'തൈമയും കൊളംബസും': അമേരിക്കന്‍ ജീവിതത്തിന്റെ ഭൂതകാലവും ഇപ്പോഴും മുഴങ്ങുന്ന ചില പ്രാര്‍ഥനകളും

കെ.വി പ്രവീണ്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച തൈമയും കൊളംബസും എന്ന നോവല്‍ ഇ. സന്തോഷ് കുമാറിന്റെ വായനയില്‍...
ഒരാള്‍ ഒരു ജനത
'ഇളംതണുപ്പും വെയിലും. സദാ ചാറ്റല്‍മഴ പെയ്യുന്ന, മൂടിക്കെട്ടിയിരിക്കുന്ന ഈ നഗരം ഇന്ന് വെളുക്കെ ചിരിക്കുന്നു. വാഷിങ്ടണ്‍ തടാകത്തിലും തോടുകളിലും ഇപ്പോള്‍ സാ(ല്‍)മണുകള്‍ പുളയ്ക്കുകയായിരിക്കും. മീന്‍പിടിക്കാന്‍ ആളുകളുടെ തിരക്കായിരിക്കും. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതുപോലെ വെയിലുള്ള
ഒരു ദിവസം ഇവിടെ ചൂണ്ടയിട്ടത് അയാള്‍ക്ക് ഓര്‍മ്മ വന്നു...'
'തൈമയും കൊളംബസും' എന്ന കെ.വി. പ്രവീണിന്റെ നോവലില്‍ സിയാറ്റില്‍ നഗരത്തെക്കുറിച്ചുള്ള പരാമര്‍ശമാണിത്. വായിച്ചപ്പോള്‍ സിയാറ്റിലിനെക്കുറിച്ച് മുമ്പ് ഒരു ലേഖനത്തില്‍ പ്രവീണ്‍ എഴുതിയിരുന്നത് ഓര്‍മ്മവന്നു. പ്രശസ്ത കഥാകൃത്ത് റെയ്മണ്ട് കാര്‍വറുടെ ശവകുടീരം കാണുന്നതിനായി നടത്തിയ തിടുക്കത്തിലുള്ള ഒരു യാത്രയെക്കുറിച്ചായിരുന്നു അത്. വാഷിങ്ടണിലെ സിയാറ്റിലില്‍ നിന്നും അധികം ദൂരെയല്ലാത്ത പോര്‍ട്ട് ആഞ്ചലസിലാണ് കാര്‍വര്‍ അന്ത്യവിശ്രമം കൊള്ളുന്നത്. കാര്‍വറുടെ രചനകളെ അദ്ദേഹത്തിന്റെ ജീവിതപശ്ചാലത്തില്‍ വിശദീകരിക്കുന്ന ഒന്നായിരുന്നു ഹൃദ്യമായ ആ കുറിപ്പ്. വാഷിങ്ടണിലെ, വിശേഷിച്ചും സിയാറ്റില്‍ നഗരത്തിലെ മഴകളെക്കുറിച്ചും അതിന്റെ വിഷാദാത്മകതയെക്കുറിച്ചും കാര്‍വര്‍ക്ക് വലിയ പ്രിയമുണ്ടായിരുന്ന മീന്‍പിടിത്തത്തെക്കുറിച്ചുമൊക്കെ അതില്‍ സൂചിപ്പിച്ചിട്ടുണ്ട്.
'തൈമയും കൊളംബസും' എന്ന പ്രവീണിന്റെ പുതിയ നോവലില്‍ മുഖ്യകഥാപാത്രങ്ങളുടെ ഇഷ്ടനഗരമാണ് സിയാറ്റില്‍. മിക്കവാറും എല്ലായ്‌പോഴും മഴ കിട്ടുന്ന, നനഞ്ഞു കുതിര്‍ന്ന സിയാറ്റില്‍. പ്രകൃതിയുടെ രാഷ്ട്രീയവുമായുള്ള സിയാറ്റിലിന്റെ ചരിത്രബന്ധവും അപ്പോള്‍ നമ്മള്‍ ഓര്‍ക്കാതിരിക്കില്ല. സിയാറ്റിലിലെ ഗോത്രമൂപ്പന്‍ എഴുതിയിട്ടുള്ള പ്രശസ്തമായ കത്ത് ഇപ്പോഴും പാരിസ്ഥിതികപ്രവര്‍ത്തകരുടെ മാനിഫെസ്റ്റോയാണല്ലോ. സ്വര്‍ണം തേടി ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന ക്രിസ്റ്റഫര്‍ കൊളംബസിന്റെയും അയാള്‍ വഴിതെറ്റി എത്തിച്ചേരുന്ന കരീബിയന്‍ ദ്വീപുകളിലെ ആദിമനിവാസികളുടെയും കഥയാണ് ഈ നോവലിന്റെ പ്രമേയപരിസരമായി പ്രവീണ്‍ തെരഞ്ഞെടുത്തിട്ടുള്ളത്. സ്പാനിഷ് ഭരണകൂടത്തിന്റെയും കത്തോലിക്കാ പള്ളിയുടെയും സഹായസഹകരണങ്ങളോടുകൂടിയായിരുന്നു ആ യാത്ര. