ഏപ്രില്‍ 30-ന് മാതൃഭൂമി കാക്കനാട് പുതിയ പുസ്തകശാല തുറക്കുന്നു

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: കൈക്കുടന്നയില്‍നിന്ന് എല്ലാ പ്രതീക്ഷകളും ചോര്‍ന്നുപോയി, ഏകാന്തതയുടെ തുരുത്തില്‍ തനിച്ചിരുന്ന് മിഴി വാര്‍ക്കുമ്പോള്‍ ആശ്വാസത്തിന്റെ പൂവിതള്‍പോലെ നമ്മളെ തഴുകാനെത്തുന്ന ഒരു തണുത്ത കാറ്റുണ്ട്. നമ്മള്‍ ഇടയ്‌ക്കൊക്കെ നമുക്ക് മാപ്പ് നല്‍കേണ്ടതുണ്ടെന്നും മറ്റാരെക്കാളും തീവ്രമായി നമുക്ക് നമ്മളെത്തന്നെ സ്‌നേഹിക്കാന്‍ പഠിപ്പിക്കേണ്ടതുണ്ടെന്നും ഓര്‍മ്മിപ്പിക്കുന്ന കാറ്റുപോലെ ഒരാള്‍. നിമ്ന വിജയിന്റെ എഴുത്ത് മലയാളികളില്‍ പലരും നെഞ്ചോടുചേര്‍ത്തത് ആ തണുത്ത കാറ്റിന്റെ സ്പര്‍ശമേല്‍ക്കാന്‍ തന്നെയായിരുന്നു.

രണ്ട് വര്‍ഷംകൊണ്ട് രണ്ട് ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റുപോയ നിമ്ന വിജയിന്റെ 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' എന്ന പുസ്തകം തെളിയിച്ചതും അതുതന്നെയായിരുന്നു. അതുപോലെ എത്രയെത്ര പുസ്തകങ്ങളാണ് മലയാളിയുടെ മനസ്സിനെ തഴുകിയ കാറ്റായി പാറിപ്പോയത്.

ഇനിയും തഴുകുന്ന, ഇനിയും തുടരുന്ന ആ കാറ്റിനെ മോഹിക്കുന്നവര്‍ക്കായി കാക്കനാട്ട് ഒരിടം ഒരുങ്ങുന്നു. 'മാതൃഭൂമി' ബുക്‌സ് ഐടി നഗരമായ കാക്കനാട് പുതിയൊരു പുസ്തകശാല തുറക്കുമ്പോള്‍ വായനപ്രേമികള്‍ കൊതിക്കുന്നത് ഒന്നുമാത്രമാണ്, ഏറ്റവും പ്രിയപ്പെട്ട പുസ്തകത്തോട് അടുക്കാനും അത് നെഞ്ചേറ്റാനും ഒരിടം കൂടിയായല്ലോ.

കാക്കനാട് കളക്ടറേറ്റിനു സമീപം പഴയ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു മുന്നിലാണ് 'മാതൃഭൂമി'യുടെ പുതിയ പുസ്തകശാല വരുന്നത്. ഏപ്രില്‍ 30-നാണ് ഈ അക്ഷരപ്പുര നാടിന് സമര്‍പ്പിക്കുന്നത്. കാക്കനാട് ഇങ്ങനെയൊരു അക്ഷരപ്പുര ഒരുക്കാന്‍ 'മാതൃഭൂമി' ആഗ്രഹിച്ചതിന് കാരണമെന്താണെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഒരു നാടും ഒരു ജനതയുമാണിത്. ജില്ലാ ആസ്ഥാനമായ കാക്കനാട്ട് ചെറിയൊരു പുസ്തകമേള നടത്തിയാല്‍ പോലും നൂറുകണക്കിന് പുസ്തകപ്രേമികളാണ് അവിടെ എത്തിക്കൊണ്ടിരുന്നത്. അക്ഷരലോകത്തെ ഒട്ടേറെ മഹാരഥന്‍മാരുടെ തട്ടകമായ കാക്കനാടിന്റെ മണ്ണില്‍ മാതൃഭൂമി പുതിയ പുസ്തകശാല തുറക്കുമ്പോള്‍ അവിടേക്ക് ഒഴുകിയെത്താന്‍ കാത്തിരിക്കുന്നത് ആയിരങ്ങളാണ്.

ഒട്ടേറെ സൗകര്യങ്ങളോടെയാണ് മാതൃഭൂമി ബുക് സ്റ്റാള്‍ കാക്കനാടിന്റെ മണ്ണിലേക്കെത്തുന്നത്. ടെക്കികളുടെ സ്വന്തം ഭൂമികയായ കാക്കനാട് മാതൃഭൂമിയുടെ അക്ഷരപ്പുര ഒരുങ്ങുമ്പോള്‍ അതിനെ കാത്തിരിക്കുന്നവരില്‍ പുസ്തകങ്ങളെ സ്‌നേഹിക്കുന്ന ചെറുപ്പക്കാരും മുതിര്‍ന്നവരും വിദ്യാര്‍ഥികളും വീട്ടമ്മമാരുമെല്ലാമുണ്ട്.

ഇഷ്ടപ്പെട്ട പുസ്തകം സ്വന്തമാക്കാനും പിന്നെ ഒരു കാറ്റുപോലെ ആ പുസ്തകം സമ്മാനിക്കുന്ന അനുഭവങ്ങളുടെ ലോകത്തേക്ക് സഞ്ചരിക്കാനുമൊക്കെ കൊതിച്ചാണ് ഇവരെല്ലാം കാത്തിരിക്കുന്നത്. അവരുടെയെല്ലാം കാത്തിരിപ്പിന് ഇനി ഏതാനും ദിനങ്ങളുടെ ദൂരം മാത്രം. ആയിരക്കണക്കിന് പുസ്തകങ്ങളുമായി മാതൃഭൂമിയുടെ അക്ഷരപ്പുരയുടെ ഒരധ്യായം കാക്കനാട് ഇതള്‍ വിരിയുകയാണ്.

Content Highlights: Mathrubhumi Books Opens New Bookstore in Kakkanad