പ്രതിബദ്ധത എന്തിനോട്? റേ പറഞ്ഞു;'ജീവിതത്തോട്, മനുഷ്യജീവികളോട്, ആഴത്തില്‍ സ്വാധീനിക്കുന്ന എന്തിനോടും'

സത്യജിത് റേ | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
സത്യജിത് റേ | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

വിജയകൃഷ്ണന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സത്യജിത് റായിയുടെ ലോകം' എന്ന പുസ്തകത്തില്‍ നിന്ന്; 

ത്യജിത് റായ് ചലച്ചിത്രനിര്‍മിതിയാരംഭിച്ച് ഒന്നരപ്പതിറ്റാണ്ടായപ്പോഴേക്ക് ബംഗാളില്‍ പലവിധ രാഷ്ട്രീയപരിണാമങ്ങള്‍ സംഭവിക്കുന്നുണ്ടായിരുന്നു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ്‌ക്കോ സാമാന്യജനങ്ങളുടെ ദാരിദ്ര്യത്തിനോ പരിഹാരം കാണാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാതെവന്നു. അഴിമതിയും സ്വജനപക്ഷപാതവും ഭരണതലങ്ങളില്‍ വേരുകളാഴ്ത്തി. സ്വാഭാവികമായും അത് വന്‍ പ്രതികരണങ്ങളുളവാക്കി. ക്ഷുഭിതരായ യുവാക്കള്‍ വിപ്ലവപാതയിലേക്ക് നീങ്ങി. പ്രത്യക്ഷത്തില്‍ രാഷ്ട്രീയമോ സമകാലീന പ്രശ്‌നങ്ങളോ കൈകാര്യം ചെയ്യാത്ത ചലച്ചിത്രകാരനായിരുന്നു റായ്. എന്നാല്‍, രാഷ്ട്രീയമായ അന്തര്‍ധാരകള്‍ അവയില്‍പലതിന്റെയും സൂക്ഷ്മവായനയില്‍ ലഭ്യമാകുകയും ചെയ്യും. എങ്കിലും മറ്റ് സമകാലീനസിനിമകള്‍ നല്‍കുന്ന ജീവസ്സുറ്റ രാഷ്ട്രീയപ്രതികരണമോ സമകാലീനസംഭവങ്ങളുടെ വിശകലനമോ റായിക്ക് നല്‍കാന്‍ കഴിയുന്നില്ലെന്നൊരു വിമര്‍ശനം പലേടത്തുനിന്നും ഉയരുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുവാചകരെ ഞെട്ടിച്ചുകൊണ്ട് ക്ഷുഭിതയൗവനങ്ങളുടെ നേര്‍ചിത്രങ്ങളും ആധുനിക ചലച്ചിത്രകാരന്മാരുടെ രചനകളെ ഓര്‍മ്മിപ്പിക്കുന്ന രചനാരീതികളുമായി പ്രതിദ്വന്ദ്വി പുറത്തുവരുന്നത്. 

റായിയും സമകാലികനായ മൃണാള്‍ സെന്നും ഏകകാലത്ത് രണ്ടു ചിത്രത്രയങ്ങള്‍ സൃഷ്ടിച്ചു. രണ്ടും 'കല്‍ക്കത്താ ട്രിലജി' എന്നുതന്നെ അറിയപ്പെടുന്നുണ്ട്. സെന്‍ തന്റെ രാഷ്ട്രീയാഭിമുഖ്യങ്ങള്‍ പരസ്യമാക്കിയിട്ടുള്ള ആളാണ്. അദ്ദേഹം മാര്‍ക്‌സിസ്റ്റാണ്. പക്ഷേ, പാര്‍ട്ടി മാര്‍ക്‌സിസ്റ്റല്ല, സ്വതന്ത്ര മാര്‍ക്‌സിസ്റ്റാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. റായിയാകട്ടെ, അത്രത്തോളംപോലും രാഷ്ട്രീയപ്രസ്താവത്തിലേക്ക് നീങ്ങുന്നില്ല. എങ്കിലും സെന്നല്ല, റായിയാണ് ചിത്രത്രയങ്ങളിലെ ആദ്യചിത്രം പുറത്തിറക്കുന്നത് (പ്രതിദ്വന്ദ്വി- 1970). 

