'കരഞ്ഞുതീരാന്‍, പെരുമഴകള്‍ പെയ്തുതോരാന്‍ ഞങ്ങള്‍ കാത്തുനിന്നു'; വിചിത്ര മക്കോണ്ടയായൊരു വീട്!

#മുഹമ്മദ് അബ്ബാസ്
മുഹമ്മദ് അബ്ബാസ് | ഫോട്ടോ: ജമേഷ് കോട്ടക്കല്‍
മുഹമ്മദ് അബ്ബാസ് | ഫോട്ടോ: ജമേഷ് കോട്ടക്കല്‍

ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ മുഹമ്മദ് അബ്ബാസിന്റെ 'വിശപ്പ് പ്രണയം ഉന്മാദം' എന്ന പുസ്തകത്തില്‍നിന്നുള്ള ഒരു ഭാഗം വായിക്കാം...

ന്റെ മൂത്ത ഏട്ടന്റെ ഭാര്യയാണ് കദീജ. തീരെ മെലിഞ്ഞ രൂപമായതിനാല്‍ വീട്ടുകാരും നാട്ടുകാരുമൊക്കെ അവരെ 'ചെള്ളി' എന്നാണ് വിളിച്ചിരുന്നത്. ആ ചെള്ളിയുടെകൂടെ താത്തയും കൂടി കൂട്ടി ഞാന്‍ അവരെ 'ചെള്ളിത്താത്ത' എന്ന് വിളിച്ചു. പച്ചപ്പാവമായിരുന്നു അവര്‍. ഏട്ടന്‍ ഭയങ്കരമാനദേഷ്യക്കാരനാണ്. എന്തിനും ഏതിനും ചൂടാവും. മൂന്നു മക്കളാണ് അവര്‍ക്ക്. രണ്ടു പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. ഏട്ടന്റെ വീര്‍ത്തുപൊട്ടുന്ന ബലൂണ്‍ ദേഷ്യങ്ങള്‍ ഞാന്‍ ഒരുപാട് കണ്ടതാണ്.

ചോറില്‍ കല്ലോ മുടിനാരോ കണ്ടാല്‍ ഏട്ടന്‍ ആ ചോറ്റുപാത്രം വലിച്ചെറിയും. വിറകടുപ്പൂതി കഷ്ടപ്പെട്ടുണ്ടാക്കിയ അന്നം നിലത്ത് ചിതറിക്കിടക്കുന്നത് ചെള്ളിത്താത്ത നിറകണ്ണുകളോടെ കണ്ടുനില്‍ക്കും. വേറെ ചോറില്ലെങ്കില്‍ ഏട്ടന്‍തന്നെ കുനിഞ്ഞിരുന്ന് ആ ചോറൊക്കെ വാരിയെടുത്ത് കഴുകി തിന്നും. കൈയ്യാങ്കളി ഒന്നുമില്ലെങ്കിലും ഏട്ടന്റെ ചൂടും ചെറിയ ചെറിയ ഭ്രാന്തുകളുമൊക്കെ സഹിച്ച് ചെള്ളിത്താത്ത അവന്റെകൂടെ ജീവിച്ചത് മുപ്പത്തിരണ്ടു വര്‍ഷമാണ്.

ആ മുപ്പത്തിരണ്ട് വര്‍ഷവും താത്ത ആനന്ദം എന്തെന്നറിഞ്ഞിട്ടില്ല. ചൂടന്‍ സ്വഭാവത്തിന്റെ ഫലമായി പലപല ജോലികളും ഏട്ടന് നഷ്ടപ്പെട്ടു. പല വാടകവീടുകളും ഒഴിഞ്ഞുകൊടുക്കേണ്ടി വന്നു. രണ്ടാമത്തെ ഏട്ടനായിരുന്നു വീട്ടുഭരണം നടത്തിയിരുന്നത്. എന്റെ ഉപ്പ ഒരു പാവമായിരുന്നു. മക്കളോട് ദേഷ്യപ്പെടുകയോ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടണമെന്നോ ഒന്നും ഉപ്പ ആഗ്രഹിച്ചില്ല. എല്ലാത്തിനോടും ഉപ്പായ്ക്ക് നിസ്സംഗതയായിരുന്നു. ആ നിസ്സംഗത കുറെയൊക്കെ ഞങ്ങള്‍ മക്കള്‍ക്കും കിട്ടിയിട്ടുണ്ട്.

