പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും: വായന എന്ന ദേശത്തിന്റെ ചരിത്രം

You don’t have to burn books to destroy a culture l just get people to stop reading them.
Ray Bradhury
വായനയുടെ ചരിത്രം, വര്‍ത്തമാനം എന്നിവയില്‍ തുടങ്ങി ഭാവനയുടെ ചരിത്രം, വര്‍ത്തമാനം, ഭാവി എന്നിവയില്‍ അവസാനിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ജെ. പ്രഭാഷിന്റെ പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും. വായനയെ വിനോദമായും ശീലമായും രണ്ടുതരത്തില്‍ നമ്മള് കാണാറുണ്ട്. എന്നാല്‍ വായന ജീവനും ജീവിതവുമായ അപൂര്‍വം ചിലരിലൂടെയാണ് ലോകം സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും നിറക്കൂട്ടണിയുന്നത്. ചുറ്റുപാടും മറന്നിരുന്നു വായിക്കുന്ന മനുഷ്യനില്‍ നിന്ന് വായനയും പുസ്തകവും പ്രചരിക്കാന്‍ തുടങ്ങിയ ആദ്യകാല വിശേഷങ്ങളിലേക്ക്, വളരെ ആധികാരികമായ വിവരങ്ങളിലേക്ക് ഈ പുസ്തകം കൂട്ടിക്കൊണ്ടുപോകുന്നു. 1866 ജനുവരി 7ന് ക്യൂബയില്‍ ആരംഭിച്ച ഉറക്കെ വായന 1866 മെയ് 24 നിരോധിക്കപ്പെടുന്നതും പിന്നീടത് അമേരിക്കയിലേക്ക് വ്യാപരിച്ചതും, വായനയുടെ ജനാധിപത്യവത്കരണവും യൂറോപ്പിലെ ഗ്രന്ഥശാലകളുടെ സ്ഥാപനവും, വായനയുടെ രീതി മാറുന്നതും തുടങ്ങി പല പല വീക്ഷണകോണിലൂടെ വായനയുടെ ചരിത്രത്തെ ഏകോപിപ്പിക്കുകയാണ് ഒന്നാം അധ്യായത്തില്‍ ചെയ്യുന്നത്.
വായനകൊണ്ട് എന്ത് പ്രയോജനം? എന്ന ലേഖനത്തില്‍ 1844-ലെ ഒരു വിചിത്രമായ പരസ്യത്തെക്കുറിച്ച് പറയുന്നുണ്ട്. 'ന്യൂസിലാന്‍ഡിലേക്ക് കുടിയേറാന്‍ താല്പര്യമുള്ള വായിക്കുന്ന തദ്ദേശവാസികളെ ആവശ്യമുണ്ട്' ന്യൂസിലാന്‍ഡിലേക്ക് കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്തിരുന്ന ബ്രിട്ടീഷ്- ന്യൂസിലന്‍ഡ് കമ്പനി നല്കിയ പരസ്യമാണിത്. സല്‍സ്വഭാവിയായ ഒരു മനുഷ്യന്റെ യോഗ്യതയായി അവര്‍ കണ്ടത് വായനയാണ്. അതേസമയം ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വായന ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ലോകചരിത്രത്തില്‍ ഗ്രന്ഥശാലകളെ സാമ്പത്തിക, സാംസ്കാരിക മൂലധനമായി കാണുന്ന രീതി ഉടലെടുത്തതിനെ പറ്റിയും, അവസാനനാളുകളില്‍ പോലും വായനയോട് അഭിനിവേശം പുലര്‍ത്തിയ സ്റ്റാലിനെക്കുറിച്ചും, അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തെക്കുറിച്ചും ഈ ലേഖനം വിശദമാക്കുന്നുണ്ട്. ഫ്രാന്‍സിനെ മാറ്റിമറിച്ച സലോണുകളും ചരിത്രം സൃഷ്ടിച്ച സലോണിയമാരും എന്ന ലേഖനത്തില്‍ ഫ്രാന്‍സിലെ എഴുത്തുകാര്‍ക്കും, ചിന്തകര്‍ക്കും കലാകാരന്മാര്ക്കും, ഭിഷഗ്വരന്മാര്ക്കും സംഗീതജ്ഞന്മാര്ക്കും, ശാസ്ത്രജ്ഞന്മാര്ക്കും അവരുടെ കഴിവിന്റെയും, മികവിന്റെയും മാറ്റുരയ്ക്കാനുള്ള ഉരകല്ലായി മാറിയ സലോണുകളെക്കുറിച്ചും, അവയുടെ നടത്തിപ്പുകാരായ സലോണിയമാരെക്കുറിച്ചും / ഫ്രഞ്ച് ഭാഷയ്ക്കും സാഹിത്യത്തിനും, കലാസാംസ്കാരിക ജീവിതത്തിനും അവന് നല്കിയ സംഭാവനകളെക്കുറിച്ചും അറിയാന്‍ സാധിക്കുന്നു.