ഒരു കൊല്ലംകൂടി കഴിഞ്ഞാണ് ചിത്രത്രയത്തിലെ സെന്നിന്റെ ആദ്യചിത്രം പുറത്തുവരുന്നത് (ഇന്റര്‍വ്യൂ-1971). ഇതര റായ് ചിത്രങ്ങളിലെപ്പോലെ പ്രസാദാത്മകമല്ല അദ്ദേഹത്തിന്റെ ചിത്രത്രയം. മറ്റു ചിത്രങ്ങളില്‍ അദ്ദേഹം വെളിച്ചംപായിക്കാന്‍ മടിച്ചുനിന്നിരുന്ന ഇരുള്‍മൂലകളിലേക്ക് കടന്നുകയറുന്നുണ്ട് ഈ ചിത്രങ്ങളില്‍. ക്ഷുഭിതയൗവനങ്ങളായിരുന്നു ഇവയിലെ കഥാനായകന്മാര്‍. പക്ഷേ, അവരൊക്കെ നീങ്ങുന്നത് മൂല്യച്യുതിയിലേക്കും ആദര്‍ശനിരാസത്തിലേക്കുമാണ്. 

വിപ്ലവകരമായ നിലപാടുകളില്‍നിന്ന് വിട്ടുവീഴ്ചകളിലേക്ക് കൂപ്പുകുത്തുകയാണവര്‍. സമകാലീന കല്‍ക്കത്ത ചളിയും ചുഴിയും നിറഞ്ഞ ഒരു അവിശുദ്ധസാഗരമായിരിക്കുന്നു. റായിയുടെ അംഗീകൃതശൈലിയില്‍നിന്നുള്ള വ്യതിരേകമാണ് ഈ നഗരചിത്രങ്ങള്‍. പ്രതിബദ്ധതയുള്ള ചലച്ചിത്രകാരന്‍ (കമ്മിറ്റഡ് ഫിലിം മേക്കര്‍) എന്ന് വിളിക്കപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് സത്യജിത് റായ് ഒരിക്കല്‍ പറയുകയുണ്ടായി. പ്രതിബദ്ധത എന്തിനോട് എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'ജീവിതത്തോട്... മനുഷ്യജീവികളോട്... എന്നെ ആഴത്തില്‍ സ്വാധീനിക്കുന്ന എന്തിനോടും.' ഒരു ഹ്യുമനിസ്റ്റിന്റെ നിര്‍വ്വിശങ്കമായ മറുപടിയാണിത്. നഗരത്തെ പശ്ചാത്തലമാക്കി നിര്‍മിച്ച ചിത്രങ്ങളിലാണ് ഈ പ്രതിബദ്ധത മാറ്റുരയ്ക്കപ്പെടുന്നത്. അസ്വസ്ഥതകളുടെ അടിവേരോളം പരിശോധിക്കുന്നുണ്ടദ്ദേഹം. പലപ്പോഴും അന്യഥാ അല്‍പവും സാജാത്യമില്ലാത്ത മൃണാള്‍ സെന്നിന്റെ രീതികള്‍ റായിയുടെ നഗരചിത്രങ്ങളില്‍ കണ്ടെത്താനാവും.

