'ആ ബന്ധത്തിന് പ്രചാരം കൊടുക്കരുതെന്ന് അവര്‍ പറഞ്ഞു'; ജയന്റെ മുറപ്പെണ്ണ് ജയഭാരതി

ശ്രീകുമാരന്‍ തമ്പി രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'എന്റെ കഥാനായികമാര്‍' എന്ന പുസ്തകത്തിലെ 'ജയന്റെ മുറപ്പെണ്ണ് ജയഭാരതി' എന്ന ഭാഗം വായിക്കാം...
ഞാന്‍ ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. അക്ഷരമാണ് എന്റെ അന്നവും ആയുധവും. സിനിമയില്‍ പ്രവേശിച്ചശേഷം പലരുമായും ആശയപരമായി എനിക്ക് പിണങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ആരും എന്നെ നേരിട്ടോ ഫോണിലൂടെയോ ശകാരിച്ചിട്ടില്ല. എന്നോട് അശ്ലീലഭാഷയില്‍ സംസാരിച്ചിട്ടില്ല. ഹരി പോത്തനില്‍ നിന്നാണ് ആദ്യമായി അങ്ങനെയൊരനുഭവം ഉണ്ടായത്. അറിഞ്ഞോ അറിയാതെയോ എന്റെ ആദ്യസിനിമയിലെ നായിക അതിനു കാരണക്കാരിയായി. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന ബഹദൂര്‍ എന്ന നടന്‍ അതിന് കൂട്ടുനിന്നു. അര്‍ദ്ധരാത്രി സമയത്ത് ഫോണ്‍ വിളിക്കുന്നത് ബഹദൂര്‍ ആണെന്ന് മനസ്സിലായതുകൊണ്ടുമാത്രമാണ് ഞാന്‍ റിസീവര്‍ എടുത്തത്. ബഹദൂറാണ് ഫോണ്‍ ഹരിപോത്തന്റെ കൈയില്‍ കൊടുത്തത്. അപ്പോള്‍ ഹരിപോത്തന്‍ എന്നോട് പറഞ്ഞതെല്ലാം ബഹദൂറിന്റെ സാന്നിധ്യത്തിലായിരുന്നു എന്ന് വ്യക്തം. ഞാന്‍ നിര്‍മിച്ച് സംവിധാനം ചെയ്ത 'ചന്ദ്രകാന്തം'എന്ന സിനിമയിലും അപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന 'ഭൂഗോളം തിരിയുന്നു'എന്ന സിനിമയിലും ബഹദൂര്‍ ഉണ്ടായിരുന്നു എന്നതും ഓര്‍മിക്കണം.
എന്റെ കൈ വെട്ടിക്കളയും എന്ന് ഹരിപോത്തന്‍ പറയുമ്പോള്‍, അയാളെ ഭയന്ന് ക്ഷമ ചോദിക്കുന്ന പാരമ്പര്യവും എനിക്കില്ല. അങ്ങനെ ഭീരുവായി ഒതുങ്ങുന്നവന്‍ പുരുഷനല്ല. അതുകൊണ്ടാണ് അടുത്ത ദിവസം തന്നെ നേരില്‍ കാണാം എന്ന് ഞാന്‍ പറഞ്ഞത്. എന്റെ ഡ്രൈവറില്‍നിന്ന് വിവരമറിഞ്ഞ് തൊഴിലാളികള്‍ ഓടിയെത്തിയതും തികച്ചും സ്വാഭാവികം. ഭാര്യ ഇതെല്ലാം കണ്ട് അസ്വസ്ഥയായി. ഞാന്‍ അവളെ സമാധാനിപ്പിച്ചു. കൃത്യം ഒന്നരയ്ക്കുതന്നെ ഞാന്‍ ന്യൂ ഈറാ ലബോറട്ടറിയിലെത്തി. അവിടെ താഴത്തെ നിലയില്‍ ലബോറട്ടറിയും മുകളിലത്തെ നിലയില്‍ എഡിറ്റിങ് മുറികളുമാണ്. അപ്പോള്‍ എന്റെ എഡിറ്റര്‍ വളരെ പ്രശസ്തനായ എം.