'ഗാന്ധിയോടും തനിക്കുള്ള അഭിപ്രായം തുറന്നു പറയുന്നതിന് അയ്യപ്പന് യാതൊരു ഭയവും ഉണ്ടായിരുന്നില്ല'

#കെ.എ. സുബ്രഹ്‌മണ്യം
സഹോദരന്‍ അയ്യപ്പന്‍, മഹാത്മാഗാന്ധി | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്, വര: മദനന്‍
സഹോദരന്‍ അയ്യപ്പന്‍, മഹാത്മാഗാന്ധി | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്, വര: മദനന്‍

മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന, കെ.എ. സുബ്രഹ്‌മണ്യം എഴുതിയ സഹോദരന്‍ അയ്യപ്പന്റെ ജീവചരിത്രത്തില്‍നിന്നൊരു ഭാഗം; 

'മതപരമായ കാര്യങ്ങളില്‍ ഗാന്ധി ബാലനാകുന്നു' - ശ്രീനാരായണ ഗുരുസ്വാമിയുടെ പ്രസിദ്ധമായ ഒരു വചനമാണിത്. ജാതിദോഷകരമാണെന്നോ അതുപോകേണ്ടതാണെന്നോ ഉള്ള അഭിപ്രായം ആദ്യകാലങ്ങളില്‍ ഗാന്ധിക്കുണ്ടായിരുന്നില്ല. 1921-ല്‍ യങ് ഇന്ത്യ പത്രത്തില്‍ ഗാന്ധി ഇപ്രകാരമെഴുതി. 'ജാതി ദോഷകരമായ ഒരേര്‍പ്പാടാണെന്നു കരുതാത്തവരുടെ കൂട്ടത്തില്‍ ഒരുവനാണ് ഞാന്‍. ഉദ്ഭവത്തില്‍ ജാതിഹിതാവഹമായ ഒരു ആചാരമായിരുന്നു. അതു രാഷ്ട്രത്തിന്റെ ക്ഷേമത്തെ ഉത്തേജിപ്പിച്ചു. രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്ക്  മിശ്രഭോജനവും മിശ്രവിവാഹവും ആവശ്യമാണെന്നുള്ള ആശയം പടിഞ്ഞാറുനിന്നും കടംവാങ്ങിയ ഒരു അന്ധവിശ്വാസമായി ഞാന്‍ കരുതുന്നു.' ഗാന്ധിയുടെ ഈ അഭിപ്രായത്തിന് പില്‍ക്കാലത്ത് വലിയമാറ്റം സംഭവിച്ചു. ശ്രീനാരായണഗുരുവും ഡോക്ടര്‍ അംബേദ്കറും ആയി ഗാന്ധിക്കുണ്ടായ സമ്പര്‍ക്കമാണ് ഇതിനു പ്രധാന കാരണം. അയ്യപ്പനും ഇതില്‍ സാരമായ പങ്കുവഹിച്ചിട്ടുണ്ട്.

ഗാന്ധിയുടെ അനുവാദത്തോടും അനുഗ്രഹത്തോടും കൂടിയാണല്ലോ യശ്ശശരീരനായ ടി. കെ. മാധവന്റെ നേതൃത്വത്തില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി സുപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. 'സത്യാഗ്രഹ സാഹസതപംചെയ്തു'. വൈക്കത്ത് പൊരിയുന്ന തന്റെ ശിഷ്യഗണങ്ങളെകണ്ടു ആശ്വസിപ്പിക്കുവാന്‍ ഗാന്ധി കേരളം സന്ദര്‍ശിക്കുവാന്‍ നിശ്ചയിച്ചു. ഈ സന്ദര്‍ശനവേളയില്‍ എറണാകുളത്തുവെച്ചു ഗാന്ധിയെ കാണുവാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടു ഗാന്ധിയുടെ കാര്യപരിപാടി നിശ്ചയിച്ചിരുന്ന സി. രാജഗോപാലാചാരിക്ക് അയ്യപ്പന്‍ ഒരു കത്തയച്ചു. പ്രോഗ്രാം നിശ്ചയിച്ചുകഴിഞ്ഞതിനാല്‍ സമയം അനുവദിക്കുവാന്‍ നിവൃത്തിയില്ലെന്നുള്ള മറുപടിയാണ് അയ്യപ്പന് കിട്ടിയത്. ഒട്ടും നിരാശനാകാതെ അദ്ദേഹം തന്റെ സഹപാഠിയും ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഇഗ്നിഷ്യസ് വഴി വീണ്ടും ശ്രമിച്ചു. 5 മിനിറ്റ് അനുവദിച്ചുകൊണ്ടുള്ള മറുപടി അയ്യപ്പനു കിട്ടി. എറണാകുളത്തുവെച്ച് അദ്ദേഹം പരേതനായ എം.കെ. രാമന്‍ വക്കീലൊന്നിച്ചു ഗാന്ധിയെ കണ്ടു. ജാതിയുടെ നിരര്‍ത്ഥകതയെക്കുറിച്ചു സംസാരിച്ചു. 