പുസ്തകത്തിന്റെ കവര്‍

സമകാലീന കല്‍ക്കത്തയാണ് ഈ ചിത്രങ്ങളിലെല്ലാം പൊതുവായി ആവിഷ്‌കരിക്കപ്പെടുന്നത്. തന്റെ ചിത്രത്രയത്തില്‍ സ്വകീയമായ സൗന്ദര്യാത്മകസങ്കേതങ്ങളില്‍നിന്ന് നേരിയതോതില്‍ അകലുകയും യാഥാര്‍ത്ഥ്യത്തിന്റെ വിരൂപമായ മുഖം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു റായ്. പ്രതിദ്വന്ദ്വിയിലെ സിദ്ധാര്‍ത്ഥന്‍ പലപ്പോഴും പ്രതിബദ്ധകലാകാരന്മാരുടെ കഥാനായകനെ ഓര്‍മിപ്പിക്കുന്നു. ഇന്റര്‍വ്യൂവിനുവേണ്ടി കാത്തുനില്‍ക്കുന്നവരുടെ നീണ്ട ക്യൂവില്‍ ഒരറ്റത്തുനിന്ന് അമര്‍ഷംകൊണ്ട് കൈ ഞെരിക്കുന്ന ഈ കഥാപാത്രം പിന്നീട് നമ്മുടെ പ്രതിബദ്ധസംവിധായകരുടെ ചിത്രങ്ങളില്‍ എത്ര പ്രാവശ്യം തലകാട്ടിയിരിക്കുന്നു! ഈ കഥാപാത്രത്തിന്റെ ആത്മഭാവത്തെ വലിച്ചുനീട്ടി ഒരു സമ്പൂര്‍ണചിത്രംതന്നെ നിര്‍മിച്ചുകളഞ്ഞു മൃണാള്‍ സെന്‍(കോറസ്). 

അമര്‍ഷം ഉള്ളിലെരിയുന്ന ഈ റായ് കഥാപാത്രത്തിന്റെ വളര്‍ച്ച വിപ്ലവോന്മുഖമായ പ്രതിഷേധത്തിലേക്കല്ല, ദരിദ്രനും കല്മഷരഹിതനുമായ കഥാപാത്രം പീഡകരുടെയും ചൂഷകരുടെയും സമൂഹത്തിലേക്ക് സ്ഥാനമാറ്റം നേടുകയാണ് ചെയ്യുന്നത്. സീമാബദ്ധയിലും ജന ആരണ്യയിലും ഈ അവസ്ഥ ആവര്‍ത്തിക്കുന്നു. സീമാബദ്ധയിലെ ശ്യാമളേന്ദു ചാറ്റര്‍ജിയുടെയും ജന ആരണ്യയിലെ സോമനാഥന്റെയും ഇന്നലെ ഇന്ത്യയിലെ ബുദ്ധിമാനും പ്രതിഭാശാലിയും ദരിദ്രനുമായ ഏതൊരു ചെറുപ്പക്കാരന്റെയും ഇന്ന് ആണ്. റായിയുടെ കല്‍ക്കത്താ ചിത്രത്രയത്തില്‍ ആദ്യത്തേതാണ് പ്രതിദ്വന്ദ്വി. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് കുടുംബത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കേണ്ടിവന്ന സിദ്ധാര്‍ത്ഥനാണ് ഈ ചിത്രത്തിലെ നായകന്‍. നഗരത്തിന്റെ ഓരോ മൂലയും അയാള്‍ക്കുനേരേ വെല്ലുവിളിയുയര്‍ത്തുന്നു. 

തീവ്രവാദികളോടൊപ്പം പ്രവര്‍ത്തിക്കുന്ന അനുജന് എസ്റ്റാബ്ലിഷ്‌മെന്റിന്റെ ദയാവായ്പിനിരക്കുന്ന സിദ്ധാര്‍ത്ഥനോട് പുച്ഛമാണ്. അയാളുടെ ഒരു സുഹൃത്ത് ഒരു അശ്ലീലചിത്രം കാണാന്‍ അയാളെ ക്ഷണിക്കുന്നു. മറ്റൊരു സുഹൃത്ത് ഒരു വേശ്യയെ പ്രാപിക്കുന്നതിനായി അയാളെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. ഉന്നതങ്ങളില്‍ സ്വാധീനക്കുറവും സ്വതന്ത്രചിന്താഗതിയും മൂലം ഓരോ ഇന്റര്‍വ്യൂവിലും സിദ്ധാര്‍ത്ഥന്‍ പിന്തള്ളപ്പെടുന്നു. ഒടുവിലയാള്‍ നഗരത്തോടു വിടപറയുകയും മെഡിക്കല്‍ റെപ്രസെന്റേറ്റിവായി ഒരു ഗ്രാമത്തിലേക്ക് പോകുകയും ചെയ്യുന്നു.