എസ്. മണിയായിരുന്നു. അദ്ദേഹം മുകളിലുണ്ട്. ഞാന്‍ വെളിയില്‍ സ്വന്തം കാറില്‍ ചാരി നില്‍ക്കുകയാണ്. രണ്ടുമണിയായപ്പോള്‍ ഹരിപോത്തന്റെ കാര്‍ ഗേറ്റ് കടന്നുവന്നു. എന്റെ ഡ്രൈവര്‍ സൂചന നല്‍കിയതും സൈക്കിള്‍റിക്ഷയുമായി നിന്ന തൊഴിലാളികളില്‍ രണ്ടുമൂന്നുപേര്‍ ആ കാറിനെ പിന്തുടര്‍ന്ന് അകത്തുകയറി. ഹരിപോത്തന്റെ കാര്‍ വന്നുനിന്നു. എന്റെ മുഖത്തുപോലും നോക്കാതെ അയാള്‍ പടികള്‍ കയറി മുകളിലേക്ക് പോയി. അങ്ങനെ ആ ഭീഷണി 'ചായക്കോപ്പയിലെ കൊടുങ്കാറ്റിന്റെ' വിലപോലുമില്ലാതെ ഒടുങ്ങി. ഇനി നമുക്ക് ഒരു ഫ്‌ളാഷ് ഫോര്‍വേഡ് രംഗത്തേക്ക് പോയേതീരൂ. സദയം ക്ഷമിക്കുക.
മാതൃഭൂമി ആര്‍ക്കൈവ്‌സ്
വര്‍ഷം മൂന്ന് കഴിഞ്ഞു. ഞാനും ഹരി പോത്തനും സിനിമാനിര്‍മാണം തുടര്‍ന്നുകൊണ്ടിരിക്കുന്നു. എ.വി.എം. സ്റ്റുഡിയോയില്‍ ഞാന്‍ നിര്‍മിക്കുന്ന തുറുപ്പുഗുലാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. പ്രേംനസീര്‍, വിധുബാല, കെ.പി. ഉമ്മര്‍, ജോസ് പ്രകാശ്, അടൂര്‍ ഭാസി, കവിയൂര്‍ പൊന്നമ്മ, ടി.ആര്‍. ഓമന തുടങ്ങിയവരൊക്കെ അഭിനയിക്കുന്ന ചിത്രമാണ്. ആ കാലഘട്ടത്തില്‍ സ്വന്തമായി നിര്‍മിക്കുന്ന കുടുംബചിത്രങ്ങള്‍ മാത്രമേ ഞാന്‍ സംവിധാനം ചെയ്യുമായിരുന്നുള്ളൂ. നിര്‍മാതാവ് എന്ന സ്ഥിതിയില്‍ നിലനില്പിനുവേണ്ടി ഞാന്‍ ഇടയ്ക്ക് ആക്ഷന്‍ ചിത്രങ്ങളും നിര്‍മിക്കും. ആ ചിത്രങ്ങളുടെ സംവിധായകന്‍ ശശികുമാര്‍ ആയിരിക്കും. തുറുപ്പുഗുലാന്റെ രചനയും നിര്‍മാണവും എന്റേതാണ്. എന്നാല്‍ സംവിധായകന്‍ ശശികുമാര്‍ സാറാണ്. അകത്ത് ശശികുമാറിന്റെ സംവിധാനത്തില്‍ ഷൂട്ടിങ് നടക്കുന്നു. പുറത്ത് മേക്കപ്പ് ചെയ്ത് റെഡിയായ ചില നടീനടന്മാരോടൊപ്പം ഞാനിരിക്കുന്നു. പെട്ടെന്ന് തെല്ലകലെയായി ഒരു കാര്‍ വന്നു നിന്നു. കാറില്‍നിന്ന് ഹരിപോത്തനും പ്രൗഢയായ ഒരു സ്ത്രീയും ഇറങ്ങി. ഷോട്ട് എടുത്തുകഴിഞ്ഞ് ഫ്‌ളോറില്‍ നിന്ന് ഇറങ്ങിവന്ന പ്രേംനസീര്‍ അവരുടെയടുത്തേക്ക് ചെന്നു. കുറെ നേരം നസീര്‍സാറും ഹരിപോത്തനും തമ്മില്‍ സംസാരിക്കുന്നതു കണ്ടു. ഞാന്‍ മറ്റു നടീനടന്മാരുമായുള്ള എന്റെ സംസാരം തുടര്‍ന്നു.