പുസ്തകത്തിന്റെ കവര്‍

പക്ഷേ, രണ്ടാമത്തെ ഏട്ടന്‍ അങ്ങനെയായിരുന്നില്ല. അവന് ജീവിതത്തില്‍ പലതും നേടാന്‍ ഉണ്ടായിരുന്നു. കുറച്ചൊക്കെ അവന്‍ നേടുകയും ചെയ്തു. മൂത്ത ഏട്ടന്‍ മണ്ണാര്‍ക്കാട്ടെ ജോലി ഉപേക്ഷിച്ച് ഭാര്യയും മക്കളുമായി വന്നുകയറിയത് രണ്ടാമത്തെ ഏട്ടന്‍ പണിഞ്ഞ വലിയ വീട്ടിലേക്കാണ്. ഒരു കൂട്ടുകുടുംബത്തില്‍ വരുമാനം കുറവുള്ളവന്റെ ഭാര്യയ്ക്കും മക്കള്‍ക്കും അനുഭവിക്കേണ്ടിവരുന്ന അപമാനങ്ങളും കഷ്ടപ്പാടുകളും അവഗണനകളുമൊക്കെ താത്തയും മക്കളും അനുഭവിച്ചു. എന്റെ ഉമ്മയും പെങ്ങന്മാരുമടക്കം എല്ലാവരും ചെള്ളിത്താത്താന്റെ ദുരിതങ്ങളിലേക്ക് തീ കോരിയിട്ടു.
രണ്ടാമത്തെ ഏട്ടനുമായി യോജിച്ചുപോവാന്‍ പറ്റാതെ ഞാന്‍ മൂത്ത പെങ്ങളുടെയും അളിയന്റെയുംകൂടെയാണ് അക്കാലത്ത്  താമസിച്ചിരുന്നത്. വീട്ടുകാരെ കാണാന്‍ ഇടയ്‌ക്കൊക്കെ ഞാന്‍ ആ വലിയ വീട്ടിലേക്കു ചെല്ലും. ആ വല്യ വീടിന്റെ നിലം മുഴുവന്‍ തുടയ്ക്കുന്നതും പാത്രങ്ങള്‍ മോറുന്നതും മുറ്റമടിക്കുന്നതും അലക്കുന്നതുമൊക്കെ ചെള്ളിത്താത്തയാണ്. എല്ലാവരും കിടക്കയിലേക്ക് വീണുകഴിഞ്ഞാലും താത്തായ്ക്ക് അടുക്കളയില്‍ പണിയുണ്ടാവും. താത്താന്റെ ഏഴും ഒമ്പതും വയസ്സുള്ള പെണ്മക്കള്‍ ഉമ്മാനെ സഹായിച്ചുകൊണ്ട് ആ എച്ചില്‍മണങ്ങളില്‍ അവര്‍ക്ക് കൂട്ടിരുന്നു. അവരെ കുളിപ്പിക്കാനോ ഒരുക്കാനോ ഒന്ന് മുടി ചീകിക്കൊടുക്കാനോ ചെള്ളിതാത്തായ്ക്ക് സമയം കിട്ടിയിരുന്നില്ല.

നേരം പുലരുമ്പോ തുടങ്ങുന്ന ചെള്ളിത്താത്താന്റെ ശമ്പളമില്ലാജോലി രാത്രി പതിനൊന്ന് മണിവരെ നീണ്ടുപോവും. അക്കാലത്ത് മൂത്ത ഏട്ടന് പെയിന്റ് പണിയും വീടിന്റെ ഉടമയായ രണ്ടാമത്തെ ഏട്ടന് വിസ കച്ചവടവും ആയിരുന്നു. മൂത്ത ഏട്ടന്‍ കീശയില്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും ഫോട്ടോ കൊണ്ടുനടക്കുന്ന കടുത്ത കമ്യൂണിസ്റ്റും മറ്റേ ഏട്ടന്‍ മൗദൂദിസ്റ്റുമാണ്. കുടുംബത്തില്‍ എനിക്കാണ് ഏറ്റവും മുന്തിയ വിദ്യാഭ്യാസമായ എട്ടാംക്ലാസുള്ളത് എന്നു പറയുമ്പോള്‍ മറ്റുള്ളവരുടെ വിദ്യാഭ്യാസം നിങ്ങള്‍ക്ക് ഊഹിക്കാലോ!

