'ആ വിരലുകള്‍ ഞാന്‍ വിസ്മയത്തോടെ കൈയിലെടുക്കും, ഉമ്മവെക്കും, കടിച്ചെടുക്കട്ടേ എന്നുചോദിക്കും'

കവി എ.അയ്യപ്പൻ വിടപറഞ്ഞിട്ട് 14 വർഷം
ഒരു കൗമാരകവി 'ബലിക്കുറിപ്പുകള്‍' വായിച്ച് ആരാധനമൂത്തു നടന്നപ്പോള്‍ എറണാകുളത്തുനിന്നും കണ്ടെത്തിയ പ്രവാസിയായിരുന്നു അയ്യപ്പന്‍. ഒയാസീസ് ലോഡ്ജിലെ കുടുസ്സുമുറിയില്‍ അയ്യപ്പന്‍ കട്ടിലിലും ഞാന്‍ നിലത്തും കിടന്നു. കട്ടിലിനടിയില്‍ നിറയെ ചാരായക്കുപ്പികളായിരുന്നു. അന്ന് പ്രായം പതിനഞ്ച്. കൈയില്‍ അയ്യപ്പന്‍ എന്റെ കവിത വായിച്ച് അഭിനന്ദിച്ച് എനിക്കയച്ച കത്തും വണ്ടിക്കൂലിയും മാത്രം. ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടും അയ്യപ്പനോടും അന്ധമായ ആരാധനയായിരുന്നു. ആ അയ്യപ്പനാണ് എനിക്കു കത്തെഴുതിയിരിക്കുന്നത്. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ഒട്ടും പരിചയമില്ലാത്ത എറണാകുളത്തേക്കു പോയി. കുറെ അലഞ്ഞു. പിന്നെ കണ്ടു.
ഒയാസീസ് ലോഡ്ജിലെ താമസം; അയ്യപ്പന്‍ മുഴുവനായി എന്നിലേക്കും ഞാന്‍ അയ്യപ്പനിലേക്കും കയറുവാന്‍ ഇടയാക്കി. കോട്ടയം ആര്‍പ്പൂക്കരയിലെ അക്ഷരം പ്രിന്റിങ് ആന്‍ഡ് പബ്ലിക്കേഷന്‍ ഓഫീസില്‍ ജോണ്‍ എബ്രഹാം പി.സി.ജോസിയുടെ കൂടെ താമസിക്കുന്നു. എന്നെ പരിചയപ്പെടുത്താനായി അയ്യപ്പന്‍ എന്നെയുംകൊണ്ട് ആര്‍പ്പൂക്കരയിലേക്ക് പോകുന്നു. ക്രിസ്തുവിനെപ്പോലെയുള്ള ജോണിനെ കാണാന്‍ പോകുന്ന സന്തോഷത്തില്‍ ഞാന്‍. കണ്ടപ്പോള്‍ത്തന്നെ ജോണ്‍, എന്നെയും അയ്യപ്പനെയും അടുത്തുള്ള ചാരായഷാപ്പിലേക്കു കൊണ്ടുപോയി. എനിക്കു മുട്ട പുഴുങ്ങിയത്. അവര്‍ക്കു രണ്ടുപേര്‍ക്കും 250 മില്ലി വീതം. പൈസ ഞാന്‍ കൊടുക്കണം. കടമായിട്ടു മതിയെന്ന് ജോണ്‍. ഒന്നുരണ്ടു ദിവസം അവരോടുകൂടെ. ഞാന്‍ പായയില്‍ ഉറക്കം. ജോണും അയ്യപ്പനും കാലിച്ചാക്കില്‍.
