‘ഏറ്റവും കൂടുതല്‍ വേദനിക്കേണ്ടി വരുന്നത് സ്‌നേഹത്തിലാണ്, സമാധാനത്തിന്റെ അടിസ്ഥാന ശാസ്ത്രീയതതന്നെ വിട്ടുകൊടുക്കുകയെന്നത്’

കാക്കനാട്: സങ്കല്പങ്ങള്‍കൊണ്ടും കവിതകൊണ്ടും വിശ്വാസംകൊണ്ടുമെല്ലാമാണ് നാം ജീവിതത്തില്‍ ആശ്വാസം കണ്ടെത്തുന്നതെന്ന് എഴുത്തുകാരന്‍ ഷൗക്കത്ത്. കാക്കനാട് മാതൃഭൂമി ബുക്സ്റ്റോറില്‍ ഷൗക്കത്തുമൊത്തൊരു സായാഹ്നം എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള്‍ കവിതയിലാണ് കൂടുതലും ജീവിക്കുന്നത്. സങ്കല്പങ്ങള്‍കൊണ്ടും കവിതകൊണ്ടും വിശ്വാസം കൊണ്ടുമെല്ലാമാണ് നാം ജീവിതത്തില്‍ ആശ്വാസം കണ്ടെത്തുന്നത്. ദൈനംദിന ജീവിതത്തില്‍ നാം വ്യവഹരിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം അത്ര സുഖകരമായ അനുഭവത്തിലൂടെയല്ല നാം കടന്നുപോകുന്നത്. സ്‌നേഹത്തെ കുറിച്ച് നാം ഒരുപാട് പറയുമ്പോഴും സത്യസന്ധമായി പറഞ്ഞാല്‍ സ്‌നേഹമെന്ന അനുഭവം അത്ര സുഖകരമായിരിക്കില്ല. ഏറ്റവും കൂടുതല്‍ നാം വേദനിക്കേണ്ടി വരുന്നത് സ്‌നേഹത്തിലാണ്.
എല്ലാം ശരിയാകും എന്ന ഒരു ആശ്വാസമാണ് ജീവിതത്തിന്റെ എല്ലാ മേഖലയിലും നമ്മെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒരു പ്രതീക്ഷ നമ്മുടെ ഉള്ളിലുള്ളതുകൊണ്ടാകാം നാം ജീവിക്കുന്നത്. എത്രയെത്ര സത്യങ്ങള്‍ പറഞ്ഞാലും ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പറയുന്നതുകൊണ്ടാണ് നാം അവയെ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ കുറേക്കൂടി സമാധാനത്തില്‍ ഇരിക്കുന്ന സമയത്ത് നമ്മുടെ അടുത്ത് ആരെങ്കിലും ബഹളമുണ്ടാക്കിയാല്‍ പോലും നമ്മള്‍ അത് ആസ്വദിക്കും.
നമ്മള്‍ അസ്വസ്ഥരായിരിക്കുന്ന സമയത്ത് വീട്ടിലുള്ളവര്‍ എന്തു ചെയ്താലും നമ്മുടെ അസ്വസ്ഥത കൂടും. അപ്പുറത്തു നില്‍ക്കുന്നയാള്‍ക്കുവേണ്ടി കൂടി നിലപാടെടുക്കുന്ന മാനസികാവസ്ഥയിലേക്ക് വികസിക്കുമ്പോള്‍ മാത്രമേ ദൈനംദിന ജീവിതത്തില്‍ നമ്മളനുഭവിക്കുന്ന സമ്മര്‍ദങ്ങളില്‍നിന്ന് പുറത്തുകടക്കാനാവൂ.
തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഒരു ലോകമുണ്ടായാല്‍ മാത്രമേ സമാധാനമുണ്ടാകൂ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍, സമാധാനത്തിന്റെ അടിസ്ഥാന ശാസ്ത്രീയതതന്നെ വിട്ടുകൊടുക്കുകയെന്നതാണ്. നമ്മളൊക്കെ എപ്പോഴാണോ നമ്മളിലുള്ളത് അത്യാവശ്യക്കാര്‍ക്ക് പങ്കുവയ്ക്കുമ്പോഴേ യഥാര്‍ഥ സമാധാനം കൈവരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Renowned writer Shoukath shared insights on how imagination, poetry, and faith provide comfort amidst life`s challenges. Discussed the role of hope and genuine peace.