ചാരക്കേസില്‍ കക്ഷിചേരാന്‍ ഇ.കെ കുട്ടിയില്ല, 'ഇസ്രോയിലെ കുട്ടിക്കാലം' എന്ന വലിയ കാലം!

ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഇ.കെ കുട്ടിയുടെ ആത്മകഥ 'ഇസ്രോയിലെ കുട്ടിക്കാലം' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. 'ഇസ്രോയിലെ കുട്ടിക്കാല'ത്തെക്കുറിച്ച് എ.പി അഹമ്മദ് എഴുതുന്നു.
പതിവു പുസ്തകവായനയില്‍നിന്ന് തുടങ്ങിയാല്‍, പതുക്കെ ചിന്തകളെ സാധ്യതകളുടെ വിശാലതയിലേക്ക് നയിക്കാന്‍ ശേഷിയുള്ള പുസ്തകമാണ് ഇസ്രോ ഡയറക്ടറായിരുന്ന ഇ.കെ. കുട്ടിയുടെ 'ഇസ്രോയിലെ കുട്ടിക്കാലം'. പുസ്തകത്തിന്റെ പേരില്‍പോലും ദാര്‍ശനികമായ കാഴ്ചപ്പാട് ഒളിച്ചു വച്ചിട്ടുണ്ട് എന്നുതോന്നും. ഇസ്രോയിലെ ശിശുവായിരുന്ന കുട്ടിയുടെ കഥയാണോ, അതോ ഇസ്രോ എന്ന സ്ഥാപനത്തിന്റെ കുട്ടിക്കാലത്തെ കഥയാണോ ഇതെന്ന് സംശയം തോന്നാം. യഥാര്‍ത്ഥത്തില്‍, തന്റെ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്ന, നാട്ടിലെ കുട്ടികളിലെ പ്രതിഭകള്‍ക്ക് വഴികാണിക്കുന്ന കുട്ടിയുടെ കാലമാണ് ഈ പുസ്തകത്തിന്റെ കാതല്‍. കുട്ടികളെ പരിശീലിപ്പിച്ചെടുക്കുന്ന ഈ കാലമാണ് യഥാര്‍ത്ഥ 'കുട്ടിക്കാലം'. അതുകൊണ്ടുതന്നെ ഇത് കുട്ടികളുടെ കഥയാണ്, അവരുടെ സ്വപ്നങ്ങളിലെ ആകാശത്തിന്റെ കഥയാണ്, അവരുടെ രക്ഷയ്ക്കുവേണ്ടിയുള്ള കഥയുമാണ്. അങ്ങനെ, വായന തുടങ്ങുമ്പോള്‍ തന്നെ ഇ.കെ. കുട്ടിയുടേതില്‍നിന്ന് ഒരുപാട് കുട്ടികളുടെ കഥയായി പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു.
ഒറ്റവാക്കില്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള രൂപരേഖയാണ് ഈ പുസ്തകം. എന്നത്തേയും കുട്ടികള്‍ക്കുവേണ്ടിയുള്ള ഇ.കെ. കുട്ടിയുടെ നീക്കിയിരിപ്പാണിത്. തന്റെ അനുഭവങ്ങളും ജീവിതവും എല്ലാ മക്കള്‍ക്കുംവേണ്ടി മാറ്റിവച്ച അതുല്യപ്രതിഭയായ ഒരാളുടെ ജീവിതത്തിന്റെ സൗന്ദര്യം ഈ പുസ്തകത്തിലെ ഓരോ വരിയിലുമുണ്ട്. ആത്മം മാത്രം നിറയുന്ന ആത്മകഥകളില്‍നിന്ന് മൂല്യമുള്ള കഥയായി ഇത് മാറുന്നത് അതുകൊണ്ടാണ്.