കോട്ടയത്തെ റെയില്‍വേ സ്റ്റേഷനില്‍ ഒരു രൂപ നാണയമിട്ടു വെയിറ്റു നോക്കുന്ന യന്ത്രത്തില്‍ ഞങ്ങള്‍ മൂന്നുപേരും കയറി. ജോണ്‍ 45 കിലോ, അയ്യപ്പന്‍ 40 കിലോ, ഞാന്‍ 60. ജോണ്‍ പറഞ്ഞു, 'ഞാനും അയ്യപ്പനും കഴിക്കുന്ന ഭക്ഷണങ്ങള്‍ ബുദ്ധിയായിപ്പോകുന്നു. നീ ബുദ്ധിയില്ലാത്തവനായതുകൊണ്ട് അതു നിന്റെ ശരീരത്തില്‍പ്പിടിച്ചു തൂക്കം കൂട്ടുന്നു.' ഒരു ദിവസം അയ്യപ്പന്‍ ആദ്യമായി വീട്ടില്‍ വന്നു. അന്നെല്ലാം താടിവെച്ചവര്‍ വീട്ടില്‍ വന്നാല്‍ നക്‌സലൈറ്റ് എന്നു കരുതി അപ്പന്‍ വീട്ടില്‍ കയറ്റാറില്ല. പക്ഷേ, നന്നായി വേഷം ധരിച്ച് ക്ലീന്‍ ഷേവു ചെയ്ത് അയ്യപ്പന്‍ വന്നപ്പോള്‍ അപ്പന്‍ കുഴപ്പമൊന്നുമുണ്ടാക്കിയില്ല. അന്നു വീട്ടില്‍ അപ്പന്‍, അമ്മ, രണ്ടു സഹോദരികള്‍, ചേട്ടന്‍ എല്ലാവരുമുണ്ട്. എങ്കിലും അയ്യപ്പന്‍ എന്റെ മുറിയില്‍ എന്റെ കൂടെ താമസിച്ചു. എന്റെ കൗമാരകവിതകള്‍ പലതും കീറിക്കളയാന്‍ അയ്യപ്പന്‍ പറഞ്ഞു. ചില കവിതകള്‍ വായിച്ച് അഭിനന്ദിച്ചു.
അന്നു സന്ധ്യയ്ക്ക് അയ്യപ്പന്‍ പറഞ്ഞു: 'എനിക്കു നൂറു കഴിക്കണം.' എന്റെ നാട്ടില്‍ എവിടെയാണു ചാരായഷാപ്പ് എന്ന് എനിക്കറിയില്ലായിരുന്നു എന്ന സത്യം ഞാന്‍ അയ്യപ്പനോടു പറഞ്ഞു. 'ഞാന്‍ കാണിച്ചുതരാം. ഏതൊരു നാട്ടില്‍ ചെന്നാലും ആദ്യം കണ്ടുപിടിക്കുന്നതു ചാരായഷാപ്പാണ്.' ഞങ്ങള്‍ പോയി. നൂറും മുട്ട പുഴുങ്ങിയതും അയ്യപ്പന്. എനിക്ക് ഒരു മുട്ട പുഴുങ്ങിയത്. കുളിച്ച്, മുടി വൃത്തിയായി ഈരി, യയാതി വായിച്ച് ശാന്തനായി ആദ്യത്തെ രണ്ടുനാള്‍ അയ്യപ്പന്‍ പാര്‍പ്പ്. പിന്നെ അയ്യപ്പന്റെ വാലായ് ഞാന്‍ പറ്റിച്ചേര്‍ന്നു. അദ്ദേഹം എവിടെയും എന്നെ കൂട്ടി. എവിടെ പോയാലും എനിക്കു കത്തെഴുതി- മദ്രാസില്‍ എം. ഗോവിന്ദന്റെ അടുത്തുനിന്ന്, കൊല്ലത്ത് കാക്കനാടന്റെ അടുത്തുനിന്ന്, ഫേണ്‍ഹില്ലില്‍ നിത്യയുടെ അടുത്തുനിന്ന്, ആന്ധ്രയിലെ നെല്ലൂരില്‍ ശ്രീ ശ്രീ എന്ന കവിയുടെ അടുത്തുനിന്ന്.