നഗരത്തോടുള്ള ഏറ്റുമുട്ടലില്‍ സിദ്ധാര്‍ത്ഥന്‍ തോല്‍ക്കുന്നുവെന്നാണ് റായ് സ്ഥാപിക്കുന്നത്. അയാള്‍ക്ക് ഗ്രാമത്തിലേക്ക് പിന്‍വലിയേണ്ടിവരുന്നു. സമാനമായ സന്ദര്‍ഭങ്ങളില്‍ വിപ്ലവാഹ്വാനം മുഴക്കുന്ന കഥാപാത്രങ്ങളെയും വിപ്ലവം നടന്നുകഴിഞ്ഞുവെന്നു സ്ഥാപിക്കുന്ന കഥാസന്ദര്‍ഭങ്ങളെയും നാം അഭിമുഖീകരിച്ചിട്ടുണ്ട്. പെരുപ്പിച്ചു പറയാനുള്ള താത്പര്യക്കുറവുകൊണ്ട് യഥാര്‍ത്ഥത്തില്‍ എന്ത് നടക്കുന്നുവോ അതിനെ അതേപടി പകര്‍ത്തുകയാണ് റായ് ചെയ്തത്. അതുകൊണ്ടാണ് വിപ്ലവകാരിയായ അനുജന്‍ പ്രധാന ക്രിയാംശമായി വരാതെ പശ്ചാത്തലത്തില്‍ നില്‍ക്കുന്നത്.  

ഉദ്യോഗം ലഭിക്കാത്ത അഭ്യസ്തവിദ്യന്റെ പ്രശ്‌നമാണ് പ്രതിദ്വന്ദ്വിയില്‍ ആവിഷ്‌കരിക്കപ്പെടുന്നതെങ്കില്‍ ഉദ്യോഗം നേടിക്കഴിഞ്ഞ ചെറുപ്പക്കാരന്റെ മഹത്ത്വാകാംക്ഷ സീമാബദ്ധയിലും ഉദ്യോഗത്തില്‍നിന്നകന്ന് സ്വന്തമായ ബിസിനസ് പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന ചെറുപ്പക്കാരന്റെ എസ്റ്റാബ്ലിഷ്‌മെന്റിനോടുള്ള സേവകത്വം ജന ആരണ്യയിലും പ്രതിപാദിക്കപ്പെടുന്നു. സീമാബദ്ധയിലെ ശ്യാമളേന്ദു ചാറ്റര്‍ജി ഉപരിവര്‍ഗത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞവനാണ്. അവിടെ തന്റെ ഇരിപ്പിടം കൂടുതല്‍ മാന്യമാക്കുന്ന തിരക്കിലാണയാള്‍. ജന ആരണ്യയിലെ സോമനാഥാകട്ടെ അത്യുന്നതങ്ങളിലേക്കുള്ള പ്രയാണം തുടങ്ങിയിട്ടേയുള്ളൂ. ആ വര്‍ഗപാഠങ്ങളില്‍ ഒന്നാമത്തേത് വിജയകരമായി പഠിച്ചവസാനിപ്പിക്കുന്നിടത്താണ് ചിത്രത്തിന്റെ തിരശ്ശീല വീഴുന്നത്.

സീമാബദ്ധ ഡയറക്ടര്‍ ബോര്‍ഡിലെ പദവിക്കുവേണ്ടി തൊഴിലാളികളെ കരുവാക്കിയ ശ്യാമളേന്ദു ചാറ്റര്‍ജിയുടെ കഥയാണ്. ഹിന്ദുസ്ഥാന്‍ പീറ്റേഴ്‌സ് കമ്പനിയില്‍ ഡയറക്ടറുടെ തസ്തിക ഒഴിവുവന്നപ്പോള്‍ ആര്‍ത്തിയോടെ ആ സ്ഥാനത്തേക്ക് കണ്ണുവെച്ചവര്‍ ഒന്നിലേറെപ്പേരുണ്ടായിരുന്നു. ചെറുപ്പക്കാരനും ഊര്‍ജ്ജസ്വലനുമായ ശ്യാമളേന്ദു ആ സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ശ്യാമളേന്ദുവിന്റെ ഭവനത്തിലേക്ക് ഭാര്യാസഹോദരിയായ സുദര്‍ശന വരുന്നിടത്താണ് കഥയാരംഭിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ ശ്യാമളേന്ദുവിന്റെ കുടുംബമാണ് പശ്ചാത്തലമായി വര്‍ത്തിക്കുന്നത്.

