‘ഓർമമണം’ വായിക്കുമ്പോൾ ആ കാലം വീണ്ടും വന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു- സത്യൻ അന്തിക്കാട്

തൃശ്ശൂർ: പുനർവായനയുടെ ഒരുപാട് ബിംബങ്ങൾ പകർന്നുകിട്ടുന്ന രചനകളാണ് ഗിരിജാവാര്യരുടേതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ഗിരിജാവാര്യർ എഴുതി, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'ഓർമമണം' എന്ന പുസ്തകം ടി.എസ്. ദീപയ്ക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനർവായനയിലൂടെ പലപ്പോഴും പകർന്നുകിട്ടുന്നത് മനോഹരമായ അനുഭവങ്ങളാണ്. കാലങ്ങൾക്കുശേഷം ഒരു പുസ്തകം വീണ്ടും വായിക്കാനെടുത്തപ്പോഴെല്ലാം അത് വ്യക്തമായിട്ടുണ്ട്. ഗിരിജാവാര്യരുടെ പുസ്തകം വായിക്കുമ്പോൾ ആ കാലം വീണ്ടും വന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു -അദ്ദേഹം പറഞ്ഞു.
''കളങ്കമില്ലാത്ത ലളിതമായ ഭാഷയിലൂടെ യഥാർഥജീവിതം എഴുത്തുകാരി വരച്ചുകാട്ടുന്നു. ജീവിതത്തിൽ ഇടയ്‌ക്കെപ്പോഴോ വിട്ടുപോകുന്ന കുഞ്ഞുകുഞ്ഞുകാര്യങ്ങൾ അതിമനോഹരമായി അവർ ചേർത്തുവെച്ചിരിക്കുന്നതാണ് എന്നെ ഏറെ ആകർഷിച്ചത്. ഒരിക്കലും എഴുത്തുകാരിയാണെന്ന് പറയാത്ത, മഞ്ജുവാര്യരുടെ അമ്മയാണെന്ന നിലയിൽ പ്രത്യക്ഷപ്പെടാത്ത ഗിരിജാവാര്യർ വർഷങ്ങൾക്കുശേഷം വീണ്ടും എഴുതിത്തുടങ്ങാൻ ഞാനൊരു നിമിത്തമായി എന്നതിൽ ഏറെ സന്തോഷമുണ്ട്. ഇനിയും വലിയൊരു ജീവിതം എഴുതാനുണ്ട്''- സത്യൻ അന്തിക്കാട് പറഞ്ഞു.
50 വർഷം നീണ്ട ഗിരിജാവാര്യരുടെ നിശ്ശബ്ദതയ്ക്ക് ഇനിയുള്ള കാലം മറുപടി പറയട്ടെയെന്ന് പുസ്തകം സ്വീകരിച്ച എഴുത്തുകാരി ടി.എസ്. ദീപ പറഞ്ഞു. ഓർമക്കുറിപ്പുകളല്ലാതെ ഫിക്ഷനുകളിൽ എന്താകും അമ്മയുടെ കാഴ്ചപ്പാട് എന്ന് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഗിരിജാ വാര്യരുടെ മകളും നടിയുമായ മഞ്ജുവാര്യർ പറഞ്ഞു. അമ്പതുവർഷങ്ങൾകൊണ്ട് താൻ അനുഭവങ്ങൾ ഉണ്ടാക്കിയെടുക്കുകയായിരുന്നുവെന്ന് ഗിരിജാവാര്യർ മറുപടിപ്രസംഗത്തിൽ മനസ്സുതുറന്നു. മകൻ മധുവാര്യർ, മാതൃഭൂമി റീജണൽ മാനേജർ വിനോദ് പി. നാരായൺ എന്നിവരും പങ്കെടുത്തു.
Content Highlights: Sathyan Anthikad launches Girija Warrier`s `Ormamanam` book, praising its evocative prose. Discover life`s simple joys & hidden moments through this captivating read.