'നിങ്ങളുടെ ഭാര്യയെ രക്ഷിക്കാന്‍ എന്തു വേണമെങ്കിലും ഞാന്‍ ചെയ്യാം,' അവര്‍ പറഞ്ഞു

കുര്‍ദ് മേഖലയുടെ തലസ്ഥാനനഗരി -എര്‍ബില്‍. അവിടെ ഹോട്ടല്‍ ജീവനക്കാരനായ ബന്ധുവിനടുത്ത് നാദിയയെ എത്തിച്ചതോടെ നാസര്‍ തന്റെ ഉത്തരവാദിത്വം ഭംഗിയായി പൂര്‍ത്തിയാക്കി. എന്നിട്ടും, മടങ്ങാന്‍ അയാള്‍ക്ക് പാതിമനസ്സേ ഉണ്ടായിരുന്നുള്ളൂ. ഐസിസിന് അടിമപ്പെടേണ്ടിവന്ന പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ യസീദികള്‍ തയ്യാറാകുമോ എന്നായിരുന്നു നാസറിന്റെ സംശയം.
'ഇനി കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പല്ലേ? വേണമെങ്കില്‍ ഞാന്‍ നിനക്കൊപ്പം കുറച്ചു ദിവസംകൂടി നില്ക്കാം.'
മൊസ്യൂളില്‍നിന്ന് ഒരു സുന്നി അധികകാലം കുര്‍ദിസ്ഥാനില്‍ തുടരുന്നത് അപകടമാണെന്നിരിക്കെ, സുരക്ഷിതനായി നാസറിനെ തിരിച്ചയയ്ക്കേണ്ടത് നാദിയയുടെ കടമയാണ്.
'എനിക്കുവേണ്ടി നിങ്ങള്‍ ഒരുപാട് ത്യാഗം ചെയ്തുകഴിഞ്ഞു. എങ്ങനെ നന്ദി പറയണമെന്നുപോലും എനിക്ക് അറിയില്ല,' അവള്‍ പറഞ്ഞു.
നാസറിന്റെ കണ്ണുകളില്‍ നീര്‍ത്തുള്ളികള്‍ രൂപപ്പെടുന്നത് നാദിയ ശ്രദ്ധിച്ചു. അടുത്ത നിമിഷം അത് കവിള്‍ത്തടത്തിലേക്ക് ഊര്‍ന്നിറങ്ങി.
കരച്ചില്‍ അടക്കാന്‍ നാദിയയ്ക്കും സാധിക്കുമായിരുന്നില്ല. സ്നേഹം വാക്കുകളില്‍ കൊള്ളാതെവന്നു.
'ദൈവം നിന്നോടൊപ്പം ഉണ്ടാകും, നാദിയ,' നാസര്‍ മംഗളം നേര്‍ന്നു. തിരിച്ചു നാദിയയും.
അവള്‍ കണ്ണുകളടച്ച് നാസറിനും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിച്ചു. കണ്ണുകള്‍ തുറന്നപ്പോള്‍ അവളുടെ രക്ഷകന്‍ അപ്രത്യക്ഷനായി.
പിന്നീടുള്ള ദിവസങ്ങളത്രയും നാസറിനെയും കുടുംബത്തെയും കുറിച്ച് നാദിയ ആകാംക്ഷാഭരിതയായി. ഒരുപക്ഷേ, അവളെക്കാള്‍ അക്കാര്യത്തില്‍ താത്പര്യം ഹെസ്നിക്കായിരുന്നു. സഹോദരിയെ രക്ഷിച്ചവര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് തന്റെ കടമയാണെന്ന് അയാള്‍ കരുതി.
ഒന്നുരണ്ടു വട്ടം ഹിഷാമിനോടും നാസറിനോടും ഫോണില്‍ സംസാരിക്കാന്‍ അവര്‍ക്കായി. ഒരു ദിവസം ആ നമ്പര്‍ നിലവിലില്ലെന്ന അറിയിപ്പാണ് കിട്ടിയത്. ഹെസ്നിയുടെ ചില ബന്ധങ്ങള്‍ വഴി വീണ്ടും അന്വേഷണം തുടര്‍ന്നു. നാസര്‍ നാദിയയെ സഹായിച്ച വിവരം ഐസിസിന് ആരോ ചോര്‍ത്തിക്കൊടുത്തുവെന്നും ഹിഷാമും ബഷീറും അറസ്റ്റിലായെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. നാസര്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നു വിശ്വസിപ്പിച്ച് അവര്‍ പുറത്തിറങ്ങി.