വിദ്യാര്‍ത്ഥിയായിരിക്കെ ശ്യാമളേന്ദു നല്ലൊരു വായനക്കാരനും സാഹിത്യപ്രേമിയുമായിരുന്നു. ഷെയ്ക്‌സ്പിയറുടെ നാടകങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്‌പെഷ്യലിസ്റ്റ് തന്നെയായിരുന്നു അയാള്‍. ഉന്നതങ്ങളിലേക്കുള്ള യാത്രയില്‍ ഇവയൊക്കെ അപ്രസക്തങ്ങളും വഴിമുടക്കികളുമാണെന്നയാള്‍ക്കു തോന്നി. അതിനാലയാള്‍ സാഹിത്യത്തെ വെടിഞ്ഞു. പുസ്തകങ്ങളെ വെടിഞ്ഞു. ഷെയ്ക്‌സ്പിയറെ വെടിഞ്ഞു. ശ്യാമളേന്ദുവിന്റെ വരേണ്യവര്‍ഗ്ഗമണ്ഡലത്തിന് ഷെയ്ക്‌സ്പിയറും രബീന്ദ്രസംഗീതവുമൊക്കെ വര്‍ജ്ജ്യമാണ്. അവരുടെ കലകള്‍ കുതിരപ്പന്തയവും കോക്ടെയില്‍ പാര്‍ട്ടികളുമാണ്. വളരെ അനായാസമായി ആ ലോകത്തിലേക്ക് വഴുതിയിറങ്ങിപ്പോകുന്നു ശ്യാമളേന്ദു.

സഹോദരീഭര്‍ത്താവിന്റെ സിദ്ധികളെ ഏറ്റവും ആദരിച്ചിരുന്ന സുദര്‍ശനയെ അയാളില്‍ വന്ന പരിവര്‍ത്തനം നിരാശപ്പെടുത്തി. ഹിന്ദുസ്ഥാന്‍ പീറ്റേഴ്‌സ് കമ്പനിക്ക് കോണ്‍ട്രാക്ടനുസരിച്ചുള്ള ഫാനുകള്‍ തക്കസമയത്ത് കയറ്റിയയയ്ക്കാന്‍ കഴിഞ്ഞില്ല. ഇതുമൂലം കമ്പനി അതിഭീമമായ നഷ്ടത്തിലേക്ക് നീങ്ങുകയാണെന്ന് മേലധികാരികള്‍ക്ക് അറിയാമായിരുന്നു. കിണഞ്ഞുശ്രമിച്ചിട്ടും ഒരു പോംവഴി കണ്ടെത്താനവര്‍ക്കു കഴിഞ്ഞില്ല. അപ്പോഴാണ് ശ്യാമളേന്ദുവിന്റെ കൂര്‍മ്മബുദ്ധി ചട്ടങ്ങളുടെ വരികള്‍ക്കിടയിലൂടെ വായിച്ചതും ഒരു പഴുതു കണ്ടെത്തിയതും. ഫാക്ടറിയില്‍ സമരങ്ങളുണ്ടായാല്‍ മാത്രം മുന്‍നിശ്ചയിക്കപ്പെട്ട തീയതികളില്‍ കയറ്റുമതി സാദ്ധ്യമായില്ലെങ്കിലും കരാര്‍ അസാധുവാകുന്നതല്ല എന്നതായിരുന്നു അയാള്‍ കണ്ടെത്തിയ പഴുത്. അനന്തരനടപടികള്‍ ഒന്നൊന്നായി ആസൂത്രണം ചെയ്തതും അയാളുടെ ബുദ്ധികൗശലംതന്നെ.