ലോകചരിത്രത്തിന്റെ പാതി സ്നേഹ ചരിത്രമാണെന്ന് അഭിപ്രായപ്പെട്ട റോബര്‍ട്ട് മുസിലിനെ ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുന്ന മെയിന്‍ കാംഫ്- നൂറ്റാണ്ട് തികയ്ക്കുന്ന വെറുപ്പിന്റെ വേദപുസ്തകം എന്ന ലേഖനം ഹിറ്റ്ലറുടെ മെയിന്‍ കാംഫിന്റെ ചരിത്രവും ഉള്ളടക്കവും ക്രിയാത്മക വിമര്‍ശനവും ഉള്‍ക്കൊള്ളുന്നു. 'അധികാരത്തെ അതിജീവിച്ച 100 നോവല്‍ വര്‍ഷങ്ങള്‍, എന്ന ലേഖനം പ്രമുഖ എഴുത്തുകാരനും കമ്മ്യൂണിസ്റ്റ് വിമതനമായിരുന്ന യെവ് ജെനി ഇവാനോവിച്ച് സെമിയാറ്റിന്, സ്റ്റാലിനയച്ച ഒരു കത്തോടെയാണ് ആരംഭിക്കുന്നത്. കുറ്റമറ്റൊരു സമഗ്രാധിപത്യ ഭരണവ്യവസ്ഥയുടെ നഖചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന വി (We) എന്ന നോവലിനെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. നെതര്‍ലാന്‍ഡ്സ് ഡയറി:നാസി അധിനിവേശത്തിന്റെ കണ്ണീര്ക്കുറിപ്പുകള് എന്ന ലേഖനത്തില്‍ ഔഷ്വിറ്റ്സ് കോണ്സെന്ട്രേഷന് ക്യാമ്പിനെക്കുറിച്ചും മെച്ചനിക്യൂസിന്റെ ഡയറിയെക്കുറിച്ചും പരാമര്‍ശിക്കപ്പെടുന്നു. ഈ അധ്യായത്തില്‍ അധിനിവേശത്തിന്റെ കരാള ഹസ്തങ്ങള്‍ ഒരു ജനതയെ ഞെരിച്ചമര്ത്തുന്നതെങ്ങനെ എന്ന് ബോധ്യപ്പെടുത്തുന്നു.
