മോര്‍ച്ചറിവാതില്‍ തുറന്ന് ബിന്ദു ധൃതിയില്‍ പുസ്തകം കൈപ്പറ്റി,ചിരിക്കാന്‍ ശ്രമിച്ചു-കെ.ആര് സുനില്‍

തുടരും സിനിമയുടെ തിരക്കഥാകൃത്തും ഫ്രീലാന്‍സ് ഫോട്ടോജേണലിസ്റ്റുമായ കെ.ആര് സുനില്‍ തന്റെ ക്യാമറയിലും എഴുത്തിലും പകര്‍ത്തിയ പച്ചയായ ജീവിതങ്ങളുടെ പുസ്തകമാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'വെളിച്ചപ്പാടും പോക്കറ്റടിക്കാരും'. ഒരു പതിറ്റാണ്ടുമുമ്പ് സുനില്‍ മാതൃഭൂമി വാരാന്തപ്പതിപ്പിനായി രേഖപ്പെടുത്തിയ ഫോട്ടോഗ്രാഫര്‍ ബിന്ദുവിന്റെ പൊള്ളുന്ന ജീവിതം 'ഒരേയൊരു ബിന്ദു' എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുസ്തകത്തിന്റെ ആദ്യകോപ്പി കൈയില്‍ കിട്ടിയപ്പോള്‍ ബിന്ദുവിനെ നേരില്‍ പോയി കണ്ട് പുസ്തകം സമ്മാനിച്ച നിമിഷത്തെക്കുറിച്ച് കെ.ആര് സുനില്‍ ഫെയ്സ്ബുക്കിൽ എഴുതിയിരിക്കുന്നു. രാപകലില്ലാതെ മോര്‍ച്ചറിയിലെ പോസ്റ്റുമോര്‍ട്ട നടപടികള്‍ ക്യാമറയിലാക്കുന്ന തിരക്കിനിടയില്‍ ബിന്ദു പുസ്തകം സ്വീകരിച്ചതിനെക്കുറിച്ച് കെ.ആര് സുനില്‍ എഴുതുന്നു.
കെ.ആര് സുനിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മാതൃഭൂമി പ്രസിദ്ധീകരിച്ച 'വെളിച്ചപ്പാടും പോറ്റടിക്കാരും' എന്ന പുസ്കത്തിന്റെ കോപ്പികള്‍ കയ്യില്‍ കിട്ടിയപ്പോള്‍, ആദ്യം കൊടുക്കാന്‍ തോന്നിയവരിലൊരാള് കൊടുങ്ങല്ലൂരിലെ ബിന്ദുവാണ്.
അവര്‍ സര്‍ക്കാരാശുപത്രി പരിസരത്തുണ്ടെന്നും കാണാമെന്നും പറഞ്ഞു. അവിടെ ചെന്നപ്പോള്‍, മോര്‍ച്ചറി പരിസരത്ത് പോലീസുകാരടക്കം കുറേയാളുകള്‍. ആരുടെയോ പോസ്റ്റുമാര്ട്ടത്തിനുള്ള തയ്യാറെടുപ്പ്. വിളിച്ചപ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ ഫോണെടുത്ത്, മോര്‍ച്ചറിയുടെ വാതില്‍ തുറന്ന് ബിന്ദു ധൃതിയില്‍ പുറത്തെത്തി, അടഞ്ഞുകിടക്കുന്ന ഗെയ്റ്റിന്റെ ഇടയിലൂടെ പുസ്തകം കൈപ്പറ്റി ചിരിക്കാന്‍ ശ്രമിച്ച് ഉടനെ അകത്തേക്ക് കയറിപ്പോയി. പോസ്റ്റുമാര്‍ട്ടം പകര്‍ത്തേണ്ട ഉത്തരവാദിത്തമാണ് ബിന്ദുവിന്.
കൊടുങ്ങല്ലൂരിലെ മാത്രമല്ല, സമീപ പോലീസ് സ്റ്റേഷന് പരിധിയിലേയും ശവശരീരങ്ങളുടെ ചിത്രങ്ങള്‍ വര്‍ഷങ്ങളായി എടുക്കുന്നയാളാണ് ബിന്ദു. രാപകലെന്നില്ലാതെ ഒന്നിലധികം ശവശരീരങ്ങള്‍ പകര്‍ത്തേണ്ടിവരും. നഗരത്തിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കാന്‍ മടിക്കുന്ന ചിത്രങ്ങള്‍.
മരണത്തെ, അതിന്റെ കടുത്ത മരവിപ്പിനെ, പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ കാലങ്ങളായി പകര്‍ത്തുന്ന ബിന്ദുവും, തീവ്രമായ അനുഭവങ്ങള്‍ നിറഞ്ഞ അവരുടെ ജീവിതവും ഈ പുസ്തകത്തിലുണ്ട്.
Content Highlights: KR Sunil facebook post about Mortuary Photographer Bindu