പിന്നീടൊരിക്കലും നാസറിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും നാദിയയിലേക്ക് എത്തിയില്ല. ഇറാഖിസേന മൊസ്യൂള്‍ വീണ്ടെടുക്കുന്നതുവരെ അവന്റെ കുടുംബം മൊസ്യൂളില്‍ ഉള്ളതായി അറിയാന്‍ കഴിഞ്ഞു. യുദ്ധത്തിനിടയില്‍ നാസറിന്റെ സഹോദരന്മാര്‍ കൊല്ലപ്പെട്ടുവെന്നും വാര്‍ത്തയെത്തി. ഒന്നും സത്യമാകരുതെന്ന് പ്രാര്‍ഥിക്കുവാനല്ലാതെ മറ്റെന്തെങ്കിലും ചെയ്യാന്‍ നാദിയയും ഹെസ്നിയും നിസ്സഹായരായിരുന്നു. യുദ്ധഭൂമിയുടെ വിധി അത്രയും പൈശാചികമാണ്.
ഇതിനിടയില്‍ ചിതറിപ്പോയ നാദിയയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ പെണ്‍കുട്ടികളില്‍ പലരും സാഖോയിലെ അഭയാര്‍ഥിസങ്കേതത്തിലേക്ക് രക്ഷപ്പെട്ടെത്തി. യസീദിപ്പെണ്‍കുട്ടികളെ ഐസിസില്‍നിന്ന് മോചിപ്പിക്കാന്‍ സന്നദ്ധമായ ശൃംഖലയില്‍ ഹെസ്നിയും കണ്ണിയായിരുന്നു. ബന്ധങ്ങള്‍ അയാള്‍ ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്തി.
നാദിയയ്ക്കു ശേഷം ആദ്യമെത്തിയത് റോജിയനാണ്. പിന്നെ ദിമാല്‍. അധികം വൈകാതെ അഡ്കി. എല്ലാവര്‍ക്കും അതിജീവനത്തിന്റെ സംഭവബഹുലമായ കഥകള്‍.
ഹെസ്നിയുടെ ഭാര്യ ജിലനെ രക്ഷിച്ചത് അവളുടെ ഉടമയുടെ ഭാര്യയാണ്. അവിചാരിതമായാണ് ഹെസ്നിക്ക് ഫോണ്‍ വന്നത്. വിളിച്ച സ്ത്രീ സ്വന്തം ഭര്‍ത്താവ് സബിയ്യമാരോടു ചെയ്യുന്ന ക്രൂരതകളില്‍ അത്രമേല്‍ അസ്വസ്ഥയായിരുന്നു.
'നിങ്ങളുടെ ഭാര്യയെ രക്ഷിക്കാന്‍ എന്തു വേണമെങ്കിലും ഞാന്‍ ചെയ്യാം,' അവര്‍ പറഞ്ഞു.
എന്തിനും തയ്യാറാണെന്ന് അവര്‍ പറഞ്ഞത് കൊല്ലാന്‍പോലും എന്ന അര്‍ഥത്തില്‍ത്തന്നെയാണ്. അമേരിക്കന്‍ സൈന്യത്തിനൊപ്പം ഐസിസിനോടു പോരാടുന്ന കുര്‍ദ് സുഹൃത്തിന്റെ കൂടി സഹായത്തോടെ ഹെസ്നി പദ്ധതി നടപ്പാക്കി. ജിലന്‍ തിരികെയെത്തി.
കത്രീന്റെ കാര്യത്തില്‍ പക്ഷേ, ഹെസ്നിക്ക് പിഴച്ചു. അവള്‍ ജീവിച്ചിരിപ്പുണ്ടെന്നും ഡോ. ഇസ്ലാം എന്നയാളുടെ അടുത്താണ് ഉള്ളതെന്നും വിവരം ലഭിച്ചു. കത്രീന്‍ സഹായമഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് ഡോ. ഇസ്ലാമിന്റെ വീട്ടില്‍ മാലിന്യമെടുക്കാനെത്തിയ നല്ലവനായ മനുഷ്യനാണ് അക്കാര്യം ഹെസ്നിയെ ഫോണില്‍ വിളിച്ച് പറഞ്ഞത്. അതനുസരിച്ച് ഐസിസിനെ എതിര്‍ത്തിരുന്ന ചില അറബികളുടെ സഹായത്തോടെ കത്രീനെ അതിര്‍ത്തി കടത്താനായിരുന്നു നീക്കം. പക്ഷേ, അവസാന നിമിഷം എല്ലാം തകിടംമറിഞ്ഞു. ലക്ഷ്യത്തിന് തൊട്ടടുത്തുണ്ടായ ബോംബ് സ്ഫോടനം. കത്രീനെ വിധി നിത്യശാന്തിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഏതാനും മാസങ്ങള്‍കൂടി നാദിയ അഭയാര്‍ഥിക്യാമ്പില്‍ത്തന്നെ തുടര്‍ന്നു. പീന്നീട്, യസീദികളെ സഹായിക്കുന്ന സന്നദ്ധസംഘടനകളുടെ സഹായത്തോടെ ജര്‍മനിയിലേക്ക് കുടിയേറി.