ജീവിതത്തില്‍ എന്താവണമെന്ന് തീരുമാനിച്ചുവോ അതാവാന്‍ യോഗമില്ല എന്ന ശാപവാക്കുകളില്‍ ജീവിതം ഒടുക്കാതിരിക്കുക എന്ന സന്ദേശമാണ് 'ഇസ്രോയിലെ കുട്ടിക്കാലം' നമ്മോട് പറയുന്നത്. ഉള്‍ക്കണ്ണ് തുറന്നിരിക്കുന്നുണ്ടെങ്കില്‍, മുന്നില്‍ കൃത്യമായൊരു ലക്ഷ്യമുണ്ടെങ്കില്‍ വഴികളിലൊക്കെയും ഗുരുക്കന്മാര്‍ വന്ന് നിറഞ്ഞുകൊണ്ടിരിക്കും. ബര്‍മയില്‍നിന്ന് അച്ഛന്‍ അയയ്ക്കുന്ന 40 രൂപയ്ക്കാണ് കൂട്ടുകുടുംബത്തിന്റെ ചെലവുകള്‍ നടത്തുന്നത്. നിയന്ത്രണങ്ങളുടെ പേരില്‍ 20 രൂപയായി വരവ് കുറഞ്ഞപ്പോള്‍ കുടുംബത്തിന്റെ ചെലവ് എങ്ങനെ നടത്താം എന്ന് കാണിച്ചുകൊടുത്ത ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്രജ്ഞയായി അമ്മ മാറുകയാണ്. പലചരക്കുകടയിലെ കാലിയായ ബിസ്‌കറ്റ് പെട്ടിയില്‍ കൃത്രിമ റേഡിയോ നിര്‍മ്മിച്ച് അബ്ദുറഹിമാന്‍ എന്ന പീടികക്കാരന്‍ കൊച്ചുകുട്ടിയുടെ ജീവിതത്തിലെ ആദ്യശാസ്ത്രജ്ഞനാവുന്നു. വഴികളില്‍ കണ്ടവരൊക്കെ, കൂടെ പഠിച്ചവരും പഠിപ്പിച്ചവരുമൊക്കെ വഴികാണിക്കാനെത്തുന്നു.
തപാല്‍ വകുപ്പിലെ ഉയര്‍ന്ന ജോലി കമ്യൂണിസ്റ്റാണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ പേരില്‍ നഷ്ടപ്പെട്ടു. റിസര്‍വ് ബാങ്കിലെ ഉയര്‍ന്ന ജോലി ആവശ്യത്തിന് തൂക്കമില്ല എന്ന കാരണത്താല്‍ കിട്ടാതെ പോയി. അതോടെ നിരാശനായി ശ്രമങ്ങളുപേക്ഷിക്കുകയല്ല കുട്ടി ചെയ്തത്. തന്റെ ലക്ഷ്യത്തിലെത്താന്‍ കഠിനമായ ഏത് പരിശ്രമങ്ങള്‍ക്കും അദ്ദേഹം തയ്യാറായി. മുംബൈയില്‍ പെയിന്ററായി. ലക്ഷ്യമുള്ളതുകൊണ്ട് പലരൂപത്തില്‍ രക്ഷകരുമുണ്ടായി.
കേരളത്തില്‍നിന്ന് ഉന്നതപഠനത്തിന് യോഗ്യതയില്ല എന്ന പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റുമായി പൂനെയിലെ CWPRS-ല്‍ എത്തിയ അദ്ദേഹത്തെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും സഹായിച്ചു. ജോലി ചെറുതായിരുന്നുവെങ്കിലും ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ വലുതായിരുന്നു. അവിടെനിന്നാണ് ഇസ്രോയിലേക്ക് പോകാനുള്ള കരുത്ത് അദ്ദേഹം നേടുന്നത്.
സ്വപ്നതുല്യമായ ജോലി എന്നും ഇസ്രോ ആയിരുന്നു. അവിടെ അദ്ദേഹത്തെ ഏല്‍പ്പിച്ച ജോലിയാകട്ടെ, സയന്‍സും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം. അല്ലെങ്കില്‍ മാനവവിഭവശേഷിയും ശാസ്ത്ര ഗവേഷണവും തമ്മിലുള്ള അപാരമായ സാധ്യതകള്‍. ആഗ്രഹത്തിന്റെ തീവ്രതയാല്‍, ലക്ഷ്യത്തില്‍ തന്നെ അദ്ദേഹം എത്തിച്ചേര്‍ന്നു.
