ആത്മാംശമുള്ള മുകുന്ദന്റെ 'എംബസിക്കാലം' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍

ഷാര്‍ജ: എം. മുകുന്ദന്റെ എഴുത്തുകള്‍ മലയാളികളെന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ആത്മാംശം കലര്‍ന്ന 'എന്റെ എംബസിക്കാലം' എന്ന കൃതി.
മുകുന്ദന്‍ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഫ്രഞ്ച് എംബസിയിലെ 38 വര്‍ഷത്തെ അനുഭവങ്ങളാണ് ഈ കൃതിയിലുള്ളത്. മാതൃഭൂമി വരാന്തപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചതും പിന്നീട് മാതൃഭൂമി ബുക്‌സ് പുസ്തകവുമാക്കി.
ഞായറാഴ്ച മാതൃഭൂമി കൈയില്‍ കിട്ടിയാല്‍ ആദ്യം വായിക്കുന്നത് മുകുന്ദന്റെ 'എംബസിക്കാല' മാണെന്ന് ഡോ. എം. ലീലാവതി എഴുതിയിട്ടുണ്ട്.
വി.കെ.എന്‍., ഒ.വി. വിജയന്‍, ആനന്ദ്, കാക്കനാടന്‍, സച്ചിദാനന്ദന്‍, സേതു, സക്കറിയ, എന്‍.എസ്. മാധവന്‍, എം.പി. നാരായണപ്പിള്ള തുടങ്ങി മലയാളത്തെ ഡല്‍ഹി സാഹിത്യമാക്കി മാറ്റിയ മുന്തിയ എഴുത്തുകാരും എം. മുകുന്ദന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ കടന്നുവരുന്നുണ്ട്.
വീടും ഓഫീസും തമ്മില്‍ ജീവിതത്തില്‍ അത്രയേറെ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്ന യാഥാര്‍ഥ്യമാണ് മുകുന്ദന്‍ ഈ കൃതിയിലൂടെ പറയുന്നത്. 'ഒടുവില്‍ എംബസി ജീവിതം തീരുകയാണ്. ജീവിതം മറ്റൊന്നായി മാറുകയാണ്.
പുതിയ പകലുകളും പുലരികളും രാത്രികളും വിളിക്കുന്നു. ലോകം മുഴുവന്‍ വിളിക്കുന്നു. കഥാപാത്രങ്ങള്‍ വിളിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ എംബസി അകന്നകന്നുപോകുന്നു.' ഔദ്യോഗിക ജീവിതം മുകുന്ദനെ എത്രമാത്രം സ്വാധീനിച്ചുവെന്നും വൈകാരികമായി 'എന്റെ എംബസിക്കാല'ത്തില്‍ എഴുതിയിട്ടുണ്ട്.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ മാതൃഭൂമി ബുക്‌സ് സ്റ്റാളില്‍ കൂടുതല്‍ വായിക്കപ്പെടുന്ന പുസ്തകങ്ങളില്‍ 'എന്റെ എംബസിക്കാല' വും ഉള്‍പ്പെടുമെന്നുറപ്പ്.
കോന്തലക്കിസ്സകള്‍ പ്രകാശനം ഇന്ന്
ഒരു കാലത്തിന്റെയും ദേശത്തിന്റെയും ഗൃഹാതുരമായ ഓര്‍മ്മക്കുറിപ്പുകള്‍ പങ്കുവെക്കുന്ന ആമിന പാറക്കല്‍ എഴുതിയ 'കോന്തലക്കിസ്സകള്‍' രചനയുടെ മൂന്നാം പതിപ്പ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെള്ളിയാഴ്ച പ്രകാശനം ചെയ്യും.
വൈകീട്ട് അഞ്ച് മുതല്‍ 5.25 വരെ റൈറ്റേഴ്‌സ് ഫോറത്തിലാണ് പ്രകാശനം. അകവും പുറവും ചുട്ടുപൊള്ളിയപ്പോള്‍ ആമിന കടലാസില്‍ കുറിച്ചിട്ട വരികളാണ് 'കോന്തലക്കിസ്സകള്‍'. സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പുമുള്ള കക്കാട്, കാരശ്ശേരി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണിത്. ഒരധ്യാപകന്റെ വിവരക്കേടുകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ എഴുപതുകാരി ആമിന സ്വന്തം ഗ്രാമഭാഷയില്‍ പകര്‍ത്തിയ 'കോന്തലക്കിസ്സകള്‍' മടുപ്പില്ലാതെ നമുക്ക് വായിക്കാന്‍ സാധിക്കും. ഈ കൃതിയില്‍ കാലഘട്ടത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതമുണ്ട്. നാടിന്റെ തുടിപ്പുണ്ട്. പ്രകൃതിയുണ്ട്. കൃഷിയുണ്ട്. നമുക്ക് പരിചയമില്ലാത്ത പലതുമുണ്ട്.
Content Highlights: m mukundan ente embasykkalam available sharjah international bookfair