കുര്‍ദിസ്ഥാനില്‍നിന്ന് ജര്‍മനിയിലെത്തിയെങ്കിലും കഴിഞ്ഞതെല്ലാം ദുഃസ്വപ്നമായി മറക്കാന്‍ നാദിയ മുറാദിനായില്ല. എപ്പോഴും ഐസിസ് പിടിയില്‍ കഴിയുന്ന പെണ്‍കുട്ടികളെക്കുറിച്ചുള്ള ചിന്തകള്‍ അവളുടെ ഉറക്കം കെടുത്തി. ഐസിസ് തന്നോടും ബന്ധുക്കളോടും കാട്ടിയ ക്രൂരതകള്‍ ലോകത്തോടു വിളിച്ചുപറയാന്‍ അവളുടെ മനസ്സ് വെമ്പല്‍കൊണ്ടു. ചെയ്തുകൂട്ടിയ ആസുരതകള്‍ക്ക് ഐസിസിന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തന്നെക്കൊണ്ടാവുന്നതുപോലെ എന്തെങ്കിലും ചെയ്യാന്‍ അവള്‍ തീരുമാനിച്ചുറപ്പിച്ചു. അങ്ങനെയാണ് അവള്‍ ഇംഗ്ലണ്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകയും അഭിഭാഷകയുമായ അമാല്‍ ക്ലൂണിയെ കാണാന്‍ തീരുമാനിച്ചത്. നാദിയയെ ഇന്ന് ലോകമറിയുന്ന നാദിയ മുറാദ് ആക്കി മാറ്റിയത് ആ കൂടിക്കാഴ്ചയായിരുന്നു. അഭിഭാഷക -കക്ഷി എന്ന നിലയിലല്ലാതെ ഇരുവരും തമ്മില്‍ വലിയൊരു കൂട്ടുകെട്ടുമുണ്ടായി.
അതൊരു അസാധാരണമായ കൂട്ടുകെട്ടായിരുന്നു. പങ്കുവെക്കാന്‍ പൊതുവായി ഒന്നുമില്ലാത്ത രണ്ടു സ്ത്രീകള്‍ തമ്മിലുണ്ടായ ആത്മബന്ധം. ഒരാള്‍
ഓക്സ്ഫഡില്‍ പഠിച്ചിറങ്ങി ഹോളിവുഡ് താരത്തിനെ വിവാഹം കഴിച്ച് അമേരിക്കയില്‍ കഴിയുന്ന സെലിബ്രിറ്റി അഭിഭാഷക. മറ്റെയാള്‍ സ്‌കൂള്‍വിദ്യാഭാസം പൂര്‍ത്തിയാക്കാത്ത, ആളുകളുടെ മുഖത്തേക്കുപോലും നോക്കാന്‍ ആത്മവിശ്വാസമില്ലാത്ത തനി നാടന്‍ പെണ്‍കുട്ടി. എന്നിട്ടും അമാല്‍ ക്ലൂണിയും നാദിയ മുറാദും തമ്മില്‍ അഗാധസൗഹൃദത്തിന്റെ ഇഴയടുപ്പമുണ്ടായി. നാദിയയ്ക്കുവേണ്ടി അമാല്‍ ക്ലൂണി അന്താരാഷ്ട്ര കോടതിയില്‍ കേസ് വാദിക്കാന്‍ തുടങ്ങിയതോടെയാണ് യസീദികളുടെ ദുരിതകഥകളുടെ നേര്‍ചിത്രം ലോകമറിഞ്ഞുതുടങ്ങിയത്.