ഉള്ളില്‍ സ്വപ്നമുണ്ടോ, രക്ഷകന്‍ കാത്തിരിപ്പുണ്ടാവും. അത്തരത്തിലുള്ള അനേകം രക്ഷകരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട് കുട്ടിസര്‍. അദ്ദേഹത്തിന്റെ ആര്‍ദ്രമായ ബിംബത്തെ ഒഴുക്കിക്കളയുന്ന മട്ടില്‍ സതീഷ്ധവാന്‍, എ.പി.ജെ. അബ്ദുല്‍കലാം, പ്രൊഫ. ജി. മാധവന്‍ നായര്‍, ഡോ. ബ്രം പ്രകാശ്, വൈ.എസ്. രാജന്‍, ഡോ. പിഷാരടി തുടങ്ങി ധാരാളം ബിംബങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. അവരുടെയെല്ലാം ജീവിതത്തിന്റെ ടെക്സ്റ്റ് ബുക്കാണിത്. പരീക്ഷണം പരാജയപ്പെടുമ്പോള്‍ പൊട്ടിക്കരയുന്ന ശാസ്ത്രജ്ഞര്‍! അത്ഭുതപ്പെടുത്തുന്നുണ്ട് ഇത്തരം കാഴ്ചകള്‍. എത്ര ഉയരത്തിലായിരിക്കുമ്പോഴും വിനയത്തിന്റെ അങ്ങേയറ്റമാവാന്‍ മടിയില്ലാത്തവരുടെ ലോകം.
1979- ല്‍ SLV ദൗത്യം പരാജയപ്പെട്ടപ്പോള്‍ മീഡിയാറൂമില്‍ സതീഷ്ധവാന്‍ നേരിട്ടെത്തി മറുപടി നല്‍കി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം വിജയിച്ചപ്പോള്‍ മാധ്യമങ്ങളെ കാണാന്‍ പ്രൊജക്ട് ഡയറക്ടര്‍ ഡോ. കലാമിനേയും താര്‍സംസിങ്ങിനെയും ധവാന്‍ ചുമതലപ്പെടുത്തി. പരാജയപ്പെടുമ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും വിജയിക്കുമ്പോള്‍ സഹപ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്താനുമുള്ള വലിയ മനസ്സുകള്‍ എക്കാലത്തെയും മാതൃകകള്‍ തന്നെയാണ്.
ചാരക്കേസില്‍ കക്ഷിചേരാന്‍ കുട്ടിസാറില്ല. എന്നാല്‍, ആ കാലത്ത് ഇസ്രോയ്ക്കകത്ത് മാനേജ്‌മെന്റ് എങ്ങനെയാണ് അതിനെ നേരിട്ടത് എന്ന് കുട്ടിസര്‍ പറയുന്നുണ്ട്. നമ്പിയുടേത് മാത്രമല്ല റോക്കട്രി എന്ന തലക്കെട്ട്, നമ്പി നാരായണന്റെ ആരാധകര്‍ വായിക്കേണ്ടതുതന്നെ.
1980-ല്‍, ഇസ്രോയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനാവില്ല എന്നതിന്റെ പേരിലുള്ള സമരം കുട്ടിസര്‍ പറയുന്നുണ്ട്. അതിനെ നേരിടാന്‍ കുട്ടികള്‍ കളമൊരുക്കിയത് മറ്റൊരു ചരിത്രം.
കണ്ടന്റും സ്പിരിറ്റും ഫയറും ഉളളതാണ് 'ഇസ്രോയിലെ കുട്ടിക്കാലം.' ഇതിലെ ഒരോ സന്ദര്‍ഭവും എല്ലാവര്‍ക്കും ഗുരുവായി മാറുന്നു. ഏതു സന്ദര്‍ഭത്തിലും ആര്‍ക്കും കൊടുക്കാവുന്ന അത്യുഗ്രന്‍ സമ്മാനം. കാലത്തിന്റേയും ദേശത്തിന്റേയും ആത്മാവ് എഴുതുന്നതാണ് ആത്മകഥയെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അത്യപൂര്‍വ്വമായി വായിച്ച മൂല്യവത്തായ ആത്മകഥകളിലൊന്നായിരിക്കും ഇത്. നമ്മളോരോരുത്തരും സ്വപ്നങ്ങളിലേക്കെത്തുന്നത് എങ്ങനെയാണെന്ന് ഇതിലും മനോഹരമായി പറയുന്നതെങ്ങനെയാണ്. ഒരു കാര്യം ഉറപ്പിച്ചുപറയാം, ഇത് ഒരു പാഠമല്ല, 'പാഠശേഖരം' തന്നെ. രാജ്യത്തെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും ഈ പുസ്തകത്തെയും എഴുത്തുകാരനെയും വൈകിയാണെങ്കിലും ആദരിക്കുകതന്നെ വേണം.
Content Highlights: AP Ahammed reviews the Autobiography of EK Kutty Retired Director of ISRO