ആ രണ്ട് ഏട്ടന്മാരും തമ്മില്‍ ഘോരമായ രാഷ്ട്രീയതര്‍ക്കങ്ങള്‍ വരാന്തയില്‍ നടക്കുമ്പോള്‍ അവരില്‍ ഒരാളുടെ ഭാര്യ അത് കേട്ടുനില്‍ക്കുകയും മറ്റൊരാളുടെ ഭാര്യ അടുക്കളയില്‍ എച്ചില്‍പ്പാത്രങ്ങള്‍ മോറുകയും ചെയ്യുന്ന വിചിത്രമായ മക്കോണ്ടയായിരുന്നു ഞങ്ങളുടെ ആ വീട്. വീട്ടുടമയും മൗദൂദിസ്റ്റുമായ ചെറിയ ഏട്ടന് കമ്യൂണിസ്റ്റായ മൂത്ത ഏട്ടനുമായി തര്‍ക്കിച്ചുജയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ 'എന്നാ പിന്നെ നീയെന്തിനാ ജമാഅത്തുകാരന്‍ ഉണ്ടാക്കിയ വീട്ടില്‍ പാര്‍ക്കുന്നത്?' എന്ന വലിയ ചോദ്യത്തിനുമുന്നില്‍ മൂത്ത ഏട്ടന് ഉത്തരം മുട്ടി.

ആ രാത്രിയില്‍ത്തന്നെ അടുക്കളയില്‍ പാത്രം മോറുന്ന ഭാര്യയെയും ഉറക്കം തൂങ്ങിനിന്ന കുട്ടികളെയുംകൂട്ടി ഏട്ടന്‍ ആ വീടിന്റെ പടിയിറങ്ങി, ഞാന്‍ താമസിക്കുന്ന പെങ്ങളുടെ അടുത്തേക്ക് വന്നു. ആരും ഏട്ടനെ മടക്കിവിളിച്ചില്ല. പിന്നീട് ആ വലിയ വീട്ടില്‍ താമസിക്കാന്‍ ഏട്ടന്‍ പോയിട്ടുമില്ല. ഇത്തരം തര്‍ക്കങ്ങളും ഇറങ്ങിപ്പോക്കുകളും കഷ്ടപ്പാടുകളുമൊക്കെ ഏറ്റവും ബാധിച്ചത് ഏട്ടന്റെ ഭാര്യയായ ചെള്ളിത്താത്താനെയും കുട്ടികളെയും ആയിരുന്നു.

അന്നത്തെ രാത്രിയില്‍ ഉറക്കം ഞെട്ടി ഞാന്‍ മിഴിച്ചുനോക്കുമ്പോള്‍ എന്റെ മുമ്പില്‍ ഉറക്കച്ചടവോടെ ആ കുട്ടികള്‍ നിന്നു. രണ്ടു സുന്ദരിക്കുട്ടികള്‍. കമ്യൂണിസവും മൗദൂദിസവും അറിയാത്ത രണ്ടു ബാല്യങ്ങള്‍. എന്റെ അനുവാദത്തിന് കാത്തുനില്‍ക്കാതെ അവരെന്റെ മടിയിലും നെഞ്ചത്തുമായി അന്ന് അന്തിയുറങ്ങി. പിറ്റേന്ന് ഏട്ടന്‍ വാടകവീടെടുത്ത് അങ്ങോട്ട് താമസം മാറി. ജീവിതം തനിക്ക് നീട്ടുന്ന എല്ലാ ദുരിതങ്ങളെയും ചെള്ളിത്താത്ത യാതൊരു മുറുമുറുപ്പുംകൂടാതെ സ്വീകരിച്ചു. വാടകവീടുകളില്‍നിന്ന് വാടകവീടുകളിലേക്കുള്ള ദുരിതയാത്രയില്‍ ഭര്‍ത്താവിനൊപ്പം പെട്ടിയും ചട്ടിയും കുട്ടികളുമായി നടന്നു. മകന്‍ വളര്‍ന്നുവലുതാവുമ്പോള്‍ തന്റെ കഷ്ടപ്പാടൊക്കെ മാറും എന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. അതിനായി ദൈവങ്ങളോട് ഉള്ളു നൊന്ത് പ്രാര്‍ത്ഥിച്ചു.

