'പൂക്കള്‍ നിറഞ്ഞ ഒരു മനോഹര ശ്മശാനമാണ് എന്റെ ലക്ഷ്യം'- വിനു

മരണക്കൂട്ട് സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യുന്നു
മരണക്കൂട്ട് സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യുന്നു

കൊച്ചി: ജീവിതത്തിന് തെളിച്ചം നല്‍കുന്ന, നമ്മുടെ ക്ഷുദ്രതകളെ വിട്ടൊഴിയാന്‍ സഹായിക്കുന്ന, ജീവിതത്തിന് വലിയ അര്‍ഥതലങ്ങള്‍ നല്‍കുന്ന പുസ്തകമാണ് മരണക്കൂട്ട് എന്ന് സാഹിത്യകാരന്‍ സുനില്‍ പി. ഇളയിടം. അപമൃത്യുവിനിരയായ മനുഷ്യശരീരങ്ങള്‍ എടുത്തുമാറ്റുന്ന ജോലി ഒരു നിയോഗമായി കണ്ട പി. വിനുവിന്റെ അസാധാരണമായ ജീവിതകഥയെ ആസ്പദമാക്കി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മരണക്കൂട്ട്' പുസ്തകം കലൂര്‍ മാതൃഭൂമി ബുക്‌സ് സ്റ്റാളില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയാസ് കരീമാണ് പുസ്തകം തയ്യാറാക്കിയത്. ആലുവ ഡിവൈ.എസ്.പി. ടി.ആര്‍. രാജേഷ് പുസ്തകം ഏറ്റുവാങ്ങി.

നാനാജാതി മനുഷ്യരെയും വ്യത്യാസമില്ലാതെ അടക്കാന്‍ കഴിയുന്ന, ആര്‍ക്കും കാത്തുനില്‍ക്കേണ്ടിവരാത്ത, പൂക്കള്‍ നിറഞ്ഞ ഒരു മനോഹര ശ്മശാനമാണ് തന്റെ ലക്ഷ്യമെന്നും തന്റെ ആ ലക്ഷ്യത്തിനു വേണ്ടിയാണ് തന്റെ ജീവിതം പുസ്തകമാക്കുന്നതിലേക്ക് എത്തിയതെന്നും പി. വിനു മറുപടിപ്രസംഗത്തില്‍ പറഞ്ഞു. പുസ്തകം തയ്യാറാക്കിയ നിയാസ് കരീം, പി.എഫ്. മാത്യൂസ് എന്നിവരും സംസാരിച്ചു.

ഫോറം മാളില്‍ മാതൃഭൂമി ബുക് ഫെയര്‍

മാതൃഭൂമി ബുക്‌സും ഫോറം മാളും സംയുക്തമായി നടത്തുന്ന ബുക് ഫെയര്‍-വേള്‍ഡ് ഓഫ് വേര്‍ഡ്‌സ്- ബുധനാഴ്ച 5.30-ന് പി.എഫ്. മാത്യൂസ് ഉദ്ഘാടനം ചെയ്യും. വിനോദ് കോവൂരിന്റെ ഓര്‍മ്മപ്പുസ്തകം വിനോദയാത്രയുടെ പ്രകാശനവും നടക്കും. കെ.എസ്. പ്രസാദ്, സ്‌നേഹ ശ്രീകുമാര്‍, മിഥുന്‍ ചേറ്റൂര്‍, സലിം ഹസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മികച്ച മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ ശേഖരം ബുക് ഫെയറില്‍ ലഭ്യമാവും. ഫോറം മാളിലെ ഏട്രിയത്തില്‍ നവംബര്‍ 17 വരെ ബുക് ഫെയര്‍ ഉണ്ടാവും.
 

Content Highlights: maranakoottu book about mortician vinu written by niyas kareem releasing