'വെറുതെ ഒരുകഥയും ഉണ്ടാകില്ല, സംഭവങ്ങളും സാഹചര്യങ്ങളുമാണ് അതുണ്ടാക്കുക'; ആര്‍ രാജശ്രീയും ആത്രേയകവും

ആര്‍. രാജശ്രീ, ആത്രേയകത്തിന്റെ കവര്‍
ആര്‍. രാജശ്രീ, ആത്രേയകത്തിന്റെ കവര്‍

ഷാര്‍ജ: ഏറെ വായിക്കപ്പെട്ട 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടുസ്ത്രീകളുടെ കത' എഴുതിയ ആര്‍. രാജശ്രീയുടെ ഏറ്റവും പുതിയ നോവലാണ് ആത്രേയകം.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച രാജശ്രീയുടെ ഈ രചനയും വായനക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിലെ മാതൃഭൂമി ബുക്‌സില്‍ മേളയുടെ ആദ്യദിവസം തന്നെ ഒട്ടേറെ വായനക്കാര്‍ ആവശ്യപ്പെട്ട കൃതികളില്‍ ഉള്‍പ്പെടുന്നതുമാണ് 'ആത്രേയകം'.

'വെറുതെ ഒരുകഥയും ഉണ്ടാകില്ല, സംഭവങ്ങളും സാഹചര്യങ്ങളുമാണ് അതുണ്ടാക്കുക' എന്ന വാക്കുകള്‍ 'ആത്രേയകം' എന്ന നോവലില്‍ എഴുത്തുകാരി രേഖപ്പെടുത്തിയിട്ടുണ്ട്.

രാജശ്രീയുടെ മനോഹരമായ എഴുത്തിന്റെ യാഥാര്‍ഥ്യവുമാണിത്. ഇതിഹാസങ്ങളിലൊരിടത്തും രേഖപ്പെടുത്താത്ത അപരിചിതമായ ദേശമാണ് നോവലില്‍ പ്രതിപാദിക്കുന്നത്.

അത്യപൂര്‍വ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും ബിംബങ്ങളും എഴുത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

രാജ്യങ്ങള്‍ തമ്മിലും മനുഷ്യര്‍ തമ്മിലുമുള്ള സങ്കീര്‍ണമായ ബന്ധങ്ങളും പൊരുളുകളും അന്വേഷിക്കുന്ന നോവലായി വായനക്കാര്‍ 'ആത്രേയക' ത്തെ വിലയിരുത്തുന്നു.

മഹാഭാരതം ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളും ഇന്ത്യയെക്കുറിച്ചുള്ള പ്രാചീന നിരീക്ഷണങ്ങളും രാജശ്രീയുടെ പുതിയ നോവലിന് പ്രേരണയോ പ്രചോദനമോ ആയിട്ടുണ്ടാവാം.

പുതിയ വായനകളില്‍ എന്തുകൊണ്ടും മുന്നില്‍നില്‍ക്കുന്നതും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതുമാണ് ആത്രേയകം.

കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് സ്വദേശിനിയായ ആര്‍.രാജശ്രീ ആനുകാലികങ്ങളിലും സജീവമായി എഴുതാറുണ്ട്.
 

Content Highlights: sharjah international book fair 2024 r rajasree novel athreyakam mathrubhumi books