പെട്ടെന്ന് നസീര്‍ സാര്‍ അടുത്ത് വന്നു. 'തമ്പീ. ഒന്ന് വരൂ. എനിക്ക് തമ്പിയോട് ഒരു കാര്യം പറയാനുണ്ട്' എന്നുപറഞ്ഞ് എന്നെ കൂട്ടിക്കൊണ്ട് ഫ്‌ളോറിന്റെ സൈഡിലേക്ക് മാറി നിന്നു. 'തമ്പീ. ഹരിപോത്തനും ഭാര്യയുമാണ് വന്നിരിക്കുന്നത്. തമ്പിയോട് മോശമായി പെരുമാറിയതില്‍ ഹരിക്ക് വളരെ ദുഃഖമുണ്ട് തമ്പി ഹരിയോടൊന്ന് സംസാരിക്കണം.' ഞാന്‍ ഒന്നും മിണ്ടിയില്ല. നസീര്‍ സാറിനോട് എനിക്ക് ബഹുമാനമുണ്ട്. ഹരിപോത്തനും അദ്ദേഹത്തിന്റെ ഭാര്യയും എന്റെയടുത്തേക്കു വന്നു. ഹരി പറഞ്ഞു: 'ഒരു സ്ത്രീക്ക് വേണ്ടി ഞാന്‍ നിങ്ങളോടു മോശമായി പെരുമാറി. തമ്പിയോട് മാപ്പു ചോദിക്കാനാണ് വന്നത്. കഴിഞ്ഞതെല്ലാം മറക്കണം. തമ്പി വല്ലപ്പോഴുമെങ്കിലും എന്റെ പടത്തില്‍ പാട്ടെഴുതുകയും വേണം' (ഒരു സ്ത്രീക്കുവേണ്ടി എന്നല്ല ഹരിപോത്തന്‍ പറഞ്ഞത്. അച്ചടിക്കാന്‍ കഴിയാത്ത ഒരു പ്രയോഗമാണ്. അത് ഞാന്‍ ഒഴിവാക്കുന്നു). ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'നിങ്ങള്‍ ക്ഷമ ചോദിച്ച സ്ഥിതിക്ക് ഞാനെന്തിന് മനസ്സില്‍ പകവയ്ക്കണം. ഞാനത് മറന്നു. പക്ഷേ, നിങ്ങളുടെ പടത്തില്‍ ഇപ്പോള്‍ എഴുതുന്നവര്‍തന്നെ തുടര്‍ന്നെഴുതട്ടെ. ഞാന്‍ ഒരു പാട്ടെഴുത്തുകാരന്‍ മാത്രമല്ലല്ലോ. നിങ്ങളെപോലെതന്നെ ഒരു വര്‍ഷം രണ്ടു പടങ്ങള്‍ വീതം നിര്‍മിക്കുന്നയാളുമാണല്ലോ.' അങ്ങനെ ആ അധ്യായം അവസാനിച്ചു. പിന്നീട് ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ കാണുമ്പോഴെല്ലാം സുഹൃത്തുക്കളെപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. അദ്ദേഹം അകാലത്തില്‍ അന്തരിക്കുകയും ചെയ്തു.
ഇനി നമുക്ക് ജയഭാരതിയുടെ അഭിനയസിദ്ധിയിലേക്ക് മടങ്ങാം. ഷീലയും ശാരദയും മലയാളസിനിയില്‍ നായികമാര്‍ എന്ന നിലയില്‍ ജ്വലിച്ചുനില്‍ക്കുമ്പോഴാണ് ജയഭാരതിയുടെ വരവ്. അവര്‍ രണ്ടുപേരും നായികമാരായി അഭിനയിക്കുന്ന ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടായിരുന്നു ജയഭാരതിയുടെ തുടക്കം. ഞാന്‍ എഴുതി ഭാസ്‌കരന്‍ മാസ്റ്റര്‍ സംവിധാനം ചെയ്ത കാക്കത്തമ്പുരാട്ടിയില്‍ ശാരദയുടെ അനുജത്തിയായി ജയഭാരതി വന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാത്രമാണ് ആ കഥാപാത്രം അല്പമെങ്കിലും ശ്രദ്ധിക്കപ്പെടുന്നത്. ഞാനും ഭാസ്‌കരന്‍ മാസ്റ്ററും ചേര്‍ന്ന അടുത്ത ചിത്രമായ വിലയ്ക്കു വാങ്ങിയ വീണയില്‍ പ്രേംനസീറിന്റെ ഭാര്യാവേഷമാണ് അവര്‍ അഭിനയിച്ചതെങ്കിലും അത് പ്രതിനായികാസ്വഭാവമുള്ള കഥാപാത്രമായിരുന്നു. ചിത്രത്തില്‍ അനേകം രംഗങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ആ കഥാപാത്രത്തോട് വെറുപ്പ് മാത്രമേ തോന്നൂ. ശാരദയായിരുന്നു വിലയ്ക്കു വാങ്ങിയ വീണയിലെ നായിക.