ഏട്ടന്‍ ഗള്‍ഫില്‍ പോയപ്പോള്‍ ചെറുതെങ്കില്‍ ചെറുത്, അവര്‍ക്കൊരു വീടുണ്ടായി. അപ്പോഴേക്കും മൂത്തമകള്‍ക്ക് വിവാഹപ്രായമായി. മക്കള്‍ക്ക് അനുയോജ്യരായ ഇണകളെ കിട്ടാന്‍ ബേജാറായത് ഏട്ടനായിരുന്നില്ല. ചെള്ളി ത്താത്തയായിരുന്നു. ഭര്‍ത്താവ് അയയ്ക്കുന്ന പണത്തില്‍നിന്ന് ഉറുമ്പ് അരിമണി സൂക്ഷിക്കുംപോലെ അവര്‍ പണം സൂക്ഷിച്ചുവെച്ചു. വീടിന്റെ ആധാരം പണയംവെച്ചും വേറെ കടം വാങ്ങിയും മൂത്തമകളുടെ വിവാഹം കഴിഞ്ഞു. അവള്‍ക്ക് നല്ലൊരു ജീവിതമുണ്ടായി.

രണ്ടാമത്തെ മകളുടെ കല്യാണമായപ്പോഴേക്കും മകന്‍ ഗള്‍ഫില്‍ എത്തിയിരുന്നു. വലിയ കടങ്ങളൊന്നും ഇല്ലാതെ അവളുടെയും വിവാഹം കഴിഞ്ഞു. അവളും നല്ല രീതിയില്‍ ജീവിക്കാന്‍ തുടങ്ങി. പിന്നീടാണ് തന്റെ എക്കാലത്തെയും സ്വപ്നമായ മകന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ചെള്ളിത്താത്ത തുടങ്ങിയത്. അക്കാലത്ത് അന്ധനും ക്രൂരനുമായ ദൈവം എന്റെ താത്താന്റെ വയറിനകത്ത് ഞണ്ടുകളെ മുളപ്പിച്ചു. കാലങ്ങളായി വയറുവേദനയ്ക്ക് ഉലുവ തിളപ്പിച്ച വെള്ളം കുടിക്കുന്ന അവരുടെ ശരീരം മെലിയാന്‍ തുടങ്ങി. ശരീരത്തിനകത്തെ അസുഖങ്ങള്‍ക്ക് വായുഗുളികയും പുറത്തെ അസുഖങ്ങള്‍ക്ക് ടൈഗര്‍ ബാമുംമാത്രം മരുന്നായി അക്കാലംവരെ ഉപയോഗിച്ച അവര്‍ക്ക് ഡോക്ടറെ കാണേണ്ടി വന്നു.

ടെസ്റ്റുകള്‍ നടത്തേണ്ടിവന്നു. മുറിച്ചുമാറ്റാന്‍ കഴിയാത്തവിധം അവരുടെ കുടലിനകത്ത് ഞണ്ടുകള്‍ പിടിമുറുക്കിക്കഴിഞ്ഞിരുന്നു. കണ്ടുനില്‍ക്കുകയല്ലാതെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്താണ് തന്റെ അസുഖമെന്ന് മരണംവരെ അവര്‍ അറിഞ്ഞില്ല. ചികിത്സിച്ച ഡോക്ടര്‍ അവരോട് അതുപറയരുതെന്ന് ഞങ്ങളെ വിലക്കിയിരുന്നു. തങ്ങള്‍ക്കല്ലല്ലോ വന്നത് എന്ന ആഹ്ലാദത്തെ സഹതാപത്തിന്റെ പര്‍ദ്ദയിട്ടുമറച്ച് ബന്ധുക്കള്‍ അവരുടെ മുമ്പിലൂടെ കടന്നുപോയി.

