ശിഹാബ് തങ്ങൾ ചോദിച്ചു: ഖാദറേ, വിമാനത്തിന്റെ വാതിൽ നല്ലോണം അടഞ്ഞ്ക്ക്ണോ?

#കെ.എന്‍.എ. ഖാദര്‍

കോഴിക്കോട് - ബോംബെ വിമാന സർവീസ് തുടങ്ങിയ സമയമാണ്. മുസ്ലിം ലീഗിൽ ചേർന്നശേഷവും പ്രസംഗ പരിപാടികൾ കുറഞ്ഞില്ല. പ്രഭാഷണത്തിനായി പലരും ക്ഷണിക്കും. ലീഗിലെത്തി അധികം വൈകാതെ ബോംബെയിൽ കേരള മുസ്ലിം ജമാഅത്ത് നടത്തിയ നബിദിനാഘോഷത്തിലേക്ക് വിളി വന്നു. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് പ്രധാന അതിഥി. അദ്ദേഹത്തിന് അകമ്പടി സേവിച്ച് പ്രസംഗകനെന്ന നിലയിലാണ് എന്നെ ക്ഷണിച്ചത്. കരിപ്പൂരിൽ നിന്ന് ശിഹാബ് തങ്ങൾക്കൊപ്പം വിമാനം കയറി ബോംബെയിലെത്തി. തങ്ങൾക്കൊപ്പമുള്ള ആദ്യ യാത്രയായിരുന്നു. തങ്ങളന്ന് സുമുഖനായ യുവാവാണ്. ഇളം നീല നിറത്തിലുള്ള സഫാരി സ്യൂട്ടും അതിനുചേർന്ന തൊപ്പിയുമാണ് വേഷം.

ബോംബെ വിമാനത്താവളത്തിൽ മുസ്ലിം ജമാഅത്തും മലയാളികളും ചേർന്ന് വലിയ സ്വീകരണമാണ് ഒരുക്കിയത്. താമസിക്കാനുള്ള ഹോട്ടലിലെത്തിയപ്പോൾ അകത്ത് കടക്കാനാകാത്തവിധം ജനക്കൂട്ടമാണ്. ശിഹാബ് തങ്ങളെ കാണാൻ മറുനാട്ടിൽ തടിച്ചുകൂടിയ ആ ആൾക്കൂട്ടം അത്ഭുതപ്പെടുത്തി. അധികവും മലയാളികളാണ്. തങ്ങളുടെ ചുറ്റും കൂടിനിൽക്കാൻ ആളുകൾ തിരക്കുകൂട്ടുന്നു. ആ

സ്നേഹവലയത്തിൽ നിന്ന് പുറത്തുകടന്ന് വിശ്രമിക്കാനായി മുറിയിലേക്ക് കടക്കുമ്പോഴേക്കും ഏറെ വൈകി.

മൂന്ന് ദിവസങ്ങളിലായി ഒരു മൈതാനത്തിലാണ് നബിദിന സമ്മേളനം. കേരളത്തിലെ പ്രഗത്ഭ മതപ്രഭാഷകൻ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയടക്കം പല പണ്ഡിതന്മാരും പ്രസംഗിക്കാനുണ്ട്. അവസാന ദിവസം രാത്രി ഏഴിനാണ് സമാപന സമ്മേളനം. ശിഹാബ് തങ്ങളോടൊപ്പം അവിടെയെത്തുമ്പോൾ അയ്യായിരത്തിലധികം ആളുകൾ സദസ്സിലുണ്ട്. തങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ മനോഹരമായ പ്രസംഗം നടത്തി. തുടർന്ന് ഞാനും പ്രസംഗിച്ചു.

അടുത്തദിവസം രാവിലെയാണ് നാട്ടിലേക്ക് മടങ്ങിയത്. തങ്ങളും ഞാനും അടുത്തടുത്ത സീറ്റുകളിലായി ബോംബെ - കോഴിക്കോട് വിമാനത്തിൽ ഇരിക്കുകയാണ്. കുറെ സമയമായിട്ടും വിമാനം ടേക്ക് ഓഫ് ചെയ്യുന്നില്ല. അന്വേഷണത്തിൽ സാങ്കേതിക തകരാറാണെന്ന് മനസ്സിലായി.

കെ.എൻ.എ ഖാദറും ശിഹാബ് തങ്ങളും

ഞങ്ങൾ ഇരിക്കുന്നതിന്റെ നേരെ എതിർവശത്തൊരു എമർജൻസി ഡോറുണ്ട്. എൻജിനീയർമാർ വന്ന് ആ വാതിൽ തുറന്നും അടച്ചും പരിശോധിക്കുന്നതുകണ്ടു. കുറെ സമയമെടുത്ത് എന്തെല്ലാമോ അറ്റകുറ്റപ്പണി നടത്തി. യാത്രക്കാർ ചെറിയ അങ്കലാപ്പോടെ അത് നോക്കിയിരുന്നു. അവസാനം പണി തീർത്ത് എൻജിനീയർമാരും സംഘവും ഇറങ്ങി. പിന്നാലെ ടേക്ക് ഓഫ് ചെയ്യുകയാണെന്ന് അനൗൺസ്മെന്റ് വന്നു.