1970, 1971, 1972 എന്നീ വര്‍ഷങ്ങളില്‍ ഭാരതി സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും അവര്‍ക്ക് മുന്‍നിരയിലെത്താന്‍ സാധിച്ചിരുന്നില്ല. നായികാസ്ഥാനത്തേക്ക് നിര്‍മാതാക്കളും സംവിധായകരും ജയഭാരതിയുടെ പേര് നിര്‍ദ്ദേശിച്ച് തുടങ്ങിയപ്പോഴേക്കും മാദകസുന്ദരിയായ വിജയശ്രീ രംഗത്ത് വന്നു. ശശികുമാര്‍, എ.ബി. രാജ് തുടങ്ങിയ സംവിധായകര്‍ അവരുടെ ചിത്രങ്ങളുടെ വ്യാവസായിക വിജയം ഉറപ്പുവരുത്താന്‍ പ്രേംനസീര്‍-വിജയശ്രീ സഖ്യത്തെയാണ് പ്രയോജനപ്പെടുത്തിയത്. പ്രേംനസീറും ഷീലയും തമ്മില്‍ അകന്നതും അധികം വൈകാതെ മെറിലാന്‍ഡ്-ഉദയ മത്സരങ്ങളുടെ ഭാഗമായി പ്രേംനസീര്‍ വിജയശ്രീയെ ഒഴിവാക്കിയതും ചലച്ചിത്ര പ്രസിദ്ധീകരണങ്ങളില്‍ വ്യക്തിഹത്യയുടെ ദുര്‍ഗന്ധം പടര്‍ത്തിയതും തുടര്‍ന്ന് ആ പാവം യുവതി ഭൂമി വിട്ടുപോയതും ജയഭാരതിക്ക് സഹായകരമായി. ഏത് വേഷവും തികഞ്ഞ ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കാന്‍ ജയഭാരതി കാണിച്ച ധൈര്യവും അവരെ ഒന്നാം നിരയിലേക്കുയര്‍ത്തി. ഈ കാലഘട്ടത്തില്‍ ശാരദ അവരുടെ സ്വന്തം ഭാഷയായ തെലുങ്കില്‍ ഒന്നാംകിട നടിയായി അംഗീകരിക്കപ്പെടുകയും മലയാളത്തെ അവര്‍ പൂര്‍ണ്ണമായും ഒഴിവാക്കി കൂടുതല്‍ പ്രതിഫലം കിട്ടുന്ന സ്വന്തം മാതൃഭാഷാചിത്രങ്ങളോട് കൂറു കാണിക്കുകയും ചെയ്തു. എന്‍.ടി. രാമറാവു, എ. നാഗേശ്വര റാവു എന്നീ മഹാരഥന്മാര്‍ കഴിഞ്ഞാല്‍ തെലുങ്കില്‍ രണ്ടാം നിരയില്‍ നില്‍ക്കുന്ന ശോഭന്‍ബാബുവും ശാരദയും നായകനും നായികയുമായി ചില ചിത്രങ്ങള്‍ വന്നു. സ്ത്രീകഥാപാത്രത്തിന് മുന്‍തൂക്കം നല്‍കി യുവസംവിധായകന്‍ ഒരുക്കിയ പല തെലുങ്ക് ചിത്രങ്ങളിലും ശാരദ നായികയായി. ശാരദ പോലീസ് ഓഫീസര്‍ ആയി പ്രധാന വേഷത്തില്‍ വന്ന ഒരു തെലുങ്ക് സിനിമ ഹൈദരാബാദില്‍വെച്ച് ഞാന്‍ കണ്ടതോര്‍ക്കുന്നു.