ചിത്രീകരണം: മദനന്‍

മെലിഞ്ഞ ആ ശരീരം കൂടുതല്‍ മെലിഞ്ഞു. എല്ലുകളെയും അസ്ഥികളെയും പൊതിയുന്ന വെറും തൊലിയായി അവരാ വീടിനകത്ത് കിടന്നു. ആ വീടിന്റെ പടികള്‍ കയറുമ്പോള്‍തന്നെ എന്റെ കൈകാലുകള്‍ വിറച്ചു. ക്ഷീണത്തിലും കൊടുംവേദനയിലും താത്ത മകന്റെ വിവാഹത്തെക്കുറിച്ച് സംസാരിച്ചു. മരണംമാത്രം മരുന്നായി ബാക്കിയുള്ള അവരുടെ ആ രോഗം മാറിയിട്ട് നമുക്ക് അവന്റെ വിവാഹം നടത്താമെന്ന് ഞാനവരോട് കള്ളം പറഞ്ഞു. ആ കണ്ണുകളുടെ അഗാധതകളില്‍ ഒരു പെണ്ണായുസ്സിന്റെ മുഴുവന്‍ ദുഃഖങ്ങളും തളംകെട്ടി കിടക്കുന്നത് എനിക്ക് കാണാമായിരുന്നു. ഈര്‍ക്കിലിയോളം മെലിഞ്ഞുപോയ ആ കൈകളിലെ ഞരമ്പുകള്‍ എന്നെ ഭയപ്പെടുത്തി. ആ സിരകളിലൂടെ ക്ഷീണിച്ചൊഴുകുന്ന രക്തത്തില്‍ അപ്പോഴും എന്റെ ഏട്ടനോടുള്ള സ്‌നേഹം തുടിക്കുന്നത് ഞാന്‍ അറിഞ്ഞു. ഏട്ടന്‍ സൗദിയില്‍ ജോലിക്കിടെ അപകടം പറ്റി, ഒരു കാലിലെ വിരലുകളും മറ്റേ കാലിന്റെ ഞെരിയാണിക്കു താഴെയും മുറിച്ചുമാറ്റപ്പെട്ട് ചികിത്സയിലായിരുന്നു. ഇന്‍ഷുറന്‍സിന്റെ വലിയ തുകയ്ക്ക് കാത്തുനില്‍ക്കാതെ ഭാര്യയെ കാണാന്‍ അവന്‍ വന്നു. നീണ്ട മുപ്പത്തിരണ്ട് വര്‍ഷം തന്നെ സഹിച്ച, താന്‍ നല്‍കിയ ദുരിതങ്ങളെല്ലാം ഏറ്റുവാങ്ങിയ ഭാര്യയുടെ മുമ്പിലിരുന്ന് എന്റെ ഏട്ടന്‍ കരഞ്ഞു.

കരഞ്ഞുതീരാന്‍, പെരുമഴകള്‍ പെയ്തുതോരാന്‍ ഞങ്ങള്‍ കാത്തുനിന്നു. അവന്റെ വലത്തെ കാലിലെ വിരലുകളും ഇടത്തെ കാലിന്റെ ഞെരിയാണിക്കു താഴെയും മുറിച്ചുമാറ്റിയിരുന്നു. ഏട്ടത്തി അതുകാണാതിരിക്കാന്‍ അവനെപ്പോഴും ശ്രദ്ധിച്ചു. പക്ഷിത്തൂവലിന്റെ കനംപോലുമില്ലാത്ത അവരെ അവനാ കാലുംവെച്ച് കുളിമുറിയിലേക്കും തിരികെയും ചുമന്നു. തന്നോട് ദേഷ്യപ്പെടാത്ത, തന്നെ ചീത്ത പറയാത്ത ഭര്‍ത്താവിനെ അവര്‍ അന്തംവിട്ടു നോക്കി. അവര്‍ക്കത് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. അങ്ങനെയൊരു ഭര്‍ത്താവിനെ അവര്‍ അതുവരെ കണ്ടിരുന്നില്ലല്ലോ.