'അമാല്‍' എന്ന അറബി പദത്തിനര്‍ഥം പ്രതീക്ഷ എന്നാണ്. ലബനണിലെ ബെയ്റൂത്തില്‍ റംസി അലാമുദ്ദീന്റെയും ബാരിയ മിക്നാസിന്റെയും മകളായി 1978 ലായിരുന്നു അമാലിന്റെ ജനനം. 1980 കളിലെ ലബനണ്‍ ആഭ്യന്തരകലാപങ്ങളെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം നാലാം വയസ്സില്‍ അമാല്‍ ഇംഗ്ലണ്ടിലേക്ക് കുടിയേറി. പിന്നെ പഠിച്ചതും വളര്‍ന്നതുമൊക്കെ അവിടെയായിരുന്നു. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലോയില്‍നിന്ന് എല്‍എല്‍.എം. ബിരുദമെടുത്തശേഷം അമാല്‍ ലണ്ടനിലെ ഡോട്ടി സ്ട്രീറ്റ് ചേംബേഴ്സ് എന്ന അഭിഭാഷകസ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു. പൗരാവകാശങ്ങള്‍ക്കുവേണ്ടി രാജ്യാന്തര കോടതികളില്‍ വാദിക്കുന്ന അഭിഭാഷകരുടെ ഒരു കൂട്ടമായിരുന്നു ഡോട്ടി സ്ട്രീറ്റ് ചേംബേഴ്സിലുണ്ടായിരുന്നത്. ഈജിപ്തില്‍ തടവിലാക്കപ്പെട്ട അല്‍-ജസീറ ലേഖകന്‍ മുഹമ്മദ് ഫാമി, മാലിയിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദ്, വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയസ് അസാന്‍ജെ, യുക്രൈൻ മുന്‍ പ്രധാനമന്ത്രി യുലിയ തൈമോഷെന്‍കോ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്കുവേണ്ടി അമാല്‍ കേസ് വാദിച്ചു. 2014 ലായിരുന്നു ഹോളിവുഡ് നായകന്‍ ജോര്‍ജ് ക്ലൂണിയുമായുള്ള അമാലിന്റെ വിവാഹം. അതോടെ സെലിബ്രിറ്റി പദവിയിലേക്ക് സ്വാഭാവികമായി അമാല്‍ എത്തിപ്പെട്ടു. ലണ്ടനിലും ന്യൂയോര്‍ക്കിലുമായി താരപ്പകിട്ടോടെ ജീവിതം തുടര്‍ന്നു ആ ദമ്പതികള്‍.
2016-ന്റെ തുടക്കത്തിലാണ് നാദിയ മുറാദ് അമാല്‍ ക്ലൂണിയെ കാണാനെത്തുന്നത്. തന്നോടു ക്രൂരത കാട്ടിയ ഐസിസ് കമാന്‍ഡര്‍മാരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ സഹായം തേടിക്കൊണ്ടായിരുന്നു ആ വരവ്. നിന്നുതിരിയാന്‍ സമയമില്ലാത്തത്രയും ജോലിത്തിരക്കിലായിരുന്നു അമാല്‍ അന്ന്. നാദിയയ്ക്കാണെങ്കില്‍ ഇംഗ്ലീഷില്‍ സംസാരിക്കാനുമറിയില്ല. ദ്വിഭാഷിയുടെ സഹായത്തോടെ കുര്‍ദിഷ് ഭാഷയില്‍ കാര്യങ്ങള്‍ അരമണിക്കൂറിനുള്ളില്‍ ചുരുക്കിപ്പറയാന്‍ അമാല്‍ ക്ലൂണി നാദിയയയോട് ആവശ്യപ്പെട്ടു. നാദിയയുടെ കഥ കേട്ടുതുടങ്ങിയതോടെ തലയ്ക്ക് അടിയേറ്റപോലെയായി അമാലിന്. 'ഒരുതുള്ളി കണ്ണീര്‍പോലും വീഴ്ത്താതെ തനിക്ക് നേരിടേണ്ടിവന്ന കൊടുംപീഡനങ്ങളുടെ കഥ നാദിയ പറഞ്ഞുതുടങ്ങി. മറ്റാര്‍ക്കോ സംഭവിച്ച അനുഭവങ്ങള്‍ വിവരിക്കുന്നതുപോലെ നിര്‍വികാരമായിട്ടായിരുന്നു അവളുടെ പറച്ചില്‍. പല കാര്യങ്ങളും വിവരിക്കുന്നതു കേട്ട് ഞാന്‍ കസേരയില്‍നിന്ന് ഞെട്ടിയെഴുന്നേറ്റുപോയി. പറയുന്നതില്‍ ഒരുതുള്ളിപോലും കളവില്ലെന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ വ്യക്തമായി. എല്ലാം പറഞ്ഞുതീര്‍ത്തപ്പോള്‍ അവളുടെ മുഖത്ത് അല്പം ആശ്വാസം കാണാമായിരുന്നു. അപ്പോഴും പടപടാ മിടിക്കുന്നുണ്ടായിരുന്നു എന്റെ മനസ്സ്. പിന്നെയവള്‍ പറഞ്ഞു, എനിക്ക് നീതി വാങ്ങിത്തരണം,' നാദിയയുമായുള്ള ആദ്യകൂടിക്കാഴ്ചയെ അമാല്‍ വിവരിക്കുന്നത് ഇങ്ങനെ. എല്ലാ തിരക്കുകളും മാറ്റിവെച്ച് നാദിയയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ അമാല്‍ ക്ലൂണി തീരുമാനിച്ചു. ആ വര്‍ഷം ജൂണില്‍ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ നാദിയയെ പ്രതിനിധീകരിച്ച് ഹാജരാവുകയും ചെയ്തു.
