എം.ടി. കൃതികളുടെ വരികള്‍ക്കിടയിലുണ്ട് അദ്ദേഹത്തിന്റെ ജീവിതം -ലാല്‍ ജോസ്

ലാല്‍ ജോസ്, എം.ടി.
ലാല്‍ ജോസ്, എം.ടി.

കൊച്ചി: 'നീലത്താമര' സിനിമയിലൂടെയാണ് എം.ടി. വാസുദേവന്‍ നായരുമായി അടുത്തിടപഴകാന്‍ സാധിച്ചതെന്നും അത് തന്റെ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും സംവിധായകന്‍ ലാല്‍ ജോസ്. എം.ടി.യെക്കുറിച്ച് എല്ലാവര്‍ക്കുമറിയുന്ന കാര്യങ്ങള്‍ക്കപ്പുറമുള്ള കാര്യങ്ങള്‍ കൂടി പുറത്തുകൊണ്ടുവരുകയാണ് അദ്ദേഹത്തിന്റെ ജീവചരിത്രത്തിലൂടെ ഉദ്ദേശിച്ചതെന്നും ജീവചരിത്രം പൂര്‍ത്തിയാക്കാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ചെറുതല്ലായിരുന്നുവെന്നും കഥാകൃത്ത് ഡോ. കെ. ശ്രീകുമാര്‍ പറഞ്ഞു. പരിഷ്‌കരിച്ച മാതൃഭൂമി കലൂര്‍ ബുക്ക് സ്റ്റോറിന്റെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് 'എം.ടി.യെക്കുറിച്ചുള്ള ഓര്‍മ്മകള്‍' പങ്കുവയ്ക്കുകയായിരുന്നു ഇരുവരും.

തന്നെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയാണ് എം.ടി.യെന്ന് ലാല്‍ ജോസ് പറഞ്ഞു. യാതൊരു കലാ പശ്ചാത്തലവുമില്ലാത്ത തനിക്ക് സിനിമാ സംവിധായകന്‍ വരെയാകാനും കഴിഞ്ഞത് വായനയിലൂടെയാണ്. എം.ടി.യുടെ 'നാല്കെട്ടി'ലൂടെയാണ് ഗൗരവമുള്ള വായനയിലേക്ക് കടന്നത്. പിന്നീട് പലപ്പോഴും എം.ടി.യുമായി നേരിട്ട് കാണാന്‍ ആഗ്രഹിച്ചു. നീലത്താമരയുടെ മുന്നൊരുക്കങ്ങളും അതിന്റെ ചര്‍ച്ചകളുടെയും ഭാഗമായി 10 ദിവസം അദ്ദേഹവുമായി അടുത്തിടപഴകാന്‍ കഴിഞ്ഞു-ലാല്‍ ജോസ് പറഞ്ഞു.

പരിചയക്കാര്‍ക്ക് അദ്ദേഹത്തിന്റെ മൗനത്തിന്റെ അര്‍ഥവും അതിന്റെ ആഴവും ബോധ്യമായിരുന്നുവെന്നും ലാല്‍ ജോസ് പറഞ്ഞു.

കലൂരിലെ നവീകരിച്ച മാതൃഭൂമി ബുക്ക് സ്റ്റോറിന്റെ ഏഴാം വാർഷികാഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ച ബുക്ക് സ്റ്റോറിൽ നടന്ന ചടങ്ങിൽ ലാൽ ജോസും ഡോ. കെ. ശ്രീകുമാറും എം.ടി. വാസുദേവൻ നായരുമായുള്ള തങ്ങളുടെ ഓർമ്മകൾ പങ്കുവയ്ക്കുന്നു.

12 വര്‍ഷക്കാലത്തോളം താന്‍ എം.ടി.ക്കൊപ്പം സഞ്ചരിച്ചുവെന്ന് ഡോ. കെ. ശ്രീകുമാര്‍ പറഞ്ഞു. ശേഷമാണ് എം.ടി.യുടെ ജീവചരിത്ര രചനയിലേക്ക് കടന്നത്. പാതിവഴിയില്‍ എം.ടി.യുടെ വിയോഗം തന്നെ തളര്‍ത്തി. മൂന്നാഴ്ചക്കാലം എഴുതാന്‍ കഴിഞ്ഞില്ല. പിന്നീട് ഒന്നരവര്‍ഷക്കാലം ഏതാണ്ട് പൂര്‍ണമായി ചെലവഴിച്ചാണ് അദ്ദേഹത്തിന്റെ ജീവചരിത്രം പൂര്‍ത്തിയാക്കിയത്.

എം.ടി.യില്ലാത്ത കാലത്താണ് പുസ്തകം പുറത്തിറങ്ങിയത്. പഴയ തലമുറയ്ക്ക് എം.ടി.യെ അറിയാം. എന്നാല്‍ അദ്ദേഹത്തെ അറിയാത്ത പുതിയ തലമുറയ്ക്ക് വേണ്ടിയുള്ളതാണ് അദ്ദേഹത്തിന്റെ ജീവചരിത്രം. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട കാലത്ത് ചിട്ടിക്കമ്പനിയും ബസ് സര്‍വീസും മെഡിക്കല്‍ ഷോപ്പും ആരംഭിക്കുകയും പിന്നീട് അതെല്ലാം തകര്‍ന്നുപോകുകയും ചെയ്‌തൊരു ഭൂതകാലം എം.ടി.ക്കുണ്ടായിരുന്നു.- ഡോ. കെ. ശ്രീകുമാര്‍ പറഞ്ഞു.

Content Highlights: Director Lal Jose and author Dr. K. Sreekumar share intimate memories and insights into the life and literary genius of MT Vasudevan Nair at a special event.