എം.ടിയുടെ ജീവചരിത്രം 'എം.ടി വാസുദേവൻ നായർ' പ്രകാശിതമായി

തിരൂർ: മലയാളത്തിൻ്റെ മഹാപ്രതിഭ എം.ടി വാസുദേവൻ നായരുടെ ജീവചരിത്രം 'എം.ടി വാസുദേവൻ നായർ' പ്രകാശിതമായി. എം.ടിയുടെ 92-ാം ജന്മദിനത്തിൽ തുഞ്ചൻപറമ്പിൽ ഡോ. കെ. ശ്രീകുമാർ രചിച്ച ജീവചരിത്രം എം. മുകുന്ദൻ ആർ. രാജശ്രീയ്ക്ക് നൽകി പ്രകാശനം ചെയ്തു. പൊന്നാനി എം.എൽ.എ. പി. നന്ദകുമാർ, മാതൃഭൂമി പത്രാധിപർ മനോജ് കെ. ദാസ്, ഡോ. സുനിൽ പി. ഇളയിടം, എം.ടി. രവീന്ദ്രൻ കൂടല്ലൂർ, എൻ.പി. വിജയകൃഷ്ണൻ, കെ.സി. നാരായണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വളരെ സന്തോഷത്തോടെയും അല്പം ദു:ഖത്തോടെയുമാണ് ഈ പുസ്തകം പ്രകാശനം ചെയ്യുന്നതെന്ന് എം.മുകുന്ദൻ പറഞ്ഞു. പല തവണ തുഞ്ചൻ പറമ്പിൽ വന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് എം.ടിയില്ലാത്ത തുഞ്ചൻ പറമ്പിൽ വരുന്നത്. ആ വിയോഗം ഓർക്കുമ്പോൾ തൻ്റെ കാലുകൾ ഇടറുന്നു. എം.ടിയുടെ തണലിൽ വളർന്ന എഴുത്തുകാരനായ താൻ. എം.ടിയുടെ സങ്കീർണതകളും വൈരുദ്ധ്യങ്ങളും കണ്ടെത്താനുള്ള ശ്രമമാണ് ഈ കൃതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നു തൊഴുതിട്ടാണ് എം.ടിയുടെ ജീവചരിത്രം ഏറ്റുവാങ്ങുന്നതെന്ന് ആർ. രാജശ്രീ പറഞ്ഞു. എം.ടിയുടെ രചനാലോകം എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. മലയാളിയുടെ ആൺമനസ്സിനെ എം.ടി ചിത്രീകരിച്ചുവെന്നും, മാധവിക്കുട്ടി സ്ത്രീബോധത്തെ പോലെ എം.ടി ആൺബോധത്തെ നിയന്ത്രിക്കാൻ ശ്രമിച്ചതായും അവർ അഭിപ്രായപ്പെട്ടു. വിഷം തീണ്ടാതിരിക്കാൻ നിലത്തു നോക്കി നടക്കാൻ നമ്മെ ഓർമിപ്പിച്ച ആ മഹാപ്രതിഭയുടെ ഓർമയ്ക്കു മുൻപിൽ ജീവചരിത്രം സ്വീകരിക്കുന്നുവെന്ന് രാജശ്രീ പറഞ്ഞു.
അളവറ്റ ആശ്വാസമാണ് ഈ നിമിഷം തനിക്കു സമ്മാനിക്കുന്നതെന്ന് കെ. ശ്രീകുമാർ പറഞ്ഞു. ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെങ്കിലും അവിചാരിതമായി ഈ ജീവചരിത്രരചന തന്നിൽ വന്നുചേർന്നു. ‘അമിതമായ മിതഭാഷി’യെന്ന് സുകുമാർ അഴീക്കോട് വിശേഷിപ്പിച്ച എം.ടി തനിക്കു ‘മിതമായ അമിതഭാഷി’യായിരുന്നു. ചില വ്യക്തിപരമായ സംഭവങ്ങൾ വേണ്ടെന്നുപറഞ്ഞു. ഏറെ ആഘോഷിക്കപ്പെട്ടവരുടെ ജീവചരിത്രം എഴുതുന്നത് എത്ര ക്ലേശകരമാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞുവെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.
ഡോ.ബിന്ദു ആമാട്ട് നിയന്ത്രിച്ച ചടങ്ങിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് സൂപ്പർവൈസർ ടി.പി സുബ്രഹ്മണ്യൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. ഡോ. കെ ശ്രീകുമാർ മറുമൊഴിയും മാതൃഭൂമി ബുക്സ് സീനിയർ മാനേജർ കെ. നൗഷാദ് നന്ദിയും പറഞ്ഞു.
Content Highlights: MT Vasudevan Nair Biography Released on 92nd Birth Anniversary