പഴയ കൊച്ചിയില്‍ ജാതി ഹിന്ദുക്ഷേത്രങ്ങളിലെ പറ കൊണ്ടുപോകുമ്പോള്‍ അയിത്തജാതിക്കാര്‍ പൊതുനിരത്തില്‍ എന്നുമാത്രമല്ല, നിരത്തിന്റെ അരികില്‍ നില്‍ക്കുന്ന തെങ്ങുകളില്‍ ചെത്താന്‍ കയറിയിട്ടുണ്ടെങ്കില്‍ അവിടെ നിന്നുപോലും മാറികൊടുക്കണമെന്നുള്ള ജാതി വിലക്കുകള്‍ ഉണ്ടായിരുന്നു. ജൂഗുപ്സാവഹമായ ഈ വിലക്കുകള്‍ നീക്കികിട്ടുന്നതിന് അയ്യപ്പന്‍ കൊച്ചി നിയമസഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു. അന്ന് ടി.എസ്. നാരായണഅയ്യരായിരുന്നു കൊച്ചി ദിവാന്‍. അദ്ദേഹം അദ്ധ്യക്ഷത വഹിച്ച ഒരു നിയമസഭായോഗത്തില്‍ ഈ പ്രമേയം ആലോചനയ്ക്കുവന്നു. ഇതൊരാചാരമാണ്. അതുകൊണ്ടിതുമാറ്റുവാന്‍ പാടില്ല എന്ന് പറഞ്ഞു പ്രമേയം ചര്‍ച്ചക്കനുവദിച്ചില്ല. ഈ നിയമസഭാ നടപടികള്‍ ഗാന്ധിയെ കാണിച്ചുകൊടുത്തു. അന്നുവൈകുന്നേരം എറണാകുളത്തുചേര്‍ന്ന പൊതുയോഗത്തില്‍ ഗാന്ധി പ്രസംഗം ആരംഭിച്ചതുതന്നെ അയ്യപ്പന്‍ കാണിച്ചുകൊടുത്ത നിയമസഭാ നടപടികള്‍ ഉദ്ധരിച്ചുകൊണ്ടാണ്. Today in the morning I had the amusing reading of your Legislative Council proceedings, എന്നായിരുന്നു പ്രസംഗത്തിന്റെ തുടക്കം. (ഇന്നുകാലത്ത് നിങ്ങളുടെ നിയമസഭയിലെ രസകരമായ നടപടികള്‍ ഞാന്‍ വായിച്ചു.) അയിത്തത്തിനെതിരായി ഗാന്ധിയുമായി ദീര്‍ഘമായി സംസാരിച്ചു.

ഈ സന്ദര്‍ശനവേളയില്‍തന്നെയാണ് ഗാന്ധി കന്യാകുമാരി ക്ഷേത്രത്തില്‍ തൊഴുവാനായി പോയത്. അവിടെ വിശ്വാസവന്ദ്യനായ ഗാന്ധിക്കും വൈശ്യത്വത്താല്‍ കൊടിമരം വിട്ടുള്ളില്‍ കടക്കുവാന്‍ സാധിച്ചില്ല. ഗാന്ധിയെ തടഞ്ഞു. ഗാന്ധി അവിടെനിന്ന് ഭക്തിയോടുകൂടി തൊഴുതുമടങ്ങി. ഇതിനെ പുരസ്‌കരിച്ച് അയ്യപ്പന്‍ എഴുതിയിട്ടുള്ള സുപ്രസിദ്ധമായ പദ്യമാണ് 'ഗാന്ധിസന്ദേശം'. അതില്‍ അദ്ദേഹം എഴുതിയിരിക്കുകയാണ്.

ഹൈന്ദവമതത്തിന്റെയയ്ത്തമാം തീരാശാപം
തീര്‍ന്നിടാന്‍ സത്യാഗ്രഹസഹാസ തപം ചെയ്തു
തന്നുടെ ശിഷ്യഗണം വൈക്കത്തുപൊരിയുമ്പോള്‍
വന്നുകണ്ടതിന്നൊരു നിവൃത്തിവരുത്തുവാന്‍
താപസാഗ്രണി വിശ്വവിശ്രുതന്‍ കുലപതി
കേരളം സന്ദര്‍ശിച്ചു പുണ്യവാന്‍ മഹാത്മജി

തൊഴുവാനായിക്കന്യാകുമാരീക്ഷേത്രത്തിങ്കല്‍
പരമഭക്തന്‍ ചെന്നു സാദരം കൃതാഞ്ജലി.
വിശ്വവന്ദ്യനായ ഗാന്ധിക്കും കൊടിമരം
വിട്ടുള്ളില്‍ കടക്കുവാന്‍ മേലാഞ്ഞു വൈശ്യത്വത്താല്‍,
തടഞ്ഞുഗാന്ധിയേയും! ഗാന്ധിയും നിന്നവിടെ!
അതിന്റെ കാരണമെന്തെന്നു തിരഞ്ഞാലും.
സ്വാതന്ത്ര്യപ്രണയത്തിന്‍ മൂര്‍ത്തിയായ് സ്വാഭിമാന
നൂതനാവതാരമായുള്ളൊരു മഹാധീരന്‍
എങ്ങനെ തനിക്കില്ലാക്കഴിവു സമ്മതിച്ചു-
നിന്നുകൊണ്ടതിഭക്ത്യാ തൊഴുവാന്‍ തുനിഞ്ഞിതു?