ഫാക്ടറി കാന്റീനില്‍നിന്ന് തൊഴിലാളികള്‍ക്കു കൊടുക്കുന്ന ആഹാരത്തിന്റെ തോതും ഗുണവും വെട്ടിക്കുറച്ചുകൊണ്ടാണ് ഒരു തൊഴിലാളിസമരമുണ്ടാക്കുന്നതിനുള്ള വഴി അയാള്‍ തുറന്നെടുക്കുന്നത്. സമരം പൊട്ടിപ്പുറപ്പെട്ടു. ഫാന്‍ കയറ്റുമതിയിലുണ്ടായ പ്രശ്‌നം വിജയകരമായി പരിഹരിച്ചു. അനായാസമായി ശ്യാമളേന്ദുവിന് താന്‍ മോഹിച്ച ഡയറക്ടര്‍ പദവി കരഗതമാകുകയും ചെയ്തു. എന്നാലപ്പോഴേക്ക് തൊഴിലാളിസമരത്തെത്തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു തൊഴിലാളി മരണമടഞ്ഞുകഴിഞ്ഞിരുന്നു. 'അയാള്‍ എന്റെ ജനങ്ങളെ ഒറ്റിക്കൊടുത്തു' എന്നാണ് ഈ ചിത്രത്തെപ്പറ്റി ഋത്വിക് ഘട്ടക് പറഞ്ഞത്. ഒറ്റിക്കൊടുത്തു എന്നത് ശരിയാണ്. എന്നാല്‍ അത് റായിയായിരുന്നില്ലെന്നുമാത്രം. ഒറ്റിക്കൊടുപ്പുകാരുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദം കാഴ്ചവെക്കുകയാണ് ഒട്ടൊരു നിസ്സംഗഭാവത്തില്‍ റായ് ചെയ്യുന്നത്. ശ്യാമളേന്ദു ചാറ്റര്‍ജി ഉള്‍പ്പെടുന്ന വര്‍ഗം ഇങ്ങനെയൊക്കെത്തന്നെയാണ് പ്രതികരിക്കുക. 

സ്വന്തം സുഖസൗകര്യങ്ങളും സ്ഥാനമാനങ്ങളും അചഞ്ചലമായി പ്രതിഷ്ഠിക്കാന്‍ വേണ്ടി ആരെ ഒറ്റിക്കൊടുക്കാനുമവര്‍ക്കു മടിയില്ല. ആ ശ്രമത്തില്‍ വല്ലവരും കൊല്ലപ്പെട്ടാല്‍ക്കൂടി അനുതാപത്തിന്റെ കണികപോലും അവരില്‍ ഉറവെടുക്കില്ല. മനസ്സാക്ഷി കൈമോശം വന്നുപോയ ഈ സമൂഹത്തെ സത്യസന്ധമായി അവതരിപ്പിക്കുക എന്ന അപരാധം മാത്രമേ റായ് ചെയ്തിട്ടുള്ളൂ. ധനവും അധികാരവും വ്യക്തിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചിത്രീകരിക്കാന്‍ റായിയെ കണക്കറ്റു സഹായിച്ച ഒരു കഥാപാത്രമുണ്ട് ഇതില്‍. ടുട്ടുല്‍ എന്നു വിളിക്കപ്പെടുന്ന സുദര്‍ശനയാണത്. ഒരു വിപ്ലവകാരിയുടെ കാമുകിയായ അവളിലൂടെയാണ് ശ്യാമളേന്ദു ഉള്‍പ്പെടുന്ന സമൂഹത്തിന്റെ തനിനിറം റായ് വെളിച്ചത്തുകൊണ്ടുവരുന്നത്. ഒരു കുറ്റാന്വേഷകന്‍ പിടിച്ചെടുക്കുന്ന പുതിയ പുതിയ തെളിവുകള്‍പോലെയാണ് സുദര്‍ശന ശ്യാമളേന്ദുവിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഒന്നൊന്നായി കണ്ടെത്തുന്നത്.