ഉമ്മാന്റെയും ഉപ്പാന്റെയും മുമ്പില്‍ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ആ മൂന്ന് മക്കളും നിന്നു. ഏട്ടന് ഭക്ഷണം വേണ്ടാതെയായി. അവന്‍ ധാരാളം കട്ടന്‍ ചായ കുടിച്ചു. നിര്‍ത്താതെ ബീഡി വലിച്ചു. ജീവിതമെന്ന വലിയ ദേഷ്യത്തോട് താന്‍ കാട്ടിയിരുന്ന ചെറിയ ചെറിയ ദേഷ്യങ്ങളെ അവന്‍ മറന്നു. തന്റെ മുമ്പില്‍ ദിവസങ്ങളെണ്ണിത്തീരുന്ന ഭാര്യയെ അവന്‍ നിസ്സഹായനായി കണ്ടുനിന്നു. വയ്യാത്ത കാലുംവെച്ച് ഉള്ളിലെ പുകച്ചില്‍ മാറ്റാന്‍ അവനാ വീടിനുള്ളില്‍ അന്തമില്ലാതെ, സമയകാലങ്ങളറിയാതെ നടന്നു.

ആ ദിവസങ്ങളിലൊക്കെ എന്റെ ഹൃദയമിടിപ്പ് എനിക്ക് എണ്ണിയെടുക്കാന്‍ കഴിയുമായിരുന്നു. ഓരോ മിടിപ്പിലും ആ വാര്‍ത്ത എന്നെ തേടിയെത്തുന്ന നിമിഷത്തെ ഭയന്ന് ഞാന്‍ ജീവിച്ചു. ചുവന്ന പട്ടുസാരിയുടുത്ത്, കൈ നിറയെ കടുംനീല കുപ്പിവളയണിഞ്ഞ്, തല കുനിച്ചു പിടിച്ച് ഏട്ടന്റെ ഭാര്യയായി ഞങ്ങളുടെ വീട്ടിലേക്ക് കയറിവന്ന ആ മെല്ലിച്ച സുന്ദരിയുടെ മുഖം ഞാന്‍ വീണ്ടും വീണ്ടും കണ്ടു. ആ മുഖമാണ് മരണത്തിന്റെ ഘടികാരമിടിപ്പുകള്‍ എണ്ണി എന്റെ മുമ്പില്‍ കിടക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 

അവരീ ഭൂമി വിട്ടുപോയിട്ട് ആറു വര്‍ഷങ്ങളാവുന്നു. ആറു വര്‍ഷങ്ങള്‍... അതും വിശ്വസിക്കാനാവുന്നില്ല. എന്റെ മുമ്പില്‍ ആ മെല്ലിച്ച ദേഹമുണ്ട്. ഞരമ്പുന്തിയ ആ കൈകളുണ്ട്. കാതിലെ ആ ഗ്യാരണ്ടി കമ്മലുണ്ട്. നിറം മങ്ങിയ അതിന്റെ വിടവുകളില്‍ പറ്റിപ്പിടിച്ചുനിന്ന ചെളിയുണ്ട്. മരണത്തിന്റെ അന്നുപെയ്ത ആ വേനല്‍മഴയുടെ മണങ്ങളുണ്ട്. വിലാപയാത്രയില്‍ പങ്കെടുക്കാതെ ഞാന്‍ തനിച്ചിരുന്ന ആ ആശുപത്രി വരാന്തയുണ്ട്. അതിന്റെ മുറ്റത്തെ മണ്ണുതുരന്ന് മഴപ്പാറ്റകള്‍ പുറത്തേക്ക് വരുന്നുണ്ട്. അവയെ കൊത്തിത്തിന്നാന്‍ മരച്ചില്ലകളില്‍ വന്നുകൂടിയ ആ പക്ഷികളുണ്ട്. മഴയും വെയിലും മഞ്ഞും എന്റെ മുമ്പില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഞാന്‍ നടക്കുന്ന അതേ പാതകളിലൂടെ, മുറിച്ചുമാറ്റിയ കാലിന്റെ ഞെരിയാണിക്കുറ്റിയില്‍ ചെരുപ്പ് ഘടിപ്പിച്ച് എന്റെ ഏട്ടന്‍ നടക്കുന്നുണ്ട്. എല്ലാവരും നിര്‍ബ്ബന്ധിച്ചിട്ടും മറ്റൊരു വിവാഹത്തിന് സമ്മതിക്കാതെ അവനീ വഴികളിലൂടെ ഭ്രാന്തെടുത്തപോലെ അലയുന്നുണ്ട്.