രതിനിര്‍വേദം എന്ന സിനിമയില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ കൗമാരക്കാരനുമായി രതികേളികളില്‍ മുഴുകുന്ന കഥാപാത്രമായി അഭിനയിക്കാന്‍ ജയഭാരതി കാണിച്ച ധൈര്യം അവരെ പെട്ടെന്ന് പ്രശസ്തയാക്കി. പദ്മരാജന്റെ അപൂര്‍വതയുള്ള രചനയും ഭരതന്റെ മികച്ച സംവിധാനവും രതിനിര്‍വേദത്തെ ഒരു വ്യത്യസ്ത ചിത്രമാക്കി. തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രശസ്ത സംവിധായകര്‍ പോലും അദ്ഭുതത്തോടെയാണ് അതിനെ നിരീക്ഷിച്ചത്. കെ.എസ്. സേതുമാധവന്റെ ചിത്രങ്ങളും ജയഭാരതിയുടെ യഥാര്‍ത്ഥ പ്രതിഭ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചു.
സത്യന്‍ എന്ന നടന് തന്റെ ചിത്രങ്ങളില്‍ പ്രാമുഖ്യം നല്‍കിയിരുന്ന സേതുമാധവന്‍ സത്യന്റെ മരണശേഷമാണ് പ്രേംനസീറിനെ നായകനാക്കി സിനിമകള്‍ എടുത്തുതുടങ്ങിയത്. എ.ടി. കോവൂര്‍ എന്ന മനഃശാസ്ത്രജ്ഞന്റെ കേസ് ഡയറിയില്‍നിന്നെടുത്ത ഒരു സംഭവകഥയെ അടിസ്ഥാനമാക്കിയാണ് സേതുസര്‍ പുനര്‍ജന്മം എന്ന സിനിമയെടുത്തത്. ഈഡിപ്പസ് കോംപ്ലക്‌സ് ആണ് വിഷയം. ഭാര്യയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അമ്മയെ ഓര്‍മിക്കുകയും തുടര്‍ന്ന് രതിയില്‍നിന്ന് പിന്മാറുകയും ചെയ്യുന്ന നായകന്റെ വേഷമാണ് നസീര്‍സാര്‍ ചെയ്തത്. എന്നാല്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള വേഷമാണ് നായികയുടേത്. ജയഭാരതി ആ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചു. മുട്ടത്തു വര്‍ക്കിയുടെ നോവലിനെ അടിസ്ഥാനമാക്കി സേതുമാധവന്‍ സംവിധാനം ചെയ്ത അഴകുള്ള സെലീന എന്ന സിനിമയില്‍ വിന്‍സെന്റിനെ നായകനും ജയഭാരതിയെ നായികയും പ്രേംനസീറിനെ വില്ലനുമാക്കി ഒരു പരീക്ഷണം സേതുസാര്‍ നടത്തിയെങ്കിലും പ്രേംനസീറിനെ ദശാബ്ദങ്ങളായി 'രക്ഷകനായി' മാത്രം കണ്ടുവരുന്ന മലയാളിപ്രേക്ഷകര്‍ ആ മാറ്റത്തെ അംഗീകരിച്ചില്ല. വിന്‍സെന്റിനെ പ്രേമിക്കുന്ന പെണ്ണിനെ പ്രേംനസീര്‍ ബലാല്‍ക്കാരം ചെയ്യുന്നു.! മലയാളികള്‍ അതെങ്ങനെ വിശ്വസിക്കും?
