റീല്‍സാണ് താരം! ലക്ഷക്കണക്കിന് കാണികള്‍ ലക്ഷം ആവശ്യക്കാര്‍, പുസ്തകങ്ങള്‍ക്ക് റെക്കോഡ് വില്‍പ്പന

ഫോട്ടോ: റിധിന്‍ ദാമു
ഫോട്ടോ: റിധിന്‍ ദാമു

കൊച്ചി: വായനയെ സമ്പന്നമാക്കി മലയാളത്തില്‍ പ്രസാധകരും പുസ്തകങ്ങളും കൂടുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ പ്രസാധകരുടെ എണ്ണത്തില്‍ പത്തിരട്ടിയിലേറെ വര്‍ധനയുണ്ടായി. ഇപ്പോള്‍ 300-ഓളം പ്രസാധകരുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്ന കണക്ക്. 20-നും 40-നും ഇടയില്‍ പ്രായമുള്ളവരാണ് ഇപ്പോഴത്തെ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും. അതോടൊപ്പം ജോലിയില്‍നിന്ന് വിരമിച്ചശേഷം എഴുത്തുകാരാകുന്ന ട്രെന്‍ഡും കാണുന്നുണ്ട്.

വര്‍ഷങ്ങള്‍ക്കുമുന്‍പ് മലയാളത്തില്‍ വലിയ പുസ്തകപ്രസാധകര്‍ മേഖല കൈയടക്കിയിരുന്നപ്പോള്‍ കടന്നുവന്ന സമാന്തരപ്രസാധകരുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ചെറിയ പ്രസാധകര്‍. ഇത്തരം പ്രസാധകര്‍ രംഗത്തുവന്നതോടെ സമീപകാലത്ത് ചില പുസ്തകങ്ങള്‍ക്ക് റെക്കോഡ് വില്പനയുണ്ടായി. അതോടൊപ്പം പുസ്തകപ്രസാധനത്തിലെ സാമ്പത്തിക കണക്കുകളും മാറി.

നേരത്തെ ഒരു പുസ്തകത്തിന്റെ മുഖവിലയുടെ 30 ശതമാനത്തോളം നിര്‍മാണച്ചെലവ് കണക്കാക്കി എടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ 60 ശതമാനത്തോളം ഈടാക്കുന്ന പ്രസാധകരുണ്ട്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഓഫ് ബുക്ക് നമ്പറിങ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ചെയ്ത ഒട്ടേറെ പ്രസാധകരാണ് സമീപകാലത്ത് മലയാളത്തിലെ അച്ചടിരംഗത്തേക്ക് കടന്നുവന്നിരിക്കുന്നത്.

24 മണിക്കൂര്‍, ഒരുലക്ഷം കാണികള്‍ സാമൂഹികമാധ്യമങ്ങളിലെ റീല്‍ പോലെയുള്ളവയിലൂടെയാണ് ഇപ്പോള്‍ പലരും പുസ്തക വില്പനയുടെ സാധ്യതകള്‍ തുറന്നെടുക്കുന്നത്. സമീപകാലത്ത് മലയാളത്തില്‍ വലിയ വില്‍പ്പന നടത്തിയ മിക്ക എഴുത്തുകാരും വിപണിയിലെ വിജയത്തിന് റീല്‍സിനെ ആശ്രയിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം മാതൃഭൂമി ബുക്സ്റ്റാളിലെത്തിയ ലെന അവിടത്തെ സന്ദര്‍ശനത്തിന്റെയും തന്റെ പുസ്തകത്തിന്റെയും വീഡിയോ റീല്‍ ആയി ചെയ്തിരുന്നു.

പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം ഒരു ലക്ഷത്തിലേറെപ്പേരാണ് ഈ വീഡിയോ കണ്ടത്. മൂന്നുദിവസംകൊണ്ട് കാണികളുടെ എണ്ണം 1.40 ലക്ഷം ആയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Content Highlights: book publishing industry sales increase