മഞ്ഞുതുളച്ചുവിരിയിച്ച വായനയ്ക്കായി ദീപ വീടിനുപേരിട്ടു സ്‌നോലോട്ടസ്',വീടുകാണാന്‍ എഴുത്തുകാരിയെത്തി

കല്പറ്റ: 'മഞ്ഞില്‍ പതിഞ്ഞുപോയ പാദമുദ്രകളെ തേടി ഒരുവളുടെ തനിച്ചുള്ള യാത്രയാണിത്...' - മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ലെഫ്. കേണല്‍ സോണിയാ ചെറിയാന്റെ 'സ്‌നോലോട്ടസ്' എന്ന പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്. സ്‌നോലോട്ടസ് വായിച്ച് പ്രചോദനം ഉള്‍ക്കൊണ്ട കല്പറ്റ എമിലി സ്വദേശി ടി.ജി. ദീപ തന്റെ പുതിയ വീടിന് 'സ്‌നോലോട്ടസ്' എന്ന് പേരുനല്‍കി. വീടിനുമുന്നില്‍നിന്നാല്‍ മൈലാടിപ്പാറയില്‍ മഞ്ഞുനീങ്ങുന്നതു കാണം.
പ്രിയ ആരാധികയുടെ വീടുസന്ദര്‍ശിക്കാന്‍ എഴുത്തുകാരിതന്നെയെത്തി. നോവലിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമായി പിന്നെ അവരുടെ സംസാരം. മഞ്ഞുമലകളിലെ നന്മനിറഞ്ഞ മനുഷ്യരുടെ ജീവിതം, അവരനുഭവിക്കുന്ന യാതനകള്‍, ബുദ്ധിസത്തിന്റെ ശാന്തത, ടിബറ്റന്‍ അഭയാര്‍ഥികളുടെ സങ്കടങ്ങള്‍ എന്നിവ ഒന്നുചേരുന്ന നോവലില്‍ പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്ന മാജിക്കുണ്ട്. ''ദുസ്സഹസാഹചര്യങ്ങളില്‍ എങ്ങനെ പോസിറ്റീവ് എനര്‍ജിയുണ്ടാകുന്നുവെന്നത് അദ്ഭുതമാണ്. ഈ പുസ്തകം നല്‍കിയ ഊര്‍ജമാണ് എന്നെ പ്രതിസന്ധികള്‍ തരണംചെയ്യാന്‍ പ്രേരിപ്പിച്ചത്. തടസ്സങ്ങള്‍ നീങ്ങി മുന്നേറാന്‍ സാധിക്കുന്നത്'' -ദീപ പറഞ്ഞു. കൊടുംശൈത്യത്തിലും വിടരുന്ന പൂക്കളുണ്ട്. സ്‌നോലോട്ടസ് അത്തരത്തിലൊന്നാണ്. മഞ്ഞുതുളയ്ക്കുന്ന നീഹാരപുഷ്പങ്ങള്‍. ആരാധികയുടെ വാക്കുകള്‍കേട്ട് കണ്ണുനിറഞ്ഞത് എഴുത്തുകാരിക്കാണ്.
കല്പറ്റ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ അസിസ്റ്റന്റ് മാനേജരാണ് ദീപ. ആയുഷ്, ആരാധ്യ, ആരുഷ് എന്നിവരാണ് മക്കള്‍.
Content Highlights: snow lotus sonia cheriyan deepa tg wayanad mathrubhumi books