സത്യജിത് റേ | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

ഒടുവില്‍ തന്റെ സ്ഥാനലബ്ധിക്കായി അയാള്‍ കുരുതികൊടുത്ത തൊഴിലാളിയുടെ ദുരന്തമറിയുമ്പോള്‍- ഇത് അവളില്‍നിന്നു മറച്ചുവെക്കാന്‍ അയാള്‍ കിണഞ്ഞുശ്രമിക്കുന്നുണ്ട്- അവള്‍ക്ക് സഹിക്കാനായില്ല. അങ്ങനെ ഒരു പ്രതിബിംബം തകര്‍ന്നുപോയതായി കണ്ടെത്തിയതിന്റെ ആത്മവേദനയോടെ അവള്‍ മടങ്ങിപ്പോകുന്നു. മാനുഷികത്വത്തിന് വിലകല്‍പ്പിക്കുന്നവര്‍ക്ക് ശ്യാമളേന്ദുവിന്റെ സമൂഹത്തില്‍ സ്ഥാനമില്ലെന്ന് വ്യഞ്ജിപ്പിക്കുകയാണ് റായ് ഇവിടെ ചെയ്തിട്ടുള്ളത്. ഉപരിവര്‍ഗക്കാരനായ ഒരു കഥാപാത്രത്തെത്തന്നെയാണ് സീമാബദ്ധ ആരംഭിക്കുമ്പോള്‍ നാം കാണുന്നത്. അവസാനിക്കുമ്പോള്‍ അയാള്‍ തന്റെ സമൂഹത്തില്‍ തനിക്കുള്ള സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, ജന ആരണ്യയുടെ ആരംഭത്തില്‍ നാം കണ്ടുമുട്ടുന്ന കഥാനായകന്‍ തൊഴിലില്ലാത്ത ഒരഭ്യസ്തവിദ്യനാണ്. 

ശ്യാമളേന്ദുവിന്റെ സൂചിതമായ ഇന്നലെയോട് സോമനാഥിന്റെ ജീവിതത്തിലെ ഈ കാലഘട്ടത്തിനു ബന്ധമുണ്ട്. ജോലി തെണ്ടി നടക്കുകയായിരുന്ന അയാള്‍ ഒരു ദിവസം യാദൃച്ഛികമായി ബിഷു ദായെ കണ്ടുമുട്ടുന്നു. ബ്രോക്കറേജ് ബിസിനസ്സിലേര്‍പ്പെട്ടിട്ടുള്ള ബിഷു തന്റെ തൊഴില്‍രഹസ്യങ്ങള്‍ അയാള്‍ക്ക് വിവരിച്ചുകൊടുക്കുന്നു. ബിഷുവിന്റെ സഹായത്തോടെ സോമനാഥ് അത്തരമൊരു ബിസിനസ് സ്വന്തമായി തുടങ്ങുന്നു. തന്റെ ജോലിക്കിടയില്‍ ഒരു ദിവസം സോമനാഥ് കോട്ടണ്‍ മില്ലിനുവേണ്ട ഒരു രാസവസ്തുവിന്റെ സാമ്പിളുമായി മില്ലിന്റെ പര്‍ച്ചേസിങ് ഓഫീസറെ സന്ദര്‍ശിച്ചു. തനിക്കുതന്നെ അതിന്റെ ഓര്‍ഡര്‍ കിട്ടുമെന്ന കാര്യത്തില്‍ സോമനാഥിന് തെല്ലും സന്ദേഹമുണ്ടായിരുന്നില്ല. എന്നാല്‍, ആ പ്രതീക്ഷ തെറ്റി. സോമനാഥിന് ഓര്‍ഡര്‍ ലഭിച്ചില്ല. ഇത്തരം കാര്യങ്ങളില്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കാറുള്ള നടബര്‍ മിത്രയുമായി അയാള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. 

