ആമിന ഡയറിയില്‍ കുത്തിക്കുറിച്ച കഥകള്‍ പുസ്തകമാകുന്നു; ഒരു ഗ്രാമത്തിന്റെ കഥപറഞ്ഞ് 'കോന്തലക്കിസ്സകള്‍'

ആമിന
ആമിന

കോഴിക്കോട്: ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയം, മതം, കല, മനുഷ്യബന്ധങ്ങള്‍, ഓര്‍മകള്‍, സ്‌നേഹം ഇവയെല്ലാം ചേര്‍ത്തുവെച്ച് പാറക്കല്‍ ആമിന ഡയറിയില്‍ കുത്തിക്കുറിച്ച കഥകള്‍ പുസ്തകമാകുന്നു. കക്കാട്, കാരശ്ശേരി ഗ്രാമങ്ങളിലെ ഗൃഹാതുരസ്മരണകള്‍ പങ്കുവെക്കുന്ന 'കോന്തലക്കിസ്സകള്‍' എന്ന പുസ്തകം മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.

അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മനസ്സിനെയും ശരീരത്തെയും തളര്‍ത്തിയപ്പോള്‍, ഉറക്കംവരാത്ത രാത്രികളില്‍ ആമിന എഴുതിയ ഡയറിക്കുറിപ്പുകളാണ് പുസ്തകമാകുന്നത്. ജാതിമതചിന്തകള്‍ക്കതീതമായി കൊടിയ ദാരിദ്ര്യത്തിലും പൂര്‍വികര്‍ നിലനിര്‍ത്തിപ്പോന്ന മനുഷ്യസ്‌നേഹത്തിന്റെയും പങ്കുവെക്കലിന്റെയും കഥ പറയുന്നുണ്ട് 'കോന്തലക്കിസ്സകള്‍'.

ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എഴുപതുവയസ്സുകാരിയുടെ ഓര്‍മകളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഈ പുസ്തകം.

ഓഗസ്റ്റ് 15-ന് വൈകീട്ട് നാലിന് കക്കാട് അങ്ങാടിയില്‍ നടക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ ബി.എം. സുഹറ പുസ്തകം പ്രകാശനംചെയ്യും. സുധീര്‍ കെ. നായര്‍ ഏറ്റുവാങ്ങും. പി.എം.എ. ഗഫൂര്‍ മുഖ്യപ്രഭാഷണം നടത്തും. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജന്‍ കഥാകൃത്തിനെയും കഥാപാത്രങ്ങളെയും ആദരിക്കും. 

കക്കാടിലെയും പരിസരപ്രദേശത്തെയും വിവിധ സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.പി. അബൂബക്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രോഗ്രാം വൈസ് ചെയര്‍മാന്‍ പി. സാദിഖ് അലി, സി.ടി. തൗഫീഖ്, കെ.സി. രഹന, സി.ടി. അജ്മല്‍ ഹാദി എന്നിവര്‍ പങ്കെടുത്തു.

Content Highlights: Amina author of Konthalakissakal book release soon