ഗാന്ധിയായിരുന്നാലും ബ്രാഹ്‌മണനല്ലാതുള്ള
ഹിന്ദുവിന്‍കിഴിവൊരു കാലവും പോവില്ലഹോ
മറ്റുള്ളോര്‍ കിഴിവൊത്തുമെന്നതോപോട്ടെ സ്വയം
മേറ്റീടുവനതുതന്നെയാണപകടം
ഭൂമിതന്‍ വലയത്തെ ഗര്‍ജ്ജനമാത്രംകൊണ്ടു
ഭീതമായി നിറുത്തീടുമാംഗലസിംഹത്തിനെ
കൂസാതെ കുഞ്ചിരോമം പിടിച്ചുകുലുക്കിയൊ -
ന്നാകുലപ്പെടുത്തിയ വീരനാം ഗാന്ധികൂടി
നായിലും നാണംകെട്ടു വാലാട്ടി. ചവിട്ടുന്ന
ബ്രഹ്‌മണപാദം നടക്കുന്നാഹന്ത ദയനീയം!

ഈ യാത്രയില്‍ മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ വര്‍ക്കലയില്‍ചെന്ന് സന്ദര്‍ശിച്ചു. അന്നവിടെ അയ്യപ്പനുമുണ്ടായിരുന്നു. അവര്‍ തമ്മില്‍ ഒരു സംഭാഷണം നടന്നു. അഹിംസയെപ്പറ്റിയായിരുന്നു ആദ്യത്തെ സംസാരം. ഹിന്ദുശാസ്ത്രത്തില്‍ ഹിംസയെപ്പറ്റി പ്രതിപാദിക്കാത്ത ഏതെങ്കിലും ഒരു ഗ്രന്ഥം ഉണ്ടോ എന്നയ്യപ്പന്‍ ഗാന്ധിയോട് ചോദിച്ചു. 'പതഞ്ജലി സൂത്രം' എന്ന് ഗാന്ധി ഉടനെ മറുപടി പറഞ്ഞു. ഇതു ശരിയാണ്രേത. പിന്നീട് ശ്രീകൃഷ്ണനെപ്പറ്റിയായി സംസാരം. Your Shrikrishna was a regular murdere(നിങ്ങളുടെ ശ്രീകൃഷ്ണന്‍ സ്ഥിരമായ ഒരു കൊലയാളിയായിരുന്നു.) എന്ന് അയ്യപ്പന്‍ പറഞ്ഞു. Gandhi got wild. ശ്രീകൃഷ്ണനെയും ശ്രീരാമനെയും അവതാരമായി ആരാധിക്കുന്ന ഗാന്ധിക്ക് കോപം വന്നു. Nonesense( അബദ്ധം) എന്നുപറഞ്ഞ് ഗാന്ധി എണീറ്റുപോയി. ലോകൈകവന്ദ്യനായ ഗാന്ധിയോടും തനിക്കുള്ള അഭിപ്രായം തുറന്നു പറയുന്നതിന് അയ്യപ്പന് യാതൊരു ഭയവും ഉണ്ടായിരുന്നില്ല.

വര്‍ക്കല ആശ്രമത്തിന്റെ മുന്നില്‍നിന്നിരുന്ന മാവിന്‍ചുവട്ടില്‍വെച്ചാണ് ഗാന്ധിയും സ്വാമിയും തമ്മില്‍ ജാതിയെക്കുറിച്ചുള്ള സുപ്രസിദ്ധമായ സംവാദം നടന്നത്. മാവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിന്റെ ഇലകള്‍ രൂപത്തില്‍ വിവിധങ്ങളായിരിക്കുന്നതുപോലെ ഹിന്ദുമതത്തിലെ ജാതിയും വ്യത്യസ്തങ്ങളാണെന്ന് ഗാന്ധി പറഞ്ഞപ്പോള്‍ ആ ഇലകള്‍ രുചിച്ചുനോക്കിയാല്‍ സ്വാദ് ഒന്നായതുകൊണ്ട് ജാതി ഒന്നേയുള്ളൂവെന്നു സ്വാമി സമര്‍ത്ഥിച്ചു. എറണാകുളത്തും വര്‍ക്കലയിലും വെച്ച് തനിക്കുണ്ടായ അനുഭവം ജാതിയെപ്പറ്റി കൂടുതല്‍ ചിന്തിക്കുവാന്‍ കുശാഗ്രബുദ്ധിയായ ഗാന്ധിയെ പ്രേരിപ്പിച്ചു. ജാതിസമ്പ്രദായം തെറ്റാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യമായി. കേരളം വിടുന്നതിനുമുമ്പ് തിരുവനന്തപുരത്തുവെച്ചും കേരളം വിട്ടതിനുശേഷം ഇന്ത്യയില്‍ ആദ്യമായി കല്‍ക്കത്തയില്‍വെച്ചും ഗാന്ധി Caste must go (ജാതി പോകണം) എന്ന് പ്രസംഗിച്ചു.

