'അവളെന്റെ കൈയില്‍ പിടിച്ചു, ഭക്ഷണപ്പൊതി തട്ടിപ്പറിച്ചു; വിശപ്പിന് ഭൂമിയിലൊറ്റ ഭാഷയേ ഉള്ളല്ലോ'

മുഹമ്മദ് അബ്ബാസിൻെറ 'വിശപ്പ്, പ്രണയം, ഉന്മാദം' എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം.
തോരണക്കല്ല് സ്റ്റീല്‍പ്ലാന്റില്‍ ഖലാസിയായി ഞാന്‍ ജോലി നോക്കുന്ന കാലം... കര്‍ണാടകയുടെയും ആന്ധ്രയുടെയും ബോര്‍ഡറിലാണ് ഈ സ്റ്റീല്‍പ്ലാന്റ്. പകലൊക്കെ കൊടുംവെയില്. വൈകീട്ട് ആറുമണി കഴിഞ്ഞാല്‍ തണുത്ത കാറ്റ് വീശാന്‍ തുടങ്ങും. താടിയെല്ലുകള്‍ കൂട്ടിയിടിക്കുന്ന തണുപ്പില്‍, അവിടവിടെ കത്തുന്ന വിളക്കുകളുമായി പ്ലാന്റ് ഒരു ഭീകരജീവിയെപ്പോലെ കിടക്കുന്നുണ്ടാവും. രാത്രി ഷിഫ്റ്റിലെ ജോലിക്കാരുടെ ബഹളങ്ങളുണ്ടാവും. ഖലാസിപ്പാട്ടുകള്‍ ഉണ്ടാവും...
രാത്രികളില്‍ ലേബര്‍ ക്യാമ്പ് മദ്യമണംകൊണ്ട് നിറയും. മലയാളിയും തമിഴനും തെലുങ്കനും ഹിന്ദിക്കാരനും ഒന്നിച്ചിരുന്ന് ചിരികളികളോടെയാണ് മദ്യപാനം തുടങ്ങുക. കൊഴുപ്പു കൂട്ടാന്‍ ചീട്ടുകളിയും ഉണ്ടാവും. തുടക്കത്തില്‍ കെട്ടിപ്പിടിച്ചും പരസ്പരം ചുംബിച്ചും വീട്ടിലെ കാര്യങ്ങള്‍ പങ്കുവെച്ചും മുന്നേറുന്ന ആ വട്ടങ്ങളില്‍ പെട്ടെന്നാണ് അടിവീഴുക. എന്തിനെന്നോ ആരു തമ്മിലെന്നോ അറിയാന്‍ കഴിയില്ല. ആദ്യത്തെ അടിവീഴുമ്പോള്‍ തന്നെ ചുമരിലെ ബള്‍ബ് ആരെങ്കിലും ഊരി മാറ്റിയിട്ടുണ്ടാവും.
ഞാന്‍ ആ ഹാളില്‍നിന്നിറങ്ങി പുറത്തുനില്‍ക്കും. ആരൊക്കെയോ തമ്മില്‍ത്തല്ലുന്നു. അലറുന്നു. ഗ്ലാസുകളും മറ്റു വസ്തുക്കളും പുറത്തേക്ക് പാഞ്ഞുവരുന്നു. നിലത്തു വീണ് പൊട്ടിച്ചിതറുന്നു. ചുരുളികള്‍ തോറ്റുപോവുന്ന തെറിവിളികളുടെ ആ ബഹളത്തിനു പുറത്ത് നില്‍ക്കുമ്പോള്‍ ഞാന്‍ നാടിനെ ഓര്‍ക്കും. കൂട്ടുകാരെ ഓര്‍ക്കും. ഒരു ബിയര്‍ വാങ്ങി അത് മൂന്നാള് പങ്കിട്ട് കഴിച്ച്, ചുള്ളിക്കാടിന്റെയും കടമ്മനിട്ടയുടെയും കവിതകള്‍ ചൊല്ലിയിരുന്ന ആ രാത്രികള്‍ ഓര്‍മയില്‍ തെളിയും. ഞാനില്ലാത്ത ആ പാറപ്പുറത്ത് ഇപ്പോഴും കവിതകള്‍ മുഴങ്ങുന്നുണ്ടാവും. ബിയറിന്റെ നുരപതകള്‍ ചിതറുന്നുണ്ടാവും.