2016 സെപ്റ്റംബര്‍ 22ന് നാദിയ മുറാദിനും അമാല്‍ ക്ലൂണിക്കും ഐക്യരാഷ്ട്രസഭാ അസംബ്ലിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു. തന്റെ ദുരിതകഥകള്‍ കണ്ണീരോടെ നാദിയ വിവരിച്ചപ്പോള്‍ സദസ്സില്‍ സന്നിഹിതരായ മുഴുവന്‍ ലോകരാജ്യ പ്രതിനിധികളുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു അമാലിന്റെ പ്രസംഗം. കൂട്ടക്കൊലയും അടിമത്തവും ഇപ്പോഴും തുടരുന്നുവെന്ന് അംഗങ്ങളെ ഓര്‍മിപ്പിച്ച അമാല്‍ യസീദികളോടു കാട്ടിയ ക്രൂരതയുടെ പേരില്‍ ഒരു ഐസിസ് അംഗവും നിയമ നടപടി നേരിടുന്നില്ലെന്ന കാര്യവും ഓര്‍മിപ്പിച്ചു.
'യു.എന്‍. സെക്രട്ടറി ജനറല്‍ ഉള്‍പ്പെടുന്ന അതിവിശിഷ്ട വ്യക്തികളുടെ മുന്നില്‍ സംസാരിക്കാന്‍ എനിക്ക് ലഭിക്കുന്ന ആദ്യത്തെ അവസരമാണിത്. ഇവിടെയിങ്ങനെ നില്ക്കാന്‍ സാധിച്ചതില്‍ ന്യായമായും എനിക്ക് അഭിമാനം തോന്നേണ്ടതാണ്. പക്ഷേ, എനിക്ക് അഭിമാനിക്കാനാകുന്നില്ല, പകരം നാണക്കേടാണ് മനസ്സില്‍ നിറയുന്നത്. കൂട്ടക്കുരുതികള്‍ തടയാനോ കുറ്റവാളികളെ ശിക്ഷിക്കാനോ മുതിരാതെ സ്വന്തം താത്പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന യു.എന്‍. അംഗരാജ്യങ്ങളെക്കുറിച്ചോര്‍ത്ത് എനിക്ക് നാണക്കേട് തോന്നുന്നു. അഭിഭാഷകയെന്ന നിലയ്ക്കും നാണക്കേടുകൊണ്ടെന്റെ ശിരസ്സ് കുനിയുകയാണ്, ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നു മാത്രമല്ല അവരുടെ പരാതിപോലും ആരും കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. പെണ്ണായതിലും എനിക്കിപ്പോള്‍ നാണക്കേടുണ്ട്. കാരണം, നാദിയയെപ്പോലുള്ള ഒരുപാട് പെണ്‍കുട്ടികളുടെ ശരീരങ്ങള്‍ യുദ്ധക്കളത്തില്‍ വില്ക്കപ്പെടുകയാണ്. മനുഷ്യജീവി എന്ന നിലയ്ക്ക് അത്തരം കുട്ടികളെയും അവരുടെ കരച്ചിലും അവഗണിക്കേണ്ടിവരുന്നതിലും എനിക്ക് നാണക്കേടുണ്ട്,' ഇങ്ങനെയാണ് അമാല്‍ തന്റെ പ്രസംഗം തുടങ്ങിയത്. ഐസിസ് നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അക്കമിട്ടുനിരത്തിയ അമാല്‍ ഇതിനെതിരേ നടപടിയെടുക്കേണ്ടത് ലോകരാജ്യങ്ങളുടെ ബാധ്യതയാണെന്നും വ്യക്തമാക്കി.