പര്‍ച്ചേസിങ് ഓഫീസറുടെ ദൗര്‍ബ്ബല്യമെന്തെന്ന് മിത്രയ്ക്കറിയാമായിരുന്നു. പര്‍ച്ചേസിങ് ഓഫീസര്‍ നഗരത്തിലെ ഹോട്ടലില്‍ താമസിച്ച ദിവസം അയാള്‍ക്കൊരു പെണ്ണിനെ എത്തിച്ചുകൊടുക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടു അവര്‍. പരാജയപ്പെട്ട ഒട്ടനവധി ശ്രമങ്ങള്‍ക്കുശേഷം ചരണ്‍ എന്നൊരു കൂട്ടിക്കൊടുപ്പുകാരന്റെ സഹായത്തോടെ ജൂതിക എന്നു പേരുള്ള പെണ്ണിനുവേണ്ടി കാത്തു. മിത്രയാകട്ടെ, തന്റെ മറ്റൊരിടപാടുകാരനെത്തിരക്കി യാത്രയായി. ജൂതികയെ മുന്നില്‍ക്കണ്ട സോമനാഥ് ഞെട്ടി. അതയാളുടെ ഏറ്റവുമടുത്ത സുഹൃത്തിന്റെ സഹോദരി കൗണയായിരുന്നു. സ്‌നേഹിതന്റെ സഹോദരിയെത്തന്നെ ഉന്നതത്തിലേക്കുള്ള യാത്രയില്‍ ആദ്യത്തെ കരുവാക്കേണ്ടിവന്ന അയാളുടെ മനസ്സാക്ഷി പിടഞ്ഞു. 

എന്നാല്‍, ഹോട്ടല്‍മുറിയിലേക്ക് അവളെ അയയ്ക്കാതിരിക്കാന്‍ അയാള്‍ക്കായില്ല. ജന ആരണ്യ അവസാനിക്കുമ്പോള്‍ ഏറ്റവും വിജയകരമായി ഒരു ഓര്‍ഡര്‍ പിടിച്ചെടുത്തുകഴിഞ്ഞ കഥാനായകനെയാണ് നാം കാണുന്നത്. മനസ്സാക്ഷിയുമായുള്ള ആദ്യത്തെ പോരാട്ടത്തില്‍ വിജയം നേടിക്കഴിഞ്ഞ അയാള്‍ക്ക് തന്റെ തൊഴിലില്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ യാതൊരു പ്രയാസവുമില്ല. സോമനാഥിന്റെ ഭാവിവിജയത്തിന്റെ അടിസ്ഥാനസ്വഭാവം നാം കണ്ടുകഴിഞ്ഞു. ഇത് ഒരു വര്‍ഗ്ഗത്തിന്റെയാകെ അടിസ്ഥാനസ്വഭാവത്തിലേക്കുള്ള ചൂണ്ടുപലകയത്രേ.

കല്‍ക്കത്താചിത്രത്രയത്തിലൂടെ കാലത്തിന്റെ തുടിപ്പുകള്‍ക്കൊത്തുനീങ്ങാനും തന്റെ സൗന്ദര്യാത്മകസങ്കല്‍പ്പങ്ങളില്‍നിന്നു തെന്നിമാറി യാഥാര്‍ത്ഥ്യത്തെ അതിന്റെ എല്ലാ തീക്ഷ്ണതയോടെയും കൈകാര്യം ചെയ്യാനും റായ് ശ്രമിച്ചു. പ്രതിദ്വന്ദ്വിയിലെ നെഗറ്റിവുകള്‍, ജംപ്കട്ടുകള്‍, നായകമനസ്സിലുയിര്‍ക്കൊള്ളുന്ന വിലക്ഷണദൃശ്യങ്ങള്‍, സീമാബദ്ധയുടെ ആദ്യഭാഗത്തെ ന്യൂസ്‌റീല്‍ ശൈലി- ഇവയൊക്കെ ആധുനിക ധാരകളോട് സമരസപ്പെടാനുള്ള റായിയുടെ പരിശ്രമത്തിന്റെ കരുക്കളായിരുന്നു.

Content Highlights: Satyajit Rayiyude lokam book excerpts on Ray's life and vision