പകലുകളില്‍ പ്ലാന്റ് ഒരു ഇരുമ്പിന്‍കാടായി മാറും. ചുറ്റും ഇരുമ്പുമാത്രം... ഇരുമ്പിന്റെ കൂറ്റന്‍ ബീമുകള്‍. ആര്‍ച്ചുകള്‍. ത്രികോണങ്ങള്‍. പിരമിഡുകള്‍. കാല് ചവിട്ടുന്നിടത്തെല്ലാം ഇരുമ്പിന്റെ കനത്ത ഷീറ്റുകള്‍... വെയിലേറ്റ് പൊള്ളിക്കിടന്ന ഇരുമ്പുനിലങ്ങള്‍... ചുറ്റും ഇരുമ്പയിരിന്റെ മണ്ണുള്ള കുന്നുകള്‍. മൂവായിരം ഏക്കറില്‍ പരന്നു കിടന്ന ആ പ്ലാന്റിന്റെ പൂര്‍വകാലം ഹരപ്പനഹള്ളി എന്ന ഗ്രാമത്തിന്റേതായിരുന്നു. കാലികളും കടലപ്പാടങ്ങളും സൂര്യകാന്തിപ്പാടങ്ങളും കുടിലുകളും മനുഷ്യരുമെല്ലാം ചുട്ടുപൊള്ളുന്ന ആ ഇരുമ്പിന്‍ കാട്ടിനടിയില്‍ കുഴിച്ചുമൂടപ്പെട്ടതാണ്. ജീവനവും ഉപജീവനവും കുടിലുകളും നഷ്ടമായ ആ വിലാപങ്ങളെ മറക്കാനായി ചെയിന്‍ ബ്ലോക്ക് വലിക്കുന്ന ഖലാസികള്‍ക്കൊപ്പം ഞാനും ആ ഖലാസിപ്പാട്ടുകള്‍ ഉറക്കെ ഏറ്റുപാടും.
കട്ടര്‍ മിനവ്വറും വെല്‍ഡര്‍ ദാമുവും ഫിറ്റര്‍ സ്റ്റാലിനും ഫാബ്രിക്കേറ്റര്‍ വാസുവേട്ടനുമൊക്കെ ആ വെയിലിനുകീഴില്‍ വിയര്‍ത്തുകുളിച്ചു പണിയെടുക്കുന്നുണ്ടാവും. തലേന്ന് രാത്രിയിലത്തെ അടിയുടെ അടയാളങ്ങള്‍ ആ മുഖങ്ങളിലും കൈകാലുകളിലും ചോര ചുറ്റിക്കിടക്കുന്നുണ്ടാവും. കിട്ടാന്‍ വൈകുന്ന ശമ്പളത്തിന്റെയും കിട്ടിയേക്കാവുന്ന ഓവര്‍ടൈമിന്റെയും പ്രതീക്ഷകള്‍ ആ മുഖങ്ങളിലുണ്ടാവും. നാട്ടില്‍നിന്നും വരുന്ന കത്തുകളിലെ ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റിനു മുമ്പില്‍ പിന്നെയും രാത്രി അടികള്‍ ആവര്‍ത്തിക്കും.
വെയിലും തണുപ്പും മഴയും ഓണവും വിഷുവും പെരുന്നാളുകളും രാത്രിത്തല്ലുകളും കടന്നുപോകുന്നു. ആവര്‍ത്തനത്തിന്റെ ആ അന്തമില്ലാത്ത പാതകളില്‍ ആര്‍ദ്രതകള്‍ നഷ്ടമായി, ഇരുമ്പിന്‍ കാട്ടിലൂടെ ഞങ്ങള്‍ നടന്നു... കൈ തൊടുന്ന ഇടമെല്ലാം വെയിലേറ്റു പൊള്ളിയ ഇരുമ്പായിരുന്നു. കാല്‍ച്ചുവട്ടില്‍ ഇരുമ്പായിരുന്നു. ചുറ്റും അലറി വിളിച്ചത് ഇരുമ്പിന്റെ ഉഗ്രതാളങ്ങളായിരുന്നു.