വിമാനം പറക്കാൻ തുടങ്ങുമ്പോൾ എൻജിൻ ശബ്ദം കൂടിക്കൂടി വന്നു. അപ്പോൾ ശിഹാബ് തങ്ങൾ തമാശയായി പറഞ്ഞു:

'ഖാദറേ,

വാതിൽ നല്ലോണം അടഞ്ഞ്ക്ക്ണോ?

നീയൊന്ന് പോയി നോക്ക്'

ഇത്തരം നർമ്മബോധത്തോടെ തങ്ങൾ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അടുത്ത സ്നേഹിതനെപ്പോലെ കാര്യങ്ങൾ തുറന്നുപറഞ്ഞു. ഇളയ സഹോദരനോടെന്നപോലെ സ്നേഹത്തോടെയാണ് പെരുമാറിയത്. എന്നോട് മാത്രമല്ല, എല്ലാ മനുഷ്യരോടും തങ്ങൾ അങ്ങനെയായിരുന്നു. വളരെ ശ്രദ്ധാപൂർവ്വം, സൂക്ഷ്മതയോടെ, സ്നേഹത്തോടെ, മൃദുവായ ഭാഷയിലാണ് ശിഹാബ് തങ്ങൾ സംസാരിച്ചത്.

കോഴിക്കോട് വിമാനമിറങ്ങിയ ശേഷം ശിഹാബ് തങ്ങളുടെ കാറിൽത്തന്നെയാണ് മലപ്പുറത്തേക്ക് വന്നത്. മലപ്പുറം കിഴക്കേത്തലയിലെത്തിയപ്പോൾ ഞാനവിടെ ഇറങ്ങാമെന്ന് പറഞ്ഞു:

'ഇവിടെ നിന്ന് കുറച്ചല്ലേ ഉള്ളൂ.

ഞാനൊരു വണ്ടിയെടുത്ത് പോകാം'

'ഹേയ്, അതുപറ്റില്ല. നിങ്ങളവിടെ ഇരിക്കൂ'

- തങ്ങൾ പറഞ്ഞു.

കാറിന്റെ വാതിൽ തുറക്കാൻ അദ്ദേഹം സമ്മതിച്ചില്ല. കാർ നേരെ എന്റെ വീട്ടിലേക്ക് വിടാൻ ഡ്രൈവറോട് പറഞ്ഞു. വേണ്ടെന്ന് പലകുറി പറഞ്ഞെങ്കിലും കാര്യമാക്കിയില്ല. പാണാക്കാട്ടെ വീട്ടിൽ തങ്ങളെക്കാത്ത് നൂറുകണക്കിനാളുകൾ ഇരിക്കുന്നുണ്ടാകുമെന്നും ഓർമിപ്പിച്ചു. അതൊന്നും അംഗീകരിക്കാതെ വണ്ടി നേരെ എന്റെ വീട്ടിലേക്ക് വിട്ടു.

വടക്കേമണ്ണ വളവിലാണ് ഞാൻ താമസിച്ചിരുന്നത്. വീട്ടുമുറ്റത്ത് വണ്ടി നിർത്തിയപ്പോൾ തങ്ങളും കൂടെയിറങ്ങി. അത് തീരെ പ്രതീക്ഷിച്ചതല്ല. ബെല്ലടിച്ചപ്പോൾ ഉമ്മയാണ് പുറത്തുവന്നത്. ശിഹാബ് തങ്ങളെ കണ്ടപ്പോൾ ഉമ്മയ്ക്ക് ആശ്ചര്യം. തങ്ങൾ വീട്ടിലേക്ക് കയറി ഉമ്മയോട് പറഞ്ഞു:

'മോനെ ഞാൻ കൊണ്ടുപോയതല്ലേ.

ഉമ്മയുടെ അടുത്ത് തിരിച്ചേൽപ്പിക്കാൻ വന്നതാണ്.'

എനിക്കും ഉമ്മയ്ക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി. ലോകപ്രസിദ്ധനായ ഒരു മനുഷ്യനാണല്ലോ വീട്ടിൽ വന്നത്. ശിഹാബ് തങ്ങളുടെ ആ സ്നേഹവും ഉത്തരവാദിത്വബോധവും ഇന്നും അവിസ്മരണീയമായി തോന്നുന്നു.

(മാതൃഭൂമി പ്രസിദ്ധീകരിച്ച കെ.എൻ.എ. ഖാദറിന്റെ ആത്മകഥ 'വ്യാകരണമില്ലാത്ത ജീവിത'ത്തിൽ നിന്ന്)