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ കൊളോണിയലിസം അഞ്ചു നൂറ്റാണ്ടെങ്കിലും നീണ്ടുനി(ല്ക്കു)ന്ന ജൈത്രയാത്ര ആരംഭിക്കുന്നതിന്റെ നിഷ്ഠൂരമായ കഥയാണത്. ദ്വീപുകളില്‍ എത്തിച്ചേരുന്ന വെളുത്ത മനുഷ്യരെ ദൈവതുല്യരായി കാണുകയായിരുന്നു ഗോത്രവര്‍ഗക്കാര്‍. അവര്‍ക്ക് ഇരുമ്പോ അതില്‍നിന്നുണ്ടാക്കുന്ന ആയുധങ്ങളോ പരിചിതമായിരുന്നില്ല. വെടിമരുന്നിന്റെയും മറ്റ് ആയുധങ്ങളുടെയു ബലത്തില്‍ സ്പാനിഷ് അധിനിവേശകര്‍ എത്രയോ ദ്വീപുകള്‍ കീഴടക്കുകയും തനതുവാസികളെ ഉന്മൂലനം ചെയ്യുകയോ അടിമകളാക്കുകയോ ചെയ്തു. പാപികളെ രക്ഷിക്കുന്നതിനുള്ള ആവേശത്തില്‍ സഭ അതിന് വേണ്ട ഒത്താശകള്‍ ചെയ്തു. മനുഷ്യര്‍ മാത്രമല്ല അവരുടെ ഭാഷകള്‍ പോലും ഇല്ലാതായി. കൊളംബസിന്റെ കപ്പലുകള്‍ കണ്ടെത്തിയ ദ്വീപുകളിലെ തൈനോ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള പ്രതിനിധിയാണ് തൈമ. അധിനിവേശം ദ്വീപുനിവാസികളെയും അവരുടെ സംസ്‌ക്കാരത്തെയും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ സാക്ഷിയാണ് അവള്‍. അവളുടെ വാക്കുകളിലൂടെയും കാഴ്ചകളിലൂടെയും നാം യൂറോപ്യന്‍ നാഗരികതയുടെയും നവോത്ഥാനത്തിന്റെയും മറുഭാഗം വായിക്കുന്നു.
'തൈമയും കൊളംബസും' എന്ന നോവല്‍ പക്ഷേ, നൂറ്റാണ്ടുകള്‍ക്കുമുന്നേയുള്ള ആ അധിനിവേശത്തിന്റെ കഥ മാത്രമല്ല. ആധുനിക അമേരിക്കന്‍ ജീവിതവുമായി ആ കഥയെ ഇഴചേര്‍ത്തിരിക്കുന്നു എന്നതിലാണ് ഈ കൃതിയുടെ പ്രാധാന്യം. 'നിഷ്‌ക്കളങ്കതയ്ക്കുമാത്രമായി ഭൂമിയില്‍ ഒരിടമില്ല' എന്ന തന്റെ തന്നെ പ്രശസ്തമായ കഥയുടെ ഭൂതകാലവും ഭാവിയും അന്വേഷിക്കുകയായിരുന്നു, പ്രവീണ്‍ ഈ നോവലില്‍. ആ ചെറുകഥയിലെ കഥാപാത്രങ്ങളായ എബ്രഹാമും അയാള്‍ ദത്തെടുത്തുവളര്‍ത്തുന്ന അമേരിന്ത്യന്‍ വംശജനായ ഡേവിഡും ഈ നോവലില്‍ വളര്‍ന്നുവികസിക്കുന്നതു കാണാം. ഗര്‍ഭിണിയായ അമ്മയുടെ മദ്യാസക്തിയില്‍നിന്നും (ഫീറ്റല്‍ ആല്‍ക്കഹോളിക് സിന്‍ഡ്രോം) പകര്‍ന്നുകിട്ടിയ വൈകല്യങ്ങളോടെ ജനിച്ച ഡേവിഡ് പ്രായപൂര്‍ത്തിയെത്തുമ്പോള്‍ തന്റെ വളര്‍ത്തമ്മയെയും അച്ഛനെയും വിട്ടുപോവുകയാണ്. അയാളുടെ ജീവിതത്തെ പിന്തുടരുന്ന എബ്രഹാം വിചിത്രമായ ചില അനുഭവങ്ങളിലൂടെ കടന്നുപോവുകയും ചില തിരിച്ചറിവുകളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
ഈ നോവല്‍ മനുഷ്യന്റെ സ്വത്വത്തെപ്പറ്റിയുള്ള ചില ആലോചനകളാണ് അവതരിപ്പിക്കുന്നത്. അതിന്റെ സൂചനകള്‍ ആദ്യഭാഗത്തുതന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. സിയാറ്റിലിലെ ഷമാഷീഷ് തെരുവില്‍ വച്ച് മക്‌ഡൊണാള്‍ഡ് ജോയിന്റിന്റെ മുന്നിലിരിക്കുന്ന അമേരിന്ത്യന്‍ വൃദ്ധ പറയുന്നത് അതാണ്: I'm a tribe of my own (ഞാന്‍ സ്വയം ഒരു ഗോത്രമാണ്). അധിനിവേശക്കാര്‍ തകര്‍ത്ത സംസ്‌ക്കാരങ്ങള്‍ക്കുമേല്‍ കെട്ടിപ്പൊക്കിയ ആധുനിക നഗരങ്ങളുടെ പുറമ്പോക്കുകളില്‍ അവശേഷിക്കുന്ന അത്തരം സംസ്‌ക്കാരത്തിന്റെ പ്രതിനിധികളുടെ ഭാഗധേയം എന്താണ്? അവരെക്കുറിച്ച് മനസ്സിലാക്കാനെന്ന പേരില്‍ നടക്കുന്ന നരവംശസംബന്ധമായ ഗവേഷണങ്ങളുടെ രാഷ്ട്രീയം എന്താണ്? ഇത്തരം ചില വിഷയങ്ങള്‍ നമ്മുടെ കാലത്ത് വലിയ ചര്‍ച്ചയാണല്ലോ. അതുപോലുള്ള ചില സന്ദര്‍ഭങ്ങള്‍ നമ്മള്‍ ഈ നോവലില്‍ അഭിമുഖീകരിക്കുന്നുണ്ട്.