അധഃകൃതര്‍ക്ക് പ്രത്യേക നിയോജക മണ്ഡലങ്ങള്‍ സംവരണം ചെയ്യുന്നതിനെതിരായി മഹാത്മാഗാന്ധി (1109ല്‍) 1932 സെപ്റ്റംബര്‍ പതിമൂന്നാം തീയതി മരണംവരെ ഉപവസിക്കുവാന്‍ തീരുമാനിച്ചു. 'പൂനാപട്ടിണി' എന്നണതറിയപ്പെടുന്നത്. അക്കാലത്ത് ഗാന്ധിയും ഡോക്ടര്‍ അംബേദ്കറും തമ്മില്‍ അധഃകൃതവര്‍ഗ്ഗക്കാര്‍ ജാതിവ്യത്യാസംമൂലം അനുഭവിക്കുന്ന വിഷമതകളെക്കുറിച്ചൊരു സംഭാഷണംനടന്നു. അതിനുശേഷമാണ് ജാതിവ്യത്യാസം ഇന്ത്യയുടെ ഒരു ശാപമാണെന്നും അതുനീക്കാതെ ഇന്ത്യയുടെ സമുദായപ്രശ്നത്തിന് ശരിയായ തീരുമാനം ഉണ്ടാവുകയില്ലെന്നും ഗാന്ധി ഉറപ്പിച്ചുപറയുവാന്‍ തുടങ്ങിയത്. ക്ഷേത്രപ്രവേശനത്തിനു വേണ്ടി ശ്രമിക്കാമെന്നും അംബേദ്കറോട് ഗാന്ധി പറഞ്ഞപ്പോള്‍, ക്ഷേത്രപ്രവേശനമല്ല ജാതി ഇല്ലാതാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആ ആഴ്ച്ച ഗാന്ധി യങ് ഇന്ത്യ പത്രത്തില്‍ 'ജാതിനശീകരണം' എന്നൊരു മുഖപ്രസംഗമെഴുതി.

'ആളുകള്‍ എന്നെ പരിഹസിക്കുകയില്ലെങ്കില്‍ ഞാന്‍ വിനീതമായി അവകാശപ്പെടുന്നു ജന്മനാസ്പൃശ്യനും 'യോഗ്യത' കൊണ്ട് അസ്പൃശ്യനുമാകുന്നു ഞാനെന്ന്. മാത്രമല്ല അസ്പൃശ്യരില്‍ ഏറ്റവും താഴ്ന്ന പടിയിലുള്ളവരെ പ്രതിനിധാനം ചെയ്യുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. തൊട്ടുകൂടാത്തവരും ദൃഷ്ടിയില്‍പെട്ടാല്‍ ദോഷമുള്ളവരുമാണ് എപ്പോഴും എന്റെ ഉള്‍ക്കാഴ്ചയിലുള്ളത്. അധഃകൃതര്‍ക്കുള്ള ഉന്നമനം പ്രത്യേക നിയോജകമണ്ഡലങ്ങളുടെ സംവരണം വഴിയല്ല ഹിന്ദുമതത്തിന്റെ നവീകരണകൊണ്ടു മാത്രമേ സാധിക്കുള്ളൂ. ഇതെന്റെ ഉറച്ചവിശ്വാസമാണ്. അതുകൊണ്ട് എന്റെ സംവരണത്തെ എതിര്‍ത്തു. ഞാന്‍ സ്വയം അസ്പൃശ്യത സ്വീകരിച്ചിരിക്കുന്നു. അയിത്തം അതിന്റെ എല്ലാ രൂപത്തിലും ഭാവത്തിലും അടിമുടി ഉന്മൂലനം ചെയ്തല്ലാതെ എനിക്ക് ശാന്തിയുണ്ടാകയില്ല. ഇതിന് ഞാന്‍ എന്റെജീവിതം ഒഴിഞ്ഞുവെച്ചിരിക്കുന്നു. 

നിരാശ്രയരായ കോടാനുകോടി സ്ത്രീപുരുഷന്മാരോടു കാണിച്ച ക്രൂരമായ അയിത്താചാരം അനുഷ്ഠിച്ച മഹാപാപത്തിനു പ്രായശ്ചിത്തമായി എത്ര ശതം ആളുകളുടെ ജീവന്‍ ഹോമിച്ചാലും അധികമാകയില്ല. എന്റെ നിരാഹാരം ജാതി ഹിന്ദുക്കളെ അവരുടെ ദീര്‍ഘനിദ്രയില്‍ നിന്നുണര്‍ത്തി അവരെ കര്‍മ്മോന്മുഖരാക്കിയാല്‍ ഞാന്‍ കൃതാര്‍ത്ഥനായി. എന്നോടുള്ള മൂഢമായ ഭക്തികൊണ്ടവര്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അതവര്‍ എന്നോടു ചെയ്യുന്ന മഹാപരാധമായിരിക്കും. അയിത്തമാകുന്ന മഹാശാപം നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ എനിക്കെന്തെല്ലാം കൊടുക്കാമോ അതെല്ലാം കൊടുക്കുവാന്‍ ഞാന്‍ സന്നദ്ധനാണ്. പക്ഷേ, എന്റെ ജീവിതത്തേക്കാള്‍ വലുതായി എനിക്കൊന്നുമില്ല. അയിത്തം ഉന്മൂലനം ചെയ്താല്‍ അതു ഹിന്ദുമതത്തെ ശുദ്ധീകരിക്കുക മാത്രമല്ല അതിന്റെ അനന്തരഫലം ലോകവ്യാപകമായിരിക്കും. അയിത്തത്തോടുള്ള എന്റെ സമരം മനുഷ്യനിലുള്ള മാലിന്യത്തോടാണ്. മനുഷ്യനിലുള്ള നന്മ എന്റെ സഹായത്തിന് വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.!'

പൂനാപട്ടിണിക്കുശേഷം ഹരിജന്‍ വേലയ്ക്കായി ഗാന്ധിജി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. അങ്ങനെ കേരളത്തിലും വന്നു. ആ അവസരത്തില്‍ പള്ളുരുത്തിയില്‍വെച്ച് അവിടത്തെ ശ്രീധര്‍മ്മപരിപാലന യോഗം ഒരു മംഗളപത്രം സമര്‍പ്പിച്ചു. അയ്യപ്പനാണ് മംഗളപത്രം എഴുതിയത്. 