കെ.എസ്. സേതുമാധവന്‍ എന്‍.എഫ്.ഡി.സി.യുടെ സഹായത്തോടെ മറുപക്കം എന്ന വ്യത്യസ്തമായ തമിഴ് സിനിമ നിര്‍മിച്ച് സംവിധാനം ചെയ്തപ്പോഴും ജയഭാരതിയെയാണ് അതില്‍ നായികയാക്കിയത്. മറുപക്കം എന്ന ആ ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം (സ്വര്‍ണ്ണത്താമര) നേടി. എന്നാല്‍ എന്തുകൊണ്ടോ ഈ വിജയം വേണ്ടവിധത്തില്‍ തമിഴ് നാട്ടിലും കേരളത്തിലും ആഘോഷിക്കപ്പെടുകയുണ്ടായില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പി. ഭാസ്‌കരന്‍ ട്രസ്റ്റ് (കൊടുങ്ങല്ലൂര്‍) സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള പി. ഭാസ്‌കരന്‍ അവാര്‍ഡ് (അമ്പതിനായിരം രൂപയും ഫലകവും) സേതുമാധവന്‍ സാറിന് കൈമാറ്റം ചെയ്യുന്നതിനിടയില്‍ ഈ വിഷയം ഞാന്‍ ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഒരു സത്യം മനസ്സിലായി. മറുപക്കം എന്ന തമിഴ്‌സിനിമയുടെ വിജയത്തെപ്പറ്റി ഭൂരിപക്ഷം മലയാളികളും അറിഞ്ഞിട്ടില്ല. ആ ചിത്രത്തിലെ ജയഭാരതിയുടെ മികച്ച പ്രകടനവും അവര്‍ കണ്ടിട്ടില്ല.
ഐ.വി. ശശി സംവിധാനം ചെയ്ത വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനവും ജയഭാരതിയുടെ വളര്‍ച്ചയ്ക്ക് ശക്തി പകര്‍ന്നു. ഈ രണ്ട് ചിത്രങ്ങളിലും ജയഭാരതി അഭിനയിച്ചതിലൂടെ അവര്‍ 'ഡയറക്ടറുടെ നടി'യായി മാറി. പി. ഭാസ്‌കരന്‍ തുടക്കം മുതലേ ജയഭാരതിക്ക് അവസരങ്ങള്‍ നല്‍കിയിരുന്നു. നായികാപദവിയിലേക്കുള്ള അവരുടെ ആദ്യ കാല്‍വെപ്പിന് കാരണമായത് തന്നെ അദ്ദേഹം സംവിധാനം ചെയ്ത കാട്ടുകുരങ്ങ് എന്ന ചിത്രത്തിലെ ഉപനായികാ വേഷമാണ് എന്ന് നേരത്തേതന്നെ ഞാന്‍ സൂചിപ്പിച്ചുകഴിഞ്ഞു. കെ. രഘുനാഥ് (സഞ്ജയ് പ്രൊഡക്ഷന്‍സ്) നിര്‍മിച്ച് പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത തുറക്കാത്ത വാതില്‍ എന്ന ചിത്രത്തിലും ജയഭാരതിയായിരുന്നു നായിക. ഈ സിനിമയ്ക്ക് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. സേതുമാധവന്റെ അച്ഛനും ബാപ്പയും ആണ് ജയഭാരതി നായികയായ മറ്റൊരു പ്രധാന ചിത്രം. ഇതും പുരസ്‌കാരം നേടിയ ചിത്രമാണ്. ഐ.വി. ശശിയുടെ പല ചിത്രങ്ങളിലും എം.ജി. സോമന്‍ ആണ് ജയഭാരതിയുടെ നായകനായി അഭിനയിച്ചത്.
ഹരിപോത്തന്‍ നിര്‍മിച്ച സുപ്രിയാ ഫിലിംസിന്റെ രാജഹംസം ജയഭാരതിയുടെ അഭിനയമികവ് തെളിയിച്ച മറ്റൊരു സിനിമയാണ്. ഹരിഹരനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. വയലാറും ദേവരാജനും ചേര്‍ന്നൊരുക്കിയ 'സന്ന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു' എന്ന മനോഹരഗാനം ഈ സിനിമയിലുള്ളതാണ്. ഈ ഗാനരംഗത്തെ പ്രേംനസീറിന്റെയും ജയഭാരതിയുടെയും അഭിനയം അവിസ്മരണീയം തന്നെ. ഹരിഹരന്റെ പ്രഥമചിത്രമായ ലേഡീസ് ഹോസ്റ്റലിലും ജയഭാരതി തന്നെയായിരുന്നു നായിക. പ്രേംനസീര്‍-ജയഭാരതി ചിത്രങ്ങളുടെ ഒരു കാലം, സോമന്‍-ജയഭാരതി ചിത്രങ്ങളുടെ ഒരു കാലം, വിന്‍സെന്റ്-ജയഭാരതി ചിത്രങ്ങളുടെ മറ്റൊരു കാലം. വളരെ ചെറിയ തുടക്കങ്ങളില്‍നിന്ന് അഭിനയമികവുകൊണ്ടും കൂര്‍മബുദ്ധികൊണ്ടും സ്വയം ഉയരങ്ങള്‍ എത്തിപ്പിടിച്ച നടിയാണ് ജയഭാരതി.
