്ട്. പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടുനിൽക്കുകയും സ്വന്തം പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയാണത്.

സ്വയം വെറുപ്പിനെ കുറിച്ചും വഞ്ചനയെ കുറിച്ചും നമ്മളോരുത്തരിലും നിലനിൽക്കുന്ന വൈരുദ്ധ്യങ്ങളെ കുറിച്ചും വൈയക്തിക ആഗ്രഹങ്ങളും സാമൂഹ്യ പ്രതീക്ഷകളും തമ്മിലുള്ള അന്തരത്തെ കുറിച്ചും അതിലൂടെ ഉടലെടുക്കാവുന്ന സംഘർഷങ്ങളെ കുറിച്ചുമൊക്കെ അസാധാരണമായ ഉൾക്കാഴ്ചയോടെയും ഹൃദയഭേദകമായ സത്യസന്ധതയോടെയും സംസാരിക്കുന്ന നോവലാണിത്. അപ്പോഴും സ്‌കോട്ട്ലന്റിന്റെ പ്രധാന ഭൂപ്രദേശത്തുള്ളവർക്ക് ദ്വീപുനിവാസികളോടുള്ള മുൻവിധികളെയും സ്വന്തമായി ഭൂമിയില്ലാത്ത ചെറുകിട കർഷകരുടെ ജീവിത സമരങ്ങളെയും അന്യം നിന്നും പോകുന്ന പാരമ്പര്യ നെയ്തായ ട്വീഡ് നെയും ഒക്കെ ചർച്ചകളിലേക്കു കൊണ്ടുവരാൻ സ്റ്റുവർട്ടിന് കഴിയുന്നുണ്ട്.

ദുഃഖഭാരം കൊണ്ട് വിങ്ങി നിൽക്കുന്ന നോവലാണ് പലപ്പോഴും ഇത്. വിശ്വാസത്തിനും പാരമ്പര്യത്തിനുമൊപ്പം തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നായി, ദുഃഖവും അസന്തുഷ്ടിയും മാറുന്ന ജീവിതങ്ങൾ. എന്നാൽ ഈ ഇരുട്ടിലും സംഘര്ഷങ്ങളിലും മനുഷ്യത്വത്തെ തേടുകയാണ് എഴുത്തുകാരൻ. മുഖം മൂടികൾക്കു പിന്നിൽ ജീവിക്കേണ്ടി വരുന്ന, എന്നാൽ സ്നേഹിക്കാനും പ്രണയത്തിനായി കാത്തിരിക്കാനും വേദന സഹിക്കാനും വിധിക്കപ്പെട്ട, അതെല്ലാം നിശ്ശബ്ദമായി സഹിക്കേണ്ടി വരുന്ന ക്വിയർ പുരുഷന്മാരുടെ അപൂർണജീവിതങ്ങളിലേക്കുള്ള തീവ്രമായ അന്വേഷണമാണ് ജോൺ ഓഫ് ജോൺ. ചില പുസ്തകങ്ങൾ വായനക്ക് ശേഷവും നമ്മളെ അവയിലേക്ക് പിടിച്ചു വലിച്ചുകൊണ്ടേയിരിക്കും. ജോൺ ഓഫ് ജോൺ അങ്ങനെ നിങ്ങളെ വെറുതെവിടാത്ത ഒരു പുസ്തകമാണ്.

Content Highlights: Review of Douglas Stuart's latest novel 'John of John'., Explores complex father-son relationships and hidden queer identities on Harris Island., Examines the clash between strict Presbyterian faith and personal desires., Highlights the atmospheric Scottish island setting and themes of isolation.