'പറയാതെ വയ്യെന്റെ പ്രണയമേ..'; ഹൃദയത്തില്‍ നിന്ന് മസ്തിഷ്‌കത്തിലേക്കുള്ള പ്രണയയാത്രകള്‍

#പ്രവീണ്‍ ചന്ദ്രന്‍
മിനി പി.സി., പുസ്തകത്തിന്റെ കവര്‍പേജ് | ഫോട്ടോ: മാതൃഭൂമി
മിനി പി.സി., പുസ്തകത്തിന്റെ കവര്‍പേജ് | ഫോട്ടോ: മാതൃഭൂമി

മിനി പി.സി.യുടെ പുതിയ നോവലായ 'പറയാതെ വയ്യെന്റെ പ്രണയമേ...' എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പ് വായിക്കാം... 

ന്തുകൊണ്ടാണ് താരാ മേരി കുര്യന്‍ എല്ലാവരില്‍നിന്നും ഒറ്റപ്പെട്ടുപോയത്? അപ്പയും അമ്മയും ചേച്ചിമാരും ചേട്ടനുമുള്ള ഒരു കുടുംബത്തില്‍ അവള്‍ക്ക് വേറിട്ടവളായി ജീവിക്കേണ്ടിവരുന്നു. മേരിയമ്മ എന്ന അമ്മ മാത്രം അവളെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നു. ആ ചേര്‍ത്ത് നിര്‍ത്തല്‍ മേരിയമ്മയുടെ ദുഖങ്ങള്‍ക്ക് കാരണമാകുന്നു. അവളതിന്റെ കാരണങ്ങള്‍ സാവധാനം തിരിച്ചറിയുന്നു. മിനി പി.സിയുടെ 'പറയാതെ വയ്യെന്റെ പ്രണയമേ...' എന്ന നോവല്‍ നോവുന്ന ജീവിതാനുഭവങ്ങളുള്ള ഒരു പെണ്‍കുട്ടിയുടെ പ്രണയജീവിതത്തിന്റെ സാക്ഷ്യമാണ്. ഹൃദയത്തില്‍ നിന്ന് മസ്തിഷ്‌കത്തിലേക്ക് വളരുന്ന പ്രണയസങ്കല്‍പങ്ങളുടെ പരിണാമത്തിന്റെ ജീവിത കഥയകൂടിയാണിത്.

'നിന്നെക്കുറിച്ച് എനിക്കറിയാത്ത എന്താണുള്ളത്?'
ഭൂതത്താന്‍ കെട്ടില്‍നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ വളരക്കാലംകൂടി കണ്ട പഴയ കാമുകന്‍ സംഭാഷണത്തിനിടയ്ക്ക് താരാമേരി കുര്യനോട് ചോദിച്ചു. 
'എങ്കി എന്റെ അപ്പയും അമ്മയും ആരാണെന്ന് പറ?'
അവള്‍ വെല്ലുവിളിച്ചു. 
'കുര്യന്‍സാറും മേരിയമ്മയും. നിനക്കെന്താ വട്ടായോ?'
അവന്‍ ചിരിച്ചു. 
'എന്നാ അവരല്ല.' 
'പിന്നെ.'
'എനിക്കറിയില്ല.' 
'പോ... കള്ളം പറയാതെ.' 
'കള്ളമല്ല സത്യം.'
'നീയപ്പോ?'
'ഞാനപ്പോ?'
'ഓര്‍ഫന്‍?'
'ആ ഇംഗ്ലീഷില്‍ ഓര്‍ഫന്‍. മലയാളത്തില്‍ അനാഥ.'
അവള്‍ തമാശമട്ടില്‍ പറഞ്ഞു. 

രണ്ട് വയസ്സുള്ള താരയ്ക്ക് ചേച്ചിമാരും ചേട്ടനും ഉപദ്രവിക്കുന്നതിന്റെ രഹസ്യം അപ്പോള്‍ അറിയില്ലായിരുന്നു.  തിരിച്ചറിവായപ്പോള്‍ അവള്‍ സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങി. ആവശ്യങ്ങളില്ലാത്ത, ഉണ്ടെങ്കില്‍ അത് പുറത്തറിയിക്കാത്ത കുട്ടിയായി വളര്‍ന്നു. അതിനിടയ്ക്ക് അവള്‍ ആദ്യമായി പ്രണയിച്ചു. അവളുടെ ആദ്യത്തെ പ്രണയിതാവ് കൊച്ചുചാപ്പലിനുള്ളിലെ ക്രൂശിതനായ യേശുവായിരുന്നു. താരാമേരി യേശുവിനെഴുതിയ പ്രണയലേഖനത്തില്‍ അവള്‍ തന്നെ നിശ്ശബ്ദ പ്രണയംകൊണ്ട് അവളെ സുരക്ഷിതയാക്കി നിര്‍ത്തിയ, അവളെപ്പോലെ തനിച്ചാക്കപ്പെട്ട ആ മനുഷ്യനോട് ഹൃദയം തുറന്ന് സംസാരിക്കുന്നു. 