പക്ഷേ ഞങ്ങള്‍ക്ക് ഭക്ഷണം കിട്ടിയിരുന്നു. പ്ലാന്റില്‍ മെസ്സ് ഉണ്ടായിരുന്നു. ടോക്കണ്‍ എടുത്തു വാങ്ങാവുന്ന ചോറും ഇറച്ചിയും മീനും ലസിയും ഉണ്ടായിരുന്നു. ആ ഇരുമ്പിന്‍കാടിന്റെ തുറസുകളില്‍ പണിയെടുത്തിരുന്ന സിവില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണംപോലും കൃത്യമായിട്ടു കിട്ടിയിരുന്നില്ല. ഞങ്ങള്‍ക്കു കിട്ടുന്ന കൂലിയുടെ മൂന്നിലൊന്നുപോലും അവര്‍ക്കു കിട്ടിയില്ല. എന്നിട്ടും പണിയെടുക്കാനായിമാത്രം അവര്‍ ജീവിച്ചു.
അവരുടെ കൂട്ടത്തിലാണ് അപൂര്‍വമായി പെണ്‍ശരീരങ്ങള്‍ കണ്ടത്. തലയില്‍ വലിയ കരിങ്കല്ലും ചുമന്ന് കാലില്‍ ചെരുപ്പുപോലുമില്ലാതെ തീയില്‍ ചവിട്ടി അവര്‍ നടന്നു. അവരുടെ നരച്ച് നിറം മങ്ങിയ ചേലത്തുമ്പുകളില്‍ പോയകാലത്തിന്റെ ഓര്‍മ്മകളായി, നിറങ്ങള്‍ അതിരിട്ടുനിന്നു. അവരുടെ മണ്ണായിരുന്നു അത്. അവരുടെ കൃഷിയിടങ്ങളായിരുന്നു അവിടം. അവര്‍ ഓടിക്കളിച്ച പാതകളായിരുന്നു അത്. ആ മണ്ണില്‍ വീണ അവരുടെ കണ്ണീരിനെ അളന്നെടുക്കാന്‍ ഭൂമിയിലെ മുഴുവന്‍ അളവുപാത്രങ്ങളും മതിയാവുമായിരുന്നില്ല. ആ മണ്ണില്‍നിന്നും ആട്ടിയോടിക്കപ്പെട്ട പുരുഷന്മാരും സ്ത്രീകളും കുട്ടികളും വൃദ്ധരും സമയക്കണക്കില്ലാതെ കുറഞ്ഞ കൂലിക്ക് അവിടെ പണിയെടുത്തു.
പച്ചരിയും പച്ചക്കറികളും ഒന്നിച്ചിട്ട് പുഴുങ്ങിയ ഒരുനേരഭക്ഷണം ആ തീച്ചൂടിലിരുന്ന് അവര്‍ ഒരുമിച്ചു കഴിച്ചു. എല്ലാ ദുരിതങ്ങള്‍ക്കും തീച്ചൂടുകള്‍ക്കും നടുവില്‍ മഞ്ജുള എന്ന പെണ്‍കുട്ടി സൂര്യകാന്തിപ്പാടങ്ങളിലെ കുളിര്‍കാറ്റായി എന്റെ മുമ്പിലൂടെ കടന്നുപോയി. അവളുടെ ദാവണിക്കും ജമ്പറിനും കടുംവര്‍ണ്ണങ്ങളായിരുന്നു. ആ മൂക്കുത്തിക്ക് വെയില്‍ച്ചില്ലിന്റെ തിളക്കമായിരുന്നു. ആ വര്‍ണ്ണവും തിളക്കവും സൂക്ഷിക്കാനായി അവള്‍ സഹിച്ച ദുരിതങ്ങളെ, വിശപ്പിന്റെ തിരമാലകളെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
എന്റെ നിസ്സഹായതകളില്‍ അവളുടെ ശരീരം മോഹനമായി. മൂക്കുത്തിത്തിളക്കത്തെ തോല്‍പ്പിക്കുന്ന കണ്‍തിളക്കം അദ്ഭുതമായി. മുമ്പിലൂടെ കടന്നുപോകുമ്പോഴെല്ലാം അവള്‍ എന്നെ നോക്കി. ഞാന്‍ ലേബര്‍ ക്യാമ്പിലേക്ക് മടങ്ങുമ്പോഴൊക്കെ എന്റെ കൈയില്‍ ഭക്ഷണപ്പൊതികളുണ്ടാവും.