'ഹിന്ദുമതം ഭാരതത്തിന്റെ മഹാശാപം.
മഹാത്മജീ! മതശൃംഖല വെട്ടി
ഭാരതത്തെ രക്ഷിക്കുക'.
'കൊച്ചി, പള്ളുരുത്തി ശ്രീധര്‍മ്മപരിപാലന യോഗം അംഗങ്ങളായ ഞങ്ങള്‍ അങ്ങേയ്ക്കു സന്തോഷപൂര്‍വ്വം സ്വാഗതം പറയുന്നു. അങ്ങയുടെ സംശയമറ്റ മഹത്വത്തെപ്പറ്റിയും മര്‍ദ്ദിതരായി ചവിട്ടേറ്റു താണുകിടക്കുന്ന ജനങ്ങള്‍ക്കുവേണ്ടി അങ്ങുചെയ്തുപോരുന്ന ശ്രേഷ്ഠമായ വേലയെപ്പറ്റിയും ഞങ്ങള്‍ക്കുള്ള ആദരാതിശയം പറയേണ്ടതില്ല. കേരളത്തില്‍ ഞങ്ങളെപ്പോലെയുള്ള ഒരു വലിയ ജനവിഭാഗത്തിന് അങ്ങയോടുതുറന്നു പറയാനുള്ളത് പറയുവാന്‍ ഞങ്ങള്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.

അധഃകൃതരുടെ പ്രത്യേക പ്രാതിനിദ്ധ്യത്തിനുവേണ്ടി രണ്ടാം വട്ടമേശ സഭയില്‍ ഡോക്ടര്‍ അംബേദ്കര്‍ നടത്തിയ ധീരമായ സമരത്തിനു അങ്ങ് എതിരായി നിന്നപ്പോള്‍ ഡോക്ടര്‍ അംബേദ്കറുടെ അധഃകൃത നേതൃത്വത്തെ താങ്ങി ഞങ്ങളുടെസഭ സാങ്കി പ്രഭുവിനു ഒരു കേബിള്‍ അയച്ചിരുന്ന വിവരം ഞങ്ങള്‍ ആദ്യമായി അങ്ങയെ ഓര്‍മ്മപ്പെടുത്തിക്കൊള്ളുന്നു. അയിത്തം ഉള്‍പ്പെടെയുള്ള അധഃകൃതരുടെ അവശതകള്‍ക്കെല്ലാം പറ്റിയ പരിഹാരം അവര്‍ക്ക് രാഷ്ട്രീയാധികാരം വരുന്നതാണെന്നും അത് ഇപ്പോഴത്തെ സ്ഥിതിഗതിയില്‍ പ്രത്യേക പ്രാതിനിദ്ധ്യ പരിരക്ഷകള്‍ കൂടാതെ അവര്‍ക്ക് കിട്ടുകയില്ലെന്നുമാണ് ഞങ്ങളുടെ അഭിപ്രായം. ഭരണപരിഷ്‌ക്കാര വ്യവസ്ഥയില്‍ ഈ പരിരക്ഷകള്‍ ഉള്‍പ്പെടുത്തുന്നതിന് വിരോധിയായിട്ടാണ് അങ്ങ് നില്‍ക്കുന്നത്. അത് അങ്ങ് ജാതിഹിന്ദുക്കളുടെ രാഷ്ട്രീയചിന്തയില്‍ ദീര്‍ഘകാലം പഴകിപ്പോയതുകൊണ്ടും അത് ഒഴിവാക്കുവാന്‍ അങ്ങേക്ക് ഇതേവരെ സാധിക്കാത്തതുകൊണ്ടുമാണെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.

അയിത്തത്തിന് എതിരായി ഇപ്പോള്‍ ശക്തിയേറിയ പ്രചരണവേല തുടങ്ങിയിട്ടുള്ളതിനു ഞങ്ങള്‍ അങ്ങയോടു കൃതജ്ഞരായിരിക്കുന്നു. എന്നാല്‍, അതു ഹിന്ദുമതം ശുദ്ധീകരിക്കാനുള്ള ഒരു മാര്‍ഗ്ഗമായി നടത്തിക്കൊണ്ടുപോകുന്ന അങ്ങയുടെ നയത്തോട് ഞങ്ങള്‍ യോജിക്കുന്നില്ല. അയിത്തോച്ചാടനം വെറും മനുഷസേവാവേലയാണ്. അതിനെ ഹിന്ദുക്കളെ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നവേലയോടു ഘടിപ്പിക്കുന്നതിന് അതിന്റെ ഉദ്ദേശശുദ്ധിയെ സാരമായി ബാധിക്കുന്നതാണ്. ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ ആചാര്യന്മാരില്‍ ഒരാളായ പരേതനായ ശ്രീനാരായണഗുരുവിന്റെ ഉപദേശങ്ങള്‍കൊണ്ട് ആദര്‍ശപരമായി പ്രേരിക്കപ്പെടാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. സത്യമായ എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. മതങ്ങളുടെ സാരഭാഗമല്ലാത്ത രൂപങ്ങളും പേരുകളുമാണ് മനുഷ്യരെ പല മതസമുദായങ്ങളായി പിരിച്ച് വെവ്വേറെ നിര്‍ത്തുന്നത്. ഈ പിരിവ് ആ സമുദായങ്ങള്‍ക്കു മാത്രമല്ല മനുഷ്യസമുദായത്തിന് ആകെ ദോഷകരമാണ്.