ജയഭാരതി മനസ്സുതുറന്ന് ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു വലിയ ബന്ധത്തിന്റെ കഥ ഞാനും നടന്‍ ജയനും ആത്മാര്‍ത്ഥ സുഹൃത്തുക്കളായി കഴിഞ്ഞ് ജയന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. ജയഭാരതിയുടെ അച്ഛന്‍ ശിവശങ്കരന്‍ നായര്‍ ജയന്‍ എന്ന കൃഷ്ണന്‍ നായരുടെ സ്വന്തം അമ്മാവനാണ്. അതായത് ജയഭാരതി ജയന്റെ സ്വന്തം അമ്മാവന്റെ മകള്‍. പഴയ നായര്‍ സമുദായരീതിയില്‍ പറഞ്ഞാല്‍ ജയന്റെ മുറപ്പെണ്ണാണ് ജയഭാരതി. ജയനുമായുള്ള സൗഹൃദം കാരണമാണ് എന്റെ ചിത്രങ്ങളില്‍ വീണ്ടും ജയഭാരതിയെ അഭിനയിപ്പിച്ചത്. ജയന്‍ അവസാനമായി അഭിനയിച്ച ആക്രമണം എന്ന എന്റെ സിനിമയില്‍ തെറ്റായ ജീവിതത്തില്‍നിന്നും ഒരു പെണ്ണിനെ നേര്‍വഴിയില്‍ കൊണ്ടുവരാനായി അവളെ വിവാഹം കഴിക്കുന്ന ഐ.പി.എസ്. ഓഫീസര്‍ ആയി ജയനെ അഭിനയിപ്പിച്ചു. നര്‍ത്തകിയായ ആ പെണ്ണിന്റെ ഭാഗം അഭിനയിച്ചത് ജയഭാരതി ആയിരുന്നു. അവരുടെ ഒരു വെഡിങ് ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് ഇരുവരെയും കാണിച്ചു. എന്നാല്‍ ആ സിനിമയുടെ ഷൂട്ടിങ് പകുതിയാകും മുന്‍പ് ജയന്‍ അന്തരിച്ചു. ജയനെ കൂടാതെ മധുവും ശ്രീവിദ്യയും ബാലന്‍ കെ. നായരും പ്രമീളയും സത്താറും ആ സിനിമയില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് കഥ ഞാന്‍ പുതിയ വഴികളിലൂടെ മുന്നോട്ടുകൊണ്ടുപോയി.
ഒരു മികച്ച പൊളിറ്റിക്കല്‍ സിനിമയാകേണ്ടിയിരുന്ന ആക്രമണം മറ്റൊരു കഥയാക്കി റിലീസ് ചെയ്‌തെങ്കിലും അത് എവിടെയും എത്തിയില്ല. നിര്‍മാതാവും കൂടിയായതുകൊണ്ട് നഷ്ടം ഞാന്‍ സഹിച്ചു. ഞാന്‍ സംവിധാനംചെയ്ത സിനിമകളില്‍വെച്ച് ഏറ്റവും മോശം സിനിമയാണ് ആക്രമണം. ജയന്റെ അഭാവമാണ് അതിനുകാരണം. പ്രശസ്ത നോവലിസ്റ്റായ ജി. വിവേകാനന്ദന്റെ അമ്മു എന്ന നോവല്‍ അരിക്കാരി അമ്മു എന്ന പേരില്‍ സിനിമയാക്കിയപ്പോഴും ജയഭാരതിയാണ് നായികയായത്. ഒരു നടന്‍ കൂടിയായ 'ഉത്രാടരാത്രി ശശി'യായിരുന്നു അതിന്റെ നിര്‍മാതാവ്.