മറ്റൊരു ഘട്ടത്തില്‍ നൃത്തം ചെയ്യാനറിയാത്ത അവള്‍ മൈക്കല്‍ ജാക്സനെ പ്രണയിക്കുന്നു. മൈക്കല്‍ ജാക്സന്റെ അവളുടെ ജീവിത്തില്‍ ചിരിയൂറുന്ന കുറേ അനുഭവങ്ങള്‍ നിറയ്ക്കുന്നു. ബ്രൂസ്ലി, രാജരാജ ചോഴന്‍, ഓഷോ, ബുദ്ധന്‍, ആദം, മാര്‍ക്കേസ്, വാലന്റൈന്‍ തുടങ്ങി അവള്‍ പലപ്പോഴായി പലരെ പ്രണയിക്കുന്നു. അവര്‍ക്ക് കത്തുകളെഴുതുന്നു. അങ്ങനെ നോവല്‍ പ്രണയത്തിന്റെ മറ്റൊരു ഭാഷ്യം തീര്‍ക്കുന്നു. 
    
യഥാര്‍ത്ഥത്തില്‍ ഈ നോവല്‍ പ്രണയത്തില്‍ പൊതിഞ്ഞ നോവിന്റെ ഹൃദയപുസ്തകമാണ്. താരാമേരിയുടെ ദുഖങ്ങളും ജീവിതവും അവളുടെ അതിജീവിതവുമാണ് ഇതിന്റെ കാതല്‍. ഒരു പെണ്‍കുട്ടിയുടെ വിചിത്രമായ ജീവിതാനുഭവങ്ങളെ പ്രണയത്തിന്റെ നൂലുകൊണ്ട് കോര്‍ത്തെടുത്ത മനോഹരമായ രചനാഘടനയാണ് ഇതിന്റേത്. മലയാളത്തില്‍ ഇത്തരം ഒരു നോവല്‍ അനുഭവം ആദ്യമാണ്. പ്രണയം അത്രമേല്‍ പരീക്ഷണാര്‍ഹമായ ഒന്നായതിനാലാവും ഇങ്ങനെയൊരു ഘടന സ്വീകരിക്കാന്‍ എഴുത്തുകാരിയെ പ്രേരിപ്പിച്ചത്. 
    
വിവാഹം താരാമേരിയെ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധികളിലേക്ക് നയിക്കുന്നു. ആത്മഹത്യവരെ കൊണ്ടുചെന്നെത്തിക്കുന്ന സന്ദര്‍ഭങ്ങള്‍ അവള്‍ക്ക് ചുറ്റും രൂപപ്പെടുന്നു. അതില്‍നിന്നുള്ള മോചനത്തിന് അവള്‍ സാവധാനം ബുദ്ധനിലെത്തുന്നു. അവളൊരിക്കല്‍ ഓഷോയുടെ കാമുകിയാകുന്നുണ്ട്. പ്രണയത്തിന്റെ നാനാര്‍ത്ഥങ്ങളില്‍ ഓഷോ പുതിയ തുറസ്സുകള്‍ അവളെ കാണിക്കുന്നു. ഉറവ വറ്റാത്ത പ്രണയനദിയുടെ അനാദിയായ പ്രവാഹത്താല്‍ അവള്‍ നനഞ്ഞൊലിക്കുന്നു.

ഈ നോവലില്‍ പലതരം പ്രണയങ്ങളുണ്ട്. ഹൃദയത്തില്‍ നിന്ന് ഊറിയ നിഷ്‌കളങ്കപ്രണയം, ഒറ്റപ്പെടലില്‍ നിന്നുള്ള മോചനത്തിന്റെ പ്രണയശുശ്രൂഷ, ആത്മവിശ്വസം കണ്ടെത്തുന്ന പ്രണയങ്ങള്‍, ദാമ്പത്യജീവിതത്തിനിടയിലെ പ്രണയങ്ങള്‍, ആത്മീയ സ്പര്‍ശമുള്ള പ്രണയങ്ങള്‍ അങ്ങനെ പലതും. പ്രണയശ്രേണികളുടെ വിപുലതയും അനന്തതയുംകൊണ്ട് ജീവിതംതന്നെ പ്രണയമാണെന്ന് താരാമേരി വായനക്കാരെ ബോധ്യപ്പെടുത്തുന്നു. 'പറയാതെവയ്യെന്റെ പ്രണയമേ' എന്ന നോവല്‍ പിങ്ക് കളറിന്റെ സ്നിഗ്ധചാരുതയോടെ ഫെബ്രുവരി 14-ന് പ്രണയദിനത്തില്‍ പ്രസിദ്ധീകരിച്ചെങ്കിലും ഇത് പ്രണയത്തിന്റെ സീമകള്‍ക്കപ്പുറത്തേക്ക് വിടരുന്ന വായനാനുഭവമാണ്. 


 

Content Highlights: Book review of prayaathe vayyente pranayame, Mini P.C., Praveen Chandran