ഐസിസ് യസീദികളോടു കാട്ടിയ ക്രൂരതകള്‍ ഏതു കോടതിയുടെ മുന്നിലും തെളിയിക്കാന്‍ തയ്യാറാണെന്ന് അമാല്‍ ക്ലൂണി പറയുന്നു. സാക്ഷികളും തെളിവുകളും മാത്രമല്ല യസീദികളുടെ മൃതദേഹങ്ങള്‍ ഒന്നായി കുഴിച്ചുമൂടിയ ശ്മശാനങ്ങള്‍ പോലുമുണ്ട്. യസീദികളെ ഉപദ്രവിക്കുന്നത് അഭിമാനത്തോടെ കണ്ടിരുന്ന ഐസിസ് ഇക്കാര്യങ്ങള്‍ തുറന്നുസമ്മതിക്കുന്ന എത്രയോ വീഡിയോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഐസിസിന്റെ മുഖപത്രമായി കരുതപ്പെടുന്ന ദബിക്കില്‍ ഇക്കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അവിശ്വാസികളായ ഈ ചെറുന്യൂനപക്ഷത്തെ ഭൂമുഖത്ത് വെച്ചുകൊണ്ടിരിക്കണമോ എന്ന കാര്യം ഓരോ മുസ്ലിമും ചിന്തിക്കണം. അന്ത്യവിധിനാളില്‍ നമ്മളെല്ലാവരും ഇതിന് ഉത്തരം നല്കേണ്ടിവരും,' അമാല്‍ ചൂണ്ടിക്കാട്ടുന്നു.
ഐസിസ് പ്രസിദ്ധീകരിച്ച ചില ലഘുലേഖകളും അമാല്‍ ക്ലൂണി തെളിവായി ഉദ്ധരിക്കുന്നു. കാഫിറുകളായ സ്ത്രീകളെ തടങ്കലില്‍ വെക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നാണ് അത്തരം ലഘുലേഖകളില്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന ചോദ്യോത്തരങ്ങളും ലഘുലേഖയിലുണ്ട്. അവ ഇങ്ങനെയാണ്:
ചോദ്യം: അടിമയാക്കി വെച്ചിരിക്കുന്ന സ്ത്രീകളെ മര്‍ദിക്കുന്നത് അനുവദനീയമാണോ?
ഉത്തരം: അതെ.
ചോദ്യം: ഋതുമതിയാകാത്ത പെണ്ണടിമകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് അനുവദനീയമാണോ?
ഉത്തരം: ലൈംഗികബന്ധത്തിന് അവളുടെ ശരീരം തയ്യാറായിട്ടില്ലെങ്കില്‍പ്പോലും അങ്ങനെ ചെയ്യാവുന്നതാണ്.
ചോദ്യം: പെണ്ണടിമകളെ വില്ക്കുന്നത് അനുവദനീയമാണോ?
ഉത്തരം: അടിമകളെയും തടങ്കലിലാക്കപ്പെട്ട പെണ്ണുങ്ങളെയും വാങ്ങുന്നതും വില്ക്കുന്നതും സമ്മാനമായി നല്കുന്നതുമൊക്കെ അനുവദനീയമാണ്. കാരണം, അവ വെറും വസ്തുവകകളാണ്.
തെളിവുകളുണ്ടെങ്കിലും ഐസിസ് നേതാക്കളെ വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് അമാല്‍ ക്ലൂണിക്കറിയാം. പ്രധാനപ്പെട്ട പ്രശ്നം ഐസിസ് പ്രവര്‍ത്തകരെ പിടികൂടുക ദുഷ്‌കരമായതുതന്നെ. ഇനിയവരെ പിടികൂടിയാല്‍ത്തന്നെ രാജ്യാന്തരനിയമങ്ങളുടെ നൂലാമാലകളില്‍പ്പെട്ട് വിചാരണനടപടികള്‍ അനന്തമായി നീളും.