ഒപ്പം ജീവിച്ച കാലമത്രയും താനവള്‍ക്ക് ദുഃഖങ്ങളും ദുരിതങ്ങളുമാണല്ലോ കൊടുത്തത് എന്ന നീറ്റല്‍ അവന്റെ കണ്ണുകളില്‍ ഞാന്‍ കാണുന്നുണ്ട്. തിരിച്ചുപിടിക്കാന്‍ കഴിയാത്തവണ്ണം കൈക്കുമ്പിളിലൂടെ ചോര്‍ന്നുപോയ ജീവിതത്തിന്റെ വസന്തങ്ങളെയോര്‍ത്ത് ആ കണ്ണുകളില്‍ ജലം പൊടിയുന്നത് ഞാന്‍ കാണുന്നുണ്ട്. എന്റെ തോന്നലുകള്‍ക്കും കാണലുകള്‍ക്കുമൊക്കെ അപ്പുറത്ത് പള്ളിക്കാട്ടിലെ ഖബറിടത്തില്‍ ഒരു മനുഷ്യജന്മം അന്തിയുറങ്ങുന്നുണ്ട്. ആ മീസാന്‍ കല്ലുകള്‍ ഞാനിതുവരെ കണ്ടിട്ടില്ല. ആ ഖബറിടം കണ്ടിട്ടില്ല.

ഏട്ടത്തീ...
കാണാത്ത ആ ഖബറിടവും മീസാന്‍ കല്ലുകളും ഉള്ളില്‍ വഹിക്കാന്‍ വിധിക്കപ്പെട്ട ഈ അനിയന്‍ നിങ്ങളെ ഓര്‍ക്കുന്നുണ്ട്. എന്റെ ഏട്ടന്റെ ഭാര്യയായി നിങ്ങള്‍ കയറിവന്ന ആ പകലിനെ, നിങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന പരശ്ശതം രാത്രികളെ, എന്റെ മുമ്പില്‍നിന്ന് നിങ്ങള്‍ ഉരുകിയ അപമാനങ്ങളുടെ അനന്തമായ ആ അപരാഹ്നങ്ങളെ, ജീവിതമെന്ന ഉത്തരമില്ലാച്ചോദ്യത്തിന്റെ സായന്തനങ്ങളെ ഈ അനിയന്‍ ഓര്‍ക്കുന്നുണ്ട്. ആ ഖബറിടത്തിലേക്ക് വരാന്‍ കഴിയാത്തതിനും അവിടെനിന്ന് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ കഴിയാത്തതിനും വിഡ്ഢിയായ ഈ അനിയനോട് നിങ്ങള്‍ക്ക് പൊറുക്കാന്‍ കഴിയും. നിങ്ങള്‍ പൊറുത്തില്ലെങ്കില്‍ ദൈവങ്ങള്‍പോലും എന്നോട് പൊറുക്കില്ല. ഇപ്പോഴും എനിക്കെന്റെ വിരല്‍ത്തുമ്പുകളില്‍നിന്ന് നിങ്ങളുടെ കണ്ണീരുപ്പിനെ രുചിച്ചറിയാന്‍ കഴിയുന്നുണ്ട്.

Content Highlights: Visappu pranayam unmadam, Book excerpt, Mohammed Abbas, Mathrubhumi books