യാത്ര കഴിഞ്ഞ് പൊരിവെയിലിലോ പെരുമഴയത്തോ രാത്രിയിലോ ഓര്‍ക്കാപ്പുറത്ത് കയറിവരും. അയ്യപ്പനെ ഇഷ്ടമുള്ള എന്റെ അമ്മ വീടിനു ചേര്‍ന്നുള്ള കഞ്ഞിപ്പുരയില്‍ ചോറു വിളമ്പും. പലകയിലിരുന്ന് ഞാനും അയ്യപ്പനും കഴിക്കുന്നത് അമ്മ നോക്കിനില്ക്കും. രാത്രിയില്‍ എന്റെ കൊച്ചുമുറിയിലിരുന്ന് 'മാരിവില്ലിന്‍ തേന്‍മലരേ...' മനോഹരശബ്ദത്തില്‍ അയ്യപ്പന്‍ പാടും. കിടന്നുറങ്ങാന്‍ പറഞ്ഞ് അപ്പന്‍ ശബ്ദമെടുക്കും. ഞാനെഴുതിയ കവിതകള്‍ അയ്യപ്പനെ കാണിക്കുന്നത് മുറിയടച്ചിട്ടു ശാന്തമായി ഇരിക്കുമ്പോഴാണ്. അയ്യപ്പന്റെ കവിതയെഴുതുന്ന വിരലുകള്‍ ഞാന്‍ വിസ്മയത്തോടെ എന്റെ കൈയിലെടുത്തുനോക്കും. ഉമ്മവെക്കും. ആ വിരലുകള്‍ കടിച്ചെടുക്കട്ടേ എന്നു ചോദിക്കും. ഒരിക്കല്‍ നേമത്തെ വീട്ടിലേക്ക് അദ്ദേഹം എന്നെ കൊണ്ടുപോയി. വീട്ടില്‍ അയ്യപ്പന്റെ മുറിയില്‍ കുറച്ചുനേരമിരുന്നു. പെങ്ങളെയും അളിയനെയും മക്കളെയും കണ്ടു. അയ്യപ്പന്റെ പുസ്തകങ്ങള്‍ കണ്ടു. ആരോഗ്യനികേതനം എനിക്കു തന്നു.
ആയിടെ എന്റെ ആദ്യ കവിതാസമാഹാരത്തിന് അയ്യപ്പന്‍ 'ആദ്യചുംബനം' എന്ന പേരില്‍ ഒരു കുറിപ്പ് എഴുതിത്തന്നു. അന്ന് അദ്ദേഹം എഴുതിത്തന്ന പേപ്പറിന്റെ മണവും കൈപ്പടയുടെ മനോഹാരിതയും ഇപ്പോഴും മനസ്സിലുണ്ട്. ദൈവം എഴുതിത്തരുന്ന അക്ഷരങ്ങള്‍പോലെയാണ് ഞാനത് അദ്ദേഹത്തിന്റെ കൈയില്‍നിന്നു വാങ്ങിയത്. അദ്ദേഹം എഴുതി: 'വെയിലില്‍ വിഫലമല്ലാത്ത മഹാവൃക്ഷത്തിന്റെ ചുവട് ഞാനാശംസിക്കുന്നു. ഏറ്റവും നല്ല കവിതയെഴുതുന്ന കവിയുടെ കൈവിരലുകള്‍ കടിച്ചുമുറിക്കാന്‍ നിന്റെ ദംഷ്ട്രങ്ങള്‍ക്ക് ഞാനുറപ്പുതരുന്നു.' 'ബലിക്കുറിപ്പുക'-ളും 'പ്രവാസിയുടെ ഗീത'-വും 'ചിത്തരോഗാസ്പത്രിയിലെ ദിവസങ്ങളു'-മായി കവിതയുടെ വഴികളിലൂടെ ഇടിമിന്നല്‍ ഏല്ക്കാതെ, വാടിക്കരിയാതെ, മഴയില്‍ കൊഴിയാതെ അയ്യപ്പന്‍ ഒഴുകിക്കൊണ്ടിരുന്നു.