മതത്തില്‍ എന്തെങ്കിലും നിലനിര്‍ത്തേണ്ടതായിട്ടുണ്ടെങ്കില്‍ അതു സാര്‍വ്വജനീന സ്വഭാവമുള്ളതായിരിക്കണം. അതുകൊണ്ട് ഏതുമതത്തിന്റെയും ശുദ്ധീകരണം മതങ്ങളുടെയെല്ലാം സാരമായ ഇതില്‍ ചെന്നെത്താന്‍ ഉദ്ദേശിച്ചായിരിക്കണം. അത് ഏതെങ്കിലും മതത്തിന്റെ ബാഹ്യരൂപത്തിലോ പേരിലോ ജനങ്ങളെ സംഘടിപ്പിക്കുന്നതിന് സഹായമായിത്തീരരുത്. ഭിന്നമതക്കാരെന്നു പറയുന്നവരെയെല്ലാം ഒന്നാക്കിതീര്‍ക്കാനാണ് അത് ഉപകരിക്കേണ്ടത്. അതുകൊണ്ട് ഹിന്ദുമതം ശുദ്ധീകരിക്കാനുള്ള അങ്ങയുടെ പ്രസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് ആശ്വാസമല്ല ഭയമാണ് ഉണ്ടാകുന്നത്. അധഃകൃതര്‍ക്ക് ഹരിജനപ്പേരുകൊടുത്തും, ഒരു സ്വാഭിമാനമുള്ള അധഃകൃതന്‍ വെറുക്കേണ്ടതായ രാമനാമം ജപിക്കുവാന്‍ അവരോടു പറഞ്ഞും, ഗോമാംസഭക്ഷണം സംബന്ധിച്ചുള്ള ഹിന്ദുക്കളുടെ യുക്തിശൂന്യമായ അറപ്പു ശീലിക്കുവാന്‍ അവരോട് ഉപദേശിച്ചും അവരുടെ ഹൈന്ദവീകരണം പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതായ അംശമെങ്കിലും അങ്ങയുടെ ഹിന്ദുമത ശുദ്ധീകരണ പ്രസ്ഥാനത്തില്‍നിന്ന് വിട്ടുകളയണമെന്നും ഞങ്ങള്‍ക്ക് അപേക്ഷയുണ്ട്.

ഒരു ഹിന്ദുസമുദായമായി രൂപപ്പെട്ട് ഉറക്കുന്നതിലും നല്ലതും ശ്രേഷ്ഠവുമായ ഗതിക്ക് അധഃകൃതര്‍ക്ക് ആഗ്രഹിക്കാവുന്നതാണ്. അങ്ങേയ്ക്ക് വളരെ പ്രിയമായ വര്‍ണ്ണാശ്രമവും ജാതിവ്യത്യാസവും നിലനില്‍ക്കുന്നിടത്തോളം കാലം ഒരു ഹിന്ദുസമുദായമായി ഉറക്കുന്ന അധഃകൃതര്‍ക്ക് ഹിന്ദുക്കളുടെ ഇടയില്‍ ആഗ്രഹിക്കത്തക്ക ഒരുനിലയും ധര്‍മ്മവും ഒരിക്കലും കിട്ടുകയില്ല. അധഃകൃതരെ അവരുടെ പാട്ടിനുവിട്ടാല്‍ ഉയര്‍ന്ന ജാതിക്കാരെന്ന് പറയുന്നവര്‍ക്കുകൂടി അനുകരിക്കത്തക്ക ആരോഗ്യവത്തായ ഒരു മാതാദര്‍ശം അവരില്‍ ഉണ്ടായിത്തീരുന്നതാണെന്നുള്ളതിനു സംശയമില്ല.

അധഃകൃത പ്രമേയത്തിനു കേരളത്തില്‍ ഞങ്ങളുടെ സമുദായം എന്ത് തീരുമാനമാണ് ചിന്തിച്ചുണ്ടാക്കിയിരിക്കുന്നതെന്ന് അറിയുവാന്‍ അങ്ങേയ്ക്ക് ഇഷ്ടമായിരിക്കുമെന്ന് വിശ്വസിക്കുന്നു. ശരിക്ക് പറയുകയാണെങ്കില്‍ ഞങ്ങളുടെ സമുദായം അതായത്, തിയ്യര്‍ അല്ലെങ്കില്‍ ഈഴവര്‍ അധഃകൃതരുടെ ഒരുവിഭാഗമല്ല, എന്നാല്‍ ഞങ്ങള്‍ അയിത്തവും തീണ്ടലുമുള്ള ഒരു അധഃകൃത സമുദായവുമാണ്. ജാതിഹിന്ദുക്കളെപ്പോലെതന്നെ ഞങ്ങളും അധഃകൃതരെ ഞെരുക്കുന്നവരും, ജാതിഹിന്ദുക്കളാല്‍ ഞെരുക്കപ്പെടുന്നവരുമാണ്. കേരളത്തിലെ സമുദായപടിക്രമത്തില്‍ ഞങ്ങള്‍ക്ക് ഈ പ്രത്യേക തരത്തിലുള്ളതായ സ്ഥിതിക്കൊണ്ട് അധഃകൃത പ്രമേയത്തെ താത്പര്യമുള്ളതും എന്നാല്‍ നിഷ്പക്ഷവുമായ ഒരു നിലയില്‍നിന്ന് കാണുവാനും ഈ വിഷയത്തില്‍ ഇന്ത്യക്കുമുഴുവന്‍ കൊടുക്കത്തക്ക ഒരു സന്ദേശം രൂപീകരിക്കുവാനും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഈ പ്രമേയത്തിനു തീരുമാനമുണ്ടാക്കുന്നതിനു ചെയ്ത പലപല ശ്രമങ്ങളുടെ ഫലമായി ഞങ്ങള്‍ക്കുണ്ടായിരിക്കുന്ന വിശ്വാസം സംഘടിത മതങ്ങളും ജാതിവ്യത്യാസവും നശിപ്പിച്ചല്ലാതെ അധഃകൃതരുടെ മോചനമോ ഇന്ത്യയുടെ സാമുദായിക പ്രമേയത്തിനു തീരുമാനമോ സാദ്ധ്യമാവുകയില്ലെന്നാണ്. ഇതാണ് ഇന്ത്യയ്ക്ക് ഞങ്ങളുടെ സന്ദേശം. ഇതുതന്നെയാണ് അങ്ങേക്കുള്ള ഞങ്ങളുടെ സന്ദേശം'.