തൊഴിലാളികളെല്ലാം വെള്ളം കുടിക്കുന്നത് ഒരേ ടാങ്കില്‍ നിന്നാണ്. ആ പൈപ്പിന്‍ ചുവട്ടില്‍നിന്ന് അവള്‍ വെള്ളം കുടിച്ചപ്പോഴൊക്കെ ഞാനും വെള്ളം കുടിച്ചു. എനിക്കറിയാവുന്ന തെലുങ്കില്‍ ഞാനവളോട് പേര്‍ ചോദിച്ചു. അവള്‍ പേര്‍ പറഞ്ഞില്ല. അവള്‍ക്കൊരു കഴുതയുണ്ടായിരുന്നു. അവള്‍ ജോലിക്കു വരുമ്പോള്‍ അതും കൂടെവന്നു. അവള്‍ വെള്ളം കുടിക്കുമ്പോള്‍ അതും വെള്ളം കുടിക്കും. അവളുടെ കഴുത മറ്റു ജോലിക്കാര്‍ക്ക് തടസ്സം ഉണ്ടാക്കുമ്പോള്‍ അവരവളെ പേരുചൊല്ലി ചീത്തവിളിക്കും. ആ വിളിയില്‍നിന്നാണ് അവളുടെ പേര്‍ മഞ്ജുളയെന്നാണെന്ന് ഞാന്‍ മനസ്സിലാക്കിയത്.
ഇടയ്ക്ക് മഴപെയ്യുമ്പോള്‍ വെല്‍ഡിങ്ങും കട്ടിങ്ങുമൊക്കെ നിര്‍ത്തിവെച്ച് കേബിളുകള്‍ വലിച്ചുവാരി ഗോഡൗണില്‍ കൊണ്ടിട്ട് ഞങ്ങള്‍ വിശ്രമിക്കും. സിവില്‍ തൊഴിലാളികള്‍ അപ്പോഴും മഴ നനഞ്ഞ് കല്ലും മെറ്റലും ചുമക്കുന്നുണ്ടാവും. തന്റെ ദേഹത്തിന് താങ്ങാവുന്നതിലധികം ഭാരമുള്ള കല്ലും ചുമന്ന് മഴനനഞ്ഞ് നടന്നുപോവുന്ന മഞ്ജുളയുടെ ശരീരവടിവുകളെയാണ് എന്റെ കണ്ണുകള്‍ ഉഴിഞ്ഞത്. അവളുടെ ശരീരത്തിന് സൂര്യകാന്തികളുടെ ഗന്ധമാവുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു. മഴ നനഞ്ഞ ഉടലുമായി നായികമാര്‍ തിരശ്ശീലയില്‍ നിന്നിറങ്ങി വന്ന്, എന്റെ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടി.
മഴ ഒരു ദിവസം നീണ്ടുനിന്നാല്‍ സൈറ്റിലാകെ വെള്ളം നിറയും. പിന്നെ വെള്ളം വാര്‍ന്നുപോകാന്‍വേണ്ട രണ്ടുമൂന്നു ദിവസം ഞങ്ങള്‍ക്ക് അവധിയായിരിക്കും. ലേബര്‍ ക്യാമ്പില്‍ മദ്യക്കുപ്പികള്‍ ആനന്ദനൃത്തമാടും. ചീട്ടുകളിത്തല്ല് ചോരക്കളിയായി മാറും. തലയില്‍നിന്നും ചോരയൊലിപ്പിച്ചുകൊണ്ട് ആരൊക്കെയോ ഇറങ്ങി ഓടും. മനുഷ്യര്‍, വെറും മനുഷ്യര്‍... തങ്ങളുടെ ജീവിതത്തോട്, അതിന്റെ തീരാദുരിതങ്ങളോട് ലഹരി മോന്തിയും തമ്മില്‍ത്തല്ലിയും കലഹിക്കുകയായിരുന്നു.
ആ ഹാളിന്റെ വാതിലിനടുത്ത് നിലത്തു വിരിച്ച പുല്‍പ്പായയില്‍ കിടന്ന്, പുതപ്പുകൊണ്ട് ദേഹമാകെ മൂടി ഞാന്‍ മഞ്ജുളയുടെ ശരീരം തേടി ചെല്ലും. അവളുടെ മഴ നനഞ്ഞ ദാവണിയുടെ ഗന്ധം ശ്വസിക്കും. സൂര്യകാന്തികളുടെ ഗന്ധം എന്റെ കരചലനങ്ങള്‍ക്ക് വേഗത കൂട്ടും. ഞാനാ മൂക്കുത്തിയുടെ വെയില്‍ച്ചില്ലില്‍ ചുംബിക്കും. ആ വസ്ത്ര വാതിലുകളെല്ലാം എന്റെയുള്ളില്‍ തുറക്കപ്പെടും.