ഞാന്‍ ഫിനാന്‍സിയറായി എന്റെ ഓഫീസ് മാനേജര്‍ സദാനന്ദന്‍ നിര്‍മിച്ച ഭാര്യാവിജയം എന്ന ചിത്രത്തിലും ജയഭാരതി അഭിനയിച്ചു. എ.ബി. രാജ് ആയിരുന്നു അതിന്റെ സംവിധായകന്‍. വിന്‍സെന്റും സുകുമാരനുമായിരുന്നു നായകന്മാര്‍. ജയന്‍ അന്തരിച്ചപ്പോള്‍ ജയന്റെ സിനിമാജീവിതത്തെ ആധാരമാക്കി ഉദയം അസ്തമയം എന്ന പേരില്‍ ഞാന്‍ ഒരു ഡോക്യുമെന്ററി നിര്‍മിക്കുകയുണ്ടായി. ആ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ ജയന്റെ അമ്മയും സംസാരിച്ചിട്ടുണ്ട്. ജയഭാരതിയും സംസാരിച്ചു. അപ്പോള്‍ ഭാരതി എന്നോട് പറഞ്ഞു, 'സാര്‍, ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് അധികം പ്രചാരം കൊടുക്കരുത്.' എന്തുകൊണ്ട് ജയഭാരതി അങ്ങനെ പറഞ്ഞു? എനിക്ക് അറിഞ്ഞുകൂടാ.
ജെമിനി കളര്‍ ലബോറട്ടറിയിലായിരുന്നു 'ഉദയം അസ്തമയം'എന്ന ഷോര്‍ട്ട് ഫിലിമിന്റെ നെഗറ്റീവ് സൂക്ഷിച്ചിരുന്നത്. ജെമിനി കോംപ്ലക്‌സില്‍നിന്ന് വളശരവാക്കം (വടപളനിക്ക് വടക്ക്) എന്ന സ്ഥലത്തേക്ക് ലബോറട്ടറി മാറ്റിയതിനുശേഷം ആ ചിത്രത്തിന്റെ നെഗറ്റീവ് കണ്ടിട്ടില്ല. ജയനെപ്പോലെ, വളരെ പ്രയാസങ്ങള്‍ സഹിച്ച് എടുത്ത ആ കൊച്ചുസിനിമയും, എന്നെ വിട്ടുപോയി. ജയഭാരതി ഒരു നല്ല നര്‍ത്തകിയാണ്. സിനിമയിലെ തിരക്കൊഴിഞ്ഞപ്പോള്‍ അവര്‍ നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി.
ഒരു ദിവസം ജയഭാരതി എന്നെ ഫോണില്‍ വിളിച്ചു: 'സാര്‍, എനിക്ക് ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ഒരു നൃത്തപരിപാടി കിട്ടിയിട്ടുണ്ട്, എനിക്ക് ചെങ്ങന്നൂര്‍ ഭഗവതിയെക്കുറിച്ച് ഒരു പാട്ടെഴുതിത്തരണം. ആ പാട്ടില്‍ വേണം എനിക്ക് നൃത്തം ചെയ്യാന്‍.' ഞാന്‍ പാട്ടെഴുതിക്കൊടുത്തു. അത് വാങ്ങാനായി ഭാരതി വീട്ടില്‍ വന്നു. പാട്ടിന് പ്രതിഫലം തരുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ടാവാം; ഭാര്യയ്ക്ക് നല്‍കാന്‍ ഒരു സാരിയുംകൊണ്ടാണ് ഭാരതി വന്നത്. ചിത്ര പാടിയ ആ ഗാനം എന്റെ 'പുഷ്പാഭരണം'എന്ന ആല്‍ബത്തില്‍ വന്നിട്ടുണ്ട്. ഞാന്‍ എഴുതി ഈണം പകര്‍ന്ന ആ ആല്‍ബത്തിലെ എല്ലാ പാട്ടുകളും ചിത്രയാണ് പാടിയത്. ആ ഗാനം ഇങ്ങനെ തുടങ്ങുന്നു: 'അമ്മേ, ഭവാനീ, അഭയം നീ മാത്രം ചെങ്ങന്നൂരില്‍ വാഴും ചൈതന്യധന്യേ...'എന്റെ അമ്മയുടെ പേരും ഭവാനി എന്നാണല്ലോ!
Content Highlights: Sreekumaran Thambi book excerpt about Jayabharathi and Jayan