പള്ളുരുത്തി                   എന്ന്, അങ്ങയുടെ അഭിനന്ദകരായ പള്ളുരുത്തി
 5-6-1109                                ശ്രീധര്‍മ്മപരിപാലനയോഗംഗങ്ങള്‍


മംഗളപത്രം സ്വീകരിച്ചുകൊണ്ട് ഗാന്ധിജി ചെയ്ത മറുപടി പ്രസംഗം.
ഹരിജനങ്ങളായ അവിശ്വാസികളോട്.

പരിശുദ്ധി ഏക ഉദ്ദേശം

സ്‌കൂള്‍ കെട്ടിടങ്ങളും ക്ഷേത്രവും കൊണ്ടുനടന്നു കാണിച്ചതിലേക്ക് ഇതിന്റെ പ്രവര്‍ത്തകന്മാരോടു ഞാന്‍ നന്ദിയുള്ളവനായിരിക്കും. ഈ മംഗളപത്രത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നതില്‍ ഞാന്‍ നിങ്ങളോട് കൃതജ്ഞനായിരിക്കുന്നു. ഈ മംഗളപത്രം പ്രധാനമായി എന്നെ ഉപദേശിക്കുന്ന രീതിയിലുള്ളതായതുകൊണ്ട് എനിക്ക് വളരെ സന്തോഷമുണ്ട്. നിങ്ങളോടും അതേരീതിയില്‍ പെരുമാറുവാനുള്ള ഉത്തമമാര്‍ഗ്ഗം എന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുകയെന്നുള്ളതാണ്.
ഹിന്ദുമതത്തിന്റെ നാമധേയത്തില്‍ ഒരു പ്രചരണം നടത്തിയിരിക്കണമെന്ന് നിങ്ങള്‍ എന്നെ ഗുണദോഷിക്കുന്നു. എന്നാല്‍ നിങ്ങളുടെ ഉപദേശം സ്വീകരിക്കുവാന്‍ എനിക്കു നിവൃത്തിയില്ല. ഈ പ്രസ്ഥാനം നടത്തുന്നത് ഹിന്ദുമതത്തെയോ അല്ലെങ്കില്‍ മറ്റേതെങ്കിലുമൊന്നിനെയോ ഉറപ്പിക്കുവാന്‍ വേണ്ടിയാണെന്നു പറയുന്നതും വിചാരിക്കുന്നതുപോലും മുഴുവന്‍ തെറ്റാണ്. 

ഞാനൊരു പാപം ചെയ്യുകയും അതിന് പ്രതിവിധിചെയ്യുവാന്‍ ആശിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ എന്നെ ഉറപ്പിക്കുവാനല്ല പിന്നെയോ പരിശുദ്ധമാക്കുവാനാണ് ഞാന്‍ അത് ചെയ്യുന്നത്. എന്റെ അഭിപ്രായത്തില്‍ അയിത്താചാരം ഹിന്ദുമതം അയിത്തജാതിക്കാരോടു ചെയ്യുന്ന ഒരു അപരാധമാണ്. സവര്‍ണ്ണഹിന്ദുക്കള്‍ ഞാനിപ്പോള്‍ ഹരിജനങ്ങളെന്നു വിളിച്ചുവരുന്ന അയിത്തജാതിക്കാരെ അയിത്തജാതിക്കാരായ ഹിന്ദുക്കള്‍ എന്നുവിളിച്ചുവരുന്നിടത്തോളം കാലം ഇതൊരു അപരാധമായിതന്നെ നിലനില്‍ക്കും. അതുകൊണ്ട് ഇതിനെ ഹിന്ദുമതത്തെ പരിഷ്‌കരിക്കുവാനും പരിശുദ്ധപ്പെടുത്തുവാനുമുള്ള ഒരു പ്രസ്ഥാനമെന്ന് വിളിക്കുവാന്‍ മാത്രമേ എനിക്ക് നിവൃത്തിയുള്ളൂ. ഹിന്ദുക്കളെന്ന് സ്വയം വിളിക്കുന്നവരോടു മാത്രമേ എനിക്ക് കടപ്പാടുള്ളൂ. ഹിന്ദുമതത്തോട് ബന്ധമില്ലാത്തവരോട് ഒരു കടപ്പാടും എനിക്കില്ല. നിങ്ങള്‍ ഇപ്പോള്‍ എന്നെ ക്ഷേത്രത്തിനകത്തുകൊണ്ടുപോയി അവിടെ ഹൈന്ദവാചാരങ്ങളനുസരിച്ച് നടത്തുന്ന പ്രാര്‍ത്ഥന മുതല്‍ എല്ലാ സംഗതികളും കാണിച്ചുതരികയുണ്ടായി. നിങ്ങളുടെ പ്രാര്‍ത്ഥനാരീതി എന്റെതുപോലെ ആണെങ്കില്‍ എന്റെ ഹൃദയം നിങ്ങളുടെ സമീപത്തേക്ക് പാഞ്ഞുവരുന്നു. എന്നാല്‍, നിങ്ങളിപ്പോള്‍ ഹിന്ദുക്കളല്ലെന്നും, മറ്റൊരു വിശ്വാസം സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്നുമാണ് പറയുന്നതെങ്കില്‍ ഒരു ഹിന്ദുവെന്ന നിലയില്‍ എനിക്ക് നിങ്ങളോടുള്ള കടപ്പാടുകള്‍ അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ മനുഷ്യരെന്ന നിലയില്‍ എനിക്ക് നിങ്ങളോടുള്ള ബന്ധം അവസാനിക്കുന്നില്ല.