കൊളോണിയല്‍ അധിനിവേശത്തിന്റെ കഥ ഈ നോവലിനുള്ളില്‍ത്തന്നെ 'വംശനാശം വന്നവയുടെ സൂക്ഷിപ്പുകാരന്‍' എന്ന മറ്റൊരു നോവലിന്റെ രൂപത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. അധിനിവേശക്കാരുടെ തലവനായി വരുന്ന അഡ്മിറല്‍ കൊളംബസിനെപ്പോലും വേറൊരു വീക്ഷണകോണില്‍നിന്നും കണ്ടുകൊണ്ട്, അയാള്‍ക്കു ചാര്‍ത്തിക്കൊടുക്കാറുള്ള പതിവുചാപ്പകളില്‍നിന്നും ഏറെക്കുറെ വിമുക്തമാക്കിയിട്ടാണ് കഥാപാത്രചിത്രീകരണം നിര്‍വ്വഹിച്ചിട്ടുള്ളത്. കൊളോണിയസത്തിന്റെ വക്താവായിരിക്കുമ്പോള്‍ത്തന്നെ വിശാലമായ അര്‍ത്ഥത്തില്‍ വ്യക്തി എന്ന നിലയില്‍ അയാള്‍ ഒരു ഇര കൂടിയാണെന്നു കാണാം. മദ്യാസക്തിക്ക് അടിപ്പെട്ട ഡേവിഡിന്റെ ജീവിതത്തെയും കാരുണ്യത്തിന്റെ ചില്ലിലൂടെ കാണാനുള്ള ശ്രമമുണ്ട്. ഈ അപരകോണിലൂടെയുള്ള കാഴ്ചയാണ് നോവലിന്റെ വിജയം എന്നു തോന്നുന്നു. ഒപ്പം തന്നെ പ്രവീണിന്റെ കഥകളില്‍ കണ്ടുപോരുന്ന തെളിമയുള്ള ഭാഷയും.
നിഷ്‌ക്കളങ്കതയില്‍ നിന്നും അറിവിലേക്കുള്ള 'പതനത്തെ'- ക്കുറിച്ച് മനസ്സിലാക്കുക എന്നത് ദുര്‍വ്വഹമായ ഭാരമായി തോന്നുന്നതായും അതുകൊണ്ടുതന്നെ അത് അറിയാതിരിക്കുകയാണ് ഭേദമെന്നുമുള്ള മാര്‍ഗരറ്റ് ആറ്റ്‌വുഡിന്റെ വാക്യങ്ങള്‍ നോവലിന്റെ പ്രവേശികയാണ്. ഡേവിഡിനെ -തൈനോ ഗോത്രത്തെില്‍ അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന മനുഷ്യരിലൊരാളാണ് അയാള്‍- അവന്റെ ജീവിതവിധിക്കു വിട്ടുകൊണ്ട് എബ്രഹാം ഒടുവില്‍ പിന്മാറുന്നത് ഈയൊരു കാരണം കൊണ്ടാവാം. ആധുനിക അമേരിക്കന്‍ ജീവിതത്തിന്റെ അതിവിശാലമായ തെരുവുകളില്‍ സഞ്ചരിക്കുമ്പോഴും അവയുടെ ഭൂതകാലത്തുനിന്നും ഇപ്പോഴും മുഴങ്ങുന്ന ചില പ്രാര്‍ത്ഥനകളെ വാക്കുകളിലൂടെ ആവാഹിക്കുകയാണ് എഴുത്തുകാരന്‍ തൈമയും കൊളംബസും എന്ന നോവലില്‍.
Content Highlights: e santhoshkumar novel review thaimayum columbussum kv praveen