സമയം വൈകുന്നതിനു മുന്‍പ് ഐസിസ് ക്രൂരതകള്‍ സംബന്ധിച്ച് പരമാവധി തെളിവുകള്‍ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അമാല്‍ ക്ലൂണിയും സംഘവുമിപ്പോള്‍. കൂട്ടക്കുരുതിയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ പോയി കണ്ട് അവരുടെ മൊഴി വീഡിയോയില്‍ പകര്‍ത്താന്‍ തുടങ്ങിക്കഴിഞ്ഞു. യസീദികളോട് കാട്ടിയ ക്രൂരതകളെക്കുറിച്ച് ഔദ്യോഗികമായി അന്വേഷണം നടത്താന്‍ യു.എന്‍. തയ്യാറാവണം എന്ന് അമാല്‍ ക്ലൂണി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മാത്രമേ യസീദികളെ കൂട്ടത്തോടെ മറവുചെയ്ത ശ്മശാനങ്ങള്‍ കണ്ടെത്തി മൃതദേഹങ്ങളില്‍ ഡി.എന്‍.എ. പരിശോധന നടത്താനാവൂ. മാത്രമല്ല, അടിമക്കച്ചവടം നടന്ന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി രജിസ്റ്ററും മറ്റും പിടിച്ചെടുക്കേണ്ടതുണ്ട്. ഓരോ അടിമയെയും വില്ക്കുന്നതിനൊപ്പം വ്യക്തമായ ഭാഷയില്‍ കൈവശ സര്‍ട്ടിഫിക്കറ്റും ഐസിസ് എഴുതിനല്കാറുണ്ട്. അത്തരം സര്‍ട്ടിഫിക്കറ്റുകളില്‍ ഏതെങ്കിലുമൊന്ന് കണ്ടെത്താന്‍
സാധിച്ചെങ്കില്‍ അത് വലിയൊരു തെളിവായി മാറും. കാറോ ബൈക്കോ നായക്കുട്ടിയോ പോലെ പെണ്ണുങ്ങളെയും വില്ക്കാന്‍ ഒരുകൂട്ടര്‍ ശ്രമിച്ചിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവ്-അമാല്‍ പറയുന്നു.
ഐസിസ് ക്രൂരതകള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനായി ഹേഗിലെ രാജ്യാന്തരക്കോടതി മുന്‍കൈയെടുക്കണമെന്നും അമാല്‍ ക്ലൂണിക്ക് അഭിപ്രായമുണ്ട്. 'ലോകത്തില്‍ ഏറ്റവും ഭീകരത പടര്‍ത്തുന്ന കുറ്റവാളിസംഘത്തിനെ പ്രോസിക്യൂട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് അങ്ങനെയൊരു കോടതി?' അമാല്‍ ചോദിക്കുന്നു.
ഇതുവരെ പ്രാരംഭനടപടികള്‍ പോലും തുടങ്ങാത്ത കേസ് തീരാന്‍ വര്‍ഷങ്ങള്‍തന്നെയെടുക്കുമെന്ന് അമാല്‍ ക്ലൂണിക്ക് നല്ല ബോധ്യമുണ്ട്. പക്ഷേ, അതൊന്നുമോര്‍ത്ത് പിന്തിരിയാന്‍ അവര്‍ തയ്യാറല്ല. വര്‍ഷങ്ങള്‍ എത്രയെടുത്താലും നാദിയയുടെ കേസുമായി മുന്നോട്ടുപോവും.
ഐക്യരാഷ്ട്രസഭയില്‍ അമാല്‍ ക്ലൂണി നടത്തിയ പ്രസംഗം വലിയ വാര്‍ത്തയായതോടെ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയെടുക്കണമെന്ന സമ്മര്‍ദം അംഗരാജ്യങ്ങളില്‍നിന്നുണ്ടായി. ഇതേത്തുടര്‍ന്ന് യസീദികള്‍ക്കു നേരേ നടന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തു. ബ്രിട്ടീഷ് അഭിഭാഷകന്‍ കരീം ആസാദ് അഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്വേഷകസംഘം ബാഗ്ദാദിലെത്തി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 2019-ന്റെ തുടക്കംമുതല്‍ സംഘം ഔദ്യോഗികമായി പ്രവര്‍ത്തനം തുടങ്ങി. യൂണിറ്റാഡ് (യു.എന്‍. ഇന്‍വെസ്റ്റിഗേറ്റീവ് ടീം ടു പ്രമോട്ട് അക്കൗണ്ടബിലിറ്റി ഫോര്‍ ക്രൈംസ് കമ്മിറ്റഡ് ബൈ ദാഇഷ്) എന്നാണ് അന്വേഷകസമിതിയുടെ പേര്.