ആലുവയില്‍ ഞങ്ങളുടെ കടയുടെ പിന്നില്‍ അയ്യപ്പനു താമസിക്കാനായി ഉണ്ടാക്കിയ മുറിയില്‍ അദ്ദേഹത്തെ കാണാന്‍ ധാരാളം കവികളും ചിത്രകാരന്മാരും വരുമായിരുന്നു. '99-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചപ്പോള്‍ ഞാനും കൂട്ടുകാരുംകൂടി ഇറക്കിയിരുന്ന കവിതാസംഗമം മാസിക അയ്യപ്പന്‍പതിപ്പ് ഇറക്കി. കടയുടെ മുന്നില്‍ വേദിയുണ്ടാക്കി. 2000 മേയ് ഒന്നിന് അയ്യപ്പദിവസം കൊണ്ടാടി. കാര്യപരിപാടി ഉദ്ഘാടനം ചെയ്ത് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രസംഗിച്ചു: 'ഞാന്‍ ചന്തകളില്‍ പ്രസംഗിക്കാന്‍ യോഗ്യനല്ല. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ പ്രസംഗിച്ചിട്ടുള്ളത് യേശുദേവനും ബുദ്ധനും നബിയും പ്ലേറ്റോയും മറ്റുമാണ്. ഇപ്പോള്‍ എന്നെ അതിനുള്ള യോഗ്യനാക്കിയത് അയ്യപ്പനാണ്.'
ഒരിക്കല്‍ അയ്യപ്പന്‍ വീട്ടില്‍ വന്നപ്പോള്‍ എനിക്കൊരു പുസ്തകം തന്നു. അയ്യപ്പന്റെ കണ്ണ് എന്ന പുതിയ കവിതാസമാഹാരം. തുറന്നുനോക്കാന്‍ പറഞ്ഞു. അതില്‍ ആദ്യപേജില്‍ ഇങ്ങനെ: 'എന്നും ഒരു കാലൊച്ച പ്രതീക്ഷിക്കുന്ന സാഹോദര്യത്തിന്, സെബാസ്റ്റ്യന്.' എന്റെ കണ്ണുനിറഞ്ഞു. അയ്യപ്പന്‍ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു: 'നിനക്കല്ലാതെ ഞാന്‍ കവിത ആര്‍ക്കു സമര്‍പ്പിക്കും.' കവിതയെ കൃഷ്ണമണിപോലെ ശ്രദ്ധിക്കണമെന്ന്, അതിന് ആഴത്തിന്റെയും പരപ്പിന്റെയും ശക്തമായ മൗലികതയുണ്ടെന്ന്, ചോര ചീറ്റുമാറു നെഞ്ചുകീറി തെളിയിച്ച കവിയുടെ എനിക്കുള്ള സമ്മാനം!
ആലുവയില്‍ താമസിക്കുമ്പോള്‍ പലപ്പോഴും അദ്ദേഹത്തിനു സുഖമില്ലാതെ ആസ്പത്രിയില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്. അന്നെല്ലാം അദ്ദേഹത്തെ നോക്കിയിട്ടുള്ളത് ആലുവച്ചന്തയിലെ സി.ഐ.ടി.യു. തൊഴിലാളിയും എന്റെ സുഹൃത്തുമായ ജേക്കബായിരുന്നു. നടന്‍ മുരളി മരിച്ചതറിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു, 'വി.പി. ശിവകുമാര്‍ പോയി, ജോണ്‍ പോയി, സുരാസു പോയി, ടി.ആര്‍.പോയി, കടമ്മന്‍ പോയി, ഇപ്പോ മുരളി പോയി. ഞാന്‍ പോകില്ല, എനിക്കു പോകാന്‍ മനസ്സില്ല.' വാക്കുകളുടെ വജ്രസൂചികള്‍കൊണ്ടു വായനക്കാരന്റെ കരള്‍ കുത്തിമുറിക്കാന്‍ സുഹൃത്തുക്കള്‍ പോയിട്ടും അയ്യപ്പന്‍ ജീവിച്ചിരുന്നു.
( മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എ. അയ്യപ്പന്റെ 'സമ്പൂര്‍ണകവിതകള്‍' എന്ന പുസ്തകത്തിന് സെബാസ്റ്റ്യന്‍ എഴുതിയ ആമുഖത്തില്‍ നിന്ന് ഒരു ഭാഗം -പുനഃപ്രസിദ്ധീകരണം)
Content Highlights: sebastian about late malayalam poet a ayyappan