അവളപ്പോള്‍ തന്നേക്കാള്‍ വലിപ്പമുള്ള കല്ലും ചുമന്ന് ചളിപ്പാതയിലൂടെ നടക്കുകയാവും. അവള്‍ പാടെ പട്ടിണിയിലായിരുന്നു. കുടിലുകളില്‍നിന്ന് തയ്യാറാക്കി കൊണ്ടുവരുന്ന റാഗി ഉണ്ടകള്‍ വയറ്റില്‍ കിടന്നു കത്തിത്തീരുമായിരുന്നു. രണ്ടോ മൂന്നോ റാഗി ഉണ്ടകള്‍മാത്രം കഴിച്ച് പതിനെട്ട് മണിക്കൂര്‍ പണിയെടുക്കുന്ന അവരുടെ സഹനശക്തിയുടെ പേരും ജീവിതം എന്നുതന്നെയായിരുന്നു.
ജോലിയില്ലാത്ത മഴനാളുകളിലൊന്നില്‍ മെസ്സിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഞാനവളെ വഴിയില്‍വെച്ച് കണ്ടുമുട്ടി. പണിതീരാത്ത കരിങ്കല്‍ഭിത്തിയില്‍ തന്റെ കഴുതയെയും കൂട്ടിപ്പിടിച്ച് അവളിരുന്നു. അവളുടെ ജമ്പറും ദാവണിയും നനഞ്ഞുകുതിര്‍ന്നിരുന്നു. ആ ശരീരമുഴുപ്പുകളില്‍ ആസക്തനായി അന്തിച്ചുനിന്ന എന്നെ നോക്കി അവള്‍ ചിരിച്ചു. മഴ പെയ്തൊഴിഞ്ഞ ആകാശത്തിനു ചുവട്ടില്‍ കമ്പിവേലികള്‍ക്കപ്പുറം കടലപ്പാടങ്ങളിലൂടെ കാറ്റുകള്‍ കടന്നുപോയി.
മെസ്സില്‍നിന്ന് ഭക്ഷണം കഴിച്ച്, രാത്രിയിലേക്കുള്ള ഭക്ഷണവും വാങ്ങി ഞാന്‍ മടങ്ങുമ്പോള്‍ ഭിത്തിയില്‍നിന്ന് അല്‍പ്പം മാറി കുറ്റിക്കാട്ടിലെ ചെളിയില്‍ തന്റെ കഴുതയെയും കൂട്ടിപ്പിടിച്ച് മഞ്ജുള ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ചുറ്റും നോക്കി. പരിസരം വിജനമാണ്. മഴ നനഞ്ഞ തിരശ്ശീലച്ചുണ്ടുകള്‍ എന്റെയുള്ളില്‍ തെച്ചിപ്പഴങ്ങളായി. അവളെന്നെ നോക്കി. ആ നോട്ടത്തില്‍ ഞാന്‍ ആസക്തി കണ്ടു. ചളിയിളകിയ കഴുത്തില്‍ കറുത്ത അരിമ്പാറ ചിരിക്കുന്നത് കണ്ടു. അവളെന്റെ കൈയില്‍ പിടിച്ചു. എന്റെ ദേഹമാകെ വിറച്ചു. എന്നിലെ ഭീരു ആ പിടിത്തം വിടുവിക്കാന്‍ നോക്കി. പക്ഷേ, സാധിച്ചില്ല. അവളെന്നെ ആ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു.
എന്നേക്കാള്‍ നാലഞ്ച് വയസ്സ് ഇളപ്പമുള്ള ആ കൈകള്‍ക്ക് വല്ലാത്ത ശക്തിയുണ്ടായിരുന്നു. അവളെന്നെ ചളിയിലേക്ക് തള്ളിയിട്ടു. നിലവിളിയോടെ ഞാന്‍ ആ ചളിയിലേക്ക് വീണപ്പോള്‍ അവളെന്റെ കൈയിലെ ഭക്ഷണപ്പൊതി തട്ടിപ്പറിച്ചു. ആ പൊതി അഴിക്കുമ്പോള്‍ അവള്‍ പറഞ്ഞത് വയറിലെരിയുന്ന വിശപ്പിനെക്കുറിച്ചാണെന്ന്, ഭാഷ അറിയാഞ്ഞിട്ടും എനിക്കു മനസ്സിലായി. അല്ലെങ്കിലും വിശപ്പിന് ഭൂമിയില്‍ ഒറ്റ ഭാഷയേ ഉള്ളല്ലോ...