അമേരിക്കന്‍ കവിയും എഴുത്തുകാരനുമായ വാള്‍ട്ട് വിറ്റ്മാന്റെ 'ജനാധിപത്യം വാക്കുകളുടെ ഉത്സവമാണ്' എന്ന പ്രസിദ്ധമായ ഉദ്ധരണിയോടെ ആരംഭിക്കുന്ന, 'പുസ്തകം കത്തിക്കുന്നവര്‍ മനുഷ്യനെയും കത്തിക്കും'എന്ന ലേഖനം ബി.സി 213-ല്‍ തന്റെ രാജ്യത്തെ മുഴുവന്‍ പുസ്തകങ്ങളും തീയിടാന്‍ ആഞ്ജാപിച്ച ചൈനീസ് ചക്രവര്‍ത്തി ഷീ ഹുയാങ്ങ് സീ, ബി.സി 168-ല്‍ ജെറുസലേമിലെ വെണ്ണീറാക്കപ്പെട്ട ജൂതഗ്രന്ഥശാല, എ.ഡി 303-ല്‍ ക്രിസ്തുമത ഗ്രന്ഥങ്ങള്‍ ചുട്ടെരിച്ച റോമന്‍ ചക്രവര്‍ത്തി ഡയക്ലീഷ്യസ്, ഈജിപ്തില്‍ ഇല്ലാതാക്കപ്പെട്ട അലക്സാണ്ട്രിയ ഗ്രന്ഥശാല തുടങ്ങി ചരിത്രത്തിലെ പ്രസിദ്ധമായ പുസ്തകം തീയിടല്‍ സംഭവങ്ങളെക്കുറിച്ചും അത് നിര്‍ദ്ദേശിച്ച സ്വേച്ഛാധിപതിക്കളെക്കുറിച്ചും വിശദമാക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള തീയിടല്‍ തന്ത്രം അറിവുനിഷേധത്തിന്റെ ഒരു രൂപം മാത്രമാണെന്നും അതിനേക്കാള്‍ വലിയ ഹിംസാത്മക തന്ത്രമാണ് എഴുത്തുകാരന്റെ കൊലപാതകം എന്നറിയപ്പെടുന്ന സെന്‍സര്‍ഷിപ്പ്, നിരോധനം തുടങ്ങിയ ഫാസിസ്റ്റ് രാഷ്ട്രീയത്തിലേക്കും ഈ ലേഖനം വിരല്‍ചൂണ്ടുന്നുണ്ട്.
വിവാഹവേദികള്‍ പോലുമായിട്ടുള്ള പുസ്തകശാലകളെക്കുറിച്ചുള്ള രസകരമായ അറിവുകളും ഒപ്പം നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ ചരിത്രവും നിരോധനത്തിന്റെ തമാശകളും ആണ് വിലക്കപ്പെട്ട പുസ്തകങ്ങളുടെ ജീവചരിത്രം എന്ന ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സമാഹാരത്തിലെ അവസാനത്തേതും കൂട്ടത്തില്‍ ഏറ്റവും മികച്ചതുമായ കാലാനുവര്ത്തിയോ മനുഷ്യഭാവന? ഭാവനയുടെ ചരിത്രം, വര്‍ത്തമാനം, ഭാവി എന്ന ലേഖനം ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് മനുഷ്യഭാവനയാണെന്ന വില്യംബ്ലേയ്ക്കിന്റെ ഉദ്ധരണിയോടെയാണ് തുടങ്ങുന്നത് ആദ്യന്തം ഈ ലേഖനത്തിന്റെ കാതലായി വര്‍ത്തിക്കുന്നതും ഇതേ ആശയം തന്നെ.'
മലയാളിയുടെ പുസ്തകചരിത്രത്തില് ഇന്നുവരെ എഴുതപ്പെട്ടിട്ടില്ലാത്ത ആധികാരിക പുസ്തക, വായന ചരിത്രമാണ് പുസ്തകങ്ങളെ പ്രണയിക്കുന്നവരും കത്തിക്കുന്നവരും എന്ന പുസ്തകം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലോകം ബൗദ്ധികമായി ഉയര്‍ത്തപ്പെട്ടതിന്റെ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തപ്പെട്ട ചരിത്രപുസ്തകമാണിത. വാക്കിനെയും എഴുത്തിനെയും ഭയക്കുന്ന അധികാരികളുടെയും മതഭ്രാന്തന്മാരുടെയും വെറുപ്പിന്റെ മൊത്തവില്പ്പനക്കാരെയും പുസ്തകങ്ങളും അറിവും എങ്ങനെ അതിജീവിച്ചു എന്നതിന്റെ സാക്ഷ്യപത്രം. പരിപക്വമായ എഴുത്തും വിഷയത്തിന്റെ ഗാംഭീര്യവും ഈ വിജ്ഞാനശേഖരത്തെ കൂടുതല്‍ ആഴമുള്ളതാക്കുന്നു.