അമാല്‍ ക്ലൂണിയുമായുള്ള കൂടിക്കാഴ്ചയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് നാദിയ മുറാദ് പലപ്പോഴായി ആവര്‍ത്തിച്ചിട്ടുണ്ട്. 'എല്ലാവരും ഒപ്പംനിന്ന് ഫോട്ടോയെടുക്കാന്‍ കൊതിക്കുന്ന വിശിഷ്ടവ്യക്തിത്വമാണ് അമാല്‍ എന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ, അത്തരം ഭാവങ്ങളൊന്നുമില്ലാതെ തികച്ചും അനുതാപത്തോടെയാണ് തുടക്കംമുതല്ക്കേ അവര്‍ പെരുമാറിയത്. സ്വന്തം അമ്മയോ ചേച്ചിയോ സംസാരിക്കുന്നതുപോലെയാണ് അവര്‍ എന്നോട് ഇടപെട്ടിരുന്നത്. സ്ത്രീയാണെന്നോര്‍ത്ത് പിന്നിലേക്ക് മാറിനില്ക്കരുതെന്നും അഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോകണമെന്നും അമാല്‍ എപ്പോഴും പറയുമായിരുന്നു. ജീവിതത്തില്‍ ഏറ്റവും കടപ്പാട് തോന്നിയിട്ടുള്ളതും അവരോടുതന്നെ. അമാല്‍ ക്ലൂണി ഞങ്ങളുടെ കേസ് ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് യസീദികള്‍ അനുഭവിക്കുന്ന കൊടിയ യാതനകളെക്കുറിച്ച് ലോകം അറിഞ്ഞുതുടങ്ങിയത്'- നാദിയയുടെ വാക്കുകള്‍. 2017-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നാദിയയുടെ ആത്മകഥ ദി ലാസ്റ്റ് ഗേളിന് അവതാരിക എഴുതിയതും അമാല്‍തന്നെ.
യുദ്ധക്കെടുതികള്‍ക്കിരയായ യസീദികളെ സഹായിക്കാനായി രൂപവത്കരിക്കപ്പെട്ട 'യസ്ദ' എന്ന സന്നദ്ധസംഘടനയുടെ സജീവപ്രവര്‍ത്തകയാണിപ്പോള്‍ നാദിയ. സംഘടനയുടെ രാജ്യാന്തരതലത്തിലുള്ള കേസുകള്‍ അമാല്‍ ക്ലൂണിയാണ് വാദിക്കുന്നത്. 2014 ഓഗസ്റ്റ് മുതല്‍ ഐസിസിന്റെ ആക്രമണത്തില്‍പ്പെട്ട് അയ്യായിരത്തിലേറെ യസീദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് 'യസ്ദ'യുടെ കൈയിലുള്ള കണക്കുകള്‍. രണ്ടായിരത്തിലധികം സ്ത്രീകളും കുട്ടികളും തടവിലാക്കപ്പെട്ടു. നാല്പതിനായിരം പേര്‍ സിഞ്ജര്‍ മലനിരകളിലെ വീടും വസ്തുവകകളുമെല്ലാം ഉപേക്ഷിച്ച് വിദൂരദേശങ്ങളിലേക്ക് പലായനം ചെയ്തു. ഇവരെയെല്ലാം തിരിച്ചു വീടുകളിലെത്തിക്കുക, സര്‍ക്കാരുകളില്‍നിന്ന് നഷ്ടപരിഹാരം നേടിക്കൊടുക്കുക എന്നീ കര്‍മപരിപാടികളാണ് 'യസ്ദ'യ്ക്കുള്ളത്. നിയമപരമായി സാധിക്കുന്നതെല്ലാം ചെയ്തുകൊടുത്തുകൊണ്ട് അമാല്‍ ക്ലൂണിയും 'യസ്ദ'യ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നു. 'യസ്ദ'യില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് നാദിയ ആബിദ് ഷംദീന്‍ എന്ന യസീദി ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. ഇറാഖി സ്വദേശിയായ ഷംദീന്‍ ഏറെക്കാലം യു.എസ്. സൈന്യത്തിനൊപ്പം ദ്വിഭാഷിയായി പ്രവര്‍ത്തിച്ചയാളാണ്. പിന്നീടാണ് 'യസ്ദ'യുടെ പ്രവര്‍ത്തകനായത്. നാദിയയും ഷംദീനും വളരെ പെട്ടെന്ന് കൂട്ടുകാരായി. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറാനും അധികനാള്‍ വേണ്ടിവന്നില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. 'നാദിയാസ് ഇനിഷ്യേറ്റീവ്' എന്ന സംഘടനയുടെ പേരില്‍ രണ്ടുപേരും ചേര്‍ന്ന് ലോകമെങ്ങും സഞ്ചരിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. യസീദികളുടെ ദുരിതാനുഭവങ്ങള്‍ ലോകത്തെ അറിയിക്കുക, ഐസിസിനെതിരേ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് 'നാദിയാസ് ഇനിഷ്യേറ്റീവ്' കൊണ്ട് ലക്ഷ്യമിടുന്നത്.
നാദിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരമെന്നപോലെ 2018ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അവളെ തേടിയെത്തി. നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യത്തെ ഇറാഖിയും ആദ്യത്തെ യസീദിയും നാദിയതന്നെയാണ്.
Content Highlights: Ps Rakesh Book Excerpt from Njan Nadiya Murad