എനിക്ക് പുറംതിരിഞ്ഞിരുന്ന് അവള്‍ ഭക്ഷണം കഴിക്കുമ്പോള്‍ എന്റെ ഉള്ളില്‍ അവള്‍ എന്നെ നോക്കിയ നോട്ടങ്ങളെല്ലാം തെളിഞ്ഞു. എന്റെ കൈയിലെ ഭക്ഷണപ്പൊതിയിലേക്കാണ് ആ നോട്ടങ്ങളെല്ലാം വന്നു വീണതെന്ന തിരിച്ചറിവില്‍ എന്റെ നെഞ്ചു കനത്തു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. അവളുടെ കഴുത എന്നെ സ്നേഹത്തോടെ മുട്ടിയുരുമ്മി. അതിന്റെയും വിശന്നൊട്ടിയ വയറിലേക്ക് നോക്കിയപ്പോള്‍ അക്കാലമത്രയും എന്നെ മോഹിപ്പിച്ച ശരീരമുഴുപ്പുകളെല്ലാം എന്റെ ഉള്ളില്‍നിന്ന് വിശപ്പെന്ന മഹാസമുദ്രത്തിലേക്ക് ഒലിച്ചുപോയി.
വിദൂരതയില്‍ ഒരു അടുക്കളയില്‍, കരിമെഴുകിയ മണ്‍തറയില്‍ നിരത്തിവെച്ച വക്കുപൊട്ടിയ അലൂമിനിയപാത്രങ്ങള്‍ ഞാന്‍ കണ്ടു. ആ പാത്രങ്ങളിലേക്ക് ഓരോ കയില്‍ കഞ്ഞിയും കൃത്യതയോടെ അളന്നെടുത്ത് വിളമ്പുന്ന ഉമ്മാന്റെ മുഖം ഞാന്‍ കണ്ടു.
ഉള്‍ത്താളില്‍ വിറയലോടെ ഞാന്‍ എഴുതി:
'ഉമ്മാ... ഉമ്മാന്റെ മകന്‍ ഇവിടെ ഈ വിദൂരതയിലാണ്. എന്റെ ഭക്ഷണം തട്ടിപ്പറിച്ച് എനിക്കു മുമ്പിലിരുന്ന് ആര്‍ത്തിയോടെ തിന്നുന്ന ഈ പെണ്‍കുട്ടിക്ക് വിളമ്പാന്‍ ഉമ്മാന്റെ കലത്തില്‍ ഒരു കയില്‍ കഞ്ഞികൂടി ഉണ്ടാവുമോ...? 'വിശപ്പെരിയുന്ന വയറുകള്‍ക്ക് അന്നം വിളമ്പാന്‍ ദൈവങ്ങളില്ലാത്ത ഈ ഇരുളില്‍ ഉമ്മാന്റെ മകന്‍ തനിച്ചാണ്...'
അന്ന് ആ ഭക്ഷണം കഴിച്ചിട്ട്, ദൈന്യമായി എന്നെ നോക്കി, ദാവണി അഴിക്കാനൊരുങ്ങിയ മഞ്ജുളയുടെ നിസ്സഹായമായ മുഖം ഉള്ളില്‍ തെളിയുകയാണ്... ഓര്‍ക്കുമ്പോള്‍ ഉള്ള് പൊള്ളുന്നു. ഭക്ഷണം കിട്ടിയതിന് പ്രത്യുപകാരമായി... ഉള്ളില്‍ ഒരു കടല്‍ അലറുകയാണ്. ദൈവമേ...
മുമ്പിലെ കാഴ്ചകളെ മറച്ച ആ കണ്ണീര്‍മറ ഉള്ളില്‍ തെളിയുകയാണ്. ലേബര്‍ ക്യാമ്പില്‍നിന്നും വന്ന ആ ചാരായബഹളങ്ങളും തണുത്ത കാറ്റും എന്നിലേക്ക് വിറയലോടെ പടരുകയാണ്. തിരികെ നടന്ന എന്നെ പിന്‍വിളി വിളിച്ച ആ പെണ്‍കുട്ടി ഇപ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. അന്ന് ഞാന്‍ നടന്ന ദൂരങ്ങളില്‍ മുഴുവന്‍ വിശപ്പെന്ന പ്രേരണ നിന്നു കത്തുകയായിരുന്നു.
അന്ന്, തിരുവോണമായിരുന്നു.
Content Highlights: Book excerpt from ' visappu pranayam unmadam' by Mohammed Abbas