അങ്ങനെയുള്ള സൂക്ഷ്മവും അത്യന്താപേക്ഷിതവുമായ ഒരു വ്യത്യാസം നമുക്ക് ഉപേക്ഷിക്കുവാന്‍ നിവൃത്തിയില്ല. നാം പലതില്‍ ഒന്ന് എന്ന നിലയില്‍ മാത്രമാണ് ഈശ്വരന്‍ പ്രകൃതിയെ സൃഷ്ടിച്ചിട്ടുള്ളത്. ഈ ലോകത്തില്‍ പല വിശ്വാസങ്ങളും നിലനിന്നു പോരുന്നുണ്ട്. അവയെല്ലാം സത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ പല വിശ്വാസങ്ങള്‍ നിലവിലിരിക്കുകയും നാം അതില്‍ ഒന്നില്‍പ്പെടുകയും ചെയ്യുന്നിടത്തോളം കാലം ആ വിശ്വാസത്തിനോട് അനുബന്ധിച്ച ചില പ്രത്യേക കടപ്പാടുകളും ഉണ്ട്. അതുകൊണ്ടു ഞാന്‍ ഒരു മുസല്‍മാന്‍ സഹജീവിക്കു വേണ്ടിയോ, ഒരു ക്രിസ്ത്യന്‍ സഹജീവിക്കുവേണ്ടിയോ, പാഴ്‌സിക്കു വേണ്ടിയോ, ജൂതനുവേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ പ്രവര്‍ത്തിക്കുകയില്ലെന്ന് അര്‍ത്ഥമില്ല. എന്നാല്‍ ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന പ്രസംഗമണ്ഡപത്തില്‍നിന്ന് എന്റെ കാല്‍ തെറ്റിയാല്‍ ഓരോരുത്തരുമായി ഏകഭാവമുണ്ടെന്ന് വിചാരിക്കുവാന്‍ എനിക്കു നിവൃത്തിയില്ല. ഞാനും നിങ്ങളും ജീവിച്ചിരിക്കുന്നു എന്നും, ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നു എന്നുമുള്ള പരാമര്‍ത്ഥത്തില്‍ കൂടുതലായി ഞാന്‍ ഈശ്വരനുണ്ടെന്നുള്ള പരമാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്നുള്ളത്തിലേക്ക് ഒരു ഉദാഹരണം പറയാം. പ്രത്യക്ഷത്തില്‍ ഞാന്‍ ഇപ്പോള്‍ നിങ്ങളോടു പ്രസംഗിക്കുകയും നിങ്ങള്‍ അതു ശ്രദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. വാസ്തവത്തില്‍ നിങ്ങളുടെ ഹൃദയവും മനസ്സും മറ്റൊരിടത്തായിരിക്കാം. എന്റെ ഹൃദയം വേറൊരിടത്തും. എന്റെ മനസ്സ് മറ്റൊന്നിലുമായിരിക്കാം. അപ്പോള്‍ എന്റെ പ്രസംഗവും നിങ്ങളുടെ ശ്രദ്ധയും ഒരു വഞ്ചനയായിത്തീരുന്നു. അതുകൊണ്ട് ഞാന്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ ശ്രദ്ധിക്കുന്നതും പ്രത്യക്ഷത്തില്‍ ശരിയാണെങ്കിലും അതൊരു യാഥാര്‍ത്ഥ്യമായിരിക്കണമെന്നില്ല. എന്നാല്‍ എന്റെ ഹൃദയവും വാക്കും പ്രവൃത്തിയും അല്ലാഹുവോ രാമനോ കൃഷ്ണനോ എന്ന ഈശ്വരനില്‍ സമര്‍പ്പിച്ചിരിക്കുന്നു. ഞാനിപ്പോള്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന മഹായോഗത്തേക്കാള്‍ എന്റെ ഈശ്വരവിശ്വാസം എനിക്ക് കൂടുതല്‍ യാഥാര്‍ത്ഥ്യമുള്ള ഒന്നാണെന്നു  ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലാക്കുവാന്‍ കഴിയുമല്ലോ.

Content Highlights: Sahodaran Ayyappan, Birth anniversary, Book excerpt, Mathrubhumi books